ADVERTISEMENT

ടി.എം. രാമചന്ദ്രന്റെ ‘സാഹിത്യം ഉടലുരിയുന്നു’ എന്ന പുസ്തകത്തിന്റെ വായന

‘മലയാളി നാൾവഴികൾ’ എന്ന സാമൂഹികശാസ്ത്ര പഠനങ്ങളുടെ സമാഹാരം പുറത്തുവന്നിട്ട് ഒന്നര ദശകം പിന്നിട്ടിരിക്കുന്നു. ടി.എം രാമചന്ദ്രൻ സമാഹരിച്ച ആ പുസ്തകത്തിലെ പഠനങ്ങളും വിചാരങ്ങളും കേരള സമൂഹരൂപീകരണത്തിന്റെ ബഹുവിധ മാനങ്ങളാണ് ചർച്ച ചെയ്തത്. എം.എൻ വിജയൻ മുതൽ വി.വിജയകുമാർ വരെയുള്ള സാമൂഹിക – സാഹിത്യ- സാംസ്കാരിക - രാഷ്ട്രീയ ചിന്തകർ കേരളീയ നവോത്ഥാനം, രാഷ്ട്രീയം, സ്ത്രീമുന്നേറ്റങ്ങൾ, ദലിത് - പരിസ്ഥിതിരാഷ്ട്രീയം, ഭാഷ തുടങ്ങിയ ഘടകങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തിരുന്നു ആ പുസ്തകത്തിൽ.

ADVERTISEMENT

ഈ പരമ്പരയുടെ രണ്ടാം സഞ്ചിക എന്ന നിലയിലാണ് ‘സാഹിത്യം ഉടലുരിയുന്നു’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. അശോകൻ ചരുവിൽ, പി വത്സല, പി കെ നാണു, എൻ പ്രഭാകരൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരുമായി ടി എം രാമചന്ദ്രൻ നടത്തിയ ദീർഘസംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വാസ്തവത്തിൽ മലയാളി നാൾവഴികൾ എന്ന പുസ്തകത്തിന്റെ പ്രമേയത്തെ മറ്റൊരു തരത്തിൽ വികസിപ്പിക്കുന്ന പുസ്തകമാണിത് .

അഭിമുഖ സംഭാഷണങ്ങൾക്ക് സവിശേഷമായ പ്രസക്തിയുള്ള കാലമാണിത്. അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും വായനക്കാരിലേക്ക് എത്തിക്കുക എന്ന ധർമ്മമാണ് അവ നിർവഹിക്കുന്നത് എങ്കിൽ പോലും ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുള്ള ഒരു സർഗാത്മക നിർമ്മിതിയായി അഭിമുഖസംഭാഷണങ്ങൾ മാറുന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. 1970 കളിൽ ടി എൻ ജയചന്ദ്രൻ പ്രസിദ്ധീകരിച്ച നോവലിസ്റ്റിന്റെ ശില്പശാല, കഥയുടെ പിന്നിലെ കഥ എന്നീ ഗ്രന്ഥങ്ങളിൽ തകഴി തുടങ്ങിയ അക്കാലത്തെ പ്രഗൽഭരായ കഥാകാരന്മാരുമായി അദ്ദേഹം നടത്തിയ അഭിമുഖ സംഭാഷണങ്ങളുണ്ട്. ഒരുപക്ഷേ, മലയാളത്തിലെ അഭിമുഖ സംഭാഷണങ്ങളുടെ പൂർവ്വ മാതൃകകളെന്ന് ഇവയെ വിശേഷിപ്പിക്കാം.

ADVERTISEMENT

എഴുത്തുകാരുടെ സർഗാത്മകാവിഷ്കാരങ്ങൾ കഥകളോ കവിതകളോ നോവലുകളോ ആയി പുറത്തു വരുന്നുണ്ടെങ്കിലും അവരുടെ ജീവിതാനുഭവങ്ങൾ, പ്രചോദനങ്ങൾ, കാഴ്ചപ്പാടുകൾ, സാമൂഹിക ദർശനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങളും ആവിഷ്കാരങ്ങളുമാണ് അഭിമുഖങ്ങളിലൂടെ പുറത്തുവരുന്നത്. തങ്ങളുടെ രചനകളിലൂടെ പറയാതെ വിട്ടതോ പറയാൻ കഴിയാതിരുന്നതോ ആയ ഒഴിവിടങ്ങളെ പൂരിപ്പിക്കുകയാണ് സംഭാഷണങ്ങളിലൂടെ അവർ ചെയ്യുന്നത്.

രചനകളുടെ പ്രചോദനം, തങ്ങളെ രൂപപ്പെടുത്തിയ സാമൂഹിക സാഹചര്യങ്ങൾ, കടന്നുപോകുന്ന വഴിത്താരകൾ, സ്വാധീനിച്ച എഴുത്തുകാരും പുസ്തകങ്ങളും തുടങ്ങി തങ്ങളുടെ ലോക ബോധത്തിന്റെ സാക്ഷ്യങ്ങളായി അഭിമുഖ സംഭാഷണങ്ങൾ മാറുന്നു. അഭിമുഖീകരിക്കപ്പെടുന്നവരുടെ രചനാ ലോകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും അവബോധവുമുള്ള ഒരാൾക്ക് മാത്രം സാധ്യമാകുന്നതാണ് മികച്ച അഭിമുഖങ്ങൾ. നിലവിലുള്ള സാഹിത്യത്തിന്റെ ഭാവുകത്വപരിസരത്തെക്കുറിച്ചുള്ള അറിവുകൾ മാത്രം മതിയാവുകയില്ല അയാൾക്ക്. മറിച്ച് നമ്മുടെ സാഹിത്യത്തിന്റെയും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തെക്കുറിച്ചും അത് വർത്തമാനത്തെ നിർമ്മിച്ചതെങ്ങനെയന്നതിനെക്കുറിച്ചുമുള്ള സൂക്ഷ്മജ്ഞാനം അയാൾക്ക് അനിവാര്യമാണ്. മികച്ച ചോദ്യങ്ങൾക്കു മാത്രമേ മികച്ച ഉത്തരങ്ങൾ ലഭിക്കൂ. മലയാളി ജീവിച്ചുപോന്ന നാൾവഴികളെ സ്പർശിച്ചുകൊണ്ടാണ് ടി.എം. രാമചന്ദ്രന്റെ ഓരോ ചോദ്യവും പുറപ്പെടുന്നത്.

ADVERTISEMENT

എഴുത്തുകാരവ്യക്തിത്വത്തിന്റെ രൂപപ്പെടൽ, ഇടതുപക്ഷ രാഷ്ട്രീയം, തീവ്ര ഇടതുപക്ഷം, ആധുനികത തുടങ്ങി മലയാളകഥാസാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തെ ചരിത്രപരമായി സമീപിക്കുന്നതിന്റെ സത്യസന്ധത

അശോകൻ ചരുവിലുമായുള്ള സംഭാഷണത്തിൽ നിന്നു വായിച്ചെടുക്കാം. പിൽക്കാലത്തെഴുതിയ, കാട്ടൂർക്കടവ് എന്ന തന്റെ നോവലിലേയ്ക്കെത്തിച്ചേരുന്നതിനുള്ള സൂചനകൾ ഈ അഭിമുഖത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്.

കഥകളിൽ കാണാത്ത, കഥകളിലൂടെ വെളിപ്പെടാത്ത മറ്റൊരു മനുഷ്യൻ ഈ അഭിമുഖത്തിൽ മറയില്ലാതെ പ്രത്യക്ഷപ്പെടുന്നു.

എൻ.പ്രഭാകരനുമായുള്ള അഭിമുഖം അഭിമുഖീകരിക്കപ്പെടുന്നയാളും അഭിമുഖകാരനും തമ്മിലുള്ള തിരിച്ചറിവിന്റെ സല്ലയനസൗന്ദര്യം വെളിപ്പെടുത്തുന്നതാണ്. സാഹിത്യനിർമ്മിതിയെയും ഭാവുകത്വത്തെയും നിർണ്ണയിക്കുന്ന രാഷ്ട്രീയത്തിന്റെ അടിപ്പടവുകളെപ്പറ്റിയുള്ള ഉൾക്കാഴ്ചകളാൽ സമ്പന്നമാണ് ഈ അഭിമുഖം. ഉത്തരാധുനികതയും ആഗോളവൽക്കരണകാലത്തെ കലയും സാഹിത്യത്തിലെ ഫോക്‌ലോർ ഘടകങ്ങളും ചർച്ചചെയ്യപ്പെടുന്നു. എൻ പ്രഭാകരൻ എന്ന എഴുത്തുകാരന്റെ രചനാലോകത്തെ ആന്തരികമായി സ്വംശീകരിച്ച ഒരാൾക്കു മാത്രം സാധ്യമാകുന്ന തരത്തിൽ, ചോദ്യങ്ങളുടെ ജൈവികതയും ധൈഷണികമായ ആഴവും ഈ അഭിമുഖത്തെ അനന്യസാധാരണമാക്കുന്നു.

മലയാളി വേണ്ടത്ര ശ്രദ്ധിക്കാതെ പോയ എഴുത്തുകാരിയാണ് പി.വത്സല. വത്സലയുടെ ജീവിതത്തെയും എഴുത്തു ജീവിതത്തെയും ഖനനം ചെയ്യുകയാണ് രാമചന്ദ്രൻ.

മുൻ നിശ്ചയിക്കപ്പെട്ട ചോദ്യങ്ങളല്ല, ഉത്തരങ്ങളുടെ ആത്മാവിൽ നിന്ന് തൊട്ടടുത്ത ചോദ്യം നിർമ്മിക്കുന്ന ജൈവികതയാണ് ഈ പുസ്തകത്തിലെ അഭിമുഖങ്ങളെ സർഗാത്മക സൃഷ്ടിയാക്കി മാറ്റുന്നത്. എഴുത്തുകാരുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും നിലപാടുകളും അനാവരണം ചെയ്യാനുതകുന്ന ചോദ്യങ്ങളുടെ സ്വാഭാവികവും നൈസർഗ്ഗികവുമായ ഘടനയാണ് പുസ്തകത്തിലെ അഭിമുഖങ്ങളുടെ ജീവൻ.

കുറച്ചു മാത്രം എഴുതുകയും കുറച്ചു പേരിലേക്കുമാത്രം എത്തുകയും ചെയ്ത കഥാകാരനാണ് പി.കെ നാണു. എഴുപതുകളിൽ യുവത്വത്തിന്റെ ചിന്തകളിൽ ചൂടും ചൂരും പ്രസരിപ്പിച്ച തീവ്ര ഇടതുപക്ഷത്തിന്റെ വിപ്ലവസ്വപ്നങ്ങളോടൊപ്പം സഞ്ചരിച്ച ഈ കഥാകാരനെയാണ് രാമചന്ദ്രൻ അഭിമുഖീകരിക്കുന്നത്. ചുവന്ന സൂര്യനെക്കുറിച്ചുള്ള സ്വപ്നങ്ങൾ അലകളിളകിത്തിമർത്ത ഒരു കാലത്തിന്റെ സ്പന്ദനങ്ങൾ നാണുവിൽ നിന്ന് കേൾക്കാം. അദ്ദേഹത്തിന്റെ കഥകളിൽ നിന്നുള്ള സന്ദർഭങ്ങൾ സൂചിപ്പിച്ചു കൊണ്ട്, ആ കഥകളുടെ രചനാപശ്ചാത്തലം പി.കെ നാണുവിന്റെ ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയാണ് അഭിമുഖകാരൻ. നാണുവിന്റെ വാക്കുകളിൽ ചുട്ടുപഴുത്ത ഒരു കാലം മിടിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കഥകളിൽ മലയാളിക്ക് അപരിചിതമായ ജീവിതങ്ങൾ നിലവിളിക്കുന്നുണ്ട്. അതെല്ലാം വിദഗ്ധമായി അനാച്ഛാദനം ചെയ്യാൻ അഭിമുഖകാരന് സാധിക്കുന്നു.

കഠിനകാലത്തിന്റെ കരയിൽ കടത്തുതോണി കാത്തുനിന്ന ശിഹാബുദ്ദീനിൽ നിന്ന് ഇപ്പോഴും കഥകളെഴുതിക്കൊണ്ടിരിക്കുന്ന ശിഹാബുദ്ദീനിലേക്കു നീണ്ട ജീവിതത്തെ അനുയാത്ര ചെയ്യുന്നവയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനോടു ചോദിക്കുന്ന ഓരോ ചോദ്യവും. ആ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ ഒരു കഥാകാരൻ എല്ലാ സമഗ്രതയോടെയും നമുക്കു മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

ഇനിയും ചോദ്യങ്ങളൊന്നും അവശേഷിപ്പിക്കാത്ത വിധത്തിൽ സമ്പൂർണ്ണവും സമഗ്രവുമായ ചോദ്യങ്ങളിലൂടെ എഴുത്തുകാരുടെ കാലഘട്ടത്തെ, സർഗ്ഗാത്മക പരിണാമത്തെ, അനുഭവലോകത്തെ ആവിഷ്കരിക്കുകയാണ് അഭിമുഖകാരൻ. അഭിമുഖകാരനോടുള്ള സംവാദത്തേക്കാളുപരി തങ്ങളുടെ വായനക്കാരുടെ സവിശേഷ നിയോജക മണ്ഡലത്തോടും ഈ ലോകത്തോടുമുള്ള സംവാദത്തിന്റെ ഒരു തുറസ്സ് നിർമ്മിക്കുവാൻ എഴുത്തുകാരെ സഹായിക്കുകയാണ് അഭിമുഖകാരൻ ചെയ്യുന്നത്.

തങ്ങൾ കടന്നുവന്ന വഴികളെപ്പറ്റിയും ജീവിക്കുന്ന സമകാലത്തെപ്പറ്റിയും രാഷ്ട്രീയ ജാഗ്രത പുലർത്തുന്ന എഴുത്തുകാരാണ് സാഹിത്യം ഉടലുരിയുന്നു എന്ന പുസ്തകത്തിൽ അഭിമുഖത്തിനു വിധേയമാകുന്നത് എന്ന പ്രസക്തി ഈ പുസ്തകത്തിനുണ്ട്.

ADVERTISEMENT