Tuesday 19 May 2020 02:19 PM IST

ആ മഴ നടത്തത്തിനു പിന്നിലെ കഥ...

Shyama

Sub Editor

ajai

A rainy day in kerala എന്ന വീഡിയോ അജയ് പൂവാടൻ യൂട്യൂബിൽ ഇട്ടിട്ട് നിമിഷനേരങ്ങൾക്കകമാണ് അതിലേക്ക് ലൈക്കുകൾ ഒഴുകിയെത്തിയത്. മഴയുള്ളൊരു ദിവസം കേരളത്തിലെ അതിമനോഹരമായൊരു കൊച്ചു ഗ്രാമത്തിലൂടെയുള്ളൊരു നടത്തം... ചേറിൽ കാലമാരുന്നതിന്റെയും കണ്ടത്തിൽ കെട്ടിയ നാൽക്കാലി അമറുന്നതിന്റെയും ഒരു കിളി ചിറകടിച്ച്  പാറിപ്പറക്കുന്നതിന്റെയും ഒക്കെ ശബ്ദങ്ങൾ കേട്ട് കേട്ട് നമ്മളാണ് നടക്കുന്നതെന്ന പോലെ തോന്നിപ്പിച്ച് നൊസ്റ്റാൾജിയ തലയ്ക്കടിച്ച് മത്ത് പിടിപ്പിക്കുന്നൊരു വീഡിയോ. എന്നാൽ ഒരു സത്യം പറയട്ടെ കേരളത്തിൽ അങ്ങനൊരു സ്ഥലമില്ല, കേരളത്തിൽ എന്നല്ല ഭൂമിമലയാളത്തിൽ എവിടെയും! 

"ഇതൊരു ആനിമേറ്റഡ് വീഡിയോ ആണ്. പൂജ്യത്തിൽ നിന്ന് ഒന്ന് മുതൽ ഓരോ ഡീറ്റൈലും ഉണ്ടാക്കി എടുത്തതാണ്." അജയ് പറയുന്നു. "ലുമിയോൺ എന്നൊരു സോഫ്റ്റ്‌വെയർ ആണ് പ്രധാനമായി ഉപയോഗിച്ചത്. മോഡൽസ് ഉണ്ടാക്കാനായി 3Ds മാക്സും വീഡിയോ മുഴുവൻ എഡിറ്റ്‌ ചെയ്യാൻ അഡോബിന്റെ പ്രീമിയർ പ്രോയുമാണ് ഉപയോഗിച്ചത്. 

ആർക്കിടെക്റ്റുമാരാണ് ലൂമിയോൺ കൂടുതലായി ഉപയോഗിക്കുന്നത്, കെട്ടിടങ്ങൾക്ക് വേണ്ടി അല്ലാതെ എന്തിനൊക്കെ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാം എന്ന് ഞാൻ നോക്കിക്കൊണ്ടിരിക്കയാണ്... 

ലോക്ക്ഡൗൺ സമയത്ത് നമ്മൾ ഏറ്റവും അധികം മിസ് ചെയ്യുന്നത് ഈ പുറം കാഴ്ചകളാണല്ലോ.... ഞങ്ങളാണെങ്കിൽ ദുബായിലുമാണ്. മാസങ്ങളോളമായി ഇവിടുത്തെ കോൺക്രീറ്റ് ചുവരുകൾ മാത്രമാണ് കാണുന്നത്... അങ്ങനെയുള്ള മടുപ്പും കാത്തിരിപ്പും ഓർമകളും ചേർത്താണ് നാട്ടിലെ വൈബ് ഒന്ന് ഉണ്ടാക്കിയെടുക്കാൻ നോക്കിയത്... 

theyyam

മുൻപും ചെയ്തിരുന്നു, ലോക്ക്ഡൗണിൽ ഹിറ്റ്‌ ആയി

മുൻപും ഇങ്ങനെയുള്ള വീഡിയോ ചെയ്തിട്ടുണ്ട്, മൂന്ന് വർഷത്തോളമായി ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. യൂട്യൂബ് ഒക്കെ നോക്കി തനിയെ പഠിച്ചെടുത്താണ് ഇത്. ഫോട്ടോഗ്രാഫർ ആയിയും വീഡിയോഗ്രാഫർ ആയും ഒക്കെ മുൻപ് ജോലി ചെയ്തിരുന്നു, അതൊക്കെ സഹായിച്ചിട്ടുണ്ട്. അനിമേഷൻ പഠിച്ചിട്ടുമുണ്ട്.  ഞാനൊരു ആർക്കിടെക്ച്വറൽ ഫേമിലാണ് ജോലി ചെയ്യുന്നത്. 

 ഓൺലൈൻ വഴിയാണ് സോഫ്റ്റ്‌വെയറിനെ കുറിച്ച് ആദ്യമായി കേട്ടത്. ഞാൻ ഉള്ള സ്കിൽസ് അപ്ഡേറ്റ് ചെയ്യാനുള്ള കാര്യങ്ങൾ എപ്പോഴും പഠിക്കാറുണ്ട്. ഓഫീസിലെ ആവശ്യത്തിനു വേണ്ടി ബോസ്സ് സോഫ്റ്റ്‌വെയർ വാങ്ങി തന്നു, അങ്ങനെയാണ് ഇത് നന്നായി പഠിക്കുന്നത്. ഇപ്പോൾ ലൂമിയോൻ എന്ന സോഫ്റ്റ്‌വെയർ കമ്പനി തന്നെ എന്റെ വർക്സ് ഷെയർ ചെയ്തിട്ടുണ്ട്.... 

ഈ വീഡിയോ ചെയ്യാൻ അതിൽ കാണുന്നതെല്ലാം ആദ്യം 3ഡി മോഡൽ ചെയ്തെടുത്തു. പിന്നെ ഓരോന്നും അതാത് സ്ഥാനത്തായി വെച്ചു, ലൈറ്റിംഗ് ശരിയാക്കി....അങ്ങനെ 10 ദിവസത്തോളം എടുത്താണ് ആ 1.50 മിനിറ്റ് നേരത്തെ വീഡിയോ ഉണ്ടാക്കിയത്. 

രാത്രി 10ന് അപ്‌ലോഡ് ചെയ്തു അടുത്ത ദിവസം രാവിലെ എണീറ്റ് നോക്കുമ്പോഴേക്കും 10k വ്യൂസ്, ഇതേവരെ ഇത്ര വേഗം ഇത്ര ആളുകൾ എന്റെ വീഡിയോസ് കണ്ടിട്ടില്ല. അത്യാവശ്യം നല്ലോണം ഞെട്ടിയിരിക്കുമ്പോ ദേ, ആഷിക് അബു സർ ഒക്കെ ഷെയർ ചെയ്തിരിക്കുന്നു! കേരള ടൂറിസം അവരുടെ പേജിലും എന്റെ വീഡിയോ ഇട്ടിട്ടുണ്ട്.  ഫോണിൽ ഇപ്പോഴും നിറയെ മെസ്സേജുകൾ വരുന്നു... 

മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നൊക്കെ ധാരാളം എൻക്വയറീസ് വന്നു. ഇതിന്റെ സാധ്യതകളെ കുറിച്ചാണ് പലരും ചോദിച്ചത്... 

ഇത്രയും വൈറൽ ആകാൻ കാരണം നമ്മുടെ നൊസ്റ്റാൾജിയ ആണെന്നാണ് എനിക്ക് തോന്നുന്നത്. സാദാരണക്കാർക്ക് സോഫ്റ്റ്‌വെയർ ഏതെന്നോ ഒന്നും അറിയണ്ട,  ആ ഫീൽ ആണ് അവർ ആസ്വദിക്കുന്നത്. ഇതൊക്ക കാണുമ്പോ വലിയ സന്തോഷം 'ഈ ഒന്നര മിനിറ്റ് നാട്ടിൽ എത്തിയ പോലെ ഉണ്ട്' എന്നൊക്ക പറഞ്ഞ്  കേൾക്കുമ്പോൾ ശരിക്കും ഉള്ള് നിറയും." 

അജയ് കണ്ണൂരിലെ തലശ്ശേരി സ്വദേശിയാണ്. കണ്ണൂർ വിമാനത്താവളത്തിൽ അജയ് വരച്ചൊരു   3ഡി റെൻഡറിംഗ്  പുനരാവിഷ്കരിച്ചിട്ടുണ്ട്. മൂന്ന് നിലയോളം വലിപ്പം വരുന്നൊരു തെയ്യം. 

നാട്ടിൽ അച്ഛൻ,  അമ്മ,  ചേച്ചി  എന്നിവരുണ്ട് ഉണ്ട്. അഞ്ചു വർഷമായി അജയ് വിദേശത്താണ് ഷാർജയിൽ താമസം ദുബായിൽ ജോലി. എല്ലാത്തിനും സപ്പോർട്ടുമായി ഭാര്യ ജോസ്നയുണ്ട്.  മകൻ ആരിവ് യുകെജിയിൽ പഠിക്കുന്നു.