ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം. കീടാണുക്കളുടെ ടെറിറ്ററി ആയതിതാൽ ഇടയ്ക്കിടെ ‘ഓപ്പറേഷൻ ഡിസ്ഇൻഫെക്ട്’ നടത്തേണ്ടി വരും. ഒരു ദിവസം മൂന്നു തവണയെങ്കിലും കയറിച്ചെല്ലുന്ന ഇടമായതിനാൽ കാഴ്ചയില്‍ സുന്ദരമായിരിക്കണം, ആരോഗ്യത്തിനു സിഗ്‌നൽ നഷ്ടപ്പെടുകയുമരുത്. അതിനു കാറ്റും വെളിച്ചവും വന്നുപോകുന്ന ഇടം കൂടിയാകണം ബാത്റൂം.

വൃത്തിയാക്കാൻ ലായനി വേണോ?
∙ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ലായനി ഉപയോഗിച്ചു തന്നെ തറയിലെയും ഭിത്തിയിലെയും ടൈലും വൃത്തിയാക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്താൽ ടൈലിന്റെയും മറ്റും കോട്ടിങ് ഇളകിപ്പോകും. ഭംഗി നഷ്ടപ്പെടും. ഷാംപൂ ഉപയോഗിച്ച് ഇവ ഉരച്ചു കഴുകിയാൽ മതി.
∙ ബാത്റൂം ടാപ്പുകൾ പെട്ടെന്നു കേടാകുക, കറ പിടിക്കുക പോലുള്ള പ്രശ്നങ്ങൾ വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ടാകാം. വീട്ടിലേക്കുള്ള വെള്ളം ശുദ്ധീകരിക്കാൻ ഫിൽറ്റർ സ്ഥാപിക്കുകവഴി ഈ പ്രശ്നം പ രിഹരിക്കാം.
∙ വീടുകളിൽ പണ്ടു കുന്തിരിക്കം പുകയ്ക്കാറില്ലേ... അതുപോലെ കുന്തിരിക്കവും കർപ്പൂരവും ഉണങ്ങിയ തുളസിയിലയുമൊക്കെ ചേർത്തു ബാത്റൂമിന് സ്റ്റീം ബാത് നൽകാം. സുഗന്ധം നിറയും, കീടശല്യവും അകലും.
പഴമയിൽ നിന്നു പുതുമയിലേക്ക്
∙ പഴയ ബാത്‌റൂമുകളിൽ വെന്റിലേഷൻ കാണില്ല. കുളിച്ചിറങ്ങുമ്പോഴും വിയർക്കുന്നത് ഇതുകൊണ്ടാണ്. ഇത്തരം സാഹചര്യങ്ങളിൽ എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിക്കാം. ബാത്റൂമിലെ ഈർപം നിറഞ്ഞ വായു പുറത്തു പോകാനും പുറത്തെ ശുദ്ധവായും അകത്തെത്താനും സഹായിക്കുന്ന രീതിയിൽ വേണം ഇത്.

∙ ഭിത്തിയുടെ എട്ട് അടി വരെയെങ്കിലും ടൈൽ ഒട്ടിക്കാം. അല്ലെങ്കിൽ പെട്ടെന്ന് അഴുക്കു പിടിക്കാം. നന്നായി വൃത്തിയാക്കിയെടുക്കാനും ടൈൽ ആണു നല്ലത്.
∙ ഡ്രൈ ഏരിയയും വെറ്റ് ഏരിയയും വേർതിരിക്കണമെന്നതു പ്രധാനമാണ്. പഴയ ബാത്റൂം പുതുക്കുമ്പോൾ വെറ്റ് ഏരിയ ഒന്നര – രണ്ടിഞ്ച് താഴ്ത്തി നൽകാം. വെള്ളം ഡ്രൈ ഏരിയയിലേക്ക് എത്താതിരിക്കാൻ ആണിത്. ആവശ്യമെങ്കിൽ ഗ്ലാസ് പാർട്ടീഷൻ നൽകാം.
∙ ബാത്റൂമിൽ പ്രകാശത്തിനു വളരെ പ്രാധാന്യമുണ്ട്. ക ഴിവതും സൂര്യപ്രകാശം കിട്ടത്തക്ക രീതിയിൽ വലിയ ജനാലകൾ സ്ഥാപിക്കുക. സ്വകാര്യതയെ ബാധിക്കാത്ത വിധം ജനാല തുറന്നിടാനും കഴിയണം.

∙ സൂര്യപ്രകാശം നേരിട്ടടിക്കുകയും വായു സഞ്ചാരമുണ്ടാകുകയും ചെയ്താലേ ബാത്റൂം ഫ്രെഷ് ആകൂ. ജനാലയിൽ ആന്റീ റിഫ്ലക്റ്റീവ് ഗ്ലാസ് പിടിപ്പിക്കാം. കുളി കഴിഞ്ഞശേഷം അൽപസമയം ഈ ജനാലകൾ തുറന്നിടാം. ഭിത്തിയുടെ മുകളിൽ സൺലിറ്റുകള്‍ വയ്ക്കുന്നതും നല്ലതാണ്.
∙ ബാത്റൂമിൽ ഉപയോഗിക്കുന്ന വസ്തുക്കള്‍ വയ്ക്കാൻ സ്റ്റോറേജ് സ്പേസ് (നീഷ്) ഉണ്ടെങ്കില്‍ അവയുടെ ഭംഗി കൂട്ടാൻ സ്ട്രിപ് ലൈറ്റിങ് ചെയ്യാറുണ്ട്. ഇതിന്റെ ചോക്ക് നനവു കാരണം കേടായിപ്പോകാൻ സാധ്യതയുണ്ട്. ഒരിഞ്ച് പിവിസി പൈപ് സെറ്റ് ചെയ്ത് നീഷിൽ കയറ്റി വയ്ക്കാം. ഇതിലേക്ക് ലൈറ്റ് ഇട്ടാൽ പിന്നീട് മാറ്റാൻ എളുപ്പമായിരിക്കും.
∙ ബാത്റൂം പുതുക്കുന്നതു വീട്ടിലെ പ്രായമേറയവർക്കായി വേണ്ടിയാണെങ്കിൽ ഒരു കോളിങ് ബെൽ പിടിപ്പിക്കുന്നതു നല്ലതാണ്.
∙ പ്രായമായവർക്കു പിടിച്ച് ഇരിക്കാനും എഴുന്നേൽക്കാനും വീഴാതെ നടക്കാനും ഹാൻഡ് റെയിൽ പിടിപ്പിക്കാം.
∙ ബാത്റൂമിന്റെ പടിക്കൾക്ക് റാംപ്, ഫൂട്‌ലൈറ്റ് നൽകുന്നത് ഭംഗിയാണ്. ഒപ്പം തന്നെ പ്രായമായവരെ കരുതിയുള്ള സുരക്ഷയുമാണ്.
ലളിതം സുന്ദരം
∙ സിംപിൾ കാര്യങ്ങൾ മതി ബാത്റൂമിനു പുതിയ മുഖവും പ്രായോഗികതയും പകരാൻ. വാഷ് ബേസിനകരിലെ നാപ്കിനുകൾക്കു നിറത്തിലും ഡിസൈനിലും വ്യത്യസ്തത പകരുക, ബാത്റൂം ജനാലയ്ക്കരികിലും വാഷ് ബേസിൻ കൗണ്ടറിലും ചെടികൾ വയ്ക്കുക, കണ്ണാടിയുടെ വലുപ്പം കൂട്ടി ബോർഡർ ലൈറ്റിങ് നൽകുക എന്നിങ്ങനെ ലളിത സുന്ദര വഴികൾ തിരഞ്ഞെടുക്കാം.
∙ ഇഷ്ട സുഗന്ധം പരത്തുന്ന മെഴുകുതിരികൾ സ്വയം തയാറാക്കാം. പഴയ ചായക്കപ്പിലോ ഗ്ലാസിലോ തിരി വച്ചശേഷം മെഴുക് ഉരുക്കിയൊഴിക്കുക. ഇതിൽ ഇഷ്ട സുഗന്ധമുള്ള എസൻഷ്യൽ ഓയിൽ ഒഴിക്കുക. നല്ല മണം പകരുന്ന മറ്റു ചേരുവകളാണ് കാപ്പിക്കുരു, വനില എസൻസ്, ഉണങ്ങിയ റോസാപ്പൂവിതൾ, കറുവാപ്പട്ട, റോസ്മേരി എന്നിവ.
∙ ടൂത് ബ്രഷ്, പേസ്റ്റ്, ഷാംപൂ, ഷവർ ജെൽ എന്നിങ്ങനെയുള്ളവ വയ്ക്കാനായി നീളന്‍ കാബിനെറ്റ് പണിതാൽ ഇടം ലാഭിക്കാം. കാബിനെറ്റുകൾ താഴെ മുട്ടിക്കുന്ന തരത്തിൽ വേണ്ട. ഡ്രൈ ഏരിയയിലോ വാഷ്‍ ബേസിൻ ഏരിയയിലോ ആണ് ഇവയ്ക്കു സ്ഥാനം നൽകുക. അലങ്കാരപ്പണികളൊന്നും ഇല്ലാത്ത മിനിമലിസ്റ്റിക് ആണ് നല്ലത് ∙