രാത്രിയും പകലും ഒരുപോലെ സജീവമായ വലിയങ്ങാടി. പല ദേശങ്ങളിൽ നിന്ന് ചരക്കുകളുമായി തു റമുഖത്തടുക്കുന്ന കപ്പലുകളും ഉരുക്കളും. അതിൽ വന്നിറങ്ങുന്ന വ്യാപാരികൾ. സഞ്ചാരികൾ. കച്ചവട തിരക്കേറിയ പണ്ടികശാലകൾ... പുതിയ നഗരത്തിന് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലുമാവാത്ത കോഴിക്കോടിന്റെ ഇന്നലെയുടെ ചിത്രമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇതൊക്കെയായിരുന്നു അന്നത്തെ കോഴിക്കോട്.
കച്ചവടത്തിനായും ദേശം കാണാനായും എത്തിയവരിൽ ചിലർ തിരികെ പോയില്ല. അവർ ഈ മണ്ണിൽ കൂടുകൂട്ടി. സ്വന്തം നാടിന്റെ സംസ്കാരം നെഞ്ചോടു ചേർത്തുപിടിച്ച് അവർ കോഴിക്കോട്ടുകാരായി. വരുന്നവരെയെല്ലാം ഉള്ളു തുറന്ന് സ്വീകരിക്കാൻ മാത്രമറിയുന്ന നഗരം, പല വർണങ്ങൾ ചേർത്ത് നെയ്തൊരു പട്ടു പോലെ കൂടുതൽ സുന്ദരിയായി.
ഒരിക്കൽ കോഴിക്കോടിനെ സജീവമാക്കിയിരുന്ന ആ കാഴ്ചകളിൽ ചിലതൊക്കെ ഇപ്പോഴുമുണ്ട്. കാലങ്ങൾക്കിപ്പുറം മങ്ങലേറ്റെങ്കിലും അറുത്തു മാറ്റാനാവാത്ത വേരുകൾ പോലെ ആ ഇന്നലെകൾ നഗരഹൃദയത്തിൽ അറിഞ്ഞും അറിയാതെയും ബാക്കിയാവുന്നു. ആ കാഴ്ചകളും അൽപം കഥകളും തേടിയൊന്നു നടന്നുനോക്കാം.
ഇന്നലെകൾ തേടി നടക്കാം
ഇന്നലെകൾ തേടി നടക്കുക അത്രയെളുപ്പമുള്ള കാര്യമല്ല. കൂടെ നല്ല കഥ പറച്ചിലുകാരൻ വേണം. കോഴിക്കോടായതു കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നേരെ മിഠായിത്തെരുവിലേക്കു വിട്ടു. തലയുയർത്തി നിൽക്കുന്ന ‘ദേശങ്ങളുടെ കഥാകാരൻ’ എസ്.കെ. പൊറ്റെക്കാടിന് സലാം വച്ച് കാര്യം പറഞ്ഞു. കൂടെ വരുമെന്ന ധൈര്യത്തിൽ നടന്നു തുടങ്ങി.

മിഠായിത്തെരുവ് സജീവമായിത്തുടങ്ങുന്നതേയുള്ളൂ. വസ്ത്രക്കടകള്‍ ആധിപത്യമുറപ്പിച്ച ഈ തെരുവിന്റെ ഇരുവശത്തും പണ്ട് ഹൽവ കടകളായിരുന്നത്രേ. ബ്രിട്ടീഷുകാർക്ക് ഈ കോഴിക്കോടൻ ഹൽവ സ്വീറ്റ് മീറ്റ് (sweet meat) ആയിരുന്നു. അങ്ങനെ തെരുവിന് എസ്എം തെരുവ്, അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന പേരു കിട്ടി. അതിനു മുൻപ് ‘ഹുസൂർ റോഡ്’ എന്ന പേരിലും ഈ റോഡ് അറിയപ്പെട്ടിരുന്നു. കാലപ്പഴക്കത്തിനു കീഴടങ്ങി ഒട്ടുമിക്ക കെട്ടിടങ്ങളും മുഖം മിനുക്കിയിട്ടുണ്ട്. പഴമയുടെ പോരിമ പറയാനായി ഇടയ്ക്ക് ചില കടകൾ മാത്രം പഴയ കെട്ടിടങ്ങളിൽ പ്രവ ർത്തിക്കുന്നു.
തെരുവിന്റെ കഥ പറയുകയല്ല. ഇത്രയും കാ ലം ഒളിഞ്ഞുനിന്ന ഒരു ചരിത്രക്കാഴ്ച കണ്ടെത്തുകയാണു ലക്ഷ്യം. നടത്തം ഉദ്ദേശം തെരുവിന്റെ പകുതിയെത്തിയപ്പോൾ, ഒരു കടക്കാരന്റെ സഹായത്തോടെ കണ്ടുപിടിച്ചു Ð പാഴ്സികളുടെ ശ്മശാനവും ക്ഷേത്രവുമടങ്ങുന്ന ‘അഞ്ജുമാൻ പാഴ്സിബാഗ്’. തിരക്കേറിയ തെരുവിന്റെ ഹൃദയഭാഗത്തായി ഇങ്ങനെയൊരു കാഴ്ചയും ചരിത്രവും ഒളിഞ്ഞിരിക്കുന്നത് അധികമാർക്കുമറിയില്ല. പത്ര റിപ്പോർട്ടിലെ ഒരു വരിയിലൂടെ അറിയും വരെ. ഇ ത്രയും നാളായിട്ടും, ഒരുപാട് നടന്ന വഴിയായിട്ടും ഇങ്ങനെയൊരു കാഴ്ച ഇതുവരെ ശ്രദ്ധിച്ചില്ലല്ലോയെന്നോർത്തപ്പോൾ അദ്ഭുതം തോന്നി. കേരളത്തിലെ പാഴ്സി മതവിശ്വാസികളുടെ ഏക അഗ്നിക്ഷേത്രമാണ് ഇവിടെയുള്ളത്.
1850കൾക്കു മുൻപ്, കോഴിക്കോടിന്റെ വ്യാപാര സാധ്യതകൾ കേട്ടറിഞ്ഞാണ് പാഴ്സികൾ ഇവിടെ വന്നിറങ്ങിയത്. തടിക്കച്ചവടം, കയർ വ്യവസായം, സോഡാ നിർമാണം... ഇങ്ങനെ കൈവച്ച വ്യാപാര രംഗങ്ങളിലെല്ലാം ഇരാഷ്ട്രീയർ തിളങ്ങി. കൂടുതൽ പേർ അവരോടൊപ്പം ചേർന്നു. കോഴിക്കോടിന്റെ സംസ്കാരത്തിൽ ലയിച്ചു ചേരുമ്പോഴും തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും അവർ മുറുകെ പിടിച്ചിരുന്നു. കച്ചവടം കുറഞ്ഞപ്പോൾ കാലക്രമേണ പലരും തിരിച്ച് സ്വന്തം നാടുകളിലേക്കു മടങ്ങി. കുറച്ചു പേർ മാത്രം ഇവിടെ അവശേഷിച്ചു. ഇപ്പോൾ ഒരു കുടുംബം മാത്രമേ കോഴിക്കോട്ടുള്ളൂ.
തളി ക്ഷേത്രം

പാഴ്സി കഥകളിലൂടെ നടന്ന്, മിഠായിത്തെരുവ് മുറിച്ചു കടന്ന് പാളയത്തെത്തി. ഊടുവഴികളിലൂടെ തളിയിലേക്കും. തളി മഹാദേവ ക്ഷേത്രം ഒരാരാധനാലയം മാത്രമല്ല, ചരിത്രപ്രധാനമായ പ്രദേശം കൂടിയാണ്. സാമൂതിരിയുടെ പണ്ഡിതസദസ്സായിരുന്ന ‘രേവതീ പട്ടത്താനം’ നടന്നിരുന്ന തളിയിലെ പ്രാചീന ക്ഷേത്രം ഉദ്ദേശം 1500 വർഷം മുൻപാണ് നിർമിക്കപ്പെട്ടത്. പഴമയുടെ ഏടുകളിലേക്കു വെളിച്ചം വീശുന്ന കെട്ടിടസമുച്ചയങ്ങളും പരിസരവും വലിയ മാറ്റങ്ങളില്ലാതെ ഇപ്പോഴും ഇവിടെ കാണാം.
പണ്ട് കോഴിക്കോട്ട് സിന്ധി സമൂഹമുണ്ടായിരുന്നുവെന്ന ‘വായിച്ചറിവിന്റെ’ അടിസ്ഥാനത്തിൽ പട്ടുതെരുവിലേക്ക് നീങ്ങി. പട്ടുതെരുവായിരുന്നു അവരുടെ ആസ്ഥാനമെന്നും കേട്ടിട്ടുണ്ട്. അധികമന്വേഷിക്കേണ്ടി വന്നില്ല. റോഡിനോട് ചേർന്നു തന്നെ കണ്ടു, സിന്ധീ ദർബാർ! കോഴിക്കോട്ടെ സിന്ധി സമൂഹത്തിന്റെ ആരാധനാ കേന്ദ്രം.
സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ മുറിവുമായി പാക്കിസ്ഥാനിലെ മുൾട്ടാനിൽ നിന്നുമെത്തിയവരാണ് കോഴിക്കോട്ടെ സിന്ധി സമൂഹത്തിലെ ചിലർ. അതിനും മുൻപ് കച്ചവടത്തിനായി എത്തിയവരുമുണ്ട്. കൂട്ടത്തിലൊരാൾ മടങ്ങുമ്പോൾ, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആ വീട് സിന്ധി ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. അങ്ങനെയാണ് കോഴിക്കോട്ട് ഇപ്പോഴത്തെ സിന്ധി ദർബാറുണ്ടായത്.

കച്ചവടത്തിന്റെ കഥകളുറങ്ങുന്ന പട്ടുതെരുവിലെ ആംഗ്ലോ ഇന്ത്യൻ സ്കൂൾ പിന്നിട്ട് ‘മദർ ഓഫ് ഗോഡ്’ ദേവാലയത്തിലെത്തി. പൗരാണിക പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ദേവാലയത്തിന്റെ കാഴ്ച മനോഹരമാണ്. 1599ൽ സാമൂതിരിയുടെ സഹായത്തോടെ നിർമിച്ച ഈ ആഗ്ലോ ഇന്ത്യൻ ദേവാലയം കോഴിക്കോടിന്റെ മത സൗഹാർദത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ്. വാസ്തു വൈവിധ്യം കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും ശ്രദ്ധയാകർഷിച്ച ദേവാലയത്തിലെ ചില കല്ലറകൾക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ബുദ്ധ വിഹാർ

ദേവാലയത്തിൽ നിന്നിറങ്ങി തണലു ചേർന്ന് നടന്നു. കസ്റ്റംസ് റോഡാണ് ലക്ഷ്യം. കടൽക്കാറ്റ് ഒഴുകിയെത്തുന്ന ഈ വഴിയിലാണ് ‘ബുദ്ധവിഹാർ’. എട്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള കോഴിക്കോട്ടെ ബുദ്ധക്ഷേത്രം.
‘‘1935ൽ ബുദ്ധഭിക്ഷു ധർമസ്കന്ദയാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശ്രീലങ്കയിലെ മഹാവിദ്യാലയത്തിലെ പ്രിൻസിപ്പാലായിരുന്നു ഭിക്ഷു ധർമസ്കന്ദ. ജാതീയതയ്ക്കും വെറികൾക്കുമെതിരെയുള്ള യഥാർഥ ബുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും അതിൽ വിശ്വസിക്കുന്നവർക്ക് ഒരുമിച്ചു കൂടാനുമായിട്ടാണ് ഇതു നിർമിച്ചത്. ഒരുപാട് എതിർപ്പുകളുണ്ടായിരുന്നു. പക്ഷേ, അതിനെയെല്ലാം അതിജീവിക്കാനായി’’ Ð ഭിക്ഷു ധർമസ്കന്ദയുടെ മകള്‍ സുധർമ പറയുന്നു. പാലി ഭാഷയിലെഴുതിയ ഗ്രന്ഥവും മറ്റും ഇവിടെ സവിശേഷമായി സൂക്ഷിക്കുന്നുണ്ട്.
കടൽക്കാറ്റിന്റെ ചൂടാറി വന്നു. ഓട്ടോക്കാരനോട് കൂട്ടുകൂടി കുറ്റിച്ചിറയിലേക്കു വച്ചുപിടിച്ചു. മിഷ്കാൽ പള്ളിയുടെ പെരുമ പറയാതെ കോഴിക്കോടിന്റെ കഥ പൂർണമാവില്ല. ചിറയ്ക്കു ചുറ്റും കഥ പറഞ്ഞിരിക്കുന്നവരെ പിന്നിട്ട് മിഷ്കാൽ പള്ളിയുടെ മുറ്റത്തെത്തി. കാഴ്ചയിൽ തന്നെ മനം കവരുന്ന നിർമിതിയാണ് മിഷ്കാൽ പള്ളിയുടേത്. ഏഴു നൂറ്റാണ്ടിലേറെ പഴക്കുമുണ്ട്. ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത തച്ചന്മാരാണ് കേരളീയ വാസ്തുശൈലിയിൽ ഈ മുസ്‌ലിം ആരാധാനാലയം പണിതത്. താഴെ നിലയിലെ ഭിത്തികൾ ഒഴിച്ചുള്ള ഭാഗങ്ങളേറെയും തടി ഉപയോഗിച്ചാണ് നിർമാണം. പണ്ട് പോർച്ചുഗീസുകാരുടെ അക്രമത്തിൽ പള്ളി ഭാഗികമായി തകർന്നിരുന്നു. സാമൂതിരി രാജാവിന്റെ സഹായത്തോടെ പിന്നീട് കേടുപാടുകൾ തീർക്കുകയായിരുന്നു. അക്രമത്തിന്റെ സ്മരണയ്ക്കെന്ന പോലെ കത്തി നശിച്ച ചെറിയൊരു ഭാഗം ഇപ്പോഴുമുണ്ട്.
തൊട്ടടുത്തുള്ള മുച്ചുന്തി പള്ളിക്ക് മിഷ്കാ ൽ പള്ളിയെക്കാൾ പഴക്കമുണ്ട്. കാലപ്പഴക്കത്തോടൊപ്പം മാറ്റങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്ന അപൂർവം പ ള്ളികളിലൊന്നാണിത്. ഒറ്റത്തടിയിൽ ആലേഖനം ചെയ്ത ചിത്രപ്പണികളും അവയ്ക്കിടയിൽ കൊത്തിവച്ച ഖുർആൻ സൂക്തങ്ങളും ഇന്നും കാണാം.

കുറ്റിച്ചിറയിലെ പുരാതനമായ മുസ്‌ലിം തറവാടുകളും ചരിത്രത്തിന്റെ ഭാഗമാണ്. മരുമക്കത്തായം നിലനിൽക്കുന്ന കേരളത്തിലെ അപൂർവം പ്രദേശങ്ങളിൽ ഒന്നാണിത്. വലിയ തറവാട്, അതിനകത്ത് ഒരുപാട് മുറികൾ, ഇടനാഴികൾ, നീളമേറിയ മുറ്റം, മക്കളും അവരുടെ കുടുംബങ്ങളുമെല്ലാമായി ഒരുപാട് പേർ. പഴയ പ്രതാപം ഇല്ലാതായെങ്കിലും അക്കാലത്തെ ഓർമിപ്പിക്കാനെന്ന പോലെ ചില വീടുകൾ ഇന്നും ഇവിടെ ബാക്കിയുണ്ട്.
ഒരു രൂപയ്ക്ക് ചായ

കഥകളും കേട്ട് നടന്ന് മുഖദാറിലെത്തി. ഒരു ചായ കുടിക്കാനായി അടുത്തു കണ്ട ചെറിയ കടയിലേക്കു കയറി. രുചിയേറിയ നെയ്യപ്പവുമുണ്ട്. മതിയാവോളം കഴിച്ച് എത്രയായെന്ന് ചോദിച്ചു. മറുപടി കേട്ട് ഞെട്ടി! ചായയ്ക്ക് ഒരു രൂപ. പലഹാരത്തിന് അഞ്ച് രൂപ! ‘മുഖദാറിലെ ഇക്കാക്കാന്റെ ചായക്കട’യിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി ചായക്ക് ഒരു രൂപയേ ഉള്ളൂ. അതിനു മുൻപ് അൻപതു പൈസ!
ഒരു ചായക്ക് മുപ്പതും നാൽപതും വാങ്ങുന്ന കഫേ കാലത്ത് ഇത്ര രുചിയേറിയ ചായ ഒരു രൂപയ്ക്ക് കൊടുക്കുന്ന വിചിത്ര മനുഷ്യന്റെ കഥയും കേട്ട്, പഴയ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഗുജറാത്തി തെരുവിലെത്തി.
കോഴിക്കോട്ടെ വ്യാപാര ചരിത്രത്തിലെ സുവർണ രേഖയാണ് ഗുജറാത്തി തെരുവ്. പണ്ടികശാലകളും ചരക്കു നീക്കങ്ങളുമായി പല ദേശങ്ങളിൽ നിന്നെത്തിയ വ്യാപാരികൾ സജീവമാക്കിയ ഈ തെരുവിനിപ്പോൾ പണ്ടത്തെ ആവേശമില്ല. കച്ചവടത്തിനായെത്തിയ ഗുജറാത്തികളുടെ പ്രധാന കേന്ദ്രമായിരുന്നതുകൊണ്ടാണ് തെരുവിന് ഗുജറാത്തി തെരുവെന്ന പേരു വന്നത്. അന്നെത്തിയവരിൽ കുറച്ചു പേർ മടങ്ങിപ്പോയി. ബാക്കിയായവരും അവരുടെ പുതുതലമുറയും ഇന്നും ഇവിടെ തുടരുന്നു.
‘‘ഭീവണ്ടിവാല, പരേക്ക് ബ്രദേഴ്സ്, ഗാന്ധിസൺസ്, എന്റെ പിതാവ് പദംഷി പുരുഷോത്തമിന്റെ പുരുഷോത്തം ഗോർധൻസേട്ട് അങ്ങനെ ഒട്ടേറെ സ്ഥാപനങ്ങളുടെ പണ്ടികശാലകളുണ്ടായിരുന്നു. മുകളിൽ താമസം, താഴെ പാണ്ടികശാലയും ഗോഡൗണും. അതായിരുന്നു അന്നത്തെ ഗുജറാത്തികളുടെ രീതി. ഏതാണ്ട് മുവായിരത്തോളം താമസക്കാരുണ്ടായിരുന്നു ഇവിടെ...’’ Ð ഗുജറാത്തി തെരുവിലെ പഴയ കച്ചവടക്കാരിലൊരാളായ വിജയ് ഭായ് അക്കാലം ഓർത്തെടുത്തു. 1949ലാണ് ഗുജറാത്തി തെരുവിന്റെ ചരിത്രകാരൻ കൂടിയായ വിജയ് കോഴിക്കോട്ടെത്തിയത്.
വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റ്
വിജയ് ഭായിയോട് യാത്ര പറഞ്ഞ് വലിയങ്ങാടിയിലേക്കു നടന്നു. ഒരുകാലത്ത് പല ദേശങ്ങളിൽ നിന്നുള്ള വ്യാപാരികളും സഞ്ചാരികളും നിരനിരയായെത്തിയ കാളവണ്ടികളും സജീവമാക്കിയ വലിയങ്ങാടിക്ക് ഇപ്പോൾ പണ്ടത്തെ പ്രതാപമില്ല. എങ്കിലും പഴയ കെട്ടിടങ്ങളിൽ കുറെയൊക്കെ ബാക്കിയുണ്ട്. അങ്ങനെയുള്ള കെട്ടിടങ്ങൾക്കിടയിൽ ബാക്കിയായ സ്ട്രീറ്റുകളിലൊന്നാണ് ഗണ്ണി സ്ട്രീറ്റ്.

ചാക്ക് വ്യാപരത്തിന്റെ തെരുവാണ് ഗണ്ണി. പണ്ട് വലിയങ്ങാടിയുടെ പ്രതാപകാലത്ത് ഇവിടെ നിന്നുള്ള ചാക്കുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും കയറ്റി അയച്ചിരുന്നു. ഇന്ന് കച്ചവടം കുറഞ്ഞു. ചകിരിച്ചാക്കുകൾക്ക് പകരം പ്ലാസ്റ്റിക് ചാക്കുകൾ രംഗം കീഴടക്കി. എങ്കിലും മുഖം മിനുക്കിയും കിതച്ചും ഗണ്ണി കാലത്തിനൊപ്പം ഓടാൻ ശ്രമിക്കുന്നുണ്ട്.

നേരം സന്ധ്യയോടടുത്തിരുന്നു. കടൽക്കാറ്റിന്റെ തണുപ്പേറി വരുന്നുണ്ട്. തെരുവുകൾ പിന്നിട്ട് പണ്ട് ഫ്രഞ്ച് കോളനി നിലനിന്നിരുന്ന ഇടത്തെത്തി. പണ്ട് ഫ്രഞ്ച് കോട്ടേജുകളും ഓഫിസുകളും മറ്റും ഇവിടെ പ്രവർത്തിച്ചിരുന്നു. കാലത്തിന്റെ പാച്ചിലിൽ എല്ലാം പൊളിച്ചു മാറ്റി. ഒരോർമയ്ക്കെന്ന പോലെ ഇപ്പോൾ ഫ്രഞ്ച് ബേക്കറി മാത്രമുണ്ട്. 1939ൽ ആരംഭിച്ചതാണ് ഫ്രഞ്ച് ബേക്കറി. അസ്തമയ സൂര്യൻ കടലിലേക്കു മുഖമൊളിപ്പിക്കാൻ ഒരുങ്ങി. രാവിലെ മുതൽ തുടങ്ങിയ നടത്തത്തിന്റെ ക്ഷീണം മാറ്റാൻ ഫ്രഞ്ച് ബേക്കറിയിലെ ചിക്കൻ ഓംലറ്റ് ഓർഡർ ചെയ്തു കാത്തിരുന്നു. കോഴിക്കോടിന്റെ ചരിത്രവർത്തമാനങ്ങളുടെ പകുതി പോലും നടന്നെത്താനായിട്ടില്ല. അറിഞ്ഞതും അറിയാത്തതുമായ കിസ്സകൾ ഇനിയും ഈ നഗരത്തിൽ ബാക്കിയുണ്ട്. പല ജീവിതങ്ങൾ കെട്ടു പിണഞ്ഞ് രൂപം കൊണ്ട ഒരു നഗരത്തെ ഒരു പകൽ കൊണ്ട് പറഞ്ഞു തീർക്കാനാവില്ലല്ലോ...
