മലയാളത്തിലെ ശ്രദ്ധേയകഥാകൃത്തും നോവലിസ്റ്റുമാണ് ജിസ ജോസ്. മുദ്രിത, ആനന്ദഭാരം, ഡാർക്ക് ഫാന്റസി, മുക്തി ബാഹിനി, ബ്ലൂ ബെറീസ് എന്നീ നോവലുകളിലൂടെയും ഇരുപതാം നിലയിൽ ഒരു പുഴ, പുഷ്പക വിമാനം, സർവ്വ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ എന്നീ കഥാസമാഹാരങ്ങളിലൂടെയും വായനക്കാരുടെ അംഗീകാരം നേടിയ ജിസയുടെ പുതിയ പുസ്തകമാണ് പതിനൊന്നു കഥകളുടെ സമാഹാരനായ രാത്രിയോ അതിദീർഘം. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ കഥാനുഭവങ്ങളെക്കുറിച്ച് ജിസ ജോസ് എഴുതിയത് വായിക്കാം –
കഥകൾ വായിക്കാനായിരുന്നു എല്ലായ്പ്പോഴും ഏറ്റവും ഇഷ്ടം. അങ്ങനങ്ങനെ എപ്പോഴോ ആണ് അക്കാലത്തെ മിക്കവരെയും പോലെ നോട്ബുക്കിലൊക്കെ കഥകളെഴുതിത്തുടങ്ങിയത്. പല ബുക്കുകളിലായി ഒരിക്കലും പൂർത്തിയാക്കാത്ത കഥകൾ ചിതറിക്കിടന്നു. വലുതാവുന്നതിനനുസരിച്ചു ആ കഥകളുടെ ഭാഷയും പ്രമേയവുമൊക്കെ മാറിക്കൊണ്ടിരുന്നു. ആർക്കെങ്കിലും കാണിച്ചുകൊടുക്കാനൊന്നും ധൈര്യമില്ലാതെ, കുറച്ചെഴുതുമ്പോൾ എങ്ങോട്ട്, എങ്ങനെ എന്നൊന്നും പിടികിട്ടാതെ അവയൊക്കെ അപൂർണങ്ങളായി അവശേഷിച്ചു.
പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ വായിക്കുമ്പോൾ ഇതുപോലെ എഴുതാൻ കഴിഞ്ഞെങ്കിലെന്നു മോഹിച്ചിരുന്നു. അങ്ങനെയൊരിക്കലും എഴുതാനാവില്ലെന്ന തിരിച്ചറിവും വ്യത്യസ്തമായ അനുഭവങ്ങളുടെ അഭാവവും ജീവിതത്തിൽ അറിഞ്ഞും അറിയാതെയും അടിച്ചേല്പിക്കപ്പെട്ട മൗനവുമൊക്കെ കാരണമാവാം ദീർഘകാലം ഒന്നുമെഴുതാതെയുമിരുന്നു.വളരെ വൈകിയാണ് എഴുത്തിലേക്കു തിരിച്ചുവന്നത്. എഴുതിയാലേ ജീവിക്കാനാവൂ എന്നോ എഴുതി പ്രശസ്തയാവണമെന്നോ വിചാരിച്ചിരുന്നില്ല. ജീവിതം മുന്നോട്ടു പോകാൻ വ്യത്യസ്തമായതെന്തെങ്കിലും വേണം എന്ന തോന്നലുണ്ടായപ്പോഴായിരിക്കും വീണ്ടും എഴുതാൻ തുടങ്ങിയത്. 22 വയസ്സിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മത്സരത്തിനെഴുതിയ അവസാനത്തെ കഥയ്ക്കു ശേഷം അത്രയും തന്നെ വർഷങ്ങൾ കഴിഞ്ഞ് വീണ്ടും കഥ എഴുതിത്തുടങ്ങുമ്പോൾ സ്വാഭാവികമായും വളരെ അങ്കലാപ്പും ആരാണു എന്റെ കഥകൾ വായിക്കുകയെന്ന സന്ദേഹവും ഉണ്ടായിരുന്നു. അത്തരം ആശങ്കകളെ എനിക്ക് എന്റെയുള്ളിൽത്തന്നെ നേരിടേണ്ടിയുമിരുന്നു.
നാലാമത്തെ കഥാസമാഹാരമാണ് ‘രാത്രിയോ അതിദീർഘം’. കഥയെഴുതാൻ സ്വന്തം അനുഭവങ്ങൾ തന്നെ വേണ്ടെന്നും ചുറ്റുമുള്ളതൊക്കെ, കേൾക്കുന്നതും കാണുന്നതുമെല്ലാം കഥയുടെ അസംസ്കൃതവസ്തുക്കളാണെന്നുമുള്ള തിരിച്ചറിവുണ്ടായപ്പോഴാവും എഴുത്തിലേക്കു മടങ്ങിവരാൻ സാധിച്ചത്. കടലാസിൽ വീണ മഷിത്തുള്ളി പോലെ മനസിൽ പടർന്ന ഒരു വാക്ക്, പേര്, സന്ദർഭം, സംഭാഷണം എന്തെങ്കിലുമുണ്ടാവും. ഏറെക്കാലം അതവിടെ കൂടുതൽ പടർന്നും നനഞ്ഞും കിടക്കുന്നുമുണ്ടാവും. അതിനെ ചുറ്റിപ്പറ്റി ഒരു കഥയുണ്ടാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ആലോചിക്കും. പക്ഷേ അത്തരം ആലോചനകളിൽ കഥ പൂർണമായും വ്യക്തമായും തെളിഞ്ഞു വരില്ല. കഥയാക്കണമെന്നു നിശ്ചയിച്ച് എഴുതാൻ തുനിയുമ്പോൾ മനസിലുള്ള വാക്കോ പേരോ സന്ദർഭമോ മാത്രമേ പകർത്താനുണ്ടാവൂ. അതിനു മുമ്പും പിമ്പുമുള്ള കാര്യങ്ങൾ, കഥാപാത്രങ്ങൾ,സംഭവങ്ങൾ ഒക്കെയും തനിയെ രൂപപ്പെട്ടു വരികയാണ്. പലപ്പോഴും എനിക്കു പോലും അറിയാത്ത വിധത്തിൽ, ഉണ്ടായിരുന്നുവെന്നോ എവിടെയായിരുന്നുവെന്നോ ഒന്നുമറിയാത്ത വിധം അവ വന്നു ചേരും. ഒറ്റയടിക്കല്ല, പലപ്പോഴായി. ഒരു കഥ ഒറ്റയിരിപ്പിനെഴുതി തീർക്കുകയെന്നത് അതുകൊണ്ടുതന്നെ ഒരിക്കലും സാധ്യമല്ല. എന്റെ കഥയെഴുത്ത് ധാരാളം അനിശ്ചിതത്വങ്ങളും സന്ദിഗ്ദ്ധതയും നിറഞ്ഞതാണ്. പക്ഷേ അതുകാരണം എഴുത്ത് സംഘർഷഭരിതമാവുകയല്ല, രസകരമാവുകയാണ്. നമ്മുടെ പിടിയിൽ നിൽക്കാതെ കുതറുന്ന കഥാപാത്രങ്ങൾ, അനുമതിയില്ലാതെ കേറി വരുന്നവർ, ഓർക്കുക പോലും ചെയ്യാത്ത സന്ദർഭങ്ങൾ...
കൗമാരകാല കാഴ്ചകളുടെ, അന്നു താമസിച്ചിരുന്ന റെയിലോരത്തെ വീടിന്റെയും ഇരുട്ടുപടർന്ന ഉൾമുറികളുള്ള ഗ്രാമീണ വായനശാലയുടെയും ഓർമ്മകളിൽ നിന്നാണ് ‘രണ്ടുപെൺകുട്ടികൾ’ എന്ന കഥയുണ്ടായത്. റെയിലോരത്തെ നടപ്പാതകളും വെയിലത്തു വിണ്ടടർന്ന പാടങ്ങളും പടിപ്പുരയുള്ള, പടർന്ന പച്ചപ്പുകൾക്ക് നടുക്കുള്ള ഇരുനില വീടുകളും നേരിൽക്കണ്ടവയാണ്. 1980 കളുടെ അവസാനങ്ങളിലുള്ള ആ രണ്ടു കൗമാരക്കാരികളുടെ കാഴ്ചകളും ചിന്തകളും പിന്തുടരാൻ ഏറെക്കുറെ എളുപ്പമായിരുന്നു. അതിലൊരാൾ കുറെയൊക്കെ ഞാൻ തന്നെയായിരുന്നിരിക്കണം.
സെൻട്രൽ ജെയിലിനടുത്തുള്ള കോളേജിൽ കുറെക്കാലം ജോലി ചെയ്തിരുന്നു. മഴക്കാറു പടരാൻ വെമ്പുന്ന വൈകുന്നേരവെയിലിൽ രണ്ടു കന്യാസ്ത്രീകൾ ഗേറ്റ് കടന്ന് ജയിൽ കെട്ടിടത്തിലേക്കുള്ള വഴിത്താരയിലൂടെ നടന്നുപോകുന്നതു ബസ്സിലിരുന്നു കണ്ടപ്പോഴാണ് ‘രാത്രിയോ അതിദീർഘം’ എന്ന കഥ മനസ്സിലേക്കു വന്നത്. തടവറയ്ക്കുള്ളിലുള്ളവരുടെ വിചിത്രമായ ജീവിതം, പ്രാർത്ഥനകൾ കൊണ്ട് അവരെ മാനസാന്തരപ്പെടുത്താമെന്ന വ്യർത്ഥമായ മോഹം! കഥ എഴുതുംമുമ്പേ ഇയ്യോബിന്റെ പുസ്തകത്തിലെ രാത്രിയോ അതിദീർഘം എന്ന വരികളാവും കഥയുടെ പേരെന്നു തോന്നിയിരുന്നു. ചിലരുടെ രാത്രികൾ അതിദീർഘങ്ങളാണ്, ഒരിക്കലും പുലരാത്ത വിധം .
തിരക്കുള്ളൊരു റസ്റ്ററന്റിൽ രണ്ടുപേർക്കിരിക്കാവുന്ന മേശയിൽ അപരിചിതനൊപ്പമിരുന്നു കഴിക്കേണ്ടി വന്ന അത്താഴത്തിൽ നിന്നു വീണുകിട്ടിയ ധൈര്യലക്ഷ്മി, വേദനിപ്പിച്ച ഒരു പത്രവാർത്തയെ പിന്തുടർന്നെഴുതിയ മരണരേഖ, ഉണങ്ങിത്തുടങ്ങിയ മഞ്ഞപ്പൂക്കളുടെ കൂർത്തവിത്തുകൾ ഊരിയെടുക്കുന്ന സ്ത്രീ തന്ന മഞ്ഞപ്പൂക്കളുടെ വീട്, എഴുത്തുകാരി സ്മിത ഗിരീഷിന്റെ പാട്ടോർമ്മകളെക്കുറിച്ചുള്ള എഴുത്തിലെ സ്പോട്ട് ഇൻസ്പെക്ഷൻ എന്ന വാക്ക് രൂപവും ഭാവവും പകർന്ന ന്യായവിസ്താരം... അങ്ങനെങ്ങനെ കഥകൾ വന്നു. എനിക്കു ചുറ്റും അസാധാരണങ്ങളായ അനുഭവങ്ങളിലേക്കുള്ള സൂചികകളായിരുന്നു. അതൊക്കെയും പലതരം ജീവിതങ്ങളിലേക്കു വഴിതെളിച്ചു... അവയെ കഥകളാക്കി പകർത്തിയെഴുതാനുള്ള ശ്രമങ്ങളാണ് ‘രാത്രിയോ അതിദീർഘം’.
ഞാനെഴുതിയത് വെറും കഥയല്ലല്ലോ എന്നു പേടി തോന്നിപ്പിച്ച ഒന്നായിരുന്നു പാതാളത്തിന്റെ കവാടങ്ങൾ. സമാനാവസ്ഥയിലുള്ള അടുത്തൊരു ബന്ധുവും, അവന്റെ മരണത്തിനു ശേഷമുള്ള ബന്ധുക്കളുടെയും മറ്റും പ്രതികരണവുമായിരുന്നു ആ കഥയ്ക്കു പ്രേരണയായത്. പ്രസിദ്ധീകരിച്ചു വന്നപ്പോൾ അതു വായിച്ചിട്ടു വിളിച്ചവരും, മെസേജയച്ചവരും ഒരുപാടു പേരുണ്ടായിരുന്നു, അറിയുന്നവരും, നേരിട്ട് അറിയാത്തവരും... ഓരോ വിളിയും മെസേജും എന്നെ ഭാരപ്പെടുത്തി. എത്രയോനേരം മിണ്ടാനാവാതെ തരിച്ചിരുന്നു... കഥയിലെ രണ്ടു സ്ത്രീകളുടെ ജീവിതത്തോടും സമാനതയുള്ള അനുഭവങ്ങളിലൂടെ കടന്നുവന്നവർ, അതിനെപ്പറ്റി കേട്ടറിവുള്ളവർ... അവരൊക്കെയും നല്ലവാക്കുകളുടെ വിരൽ നീട്ടി എന്നെ തൊട്ടു, കണ്ണീരോടെ ചേർത്തുപിടിച്ചു.
ഈ സമാഹാരത്തിലെ കഥകളിൽ ഏറ്റവും ഉള്ളലിഞ്ഞെഴുതിയ കഥ അർത്ഥശാസ്ത്രമാണ്. മധ്യവയസ്സു പിന്നിട്ട രണ്ടു സ്ത്രീകളുടെ സൗഹൃദത്തിലും കവിഞ്ഞ ആത്മബന്ധത്തിലേക്കു വെളിച്ചം തന്നത് അമ്മയുടെയും അവരുടെ പ്രായക്കാരായ സ്ത്രീകളുടെയും അനുഭവങ്ങളായിരുന്നു. പ്രതീക്ഷകളുടെ കൗമാരകാലത്ത് ഒന്നിച്ചുണ്ടായിരുന്നവർ, ഓർക്കാതിരിക്കേ പിരിഞ്ഞവർ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ അവർ ജീവിതത്തിന്റെ മുക്കാൽപങ്കും ജീവിച്ചു കഴിഞ്ഞു. താങ്ങാവുന്നതിലധികം ദുരിതങ്ങൾ തിന്നുകഴിഞ്ഞു. പക്ഷേ അവരിലൊരാൾ ആദ്യമായി കാണുന്ന കടൽത്തീരത്ത് ഒന്നിച്ചിരിക്കുമ്പോൾ രണ്ടുപേരും പഴയ കാലത്തെത്തുന്നു. പതിനഞ്ചുവയസ്സിൽ. കൂട്ടുകാരിയെ കാത്തിരുന്ന് കാണാതെ തോട്ടിലേക്കു വലിച്ചെറിഞ്ഞ ഇലപ്പൊതിയും അന്നുരാത്രി അവൾ കരഞ്ഞ കരച്ചിലും ആ കഥ എഴുതിയപ്പോഴും അതിനെപ്പറ്റി ഓർക്കുമ്പോഴും കണ്ണു നനയിക്കുന്നു. നാലാമത്തെ ഈ കഥാസമാഹാരത്തിലെത്തുമ്പോൾ എഴുത്ത് ഒരിക്കലും നമ്മളെ ഒറ്റയ്ക്കാക്കില്ലെന്നു അതിശയത്തോടെ തിരിച്ചറിയുന്നു. അതിദീർഘങ്ങളായ രാത്രികൾ താണ്ടാൻ കഥകളോളം വലിയ കൂട്ടില്ലെന്നും...