ADVERTISEMENT

തണൽ നൽകാൻ മാത്രമല്ല അലങ്കാരം കൂടിയാണു മരങ്ങൾ. പൂന്തോട്ടത്തിൽ‍ തണലും അലങ്കാരവുമേകാൻ മരങ്ങളും പനകളും വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ. 

കാലവും സ്ഥലവും അറിഞ്ഞു നടാം

ADVERTISEMENT

∙ കേരളത്തിൽ മഴക്കാലമാണു മരവും പനയുമെല്ലാം നടാൻ യോജിച്ച സമയം. പൂന്തോട്ടത്തിലേക്കുള്ള മരങ്ങൾ നാട്ടിലെ കാലാവസ്ഥയ്ക്കു യോജിച്ചതാണോ എന്ന് ഉറപ്പാക്കണം. നിത്യഹരിത പ്രകൃതമുള്ളവയാണ് ഉത്തമം. ആവശ്യത്തിനു വളർച്ചയെത്തിയവ തിരഞ്ഞെടുക്കുക. അല്ലാത്തവ നേരിട്ടു മണ്ണിൽ നടാതെ പോളി ബാഗിൽ നടാം. വലുപ്പമെത്തുമ്പോൾ നിലത്തേക്കു നടുക. 

∙ പൂന്തോട്ടത്തിന്റെ വിസ്താരം അനുസരിച്ചാണു മരങ്ങളും പനയും തിരഞ്ഞെടുക്കേണ്ടത്. വലുപ്പം കുറഞ്ഞിടത്തേക്കു പൂമരമായി പവിഴമല്ലി, ബോട്ടിൽ ബ്രഷ് ട്രീ, കോർഡിയ, പാല ചെമ്പകം, കണിക്കൊന്ന, പിങ്ക് മന്ദാരം, ബ്രൗണിയ, ക്രെയ്‌പ് മിർട്ടിൽ ട്രീ, അശോകം, മരമുല്ല തുടങ്ങിയവ തിരഞ്ഞെടുക്കാം. 

ADVERTISEMENT

∙ അലങ്കാര ഇല മരമായി യെല്ലോ ഡെസ്‌മോഡിയം, വെള്ള ഇലയുള്ള ടെർമിനാലിയ, ഭംഗിയിൽ ടോപിയറി ചെയ്ത അലങ്കാര ഇനം ആൽ മരം, ഫേൺ ട്രീ, അലങ്കാര പനയിനമായി ഗോൾഡൻ വിച്ചിയ, സാഗോ പാം ഇവ യോജിക്കും. 

∙  നല്ല വിസ്‌താരമുള്ളയിടത്തേക്കു പൂമരമായി ഇലഞ്ഞി, ബട്ടർഫ്‌ളൈ പീ ട്രീ, കോപ്പർ പോഡ് ട്രീ, മണിമരുത്, ഗുൽമോഹർ മരം, പിങ്ക് റ്റെബൂബിയ, യാങ് - യാങ് മരം, പനിനീർ ചെമ്പകം, കടമ്പ, ഏഴിലം പാല, പന ഇനങ്ങളായ ഫോക്സ് ടെയ്ൽ പാം, ഡെയ്റ്റ് പാം, റോയൽ പാം, കെന്റിയ പാം ഇവ നട്ടോളൂ. 

ADVERTISEMENT

∙ഫലവൃക്ഷങ്ങൾ വേണമെന്നുള്ളവർക്കു ചെറി ഓഫ് റിയോ ഡി ഗ്രാൻഡെ, ടെറൻഗാനു ചെറി, പർപ്പിൾ ഫോറസ്റ്റ് ഗുവ, വെള്ളയും മഞ്ഞയും നിറത്തിൽ ഇലകൾ ഉള്ള സപ്പോട്ട തുടങ്ങിയവ തിരഞ്ഞെടുക്കാം. 

∙ പന മതിലിനോടു ചേർത്തു നട്ടാൽ അവയുടെ വേരുകൾ മതിലിനു ബലക്ഷയം ഉണ്ടാക്കാം. ടൈൽ വിരിച്ചിടത്തും പ്ലാന്റർ ബോക്സിലും ഇതേ പ്രശ്‌നം ഉണ്ടാകാം. ഇന്ത്യൻ മാസ്റ്റ് ട്രീ, കോണോകാർപ്പസ്,  യൂജീനിയ ഇവ മതിലിനോടു ചേർന്നു നിരയായി വളർത്താനാകും. ഇവയുടെ തലപ്പ‌ു വെട്ടി ഉയരം ക്രമീകരിക്കാം. 

∙ ഭൂജലം ഉയർന്നു നിൽക്കുന്ന തീരദേശ പ്രദേശങ്ങളിൽ എല്ലാത്തരം മരങ്ങളും ആരോഗ്യത്തോടെ വളരാറില്ല. ഇത്തരം ഇടങ്ങളിൽ പൂവരശ്, പുന്ന, ആറ്റുപരുത്തി, ഫിഡിൽ ലീഫ് ഫിഗ്, കുടംപുളി ഇവ യോജിക്കും.

∙  തീരെ ചെറിയ ഇലകൾ പുൽത്തകിടിയിൽ പൊഴിഞ്ഞു വീണാൽ  നീക്കം ചെയ്യാൻ ബുദ്ധിമുട്ടാകും.  ഇത്തരം ഇലകളുള്ള മരങ്ങൾ ഒഴിവാക്കുക. പകരം യെല്ലോ ഡെസ്‌മോഡിയം, ടോപിയറി ചെയ്ത ആൽ മരം, ഗോൾഡൻ വിച്ചിയ, ബ്രൗണിയ, പാല ചെമ്പകത്തിന്റെ ഒബ്റ്റൂസ ഇനം, സാഗോ പാം തുടങ്ങിയവ നട്ടോളൂ. 

   ∙ മരങ്ങൾ മണ്ണിൽ നേരിട്ടു നടാം. കുറഞ്ഞതു രണ്ട് അ ടി സമചതുരവും അത്ര തന്നെ ആഴവുമുള്ള കുഴി തയാറാക്കി വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി തുടങ്ങിയവ ചേർത്ത മിശ്രിതം നിറച്ചതിലാണു തൈ നടേണ്ടത്. വെള്ളം ഒഴുകി പോകാനുള്ള സൗകര്യമൊരുക്കണം. 

∙ പൂന്തോട്ടത്തിലും സ്വിമ്മിങ് പൂളിന് ജൈവമറ തയാറാക്കാനും വലിയ ചട്ടികളിൽ മരങ്ങൾ നട്ടു വളർത്താം. രണ്ട് അടി വലുപ്പമുള്ള, ഈടു നിൽക്കുന്ന ചട്ടി ഉപയോഗിക്കാം. വെള്ളം വാർന്നുപോകുന്ന മിശ്രിതം നിറയ്ക്കുക. വേനൽക്കാലമാണെങ്കിൽ ചെടി നട്ട ശേഷം പുതിയ നാമ്പും ഇലകളും വരുന്നതുവരെ തണൽ നൽകണം. 

ADVERTISEMENT