ADVERTISEMENT

കേരളത്തിലെ കാലാവസ്ഥ മാറിയ കാലത്ത് മഴയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്, ഒപ്പം വൈദ്യുതക്കമ്പി പൊട്ടിവീഴാനുള്ള സാധ്യതയും. പരിഭ്രമിച്ച് അബദ്ധങ്ങൾ ചെയ്താൽ ജീവന്‍ പോലും അപകടത്തിലായേക്കാം. വളരെ സൂക്ഷിച്ചു പ്രതിസന്ധിയെ നേരിടാം.  

‌ശ്രദ്ധയോടെ 5 കാര്യങ്ങൾ

ADVERTISEMENT

1. വൈദ്യുതലൈൻ പൊട്ടി വീണതു കണ്ടാൽ ആ വിവരം sms ആയി അറിയിക്കുന്നതിനുള്ള നമ്പർ –94960 61061. 

മെസേജ് ചെയ്യുമ്പോൾ പൊട്ടി വീണ സ്ഥലവും സെക്‌ഷൻ ഓഫിസിന്റെ പേരും രേഖപ്പെടുത്തുക. പരാതി വാട്സാപ്പ് വഴി നൽകാം. നമ്പർ– 94960 01912

ADVERTISEMENT

2. വൈദ്യുത വിഭാഗത്തിന്റെ തൊട്ടടുത്ത  സെക്‌ഷൻ ഓഫിസിലേക്കു ഫോൺ വിളിച്ചു പറയുക. നമ്പർ കയ്യിലില്ലെങ്കി ൽ 94960 10101 എന്നതിലേക്കോ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (കെഎസ്ഇബിഎൽ) ടോൾഫ്രീ നമ്പറായ 1912 ലേക്കോ വിളിക്കാം.  

3. ഓഫിസിലോ മേൽ പ്രസ്താവിച്ച നമ്പറുകളിലോ വിളിച്ചു പറഞ്ഞാൽ ഉത്തരവാദിത്തം കഴിഞ്ഞെന്നു കരുതരുത്.    ഉദ്യോഗസ്ഥർ വരുന്നതു വരെ അപകടമുണ്ടാകാതിരിക്കാനുള്ള ജാഗ്രത പാലിക്കുക. വൈദ്യുത കമ്പി പൊട്ടിവീണ വിവരം മറ്റുള്ളവരെ അറിയിക്കാനും അതുവഴി വരുന്നവർ അതിൽ ചവിട്ടാതിരിക്കാനുള്ള മുന്നറിയിപ്പു നൽകാനും ത യാറാവുക. മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായി മാറുകയാണന്നു തിരിച്ചറിയുക. 

ADVERTISEMENT

4. പൊട്ടിക്കിടക്കുന്നതു സർവീസ് വയർ ആയാലും തൊടുകയോ കമ്പു കൊണ്ടു തട്ടിമാറ്റുകയോ ചെയ്യരുത്.  വൈദ്യുത കമ്പിയിൽ പ്രവഹിക്കുന്ന അതേ അളവിലുള്ള കറന്റ് തന്നെയാണു സർവീസ് വയറിലൂടെയും പോകുന്നത്.    

5. മരങ്ങൾ കടപുഴകി വൈദ്യുത ലൈനിലേക്കു വീണു കിട ക്കുന്ന സാഹചര്യത്തിലും ഒരു കാരണവശാലും ലൈനിന്റെ/സർവീസ് വയറിന്റെ സമീപത്തേക്കു  പോകരുത്.  

ഈ 4 കാര്യങ്ങൾ ചെയ്യരുത്

1. മഴക്കാലത്തു  നിങ്ങളുടെ വീട്ടിൽ മാത്രം വൈദ്യുതി ഇല്ലെങ്കില്‍ ഒാർമിക്കുക – ഒരുപക്ഷേ സർവീസ് വയറോ വൈദ്യുത കമ്പിയോ പറമ്പിൽ പൊട്ടി വീണിട്ടുണ്ടാകാം. വെള്ളത്തിലൂടെ നടന്നു പോസ്റ്റിനരികില്‍ പോയി നോക്കാൻ ശ്രമിക്കരുത്. ഒരുപക്ഷേ, വെള്ളത്തിലേക്കു കമ്പി പൊട്ടിക്കിടക്കുന്നുണ്ടാകും. ഷോക്ക് ഏൽക്കാം.

2.  ഉദ്യോഗസ്ഥരുടെ  മേൽനോട്ടമില്ലാതെ ലൈനിൽ വീണുകിടക്കുന്ന മരങ്ങൾ വെട്ടി മാറ്റരുത്.

3. പൊട്ടിയ ലൈനിൽ നിന്നു ഷോക്കേറ്റ  വ്യക്തിയെ നേരി ട്ടു സ്പർശിക്കരുത്. പകരം ഉണങ്ങിയ മുളയോ കമ്പോ കൊണ്ടു തട്ടി ലൈനിൽ നിന്നു മാറ്റുക.   

4. മഴ പെയ്യുന്ന സാഹചര്യം ആണെങ്കിൽ  മരക്കമ്പുകൊണ്ടു മാറ്റുന്നത് അഭികാമ്യം അല്ല. 

ഷോക്കേറ്റാൽ‌ ഉടൻ ചെയ്യാം 

∙ ഷോക്കേറ്റ വ്യക്തിയെ നേരിട്ടു സ്പർശിക്കരുത്. വൈദ്യുത സാമഗ്രികളിൽ നിന്നും  വിട്ടു മാറി എന്ന് ഉറപ്പു വരുത്തിയ  ശേഷം മാത്രമേ പ്രഥമ ശുശ്രൂഷ നൽകാവൂ. 

വൈദ്യുത ലൈൻ പൊട്ടിയത് സെക്‌ഷൻ ഒാഫിസിൽ അറിയിക്കുമ്പോൾ താഴെ പറയുന്നവയിൽ ഒരെണ്ണമെങ്കിലും കൃത്യമായി പറഞ്ഞാൽ ജീവനക്കാർ ആ സ്ഥലത്ത് എത്തുന്നതിനു മുൻപേ സബ്‌സ്റ്റേഷനിൽ നിന്നു തന്നെ 11 കെവി സപ്ലെ ഒാഫ് ചെയ്യാനാകും. 

1. ഏതു ഭാഗത്തു പൊട്ടിവീണെന്നു കൃത്യമായി പറയുക.

2. ട്രാൻസ്ഫോർമറിന്റെ പേര് (ട്രാൻസ്ഫോർമറിന്   ചുറ്റുമുള്ള വേലിയിൽ ആ ട്രാൻസ്ഫോർമറിന്റെ പേര്, സബ്സറ്റേഷൻ, കപ്പാസിറ്റി എന്നിവയെഴുതിയ ബോർഡ് ഉണ്ടാകും) കൃത്യമായി അറിയിക്കുക. 

3. പൊട്ടി വീണതിനു സമീപമുള്ള പോസ്റ്റിന്റെ നമ്പർ. 

∙ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരാളെ രക്ഷിക്കുന്നതു നമ്മുടെ ജീവൻ കൊടുത്തിട്ടല്ല. പകരം ജാഗ്രതയോടും വിവേകത്തോടും ആയിരിക്കണം.           

കടപ്പാട്- ഹർഷ കുമാരി, അസിസ്റ്റന്റ് എഞ്ചിനീയർ, ഇലക്ട്രിക്കൽ സെക്ഷൻ കെഎസ്ഇബിഎൽ, ഗാന്ധിനഗർ കോട്ടയം. 

English Summary:

Electricity Safety Tips in Kerala: During the rainy season in Kerala, there's a high risk of electric lines breaking down, posing serious dangers. This article provides essential safety measures and contact information to handle such situations cautiously and prevent accidents.

ADVERTISEMENT