പണയം എടുത്തുകൊടുക്കും, പഴയ സ്വർണം എടുക്കും...; ഈ പോസ്റ്ററുകൾ കണ്ട് മോഹിക്കേണ്ട: തട്ടിപ്പെന്ന് മുന്നറിയിപ്പ് Gold fraud in Kerala is on the rise
Mail This Article
ഫോൺ നമ്പർ നൽകിയുള്ള പോസ്റ്ററുകൾ പതിച്ച് പഴയ സ്വർണം എടുക്കുമെന്നും പണയ ഉരുപ്പടികൾ എടുത്തു കൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ എല്ലായിടത്തും ഇത്തരം പോസ്റ്ററുകൾ ദൃശ്യമാണ്. കേരളത്തിലെ സ്വർണ വ്യാപാര മേഖലയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കട മുറിയില്ലാതെ, ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാതെ, ഫോൺ നമ്പർ മാത്രം നൽകി അദൃശ്യമായാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാരും, മോഷണ സംഘങ്ങളുമാണ് ഇത്തരം റാക്കറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന തട്ടിപ്പുകാർ ഉൾപ്പെടെയുള്ളവർ സ്വർണ വ്യാപാര മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്വർണം തങ്കമാക്കുന്ന പണിയെടുക്കുന്നവർ, അനധികൃതമായി പഴയ സ്വർണം എടുക്കുകയും പുതിയ സ്വർണത്തിന്റെ വ്യാപാരം നടത്തുകയും ചെയ്യുന്നവർ എന്നിവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം.
സ്വർണ പണയ സ്ഥാപനങ്ങളും, പ്രൈവറ്റ് ബാങ്കുകളും സ്വർണം വാങ്ങുകയും, വിൽക്കുകയും ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്. സ്വർണത്തിന്റെ വില വൻതോതിൽ വർധിച്ചതിനാൽ വ്യാപകമായ തോതിൽ സ്വർണ മോഷണം നടക്കുന്നതായും, ഉപഭോക്താക്കളും സ്വർണ വ്യാപാരികളും ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ, സംസ്ഥാന ട്രഷറർ സി.വി.കൃഷ്ണദാസ്, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഐ.മുഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ, സ്കറിയാച്ചൻ കണ്ണൂർ, ഫൈസൽ അമീൻ, രത്നകലാ രത്നാകരൻ, അബ്ദുൽ അസീസ് ഏർബാദ്, പി.ടി.അബ്ദുറഹ്മാൻ ഹാജി, നവാസ് പുത്തൻ വീട്, സെക്രട്ടറിമാരായ ടി.വി.മനോജ് കുമാർ, എം.സി.ദിനേശൻ, നിതിൻ തോമസ്, എൻ.ടി.കെ.ബാപ്പു, സി.എച്ച്. ഇസ്മായിൽ, എസ്.പളനി, അഹമ്മദ് പൂവിൽ, അരുൺ മല്ലർ, വി. ഗോപി പാലക്കാട്, ജില്ലാ പ്രസിഡന്റുമാരായ വർഗീസ് ആലുക്കാസ്, അർജുൻ ഗയിക്കുവാദ്, എം.ബാബുരാജ്, ഷെഫീഖ് എജിഡി, സണ്ണി ഇടിമണ്ണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.