മലയാളത്തിലെ ശ്രദ്ധേയകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ് മുഖ്താര്‍ ഉദരംപൊയില്‍. മുഖ്താറിന്റെ മികച്ച കഥകളുടെ സമാഹാരമായ ‘കള്ളരാമന്‍’നു രമേഷ് പെരുമ്പിലാവ് എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം –
മുഖ്താര്‍ ഉദരംപൊയിലിന്റെ കഥകള്‍ ഒരു ദേശത്തിന്റെ ആത്മാവിനോട് ചേര്‍ന്ന് എഴുതപ്പെട്ട വഴിവെട്ടുകളാണ്. അവ കഥകളല്ല, മറിച്ച് എഴുത്തുകാരന്റെ കണ്ണില്‍ തെളിഞ്ഞ അനുഭവങ്ങളുടെ, ഭാഷയുടെ, പ്രകൃതിയുടെ, മനുഷ്യരുടെ ചിത്രപ്പതിപ്പുകളാണ്. ഓരോ കഥയും നമ്മള്‍ പതിവായി സഞ്ചരിക്കുന്ന പൊതുവഴികളില്‍ നിന്നൊഴിഞ്ഞ്, അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത ചെറിയ പാതകളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.
സാഹിത്യത്തില്‍ ‘വഴിവെട്ടല്‍’ അത്യന്താപേക്ഷിതമാണ്. പൊതുവഴി എല്ലാവരും നടക്കുന്നതാണ്. ചാര്‍ത്തപ്പെട്ട ആശയങ്ങള്‍, പതിവായ രീതികള്‍, സാംസ്‌കാരിക പാറ്റേണുകള്‍. എന്നാല്‍ ഒരു എഴുത്തുകാരന്റെ വിശ്വസ്തമായ ജോലി, ഈ പൊതുവഴി വിട്ട്, വ്യക്തിപരമായ വഴി കണ്ടെത്തുകയാണ്. അത് ചിലപ്പോള്‍ അപകടകരമായിരിക്കും; വായനക്കാരനെ പരിചിതമായ സുരക്ഷയില്‍ നിന്ന് അജ്ഞാതത്തിന്റെ ആവേശത്തിലേക്ക് കൊണ്ടുപോകുന്നതാകാം. മുഖ്താറിന്റെ എഴുത്തുകള്‍ അതിന്റെ ഉദാഹരണങ്ങളാണ്.
എന്‍.പി. മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണിലെ കുട്ടി കാണുന്ന നിഷ്‌കളങ്കമായ കാഴ്ചപോലുള്ള ഗൃഹാതുരത വായിച്ചെടുക്കാം മിക്ക കഥകളിലും. ഏറനാടിന്റെ ഭൂമികയാണ് കഥാപരിസരങ്ങള്‍. ആ ദേശത്തിന്റെ കളങ്കമില്ലാത്ത വര്‍ത്തമാനങ്ങള്‍, ഐതിഹ്യങ്ങള്‍, മിത്തുകള്‍, വൃക്ഷലതാദികളുടെ ചാരുത, ജീവജാലങ്ങള്‍, അന്നന്നേക്കുള്ള അന്നത്തിനായി ജീവിതത്തിനോട് പോരാടുന്ന നിസ്സഹായരായ മനുഷ്യബന്ധങ്ങളുടെ അടിയൊഴുക്കുകള്‍ എന്നിങ്ങനെ ചെറിയ ചെറിയ കാര്യങ്ങളുടെ, കൊച്ചു കൊച്ചു കഥകളുടെ, ജീവിതങ്ങളുടെ വലിയ പുസ്തകമാണ് ‘കള്ളരാമന്‍’ എന്ന പുസ്തകം.
ആമുഖത്തില്‍ പി. സുരേന്ദ്രന്‍ റയുന്നു: ‘‘ഓരോ ദേശത്തിനും സവിശേഷമായ നാട്ടറിവുകളുണ്ട്. അതാണ് ആ പ്രദേശത്തെ ജനജീവിതത്തെ സാംസ്‌കാരികമായി അടയാളപ്പെടുത്തി വെയ്ക്കുന്നത്. കിഴക്കന്‍ ഏറനാടിനെ ആഴത്തിലും പരപ്പിലും ഈ വിധം അടയാളപ്പെടുത്തിയ രചനകള്‍ വിരളമായിരിക്കും. എന്നാല്‍ ഈ സാംസ്‌കാരികാനുഭവങ്ങള്‍ക്കകത്തെ വൈയക്തികാംശം ഒരു അതിരിനകത്തും നില്‍ക്കുന്നതുമല്ല. ആദിമമായി ചിലവ വേദനകളാണ്. തോടുകളൊക്കെ പൊട്ടിപ്പോയാലും ചിപ്പിക്കകത്തെ മുത്തുപോലെ ഉറഞ്ഞ് കിടക്കുന്ന സങ്കടങ്ങള്‍. ഈ കഥകളുടെ പാരായണത്തിനിടയില്‍ ചിലപ്പോഴെങ്കിലും എന്റെ കണ്ണ് നിറഞ്ഞ് പോയിട്ടുണ്ട്’’.
അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത് പോലെ ഈ കഥകളിലൂടെ സഞ്ചരിക്കുന്നവരുടെയെല്ലാം ഉള്ളു പിടയുന്ന, കണ്ണീര്‍ പൊടിയുന്ന അനുഭവകഥകളാണ് മുഖ്താര്‍ പറഞ്ഞുപോകുന്നത്. ഓരോ വായനക്കാരനും അവയൊക്കെയും തന്റേതുകൂടിയാണെന്ന് തോന്നും വിധത്തില്‍. ഉമ്മ ഉരുട്ടിക്കൊടുത്ത ചോറുരുളകളില്‍ കറിയായി പുരട്ടിയ കഥകളാണ് തന്നിലെ കഥാകാരന്റെ പിറവിക്ക് കാരണമെന്ന് കഥാകാരന്‍ പറയുന്നുണ്ട്. അഞ്ചു രൂപയ്ക്ക് കിട്ടുന്ന പൈങ്കിളി കഥകളിലൂടെ വായന തുടങ്ങുകയും, സുഹൃത്ത് മുഹമ്മദ് പരിഭാഷയുടെ നിഗൂഢ ലോകം കാണിച്ചു കൊടുക്കുന്നതുമാണ് ഗൗരവമുള്ള വായനയിലേക്കുള്ള വഴിത്തിരിവ്. വിവിധ വായനശാലകളില്‍ നിന്നും മോഷ്ടിച്ച പുസ്തകങ്ങളുടെ വലിയ ശേഖരമുള്ളവനാണ് ഈ കൂട്ടുകാരന്‍. പുസ്തകം മോഷ്ടിക്കുന്നത് പാപമല്ലന്നാണ് അവന്റെ മതം.
മഞ്ഞീല്, ഗുലാഫീ സുലാഫീ, ഹായ് കൂയ് പൂയ്, കിറ്ക്കത്തി, കള്ളരാമന്‍, കുര്‍സും കുര്‍സും, കൊട്ടംചുക്കാദി എന്നിങ്ങനെ ഏഴ് കഥകളാണ് കള്ളരാമനിലുള്ളത്. നാട്ടറിവുകളുടെ വലിയ ശേഖരമാണ് മിക്ക കഥകളും. ‘‘ഇപ്പോള്‍ എന്റെ ഉള്ളില്‍ ഒരു മഞ്ഞീല്‍ കിടന്നു പിടയ്ക്കുന്നുണ്ടായിരുന്നു. ബാബുവിന്റെ എളാപ്പ എന്റെ തുണിയഴിച്ച് അതിനെ വരിഞ്ഞുപിടിച്ച് പാറയില്‍ അടിച്ചു കൊല്ലുകയാണ്’’.
‘മഞ്ഞീല്‍’ എന്ന കഥയിലെ കുട്ടിയുടെ കാഴ്ചകളും കഥയിലെ ഹൃദ്യമായ ആവിഷ്‌ക്കാരമാണ്. വായനശാലയുടെ വാര്‍ഷികയോഗത്തില്‍ അവതരിപ്പിക്കാന്‍ കഥയുണ്ടായ കഥ പറയുന്ന ഗുലാഫി സുലാഫി എന്ന കഥ ഒരു കുട്ടിയില്‍ കഥയുടെ വിത്തുകള്‍ തളിര്‍ത്ത കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. വിദ്യാലയ കാലത്തെ കുസൃതികളിലൂടെ പലതരം ജീവിതങ്ങളിലേക്കാണ് ഹായ് കൂയ് പൂയ് എന്ന കഥ കൂട്ടിക്കൊണ്ടുപോകുന്നത്. കിറ്ക്കത്തി, കുര്‍സും കുര്‍സൂം എന്നീ കഥകള്‍ കുട്ടിക്കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മകളിലൂടെയാണ് വികസിക്കുന്നത്. രണ്ടിലും സങ്കടത്തിന്റെ പൊള്ളലായി രണ്ടു പെണ്‍കുട്ടികളുണ്ട്. കൊട്ടംചുക്കാദി ബന്ധങ്ങളുടെ ഊഷ്മളത പറയുന്ന കഥയാണ്.
മുഖ്താര്‍ ഉദരംപൊയിലിന്റെ കഥകള്‍, ഒരു ദേശത്തിന്റെ സ്വപ്‌നങ്ങളും ഓര്‍മ്മകളും കൈവരികളില്‍ പതിപ്പിച്ച എഴുത്തുകളാണ്. ഓരോ കഥയും മറ്റൊന്നിലേക്ക് സുതാര്യമായി ഒഴുകുന്ന രീതിയില്‍, അവ തമ്മില്‍ ചേര്‍ന്ന് ഒരു സമഗ്ര അനുഭവജാലം സൃഷ്ടിക്കുന്നു. എഴുത്തുകാരന്റെ ജീവിതചുറ്റുപാടുകള്‍, നാട്ടിന്റെ ഗന്ധം, ജനങ്ങളുടെ സംഭാഷണങ്ങള്‍... ഇവയെല്ലാം വാക്കുകളുടെ കലയില്‍ നെയ്‌തെടുത്തപ്പോള്‍, വായനക്കാര്‍ക്ക് മുന്നില്‍ തുറക്കുന്നത് വെറും കഥകളല്ല, മറിച്ച് ഒരു ദേശത്തിന്റെ ആത്മാവിനോട് ചേര്‍ന്നിരിക്കുന്ന പ്രതീകാത്മക ലോകം തന്നെയാണ്. അക്ഷരങ്ങളില്‍ നിന്നുള്ള മായാജാലം, സാധാരണ സംഭവത്തെ അതിസൗന്ദര്യത്തിലേക്ക് ഉയര്‍ത്തുന്ന മുഖ്താറിന്റെ കഴിവ്, ഓരോ കഥയിലും തെളിഞ്ഞുനില്‍ക്കുന്നു; അതുകൊണ്ടുതന്നെ, അവ വായിക്കുമ്പോള്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്നത്, കഥകള്‍ കേള്‍ക്കുന്ന സന്തോഷമല്ല, മറിച്ച് ഒരു ദേശത്തെ, ഒരു മനുഷ്യനെ, ഒരു ഭാഷയെ വീണ്ടും കണ്ടെത്തുന്ന അത്ഭുതം തന്നെയാണ്.
കള്ളരാമനിലെ കഥകളൊക്കെയും അനുഭവക്കുറിപ്പുകള്‍ പോലെയോ ഒരു ദേശത്തെ അടയാളപ്പെടുത്തുന്നതു പോലെയോ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്‍.പി ഹാഫിസ് മുഹമ്മദും റഹ്മാന്‍ കിടയങ്ങയവും എഴുതിയ അനുബന്ധക്കുറിപ്പുകള്‍ കഥകളെ മാത്രമല്ല എഴുത്തുകാരനെയും ആഴത്തില്‍ അടയാളപ്പെടുത്തുന്നതാണ്.