മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ ഭക്തർ വിഷുകണി കാണാനും കൈനീട്ടം വാങ്ങാനും എത്തുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം അടുത്തുള്ള ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
വിഷുപക്ഷിയുടെ പാട്ടും ആദിത്യ കിരണങ്ങളും അരയാലിലയിൽ മഞ്ഞൊളി പരത്തുമ്പോൾ ഉളനാട്ടിലെ കുഞ്ഞുണ്ണിക്കണ്ണൻ വിഷു കൈനീട്ടമായി എത്തിക്കഴിയും.

വിഷു സംക്രമണം ഉളനാട് ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ ഉത്സവപ്രതീതിയാണ്. അത്താഴപൂജയ്ക്കു ശേഷം, തിടപ്പിള്ളി വൃത്തിയാക്കി, കണിയൊരുക്കമാണ്. ഒരു തണ്ട് പീലി ചൂടി, മുളന്തണ്ട് മീട്ടി, നീലാജ്ഞന മിഴിയെഴുതി, പട്ടുചുറ്റി, പൊന്നാഭരണങ്ങൾ അണിഞ്ഞ് തിരുനടയ്ക്കു മുമ്പിൽ വന്ന് നിർദ്ദേശവുമായി കണ്ണൻ നിൽക്കും.
ഓട്ടുപാത്രത്തിൽ കണിയൊരുക്കി, മഞ്ചാടി വിരിച്ച് വച്ചിട്ടും ഒരു തൃപ്തിയില്ല...
മധുര പലഹാരങ്ങളും, കാർഷികവിളകളും ധാന്യങ്ങളും എല്ലാം ആവോളം നിറയ്ക്കുമ്പോൾ ഒന്നു കൊഞ്ചി. നിറയെ വെണ്ണയും തരാം എന്ന കരാറിൽ പുഞ്ചിരിച്ച് കൈനീട്ടവുമായി തിരുമനസ്സിന്റെ വരവും കാത്തുനിൽപ്പാണ്... കളഭ ചാർത്തണിയാൻ....
അങ്ങനെ കണ്ണൻ ഒരുങ്ങിക്കഴിഞ്ഞപ്പോഴേക്കും ഭക്തരെത്തിക്കഴിയും... കണി കാണാൻ... ആ തിരുമുഖം ഒന്ന് കണി കാണാൻ പറ്റിയാൽ ആ വർഷം പുണ്യ വർഷം എന്നാണ് ഭക്തരുടെ വിശ്വാസം. തിരുമേനി നാണയം പതിച്ച കണ്ണന്റെ ചിത്രം കൈനീട്ടമായി നൽകും.
സായംകാലമാകുമ്പോൾ ആടയാഭരണങ്ങളെല്ലാമഴിച്ച് പുഷ്പ അഭിഷേക പ്രീയനാകും. പുഷ്പ കുടങ്ങൾ പേറി ഘോഷയാത്രയായി വന്ന് ഭക്തർ അർപ്പിക്കുന്ന പുഷ്പ കുടങ്ങൾ തിരുമേനി കണ്ണനെ അഭിഷേകിക്കും. പിന്നീട് വിശേഷാൽ പൂജകൾക്കും ശേഷം കലാപരിപാടികളും പാള പാത്രത്തിലെ വിഷുക്കഞ്ഞിയും വിളമ്പി കഴിയുമ്പോൾ വിഷു ഉത്സവത്തിന് സമാപനമാകും.

അഭീഷ്ട വരദായകനാണ് ഉളനാട്ടിലെ പൊന്നുണ്ണിക്കണ്ണൻ. ഭക്തി നിറഞ്ഞ മനസുമായി കണ്ണനെ വിളിക്കുന്ന ഭക്തർക്കരികിൽ കണ്ണൻ ക്ഷിപ്ര പ്രസാദിയാണ്. സദാ പുഞ്ചിരി തൂകി മുളന്തണ്ട് മീട്ടി നിൽക്കുമ്പോൾ മൂന്ന് ലോകവും അലിയും...