ADVERTISEMENT

പ്രവീൺ അയ്യമ്പിള്ളിയുടെ കുറിപ്പുകളുടെ സമാഹാരമാണ് ‘ആമവൈബ്’. പുസ്തകത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ എഴുതിയത് വായിക്കാം –

രസം അനായാസം

ADVERTISEMENT

വലുതെന്നല്ല ചെറുതായിപ്പോലും അഭ്യാസം കാണിക്കാത്ത ഒരു ‘പച്ച’പ്പുസ്തകമാണിത്. ബുദ്ധിജീവിനാട്യമില്ല. വാക്കുകൾ കൊണ്ടുള്ള കസർത്തില്ല. മനുഷ്യരിത് വായിക്കണമെന്ന് പ്രവീൺ കളങ്കമില്ലാതെ ആഗ്രഹിക്കുന്നു. അത് സംഭവിക്കുന്നു. അദ്ദേഹം തന്റെ ജീവിതവുമായി ബന്ധപ്പെട്ട കുഞ്ഞുകുഞ്ഞു അനുഭവങ്ങൾ ഹൃദയഹാരിയായി അടയാളപ്പെടുത്തി വയ്ക്കുകയാണ്. ട്വിസ്റ്റില്ലാത്ത, നാടകീയമല്ലാത്ത യാത്രയാണ്. ഇല്ലാത്ത വളവും തിരിവുമുണ്ടാക്കി ഏച്ചുകെട്ടാൻ അദ്ദേഹം ശ്രമിക്കുന്നില്ല. ചെറിയ അനുഭവങ്ങളിൽ ചാരുതയോടെ അക്ഷരങ്ങൾ അടുക്കിവച്ച് വിനയത്തോടെ ക്ഷണിക്കുകയാണ് പ്രവീൺ. പുസ്തകം ചെറുതാണ്. നൊസ്റ്റാൾജിയ ആവോളം ഉണ്ട്. കേട്ട കാര്യങ്ങളുണ്ട്. പക്ഷേ ഒട്ടും ചടപ്പില്ല. ടാക്കീസ്, പള്ളിപ്പെരുന്നാൾ, പൂരം, പാടം, സ്പോർട്സ് ക്ലബ്, മൃഗശാല, വാഹനം തുടങ്ങി അനുഭവിച്ചതിനെ യഥാതഥമായി പറയുന്നു. മനുഷ്യരെ അവതരിപ്പിച്ചിരിക്കുന്ന മട്ടാകട്ടെ ഗംഭീരം.

മനോഹരമായി ഫീച്ചർ എഴുതുന്ന പ്രവീണിനെ എനിക്ക് കാൽനൂറ്റാണ്ടു മുൻപു മുതൽ അറിയാം. ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. പലതിന്റെയും ആദ്യവായനക്കാരനുമായിരുന്നു ഞാൻ. അന്നും പ്രവീണിന്റെ ഉപമകൾ നന്നായി രസിച്ചിരുന്നു. അക്കാര്യത്തിൽ പ്രവീൺ ഇപ്പോൾ കൂടുതൽ കാലനായി മാറിയിരിക്കുന്നു. നാടകസെറ്റുകളുടെ ആദ്യാവസാന വാക്കായ ആർട്ടിസ്റ്റ് സുജാതനെ ‘ഏതോ ശബരിമല മേൽശാന്തിക്കു സെറ്റിട്ടതു പോലെ’ എന്നു വിവരിച്ചതു കേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇതിലപ്പുറം അദ്ദേഹത്തിന്റെ രൂപത്തെ വിശദീകരിക്കാനില്ല. മാളയുടെ ‘തബല പോലുള്ള മൂക്ക്’, സിപ്പി പള്ളിപ്പുറത്തിനെ ‘ജുബ്ബയിട്ട ഒരു അണ്ണാറക്കണ്ണൻ’ തുടങ്ങി ഒറ്റവാക്കിൽ അവരുടെ രൂപവും തൊഴിലുമെല്ലാം ചേർത്തുകെട്ടാനുള്ള പ്രവീണിന്റെ എഴുത്തുമികവ്, കാൽനൂറ്റാണ്ടാകുന്ന പത്രപ്രവർത്തനത്തിന്റെ കൂടി സംഭാവനയാണ്.

ADVERTISEMENT

ഈ സമാഹാരത്തിലെ ‘ദൈവം ചോദിക്കും’ എന്ന കുറിപ്പ്, ഒന്നാന്തരം കഥ കൂടിയാണ്. ൈദവവും തന്ത്രിയുമായുള്ള സംഭാഷണമാണ്. എന്ത് ഇമ്പത്തോടെ വർണിച്ചിരിക്കുന്നു! ചോരയുടെ ഗ്രൂപ്പ് നെഗറ്റീവാണെങ്കിലും അത് ഡൊണേറ്റ് ചെയ്യാനുള്ള മനസ് എത്ര പോസിറ്റീവ് ആണെന്ന് ദൈവം ചോദിക്കുന്നു. എഴുത്തിൽ ഹ്യൂമർ ഉണ്ടായി വരിക എളുപ്പപ്പെട്ട പണിയല്ല. ഇവിടെ അത് അനായാസം വഴങ്ങുന്നു. പ്രവീണിന്റെ പക്ഷത്തു നിന്ന് കൂടുതൽ അനുഭവക്കുറിപ്പുകൾ, കഥകൾ, എഴുത്ത് ഒക്കെ ഉണ്ടായി വരട്ടെ. ആശംസകൾ.

ADVERTISEMENT
ADVERTISEMENT