ADVERTISEMENT

എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗം മലയാള ഭാഷയ്ക്കും സംസ്ക്കാരത്തിനും തീരാനഷ്ടമാണ്. മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ സംഭാവനകളാണ്. ഒരു കാലഘട്ടത്തിന്റെ ഗുരുനാഥനായ അദ്ദേഹം തലമുറകളുടെ മാർഗദീപമായിരുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറിയ പ്രതിഭകളില്‍ ഒരാളായ എം.കെ.സാനുവുമായുള്ള തന്റെ വ്യക്തിഅനുഭവങ്ങൾ നോവലിസ്റ്റും ചലച്ചിത്രഗവേഷകനുമായ രാകേഷ് നാഥ് എഴുതിയത് വായിക്കാം –

ഗുരുപ്രണാമം

ADVERTISEMENT

എത്രയോ തലമുറകളെ പഠിപ്പിക്കുകയും നേർവഴിക്കു നയിക്കുകയും ചെയ്ത പ്രൊഫ. എം.കെ. സാനു ദിവംഗതനായിരിക്കുന്നു. അവസാന കാലം വരെ കർമ്മനിരതനായിരുന്നു അദ്ദേഹം. അവസാന കാലത്തു പോലും എന്റെ എം.ടി. പഠനഗ്രന്ഥം വായിച്ച് എനിക്കു കത്തയച്ചത് ഒരത്ഭുതമായി തോന്നുന്നു. അക്ഷരലോകത്തോടുള്ള സാനു മാഷിന്റെ അർപ്പണ ബോധമാണ് അതു തെളിയിക്കുന്നത്.

ആദ്യമായി ഞാൻ സാനുമാഷിനെ പരിചയപ്പെടുന്നത് ഡി സി ബുക്സിൽ വച്ചു നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ്. ബഷീറിനെ കുറിച്ചെഴുതിയ ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനമായിരുന്നു അത്. സാനുമാഷിനെ ഞാൻ ആദരവോടെ നോക്കി നിന്നു. പബ്ലിക്കേഷനിലെ ആർ. രാമദാസാണ് സാനുമാഷിന്റെയടുത്തു പോയി പരിചയപ്പെടാൻ അവസരം ഉണ്ടാക്കിത്തന്നത്. തുടർന്ന് ഞാൻ നിരന്തരം സാനു മാസ്റ്ററുമായി ബന്ധം പുതുക്കി. ജോൺപോൾ സാറുമായുള്ള ബന്ധം മൂലം ചാവറ കൾച്ചറൽ സെന്ററിലെ മിക്ക പരിപാടികളിലും സാനുമാഷിനെ കണ്ടുമുട്ടി. ദീപികയിൽ എറണാകുളത്തെ സൺഡേ സപ്ലിമെന്റിന്റെ ജോലിക്കാലത്ത് മിക്കപ്പോഴും സാനു മാഷിന്റെ വീട്ടിൽ പോയിത്തുടങ്ങി. പത്രങ്ങളുടെ എഡിറ്റോറിയൽ പേജുകളുടെ ചരിത്രം പഠിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അതിന്റെ സാക്ഷാത്കാരമാണ് എന്റെ മൂന്നു വർഷത്തെ ഗവേഷണ ഫലമായി എഴുതിയ ‘പത്രമാധ്യമദർശനം’ എന്ന പുസ്തകം. എം.പി. വീരേന്ദ്രകുമാർ സാറിന്റെ അവതാരികയോടെ പുറത്തിറങ്ങിയ ആ ഗ്രന്ഥം സാനു മാസ്റ്ററാണ് ആദ്യകോപ്പി പ്രകാശിപ്പിച്ചത്. എന്റെ രചനകളിൽ സാനു മാസ്റ്ററിന് ഏറെ ഇഷ്ടപ്പെട്ട പുസ്തകവും പത്രമാധ്യമ ദർശനമാണ്. ജോൺപോൾ സാർ മരണാസന്നനായി കിടന്നപ്പോഴും എനിക്കും സാനുമാഷിന്റെ കൂടെ ആശുപത്രിയിൽ പ്രവേശിക്കാനായി. കോവിഡാനന്തരം പ്രസിദ്ധീകരിച്ച എന്റെ ‘സാനിറ്റൈസ്’ എന്ന നോവലിനും 2025 ൽ പ്രസിദ്ധീകരിച്ച ‘എം.ടി എന്ന സംവിധായകൻ’ എന്ന ഗ്രന്ഥത്തിനും മാസ്റ്റർ ആസ്വാദനങ്ങൾ എഴുതിത്തന്നു. ‘പദ്മരാജനുമായുണ്ടായ ബന്ധത്തെപ്പറ്റി ഒരു കുറിപ്പ് എഴുതി തരാം, അടുത്ത പതിപ്പിൽ ചേർക്കാം’ എന്നും പറഞ്ഞതാണ്. കാലത്തിന്റെ കർമ്മഗതിയായി തീർന്ന പ്രിയപ്പെട്ട സാനു മാസ്റ്ററിന് സ്നേഹാദരങ്ങളോടെ എന്റെ പ്രണാമം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT