പോക്കറ്റ് കാലിയാകാതെ ഒരുക്കാം പൂന്തോട്ടം; കുറഞ്ഞ ചെലവിൽ ഭംഗിയുള്ള പൂന്തോട്ടം ഒരുക്കാൻ വഴികളിതാ...
Mail This Article
വീടുപണി തീരാറാകുമ്പോൾ പോക്കറ്റും കാലിയായിട്ടുണ്ടാകും. ഇതോടെ പൂന്തോട്ടമൊരുക്കാനുള്ള ചെലവ് താങ്ങാനാകാതെ വരാം. മനസ്സ് വച്ചാൽ കുറഞ്ഞ ചെലവിൽ സ്വയം പൂന്തോട്ടമൊരുക്കാവുന്നതേയുള്ളൂ. രണ്ടു െസന്റിൽ (ഏകദേശം 870 ചതുരശ്ര അടി) പൂന്തോട്ടം തയാറാക്കാനുള്ള വഴികളറിയാം.
പടിപടിയായൊരുക്കാം
∙ പൂന്തോട്ടമൊരുക്കേണ്ട ഇടത്തെ വെയിലിന്റെ തോത്, വെള്ളത്തിന്റെ ലഭ്യത, മണ്ണിന്റെ ഘടന തുടങ്ങിയവ പരിഗണിക്കണം. പൂന്തോട്ടത്തിനുള്ള ഔട്ട്‌ൈലൻ കടലാസിൽ വരയ്ക്കുക. പുൽത്തകിടി, നടപ്പാത, പൂത്തടം, മതിലിനോടു ചേർന്നുള്ള അതിര്, ചെടികൾ തുടങ്ങിയവ അടയാളപ്പെടുത്തണം. ഇവയ്ക്കു വേണ്ട സ്ഥലവും നൽകേണ്ട ആകൃതിയും സ്കെച്ചിൽ കാണിക്കാൻ മറക്കേണ്ട.
∙ പുൽത്തകിടിക്കു വേണ്ടി 300 ചതുരശ്ര അടി നീക്കിവയ്ക്കാം. അഞ്ച് ഇടങ്ങളിലായി 60 ചതുരശ്ര അടിയിൽ വ്യത്യസ്ത ആകൃതിയിൽ പുൽത്തകിടിയൊരുക്കിക്കോളൂ. ഒരിടത്തു പുല്ലിനു പകരം നിലത്തു പടർന്നു വളരുന്ന ചെടികൾ നടാം. പൂന്തോട്ടത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരുന്ന വിധം പുൽത്തകിടിക്കും ചെടികൾക്കും ചുറ്റും രണ്ടടി വീതിയുള്ള നടപ്പാതയൊരുക്കുക.
∙ പൂത്തടം തയാറാക്കാൻ രണ്ട് അടി വീതിയും അഞ്ച് അടി നീളവുമുള്ള പ്ലാന്റർ ബോക്സുകൾ പ്രയോജനപ്പെടുത്താം. മണ്ണിൽ നിന്ന് അര അടി ഉയരത്തിൽ നിൽക്കുന്ന വിധം കുറഞ്ഞത് 30 ചെടികൾ ഒരുമിച്ചു നടാൻ പറ്റിയവ വേണം. വലുപ്പവും ഉയരവും വയ്ക്കുന്ന ഡുറാന്റ, ചെത്തി, നന്ദ്യാർവട്ടം തുടങ്ങിയ അതിർവേലി ചെടികൾ മതിലിനോടു ചേർത്തു നടാൻ ഒന്നര അടി വീതിയും മതിലിന്റെ നീളത്തിനൊത്ത സ്ഥലവും നീക്കിവയ്ക്കണം. വലുപ്പം വയ്ക്കാത്ത മിനിയേച്ചർ ചെത്തി, നന്ദ്യാർവട്ടം, കൊങ്ങിണി തുടങ്ങിയവയ്ക്ക് ഒരടി വീതി മതിയാകും.
∙പൂന്തോട്ടത്തിന്റെ ലേ ഔട്ട് തീരുമാനമായാൽ നിർമാണം തുടങ്ങാം. ഗാർഡൻ ലൈറ്റിനു വേണ്ട വയറിങ്, നനയ്ക്കാൻ ആവശ്യമായ സ്പ്രിംഗ്ളർ, പൈപ്പ് ഇവയുടെ പ്ലമിങ്, പ്ലാന്റർ ബോക്സുകൾ, അലങ്കാരക്കുളം, നടപ്പാത തുടങ്ങിയവ ഓരോന്നായി സ്കെച്ചിൽ അടയാളപ്പെടുത്തിയ രീതിയിൽ ഒരുക്കുക.
∙ ഗുണനിലവാരമില്ലാത്ത മണ്ണ് ഒരടി കനത്തിൽ നീക്കി പകരം കല്ലും കട്ടയും ഇല്ലാത്ത നല്ല ചുവന്ന മണ്ണു നിറയ്ക്കണം. ലേ ഔട്ടിൽ അടയാളപ്പെടുത്തിയ ഇടങ്ങളിൽ അതിരു ചെടികൾ, പ്ലാന്റർ ബോക്സിലെ ചെടികൾ ഇവ നടാം. മിശ്രിതമായി ചകിരിച്ചോറും ചുവന്ന മണ്ണും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അൽപം ഡോളോമൈറ്റും കലർത്തിയതു മതിയാകും.
∙ നിരയായി അതിരു ചെടികൾ നടും മുൻപു നീളത്തിലും ആഴത്തിലും മണ്ണുമാറ്റി താഴെ നടീൽമിശ്രിതം നിറയ്ക്കുക. തുടർന്നു പോളി ബാഗിൽ നിന്നു ചെടി പുറത്തെടുത്തു നിരത്തി ഇറക്കിവച്ചു ചുറ്റും നടീൽ മിശ്രിതം നിറയ്ക്കാം. ഇതേ രീതിയിൽ പ്ലാന്റർ ബോക്സിലും ചെടികൾ ഇറക്കിവച്ചു ചുറ്റും മിശ്രിതം നിറയ്ക്കണം. മണ്ണ് നന്നായി ഉറപ്പിച്ചു മുകളിൽ വളമായി വേപ്പിൻപിണ്ണാക്കും ബോൺ മീലും കലർത്തിയതിൽ ആവശ്യത്തിനു ചകിരിച്ചോറും ചേർത്തു നിരത്തണം.
∙ വെയിലുള്ളതോ പാതി തണലുള്ളതോ ആയ ഇടത്തു പേൾ ഗ്രാസ് േയാജിക്കും. പുൽത്തകിടിയുടെ ഷീറ്റ് ആവശ്യത്തിനു വാങ്ങി മിശ്രിതത്തിനുമുകളിൽ അടുപ്പിച്ചു നിരത്തുക. തടിക്കഷണം കൊണ്ട് ഇടിച്ചു ഷീറ്റ് മണ്ണിൽ നന്നായി ചേർക്കുക. നിലത്തു പടരുന്ന ചെടിക്കായി അടയാളപ്പെടുത്തിയ ഇടത്തു കാക്കപ്പൂ ചെടി, അലങ്കാര നിലക്കടല, മൊസൈക് പ്ലാന്റ് തുടങ്ങിയവ നടാം. ഇവ അര അടി അകലത്തിൽ നട്ടാൽ, ക്രമേണ പടർന്നു നിറയും.
∙ ചെറിയ പൂന്തോട്ടത്തിൽ ഉയരം കുറഞ്ഞ അലങ്കാരമരങ്ങളാണു യോജിക്കുക. ഗോൾഡൻ വിച്ചിയ പാം, യൂജീനിയ, പാല ചെമ്പകത്തിന്റെ സിംഗപ്പൂർ ഇനം, ട്രോപ്പിയറി ചെയ്ത ആലിന്റെ നൈറ്റിഡാ ഇനം, വെള്ള ഇലയുള്ള ടെർമിനാലിയ തുടങ്ങിയവ േയാജിക്കും. അവസാന ഘട്ടമായി ഗാർഡൻ ലൈറ്റ്, നനയ്ക്കാനുള്ള സ്പ്രിംഗ്ളർ, ടാപ്പ് തുടങ്ങിയവ സ്ഥാപിക്കാം.