ADVERTISEMENT

കീടശല്യം തടഞ്ഞും പോഷകം നൽകിയും വിളകളെ കാക്കാനും മികച്ച വിളവെടുപ്പു നേടാനും അറിയേണ്ട പ്രധാനപ്പെട്ട ചിലകാര്യങ്ങളുണ്ട്. അവ ചിട്ടയായി പിന്തുടരാം, മികച്ച വിളവ് ഉറപ്പാക്കാം.

കീടങ്ങളെ തുരത്താൻ

ADVERTISEMENT

∙ കീടങ്ങളെ അകറ്റാൻ തൈകളുടെ ആദ്യനാൾ മുതൽ പ്രയോഗിക്കാവുന്നതാണ് വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം. അര ലീറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് ലയിപ്പിക്കുക. ഇതിൽ 200 മില്ലി വേപ്പെണ്ണ ചേർക്കുക. 300 മില്ലി വെള്ളത്തിൽ 200 ഗ്രാം വെളുത്തുള്ളി മയത്തിലരച്ച് കലക്കുക. എല്ലാം കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഒരു ലീറ്റർ മിശ്രിതത്തിൽ ഒൻപത് ലീറ്റർ വെള്ളം എന്ന അനുപാതത്തിൽ ചേർത്തിളക്കി അരിച്ച് ഉപയോഗിക്കാം.

∙ മുളക്, പയർ എന്നീ വിളകളെയാണ് നീരൂറ്റി കുടിക്കുന്ന മുഞ്ഞ പ്രധാനമായും ആക്രമിക്കുക. ഉറുമ്പുകളാണ് മുഞ്ഞയുടെ സഞ്ചാര മാർഗം. പയറിലോ മുളകിലോ ഉറുമ്പിനെ കണ്ടാൽ മുഞ്ഞ ബാധയുണ്ടെന്നു മനസ്സിലാക്കുക. വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം പ്രയോഗിക്കാം. പച്ചക്കറികളുടെ ഇല തിന്നാൻ പുഴുക്കളെത്താം. ഇതിനെതിരെയും വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.

ADVERTISEMENT

∙ വെണ്ടയ്ക്കയെ വെട്ടിലാക്കുന്ന തണ്ടു തുരപ്പൻ പുഴു ശല്യം  വേപ്പിൻ കുരുസത്ത് പ്രയോഗത്തിലൂടെ പരിഹരിക്കാം. ഒരു ഗ്രാം വേപ്പിൻകുരു പൊടിച്ച് തുണിയിൽ കിഴി കെട്ടി ഒരു ലീറ്റർ വെള്ളത്തിൽ മുക്കി വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഈ കിഴി നന്നായി ഞെക്കിപ്പിഴിഞ്ഞ് വേപ്പിൻകുരു സത്ത് വെള്ളത്തിൽ കലക്കുക. അരിച്ചെടുത്ത ശേഷം തളിക്കാം. 

∙  പയറിന്റെയും മറ്റും ഇലകളിൽ ചിത്രം വരച്ചതുപോലെ വെളുത്ത പാടുകൾ കണ്ടാൽ ചിത്രകീടമാണെന്നു മനസ്സിലാക്കാം. ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കണം. അധികം ഇലകളിലുണ്ടെങ്കിൽ വേപ്പധിഷ്ഠിതമായ കീടനാശിനി പ്രതിരോധ മാർഗമായി ഉപയോഗിക്കാം.

ADVERTISEMENT

∙ ചീര ഇലയിലെ ഇലപ്പുള്ളി രോഗം മിക്ക പച്ചക്കറിത്തോട്ടത്തിലും കണ്ടുവരുന്ന ഒന്നാണ്.  രണ്ടു ഗ്രാം സോഡാക്കാരം എട്ടു ഗ്രാം മഞ്ഞൾപ്പൊടി ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിൽ നിന്നു നാലു ഗ്രാമെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ ചാലിച്ച് ആഴ്ചയിലൊരിക്കൽ വീതം രണ്ടാഴ്ച സ്പ്രേ ചെയ്തു കൊടുക്കുക.

∙ ഇലകളിലെ നിറവ്യത്യാസം പാടുകൾ, അരിക് വാട്ടം, ചുരുളൽ എന്നിവ കണ്ടാൽ കുമിൾ രോഗമാണോയെന്നു സംശയിക്കാം. ഇതിനായി സ്യൂഡോമോണാസ് ഉപയോഗിക്കണം. നാലു മാസം വരെ കാലാവധിയുള്ള സ്യൂഡോമോണാസ് വാങ്ങാൻ ശ്രദ്ധിക്കുക. പുള്ളി കുത്തൽ രോഗം, അഴുകൽ രോഗം എന്നിവയൊന്നും പിന്നെ, ബാധിക്കില്ല.

പോഷകം വേണം

പച്ചക്കറികളുടെ ഇലയിൽ കാണുന്ന നിറം മാറ്റവും പുള്ളിപ്പാടുകളുമൊക്കെ പോഷകക്കുറവു മൂലവും ഉണ്ടാകാം. ഇവ തടയാനും ചെടികൾ ആരോഗ്യത്തോടെ വളരാനും താഴെ പറയുന്ന മിശ്രിതങ്ങൾ ഉപയോഗിക്കാം.
∙ ഫിഷ് അമിനോ ആസിഡ് ലായനി : പച്ചമത്സ്യവും ശർക്കരയും കൂടി പുളിപ്പിച്ചെടുക്കുന്ന മിശ്രിതമാണിത്. മത്തിയാണ് ഏറ്റവും നല്ലത്. ഒരു കിലോ മത്സ്യം ചെറിയ കഷണങ്ങളാക്കി ഒരു കിലോ ശർക്കര ഉരുക്കിയതും ചേർത്ത് ഇളക്കി യോജിപ്പിച്ച് പാത്രത്തിലാക്കി 10–15 ദിവസം അടച്ചു വയ്ക്കണം. വെള്ളം ചേർക്കേണ്ടതില്ല. തവിട്ടു നിറത്തിലുള്ള ഈ ലായനി അരിച്ചെടുത്ത് ഉപയോഗിക്കാം. വീട്ടാവശ്യത്തിനായി വാങ്ങിയ മത്സ്യത്തിന്റെ അവശിഷ്ടമുപയോഗിച്ചും  ഫിഷ് അമിനോ ആസിഡ് ലായനി തയാറാക്കാം. വായു കടക്കാത്ത പാത്രത്തിൽ രണ്ടു മാസത്തോളം സൂക്ഷിക്കാം.

∙ തിമോർ ലായനി : അടപ്പുള്ള വലിയ പാത്രത്തിൽ 10 തേങ്ങയുടെ പാലിൽ അഞ്ച് ലീറ്റർ കരിക്കിൻ വെള്ളം ചേർക്കുക. ഇതിലേക്ക് അഞ്ച് ലീറ്റർ മോര് ചേർത്തിളക്കി 7–10 ദിവസം പുളിക്കാൻ വയ്ക്കുക. 1:10 അനുപാതത്തിൽ വെള്ളം നേർപ്പിച്ച് ഉപയോഗിക്കാം.                              ∙                

English Summary:

Pest control and nutrient management are crucial for healthy crops. Following these tips will ensure a good harvest by effectively controlling pests and providing essential nutrients to your plants.

ADVERTISEMENT