ADVERTISEMENT

ഐതീഹ്യവും കലയും വിശ്വാസവും ഇഴചേർന്നഒരു ക്ഷേത്രസന്നിധി. നാടിന്റെ പേരിൽ ഐതീഹ്യസ്പർശം. ശ്രീകോവിലിനു ചുറ്റുമുള്ള ചുമർ ചിത്രങ്ങൾ ക്ഷേത്രത്തെ എത്തിച്ചതു യുനെസ്കോയുടെ പൈതൃക പട്ടികയിൽ. കോട്ടയം ജില്ലയിലെ പാണ്ഡവം ശ്രീധർമശാസ്താ ക്ഷേത്രത്തിലേക്കാണ് ഈ യാത്ര.

കോട്ടയം കുടയംപടിയിലാണ് പാണ്ഡവം ക്ഷേത്രം. ശബരിമല അയ്യപ്പന്റെ വലിയ ഭക്തനായിരുന്ന തെക്കുംകൂർ രാജാക്കന്മാരിൽ ഒരാൾ ഈ ക്ഷേത്രം നിർമിച്ചു എന്നാണ് വിശ്വാസം. എന്നാൽ, അതിനു മുമ്പ് ഐതിഹ്യങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് പാണ്ഡവം. വനവാസകാലത്ത് പാണ്ഡവന്മാർ ഇവിടെയെത്തിയിരുന്നു എന്നും ദേവചൈതന്യത്തിൽ ആകൃഷ്ടരായി ഭജിച്ചിരുന്നു എന്നുമാണ് ഐതിഹ്യം. ഒരുപക്ഷേ പാണ്ഡവത്ത് എന്ന സ്ഥലനാമത്തിന്റെ പിന്നിലുള്ള പൊരുൾ ഇതാവാം. ഈ ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപവും ചുമർ ചിത്രങ്ങളും എല്ലാം അദ്ഭുതം തന്നെയാണ്.

darmashastha-temple-pandavam-unesco-pilgrim-sreekovil

ശ്രീകോവിലിനു ചുറ്റുമുള്ള ചുമർ ചിത്രങ്ങൾ ഏറെ ചരിത്ര പ്രാധാന്യമുള്ളവയാണ്. ഏകദേശം 400 വർഷത്തെ പഴക്കമാണ് ഈ ചുവർ ചിത്രങ്ങൾക്കുള്ളത്. കേരളീയ ക്ലാസിക് ചിത്രകലയുടെ താഴികക്കുടം എന്ന് എല്ലാ അർഥത്തിലും വിശേഷിപ്പിക്കാവുന്ന പത്മനാഭപുരം ശൈലിയുടെ പിൽക്കാല പരിണാമമാണ് പാണ്ഡവത്തെ ചുമർ ചിത്രങ്ങൾ. സമചതുരാകൃതിയിൽ ഉള്ളതാണ് ഇവിടുത്തെ ശ്രീകോവിൽ. അതിന്റെ ഭിത്തിയിൽ ചിത്രങ്ങൾ വരച്ചതാകട്ടെ തിരുവിതാംകൂറിന്റെ രൂപീകരണാനന്തരം കൊല്ലവർഷം 799 ൽ ആണ്. ഇപ്പോൾ പുത്തൻ തെരുവ് എന്ന് അറിയപ്പെടുന്ന അന്നത്തെ രാമവർമപുരം അഗ്രഹാരത്തിലെ വേദം വാധ്യാന്മാരുടെ മകൻ നാരായണപട്ടറാണ് ചിത്രം വരച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ ഗുരുനാഥൻ കൈക്കാട്ട് നമ്പൂതിരിയുടെ പേരും നാരായണ പട്ടർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ക്ഷേത്രത്തിന് ഇടം നൽകിയത്.

darmashastha-temple-pandavam-unesco-pilgrim-mandapam

ധർമശാസ്താവിന്റെ പ്രതിഷ്ഠയാണിവിടെ. പൂർണ പുഷ്കല പത്നീസമേതനായി ഒരേ പീഠത്തിൽ കുടികൊള്ളുന്ന ധർമശാസ്താവിന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് പാണ്ഡവം. ശബരിമലയിലെ അതേ ചടങ്ങുകൾ തന്നെയാണ് ഇവിടെയും. ശബരിമല തന്ത്രി സ്ഥാനമുള്ള താഴമൺ കുടുംബത്തിനാണ് ഇവിടെയും തന്ത്രി സ്ഥാനം. മാത്രമല്ല, ശബിരമലയിലേതു പോലെ തങ്കയങ്കിയുള്ള ക്ഷേത്രവുമാണ്. ഉത്സവ സമയത്ത് പള്ളിവേട്ട ദിവസം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി കൊണ്ടു വന്ന് തങ്കയങ്കി ചാർത്തും.

ധർമശാസ്താവും നരസിംഹമൂർത്തിയും തമ്മിലുള്ള കൂടിയെഴുന്നള്ളത്തിന്റെ കഥ കൂടിയുണ്ട് ഈ അമ്പലത്തിന്. എല്ലാ വർഷവും ആറാട്ട് ദിവസം അയ്യപ്പസ്വാമി ആറാടി വന്ന് നരസിംഹമൂർത്തിയുമായി മുഖാ മുഖം കണ്ടു പ്രദക്ഷിണം വച്ചു തിരിച്ചുവരികയാണ് പതിവ്.

darmashastha-temple-pandavam-unesco-pilgrim-tour

ഈ വർഷം ഡിസംബർ 26 ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുന്നത്. ഉത്സവത്തിനോടനുബന്ധിച്ചുള്ള തങ്ക അങ്കി രഥഘോഷയാത്ര കോട്ടയം തിരുനക്കര മഹാദേവക്ഷത്രത്തിൽനിന്ന് പാണ്ഡവം ക്ഷേത്രത്തിലേക്ക് 2024 ജനുവരി 1ന് തിങ്കളാഴ്ച നടക്കും. ജനുവരി 2നാണ് ആറാട്ട്.

ADVERTISEMENT