ADVERTISEMENT

മലയാള സാഹിത്യത്തിലെ ശ്രദ്ധേയ വിവർത്തകനാണ് സുരേഷ്‌ എം.ജി. വിവിധങ്ങളായ വിദേശ കൃതികൾ അവയുടെ കരുത്തും ആഴവും ഒട്ടുമേ ചോർന്നു പോകാതെ അദ്ദേഹം മലയാളത്തിലേക്കെത്തിച്ചു. ഈ മേഖലയിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഉഷ ഉതുപ്പ് – ഇന്ത്യൻ പോപ് സംഗീതത്തിന്റെ റാണി’. വികാസ് കുമാർ ഝാ രചിച്ച ഈ പ്രൗഢഗ്രന്ഥം മലയാളത്തിലേക്കു മൊഴിമാറ്റിയതിന്റെ അനുഭവം സുരേഷ് കുമാർ എം.ജി. എഴുതുന്നു –

പാട്ടു കേൾക്കാനിഷ്ടമാണെന്നതൊഴികെ സംഗീതത്തെക്കുറിച്ചധികമൊന്നും അറിയാത്ത ഞാൻ വളരെക്കാലം ‘ദം മാരൊ ദം...’ എന്ന വിഖ്യാത സിനിമാഗാനം ആലപിച്ചത്‌ ഉഷ ഉതുപ്പാണെന്നാണു കരുതിയിരുന്നത്‌. അങ്ങനെയെല്ല എന്നിന്നറിഞ്ഞിട്ടും ആ ഗാനം കേട്ടാൽ മനസ്സിലേക്കെത്തുക ഉഷ ഉതുപ്പിന്റെ മുഖമാണിപ്പോഴും. എഴുപതുകളിലെ സൂപ്പർ ഹിറ്റായിരുന്ന ‘ദം മാരൊ ദം...’ ഉഷ ഉതുപ്പിനെങ്ങനെ നഷ്ടപ്പെട്ടു എന്നത്‌ ഒരു അത്ഭുതമായിരുന്നു. അതുകൊണ്ടു തന്നെ വികാസ്‌ കുമാർ ഝാ എഴുതിയ ഉഷ ഉതുപ്പിന്റെ ജീവചരിത്രം വിവർത്തനത്തിനായി കയ്യിൽ വന്നപ്പോൾ അതു വായിക്കുന്നതിനു മുമ്പേ ചെയ്തത്‌ ‘ദം മാരൊ ദമ്മി’ന്റെ കഥയിതിൽ എവിടെ, അതു നഷ്ടമായി എന്നറിഞ്ഞപ്പോൾ ഉഷ ഉതുപ്പിന്റെ പ്രതികരണം എന്തായിരുന്നു എന്നു തിരയുകയാണ്‌. ഉഷ ഉതുപ്പിന്‌ ആ ഗാനം നഷ്ടപ്പെട്ടതിനെക്കുറിച്ചെഴുതിയതിനു ശേഷം വികാസ്‌ കുമാർ ഝാ തുടരുന്നതു ഇങ്ങനെയാണ്‌ – ‘ഈ വ്യവസായത്തിൽ നടന്നുകൊണ്ടിരിക്കുന്ന തൊഴുത്തിൽ കുത്തുകളെക്കുറിച്ച്‌ അതുവരെ ഉഷ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. എന്നാലിതാ, ഇപ്പോഴത്‌ അനുഭവത്തിൽ വന്നിരിക്കുന്നു. താൻ പരിശീലിച്ചുകൊണ്ടിരുന്ന ഗാനം ആശ ഭോസ്ളെയ്ക്ക്‌ പോയിരിക്കുന്നു. എന്നാൽ വിധിയനുസരിച്ചെല്ലാം സംഭവിക്കും എന്ന്‌ ഉഷ സ്വയം സമാധാനിച്ചു. തനിക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന ഗാനം തന്നെത്തേടിയെത്തും’.

ADVERTISEMENT

ആ വരികളിൽ ഇന്ത്യക്കാർക്കെല്ലാം ദീദിയായ, ഉഷ ഉതുപ്പിന്റെ വ്യക്തിത്വമെന്തെന്ന്‌ വ്യക്തമായും പറയുന്നു. നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ (അതെങ്ങനെ നഷ്ടപ്പെട്ടാലും) പരാതിപ്പെട്ടു നടക്കുന്ന സ്വഭാവമില്ല എന്നതൊന്ന്‌, തന്റെ കഴിവാണു മുഖ്യം ആ കഴിവും പ്രയത്നവും ഒത്തു ചേർന്നാൽ പരാജയമുണ്ടാകില്ല എന്ന വിശ്വാസം, തനിക്കുള്ളത്‌ തന്നെ തേടിയെത്തും എന്ന വിശ്വാസം, രണ്ടാമത്തേത്‌. പുസ്തകം അന്നു തന്നെ വായിച്ചു തീർക്കുന്നതിനെനിക്ക്‌ മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടതില്ലായിരുന്നു.

എന്തുകൊണ്ട്‌ ഈ പുസ്തകത്തിന്റെ വിവർത്താനുഭവം ഞാനിങ്ങനെ തുടങ്ങി എന്നല്ലേ ? ഉഷ ഉതുപ്പിന്റെ വ്യക്തിത്വത്തിന്റെ മാസ്മരികത മറ്റേതു മലയാളിയേയും പോലെ ഞാനും ടി.വി. സ്ക്രീനിൽ കണ്ടറിഞ്ഞിട്ടുണ്ട്‌. ഇത്രയും ഉയരങ്ങളിലുള്ള ഒരു വ്യക്തിയ്ക്കെങ്ങനെയിത്രയധികം ജനമനസ്സുകളെ ഒരുപോലെ കീഴടക്കാനാകുന്നു എന്നത്ഭുതപ്പെട്ടിട്ടുണ്ട്‌. കേവലം ഒരു ഗായിക, സംഗീത പ്രതിഭ, മാത്രമല്ലയവർ എന്നെനിക്ക്‌ ഈ പുസ്തകം വായിച്ചപ്പോൾ കൂടുതൽ വ്യക്തമായി. ഞാനവരുടെ സംഗീത പ്രതിഭയയെയല്ല ഈ വിവർത്തനത്തിന്റെ സമയത്ത്‌ ശ്രദ്ധിച്ചതും. ഉഷ ഉതുപ്പിലെ മാനവികതയേയും അവരുടെ നിശ്ചയദാർഢ്യത്തേയുമാണ്‌. ഇന്ന്‌ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നു, ഒഴിവാക്കപ്പെടുന്നു, അർഹമായ സ്ഥാനം ലഭിക്കുന്നില്ല എന്നൊക്കെ പരാതിപ്പെടുമ്പോൾ സത്യത്തിൽ പലപ്പോഴും അവരിൽ ഇല്ലാത്തത്‌ ഈ നിശ്ചയദാർഢ്യമാണെന്ന്‌ മറക്കരുത്‌. തങ്ങൾക്കർഹമായത്‌ സ്വന്തം അദ്ധ്വാനത്തിലൂടെ പിടിച്ചുവാങ്ങനാകും എന്ന നിശ്ചയദാർഢ്യം. കലഹിക്കേണ്ടിടത്ത്‌ കലഹിക്കാനുള്ള നിശ്ചയദാർഢ്യം. ഈ ഒരു ഉദാഹരണം മാത്രമല്ല അത്തരത്തിൽ ഈ പുസ്തകത്തിലുള്ളത്‌.

ADVERTISEMENT

പശ്ചിമ ബംഗാൾ സർക്കാരിന്റെ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ജതിൻ ചക്രബർത്തിയുമായുള്ള തർക്കം വായിക്കുക. ‘ഉഷ ഉതുപ്പും അവരുടെ ഗാനങ്ങളും അവരുടെ ആരാധകരുമെല്ലാം നമ്മുടെ സംസ്കാരത്തിനെതിരാണ്‌’ എന്നായിരുന്നുവത്രെ മന്ത്രിയുടെ അഭിപ്രായം. അതിനാൽ സർക്കാരിന്റെ കീഴിലുള്ള ഹാളിൽ പാടാൻ ഉഷയെ അനുവദിക്കുകയില്ല എന്ന്‌. എന്നാൽ ഉഷ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവർ ആദ്യം മന്ത്രിയുമായി നേരിട്ട്‌ സംസാരിച്ചു. പിന്നെ കോടതിയെ സമീപിച്ചു. കോടതി വിധി ഉഷയ്ക്കനുകൂലമായിരുന്നു. മാത്രമല്ല അതിനെ തുടർന്നുണ്ടായ ചില സംഭവവികാസങ്ങൾ മൂലം ഉഷ രബീന്ദ്ര സംഗീതം പഠിച്ചു. അക്കഥയെല്ലാം വിശദമായി തന്നെ ഗ്രന്ഥകാരനെഴുതിയിട്ടുണ്ട്‌. കലഹം ശാശ്വതമായ വ്യക്തിവിരോധമായിരിക്കാതെ സൂക്ഷിക്കേണ്ടതെങ്ങനെ എന്നും ഈ അനുഭവം വിവരിക്കുന്നുണ്ട്‌.

ഉഷയുടെ ബാല്യത്തിൽ നിന്നു തന്നെയാണു ജീവചരിത്രമാരംഭിക്കുന്നത്‌. ഉഷയുടെ അമ്മയുടേയും അച്ഛന്റേയും കുടുംബങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട്‌. ബോംബെയിലാണ്‌ ഉഷ ജനിച്ചു വളർന്നത്‌. ബാഹ്യലോകവുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ഉഷയുടെ ബാല്യവും വളർച്ചയും. വീട്ടിലായാലും സ്കൂളിലായാലും അവൾ പെൺകുട്ടികളുടെ അടക്കവും ഒതുക്കവും കാണിച്ചില്ല. ആൺകുട്ടികളെപ്പോലെ ആറാടി നടന്നു. പമ്പരം കറക്കിയും, പട്ടം പറത്തിയും, ക്രിക്കറ്റും ബാഡ്മിന്റണും ഹു-തു-തു വും, കുറ്റിയും കോലും കളിച്ചും, കള്ളനും പോലീസും കളിച്ചും നടന്നു. കളിച്ചു മടുത്താലവൾ, മെഹർ വില്ലയിലെ പേരമരത്തിനു ചുവട്ടിൽ, തലയിണ ചാരി വച്ച്‌ കോമിക്‌ പുസ്തകങ്ങൾ വായിച്ചു. എന്നാണക്കാലത്തെക്കുറിച്ച്‌ ജീവചരിത്രകാരൻ പറയുന്നത്‌.

ADVERTISEMENT

ചിത്രകാരിയാകാൻ ആഗ്രഹിച്ചവളാണ്‌ ഉഷ എന്നു പറയാം. ജെ ജെ സ്കൂൾ ഓഫ്‌ ആർട്സിലെ വിദ്യാർത്ഥിനിയായിരുന്നു അവർ. പെയ്ന്റിങ്ങിൽ തനിക്കൊരു ഭാവിയുണ്ടെന്ന്‌ കരുതുകയും അങ്ങനെ കലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിലേക്ക്‌ നീങ്ങുകയുമായിരുന്നു. എന്ന്‌ പുസ്തകത്തിൽ കാണാം. ഉഷയുടെ സ്വരം സംഗീതത്തിനു യോജിച്ചതല്ല എന്നാണക്കാലത്ത്‌ പലരും അഭിപ്രായപ്പെട്ടിരുന്നത്‌. ഉഷയുടെ സഹോദരിമാർ സംഗീത രംഗത്ത്‌ ശോഭിച്ചിരുന്നു. സാമി സഹോദരിമാർ എന്ന പേരിൽ അവർ പാടിയിരുന്നു. പക്ഷേ ആ കുടുംബം പിന്നെ അറിയിയപ്പെടുന്നത്‌ ഉഷയുടെ സ്വരത്തിന്റെ ഗരിമയിലൂടേയും മഹിമയിലൂടെയുമായി.

അതിനിടയിൽ ഉഷയുടെ വിവാഹം കഴിഞ്ഞു. സഹോദരീ ഭർത്താവിന്റെ അനുജൻ രാമു അയ്യരായിരുന്നു ഭർത്താവ്‌.

1967 ലാണ്‌ ഉഷ സംഗീതലോകത്തേക്ക്‌ പ്രവേശിക്കുന്നതെന്നു പറയാം. അക്കാലത്തണവർ മദ്രാസിലെ നയൺ ജെംസ്‌ എന്ന സ്ഥാപനത്തിൽ പാടുന്നത്‌. പക്ഷേ 1969 ൽ ബോംബെയിൽ വച്ച്‌ മഹാലിയ ജാക്സൺ എന്ന സംഗീത റാണിയുടെ അനുഗ്രഹം ലഭിക്കുകയും ഒപ്പം പാടാൻ ഉഷയെ അവർ ക്ഷണിക്കുകയും ചെയ്തത്‌ ഉഷയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.

സംഗീതവുമായി കൊൽക്കൊട്ടയിലെത്തിയത്‌ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. അവിടെ ഒരു നൈറ്റ്‌ ക്ളബ്ബിൽ പാടിക്കൊണ്ടിരിക്കെയാണ്‌ ജാനി ചാക്കോ ഉതുപ്പിനെ പരിചയപ്പെടുന്നത്‌. ആ പരിചയം പ്രണയത്തിലേക്കും ഉഷയുടെ രണ്ടാം വിവാഹത്തിലേക്കും നീങ്ങി. ഉഷ അയ്യർ ഉഷ ഉതുപ്പായി. സ്വാഭാവികമായും അവർക്ക്‌ ചില എതിർപ്പുകളെ തരണം ചെയ്യേണ്ടി വന്നു. ഈ വിവാഹത്തിനെ ജാനിയുടെ മാതാപിതാക്കൾ ആദ്യമൊന്നും അംഗീകരിച്ചില്ല. എന്നാൽ പിന്നീട്‌ അതെല്ലാം പഴയ കഥകളായി. രണ്ടു വീട്ടുകാരും ഒന്നിച്ചവരെ അനുഗ്രഹിച്ചു. ഉഷയ്ക്കും ജാനിക്കും രണ്ടു കുട്ടികൾ. അഞ്ജലിയും സണ്ണിയും.

ഉഷയുടെ സംഗീതയാത്ര മിക്കവാറും പൂർണ്ണമായി തന്നെ ഈ ജീവചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അതിനൊപ്പം അവരുടെ വ്യക്തിഗത താത്പര്യങ്ങൾ, അവർ സ്ഥാപിച്ച സ്റ്റുഡിയോ, നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന പൊതുജനസേവനങ്ങൾ എന്നിവയെല്ലാം വിശദമായി തന്നെ പ്രതിപാദിപ്പിക്കപ്പെടുന്നുണ്ട്‌. അതിലേക്കൊന്നും ഈ ചെറുകുറിപ്പിൽ ഇറങ്ങിച്ചെല്ലുന്നില്ല. പുസ്തകം അവസാനിപ്പിച്ചിരിക്കുന്നത്‌, ഉഷയുടെ ചില വിഷമങ്ങളെ, ദുഃഖത്തെ, സ്പർശിച്ചുകൊണ്ടാണ്‌. മകൻ സണ്ണി രോഗിയായതും അയാളുടെ വൃക്കകൾ കേടുവന്നതുമാണാ ഭാഗത്തിൽ പറയുന്നത്‌. വൃക്ക മാറ്റിവയ്ക്കപ്പെട്ടു എങ്കിലും അതൊരു വിജയമായില്ല. അതിനാൽ അയാൾ ഇന്നും ഡയാലിസിസിൽ തുടരുന്നു. (ഭർത്താവ്‌ ജാനി ഉതുപ്പ്‌ അന്തരിച്ചത്‌ ഝാ ഈ പുസ്തകമെഴുതിയതിനു ശേഷമാണ്‌). പക്ഷേ ആ ദുഃഖത്തേയും പരസഹായത്തിനുള്ള ഊർജ്ജ സ്രോതസ്സായി ഉഷ ഉതുപ്പും കുടുംബവും മാറ്റുന്ന കാഴ്ച നമുക്ക്‌ അവിടെ വായിച്ചറിയാനാകും. മകൾ അഞ്ജലി, സണ്ണിയുടെ ചേച്ചി, സണ്ണി ഫൗണ്ടേഷൻ സ്ഥാപിച്ചു. രാജ്യത്തെമ്പാടുമുള്ള വൃക്കരോഗികളെ സഹായിക്കുകയാണതിന്റെ ലക്ഷ്യം.

ഉഷ നിരാശകൊണ്ട്‌ തകർന്നില്ല. പലതവണ ഒറ്റയ്ക്കിരുന്ന്‌ കരഞ്ഞ ഉഷ പക്ഷേ എല്ലാം സംഗീതത്തിലർപ്പിച്ചുയർത്തെഴുന്നേറ്റു. അതിനാൽ ഗ്രന്ഥകാരൻ, ഉഷ ഉതുപ്പ്‌ അവരുടെ ശ്രോതാക്കൾക്കും ആരാധകർക്കും നൽകുന്ന ഊർജ്ജവും സ്നേഹവും അന്വർത്ഥമാക്കും വിധം, പുസ്തകമവസാനിപ്പിച്ചിരിക്കുന്നതെങ്ങനെയെന്നു കാണുക : ‘ഇന്ന്‌ സന്തോഷത്തിന്റെ വള്ളം താളത്തിന്റെ നദിയിൽ സ്ഥിരതയോടെ ചലിക്കുന്നത്‌ ഉഷ കാണുന്നു. അന്തരാത്മാവിന്റെ ആഘോഷങ്ങളുടെ പതാകയത്‌ പാറിക്കുന്നുണ്ട്‌. നിഗൂഢവും അജ്ഞാതവുമായ ഇരുളുകൾക്കകത്തും ആ പതാക പാറുന്നുണ്ട്‌. വള്ളത്തിന്റെ ചലനത്തിൽ കമ്പനങ്ങൾ സംഭവിക്കുന്നുണ്ട്‌. അത്‌ വിചിത്രമാണ്‌! ആകാശം ആകാശത്തിൽ തന്നെ ലയിക്കുന്നതായി തോന്നുന്നു. ഭൂമി ഭൂമിയിലാണ്ടു പോകുന്നതായി. അപ്പോഴും വളച്ചുകെട്ടില്ലാത്ത ചോദ്യം നിലനിൽക്കുന്നു. ഈ അദൃശ്യ ലോകത്തിനിനിയെന്തു വേണം? ലോകത്തിന്റെ ക്ളേശങ്ങൾ ഉഷയുടെ ഗാനങ്ങളിൽ വിശ്രാന്തിയോടെ ഉറങ്ങുന്നു. കണ്ണുനീർ തുള്ളികളുണ്ട്‌. എന്നിട്ടും അവ ആനന്ദിക്കുന്നു! ഈ ലൗകിക ലോകത്തിൽ ആനന്ദമുണ്ട്‌! പ്രിയ അദൃശ്യ ലോകമേ! പുനരാവർത്തനങ്ങളുടെ ദൈവമേ! അഭിവാദനം! അഭിവാദനം! അഭിവാദനം!’.

ഉഷ ഉതുപ്പ്‌ എന്തുകൊണ്ട്‌ നമ്മൾ ഇന്ത്യക്കാരുടെയെല്ലാം ദീദിയായെന്ന്‌ ഈ പുസ്തകം നമ്മോട്‌ പറയുന്നു. പുസ്തകം വിവർത്തനം ചെയ്യുന്നതിനു മുമ്പ്‌ വായിക്കാനെടുത്തപ്പോൾ, വിവർത്തനം ചെയ്യാനെടുത്തപ്പോൾ, അതിലിത്തിരി, അവരിൽ നിന്നിത്തിരി, ഊർജ്ജം എന്നിലേക്കും പ്രവഹിച്ചോ എന്നെനിക്ക്‌ സംശയിക്കാതിരിക്കാനായില്ല. ഒരു പോസിറ്റീവ്‌ എനർജി!

ADVERTISEMENT