ശ്രദ്ധേയമായ നിരവധി കഥകളിലൂടെ മലയാള സാഹിത്യത്തിൽ തന്റെതായ ഇടം നേടിയ എഴുത്തുകാരനാണ് സലിൻ മാങ്കുഴി. പേരാൾ, പത U /A എന്നീ കഥാസമാഹാരങ്ങളും എതിർവാ, ആനന്ദലീല എന്നീ നോവലുകളുമാണ് അദ്ദേഹത്തിന്റെ കൃതികൾ. സലിന്റെ പുതിയ കഥകളുടെ സമാഹാരമാണ് ‘ചോരവട്ടം’. ചോരവട്ടത്തിലെ കഥകളുടെ എഴുത്തനുഭവം സലിൻ പങ്കുവയ്ക്കുന്നത് വായിക്കാം –
കേരളത്തിൽ വിവാഹമോചനം വർദ്ധിക്കുന്നതിന്റെ യഥാർത്ഥ കാരണമെന്താണെന്നറിയാമോ ? ചോരവട്ടം എന്ന കഥാസമാഹാരത്തിലെ പത്ത് കഥകളിൽ രണ്ടെണ്ണം ആ അന്വേഷണത്തിന്റെ നേരുൽപ്പന്നമാണ്. ചോരവട്ടം, തേരേ മേരേ ബീച്ച് മേം എന്നീ ആ രണ്ടു കഥകൾക്ക് പുറമേ അലസിപ്പൂക്കൾ, ഏലി ഏലി ലമ്മ ശബക്താനി എന്നീ കഥകളും മറ്റൊരർത്ഥത്തിൽ ഈ ചിന്തയിൽ നിന്നുണ്ടായതാണ്. സ്ത്രീകളെക്കാളും ഒന്നോ രണ്ടോ തലമുറ പിന്നിലാണ് നമ്മുടെ പുരുഷൻമാർ ജീവിക്കുന്നത്. വീടുകളിൽ ഭൂരിപക്ഷവും എല്ലാ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തലോലിച്ച് നിലനിർത്തുന്ന വലതുപക്ഷ കോട്ടകളാക്കി മാറ്റുന്നതും ഈ പഴഞ്ചൻ ചിന്താഗതിയുമായി പുതിയ കാലഘട്ടത്തിൽ ജീവിക്കുന്ന ആണുങ്ങൾ തന്നെയാണ്. റോഡിലൂടെ ഭാര്യാഭർത്താക്കൻമാർ നടക്കുമ്പോൾ മുന്നിൽ നടക്കേണ്ടത് താനാണെന്ന് നിഷ്കർഷിക്കുന്ന പുരുഷൻമാരും അതിനെ അംഗീകരിച്ചു കൊടുക്കുന്ന സ്ത്രീകളും ഇന്നും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? ഉദ്യോഗസ്ഥയുടെ എ.റ്റി.എം. കാർഡു സൂക്ഷിക്കുന്ന ‘വീരന്മാർ’ അന്യം വന്നിട്ടില്ലെന്ന് എല്ലാവർക്കുമറിയാമല്ലോ. പുതിയ തലമുറയിലെ പെൺകുട്ടികൾ ഇത്തരം അറുബോറൻമാരെ ചോദ്യം ചെയ്യുകയും സമത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്ത് തുടങ്ങിയപ്പോഴാണ് കുടുംബക്കോടതികൾ പൂരപ്പറമ്പായി മാറിയത്. കുടുംബത്തിനകത്ത് പുരുഷ്യാധിപത്യം നിലനിർത്താനും ജനാധിപത്യം പുലരാതിരിക്കാനും മതങ്ങളും പരിശ്രമിക്കുന്നുണ്ട്. ഒരാൾ പിന്തിരിപ്പനായി മാറാനുള്ള എല്ലാ സാമൂഹിക സാഹചര്യങ്ങളും ജനറ്റിക് ചോദനകളും ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ജെൻസികൾ മുൻതലമുറകളുടെ നാലുകെട്ടുകളെയാണ് പൊളിച്ചു കളയുന്നത്. ഒന്നോർത്താൽ എന്നേ ഇടിച്ചു കളയേണ്ട പാരമ്പര്യത്തിന്റെ എട്ടുകെട്ടുകളും നാലുകെട്ടുകളും എടുപ്പുകളും നമ്മൾ സംരക്ഷിച്ചു നിർത്തിയതിനാലാണ് മറ്റു പലതും ചെയ്യേണ്ട നമ്മുടെ കുട്ടികൾ ഈ മരാമത്തു പണിയിൽ ഏർപ്പെടുന്നത്.
നിരൂപകനായ ആർ. പി. ശിവകുമാർ ചോരവട്ടം കഥാസമാഹാരത്തെക്കുറിച്ചെഴുതിയത് അനുബന്ധമായി വായിക്കാം. ‘ട്രഡിഷൻ ആൻഡ് ഇൻഡിവിജ്വൽ ടാലെൻറ് എന്ന കൃതിയിൽ ടി.എസ്. ഇലിയട്ട് , ഭൂതകാലത്തിന്റെ ഭൂതകാലത്വം’ എന്നൊരു പ്രയോഗം നടത്തുന്നുണ്ട്. സലിന്റെ കഥകളിലെ ഭൂതകാല വിചാരണകൾ ഒട്ടും ദൃശ്യാത്മകമല്ലാതെ, (എന്നുവച്ചാൽ പ്രതിബദ്ധതാജാഥകളുടെ ഒച്ചയില്ലാതെയും) സമകാലത്തിലേക്ക് നടന്നുകയറുകയാണ് ചെയ്യുന്നത്’.
ചോരവട്ടത്തിലെ അനിതയും തേരേ മേരേ ബീച്ച് മേമിലെ രേഖയും പിന്തിരിപ്പൻമാരായ ഭർത്താക്കൻമാരെയാണ് സ്വന്തം ജീവിതത്തിൽ നിന്ന് പുറത്താക്കുന്നത്. ‘നിനക്കെന്താ ഇവിടെയൊരു കുറവ്’ എന്ന ടിപ്പിക്കൽ ചോദ്യം കേരളത്തിലെ എത്രയോ വീടുകളിൽ നിരന്തരം ഉയരുന്നത് കഥയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അലസിപ്പൂക്കൾ എന്ന കഥയിലെ സ്ത്രീയെ ഭർത്താവിൽ നിന്ന് രക്ഷിക്കുന്നത് മകനാണ്. അടിമപ്പള്ളി എന്ന കഥയിലുള്ളത് ആരോ ചെയ്ത കൊലപാതകക്കുറ്റം ഏറ്റെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തുവന്ന ആബേൽ എന്ന പിന്തള്ളപ്പെട്ട മനുഷ്യന്റെ ജീവിതമാണ്. ‘ദൈവം പോലും കൂട്ടിനില്ലാത്ത മനുഷ്യരുടെ കഥകൾ’ എന്ന് നിരൂപകയായ ഡോ. മിനി പ്രസാദ് ചോരവട്ടത്തിലെ കഥകളെ വിശേഷിപ്പിച്ചത് ഇത്തരം മനുഷ്യരുടെ നിസ്സഹായത കണ്ടിട്ടാവാം.
ഞാൻ കഥയെഴുതാനിരിക്കുമ്പോൾ പലപ്പോഴും സങ്കീർണ്ണമായ ജീവിതമുള്ളവർ കഥാപാത്രങ്ങളായി വരാറാണ് പതിവ്. ഒരു പക്ഷേ എന്റെ ബാല്യ കൗമാരങ്ങളിൽ അലങ്കോലപ്പെട്ട നിരവധി മനുഷ്യരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടുള്ളത് കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്. അവരുടെ ജീവിതം അവശേഷിപ്പിച്ച തിക്താനുഭവങ്ങൾ പലതും അറിയുകയും ചിലതൊക്കെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കുഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. യാത്രാ സൗകര്യങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ലൈബ്രറിയോ സർക്കാർ ഓഫീസുകളോ ഇല്ലാത്ത, സമുദ്രനിരപ്പിൽ നിന്ന് 800 അടിയിൽപ്പരം ഉയരമുള്ള ഒരു ഹൈറേഞ്ച് ഗ്രാമമാണ് മാങ്കുഴി. ഒരു ക്രിസ്ത്യൻ ദേവാലയമാണ് വീടിന് തൊട്ടടുത്തുള്ളത്. രണ്ട് കിലോമീറ്റർ അകലെയാണ് കാണിസമുദായക്കാർ പൂജ നടത്തുന്ന വേങ്കമലദേവീ ക്ഷേത്രം. അവിടെ കുട്ടിക്കാലം മുതലേ ഞങ്ങൾ വർഷാവർഷമുള്ള ഉത്സവത്തിന് പോകുമായിരുന്നു. പറയത്തക്ക ദൈവ വിശ്വാസമോ കുടുംബക്ഷേത്രദർശനമോ ഇല്ലാതെയാണ് അധ്യാപകനായിരുന്ന അച്ഛന്റെ പാത പിൻതുടർന്ന് വളർന്നത്.
സഹ്യപർവതനിരയുടെ തെക്കേയറ്റമായ അഗസ്ത്യകൂടത്തിന്റെയും പൊന്മുടി, ബോണക്കാട് മലനിരകളുടെയും മഞ്ഞിറങ്ങുന്ന പ്രദേശമാണ് ഞങ്ങളുടെ ഗ്രാമം. ഇപ്പോഴും ആ മഞ്ഞ് വന്നും പോയും അവിടെതന്നെയുണ്ട്. കുരുങ്ങും പന്നിയും മയിലും നിത്യവും വന്ന് വിളനാശം വരുത്തുന്ന പ്രദേശം. തിരുവനന്തപുരം ജില്ലയിലെ വനത്തിന്റെ എഴുപതു ശതമാനത്തിലധികം സ്ഥിതി ചെയ്യുന്ന നെടുമങ്ങാട് താലൂക്കിലാണ് എന്റെ ഗ്രാമം. എന്റെ കുടുംബപ്പേരും മാങ്കുഴി എന്നു തന്നെയാണ്. രണ്ടു തലമുറമുമ്പ് വെഞ്ഞാറമൂടിൽ നിന്നും കുടിയേറിയ കർഷകനാണ് എന്റെ അച്ഛാച്ഛൻ. ഒരു കൂട്ടം മനുഷ്യർ ചേർന്ന് കാടുപിടിച്ചു കിടന്ന ഒരു കുന്നിൽപുറത്തെ തെങ്ങും കവുങ്ങും കുരുമുളകും പറങ്കിമാവും പ്ളാവും വിവിധയിനം മാവും വാഴയും ചേമ്പും ചേനയും ഇഞ്ചിയും കപ്പയുമൊക്കെ നട്ട് മനുഷ്യവാസകേന്ദ്രമാക്കി പണിതുയർത്തി. എന്റെ കുട്ടിക്കാലത്ത് വാറ്റുചാരായം നിർബാധം ലഭിക്കുന്ന സ്ഥലം കൂടിയായിരുന്നു മാങ്കുഴി. മദ്യപിച്ച് ഒച്ചയുണ്ടാക്കുന്നവരുടെ ഒച്ച അകലെ നിന്ന് കാറ്റിലൂടെ എന്റെ ബാല്യകാലത്തിലേക്ക് എത്രയോ രാത്രികളിൽ വന്നിട്ടുണ്ട്. പേരിൽ മാത്രമേ കുഴിയുള്ളു. കടലുകാണി എന്ന് പേരുള്ള കുന്നുപോലും ഉള്ള കുന്നിൻപുറമാണ് മാങ്കുഴി. കുറേക്കാലമായി ഞാനിവിടെ അതിഥിയായതിനാൽ ഈ പ്രദേശത്തിന്റെ ദൃശ്യമനോഹാരിത എനിക്കാസ്വദിക്കാനാകും. എല്ലാ പ്രകൃതി മനോഹാരിതകളും സ്ഥിരതാമസക്കാർക്കല്ല വരുത്തർക്ക് കാണാനും ആസ്വദിക്കാനുമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും കർഷകരും തൊഴിലാളികളുമാണ് ഇവിടെ ഭൂരിപക്ഷം പേരും. ഒരുപാട് കഥകൾ സ്വയമറിയാതെ പേറുന്നവർ. എന്റെ കഥകൾ പലതും ഹൈറേഞ്ചിലും സങ്കീർണ്ണമായ ഗ്രാമങ്ങളിലും സംഭവിക്കുന്നതിന് കാരണവും നാടുമായുള്ള എന്റെ നാഭീനാഡി ബന്ധമാണ്.
ഒന്നോർത്താൽ കുഴമറിഞ്ഞ മനുഷ്യരോളം അനുഭവങ്ങൾ പകരുന്ന മറ്റാരാണുള്ളത്. സ്നേഹസമ്പന്നനും സത്സ്വഭാവിയുമായ ഒരു മനുഷ്യൻ അവശേഷിപ്പിക്കുന്നതിന്റെ നൂറിരട്ടി ഓർമ്മകൾ ഒരു അസാന്മാർഗ്ഗി തന്റെ അലങ്കോലമായ ജീവിതം കൊണ്ട് അവശേഷിപ്പിക്കും. ഉണങ്ങാത്ത മുറിവിന്റെ നീറ്റലുള്ള ആ ഓർമ്മകൾക്ക് കഥയും നോവലുമൊക്കെയായി രൂപാന്തരപ്പെടാനും സൗന്ദര്യാത്മകമായ കുറ്റകൃത്യമാകാനുമുള്ള ശേഷിയുമുണ്ട്. ദുഃഖാനുഭവങ്ങളാണ് മനുഷ്യർ ഓർത്തു വച്ചു തലോലിക്കുന്നത്. അവ പലതരത്തിൽ സാഹിത്യകൃതികളായി മാറുകയും ചെയ്യും.
പത്തിരുപത്തിയാറ് വയസ്സുള്ളപ്പോഴാണ് ഞാൻ ജോലി കിട്ടി ഗ്രാമവും രാജ്യവും വിടുന്നത്. പിന്നെ സ്ഥിരതാമസത്തിന് മാങ്കുഴിയിലേക്ക് പോയില്ല, ആഗ്രഹിച്ചുമില്ല. അവിടെ ജീവിച്ചതിനെക്കാളും കൂടുതൽ വർഷം ഞാൻ നഗരങ്ങളിൽ ജീവിച്ചു. ഒരു പരിധിവരെ നമ്മുടെ ജീവിതത്തിലേക്ക് നാട്ടുകാരും നാട്ടുകാരുടെ ജീവിതത്തിലേക്ക് നമ്മളും ഇടപെടാത്ത ജീവിതം. പക്ഷേ ഓർമ്മകളിലേറെയും ഇപ്പോഴും എന്റെ ഗ്രാമത്തിലെ മനുഷ്യരെ ചുറ്റിപ്പറ്റി തന്നെയാണുള്ളത്. അതത്ര നൊസ്റ്റാൾജിക്കൊന്നുമല്ല. വിശുദ്ധി, നമ്മ, സമത്വം തുടങ്ങിയ കള്ളക്കഥകളൊന്നും പറയാൻ ഞാൻ തയ്യാറല്ല. സംഘർഷവും സംഘട്ടനങ്ങളും പോലീസും രാഷ്ട്രീയവും മദ്യവും ദൈവങ്ങളും സദാചാരലംഘനങ്ങളും അപവാദങ്ങളുമൊക്കെ നിറഞ്ഞാടുന്നതാണ് ആ ജീവിതം. സംഭാഷണങ്ങളിലേറെയും വ്യക്തികളെക്കുറിച്ചായിരിക്കും. ഇന്നും എന്റെ നാട്ടിൽ ഒരു ലൈബ്രറി ഇല്ലെന്നത് പോരായ്മയും കുറവുമായി ക്ഷമാപണത്തോടെ ഞാൻ സമ്മതിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും കിട്ടുന്നവർ തലമുറകളായി എന്റെ ഗ്രാമത്തെ ഉപേക്ഷിച്ചു പോവുകയാണ് പതിവ്. ഞാനും ആ കൂട്ടത്തിൽ ഒട്ടുമേ കുറ്റബോധമില്ലാതെ കണ്ണി ചേർന്നു.
എന്റെ അയൽവാസിയും ആദ്യ ചങ്ങാതിയുമായിരുന്നു സുരേഷ്. എന്നെക്കാളും ഒരു ക്ളാസ്സ് മുന്നിൽ പഠിച്ചവൻ. എന്റെ പി.ജി. പഠനം കഴിഞ്ഞ് ഉപജീവനാർത്ഥം നാട് വിട്ടതിന് ശേഷം അവനെ കാണുന്നതും സംസാരിക്കുന്നതും വല്ലപ്പോഴുമായി. മൂന്ന് വർഷം മുമ്പ് വയനാട്ടിൽ വച്ച് അവൻ മരിച്ചു. ജീവിതം സ്വയം അവസാനിപ്പിച്ച സുരേഷ് മാത്രമല്ല പാതിവഴിയിൽ ജീവിതത്തിന് ഫുൾസ്‌റ്റോപ്പിട്ട നിരവധി ഉറ്റവരുടെ ഓർമ്മകളും എനിക്കുണ്ട്. കുഴമറിഞ്ഞു പോയ ആ മനുഷ്യർ അവശേഷിപ്പിച്ച ഗദ്ഗദങ്ങളുടെ തരംഗങ്ങൾ എനിക്ക് കഥയിലേക്ക് ഒളിച്ചു കടത്തിയേ പറ്റൂ.
ഇല്ലായ്മകളും ദുഃഖങ്ങളും എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകുമെങ്കിലും ഉറക്കെയുറക്കെയുള്ള ചിരികളും ആഘോഷങ്ങളും മറ്റൊരു വശത്ത് തിമിർക്കും. കളിയും ഉത്സവങ്ങളും കല്യാണമേളങ്ങളും ഓണവും ക്രിസ്തുമസ്സും ഒത്തുചേരലുമൊക്കെ ഓർമ്മയുടെ അടിത്തട്ടിൽ നിന്ന് കഥയിലേക്കിറങ്ങി വരും. ‘ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ’ എന്ന കഥ ഒരു അനുഭവ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയതാണ്. കുതിരവട്ടം പപ്പു ആണ് കേന്ദ്ര കഥാപാത്രം. ആൾ ദൈവങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ഒരു ഗ്രാമത്തിന്റെയും നോൺവെജ് ഭക്ഷണത്തിന്റെയും പശ്ചാത്തലത്തിൽ അന്വേഷിക്കുന്ന കഥയാണ്. മനുഷ്യൻ ദൈവത്തിലേക്ക് സംക്രമിക്കുമ്പോൾ അയാൾ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരിയാകുന്നു. കുതിരവട്ടം പപ്പുവാണ് ഒരു ഗ്രാമീണന്റെ ദേഹത്തിലേക്ക് ദൈവമായി ആവാഹിക്കുന്നതും നാട്ടുകാരെ ആരാധകരാക്കി മാറ്റുന്നതും.
ഉറ, മുനിയറകൾ എന്നീ കഥകൾ അടിയന്തരാവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷികളെക്കുറിച്ചു മാത്രമല്ല അവയുടെ തുടർച്ചയെയും ഓർക്കുന്ന കഥകളാണ്. കുമാരനാശാൻ, ചങ്ങമ്പുഴ എന്നീ കവികളുടെ ജീവിതവും രണ്ടു കഥകളുടെ വിഷയമാകുന്നുണ്ട്. മറവികളോടുള്ള ഓർമ്മകളുടെ കലാപമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന മിലൻ കുന്ദേരയുടെ വാചകം ‘ഉറ’യുടെ ആമുഖവാചകമായി ചേർത്തിട്ടുണ്ട്.
അപരിചിതരായ മനുഷ്യരോട് അടുത്തിടപഴകാനുള്ള അവസരവും മനസ്സ് പങ്കുവയ്ക്കാനാരുമില്ലാത്ത നിസ്വരായവർക്ക് തുറസ്സായ പറച്ചിൽമുറിയൊരുക്കലുമാണ് കഥയെഴുത്ത് എന്നാണ് ഞാൻ കരുതുന്നത്. സ്ത്രീയും പുരുഷനും ഈ ലോകത്തെ കാണുന്നത് തികച്ചും വിഭിന്നമായ തരത്തിലാണ്. ആ സംഘർഷമാണ് ഈ ലോകത്തെ നിലനിർത്തുന്നത്. women want love to be a novel,Men a short story (Daphne du Maurier) എന്ന വാചകം പുസ്തകത്തിന്റെ ആമുഖമായി ചേർത്തിട്ടുള്ളത് ഈ ഒരു ചിന്തയുടെ തുടർച്ചയാണ്.
2019ൽ പുറത്തിറങ്ങിയ കഥാസമാഹാരം പേരാൾ ആണ് എന്റെ ആദ്യ പുസ്തകം. പത U /A (കഥാസമാഹാരം) എതിർവാ, ആനന്ദലീല എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരൻ തനിക്ക് സമൂഹത്തിനോട് പറയാനുള്ളതാണ് എഴുതുന്നതെന്ന് പൊതുവേ പറയാറുണ്ട്. എന്നെ സംബന്ധിച്ച് അത് ശരിയല്ല. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതൊന്നും ഫിക്ഷനായി ഞാനെഴുതിയിട്ടില്ല. കഥാപാത്രങ്ങൾ അവരുടെ കഥ എന്നിലൂടെ പൂർത്തിയാക്കുന്നു എന്ന് പറയുന്നതാണ് വാസ്തവം. അടുത്ത വാചകമോ പാരഗ്രാഫോ അധ്യായമോ ക്ലൈമാക്‌സോ എന്താകുമെന്നറിയാതെയുള്ള ഒരുമ്പോക്കാണ് എനിക്ക് കഥയെഴുത്ത്. എഴുത്തിലെ ത്രില്ലും ആ അനിശ്ചിതത്വം തന്നെയാണ്. എന്റെ കഥകൾക്ക് സ്ത്രീപക്ഷ സ്വഭാവം ഉണ്ടെന്ന് ഡോ. മിനി പ്രസാദ് ഉൾപ്പെടെ പലരും നിരീക്ഷിച്ചിട്ടുണ്ട്. അതും മനപൂർവം ചെയ്യുന്നതല്ല. എന്റെ രണ്ട് പെൺമക്കളും മുതിർന്ന കുട്ടികളായതിന് ശേഷമാണ് ഞാൻ കഥയെഴുതാൻ തുടങ്ങിയത്. അതിൽ പിന്നെയാണ് സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചതും കുറച്ചൊക്കെ മനസ്സിലാക്കിയതും. സ്ത്രീയുടെ നിത്യജീവിത വൈഷമ്യങ്ങളും ശാരീരിക ക്ലേശങ്ങളും ഭാര്യയാണ് കാട്ടിത്തന്നത്. ഭാര്യയെ പ്രണയിക്കാനൊന്നും വേണ്ട തരത്തിൽ പരിശീലനം കിട്ടിയ ഒരു തലമുറയല്ല എന്റേത്. അതിന്റെ പോരായ്മ എന്റെ തലമുറയിലെ പലർക്കുമുണ്ട്. അമ്പത് കഴിഞ്ഞ പുരുഷൻമാരിൽ എത്ര ശതമാനം പേർക്ക് നേരാംവണ്ണം ഭാര്യയെ ചുംബിക്കാനും പുണരാനുമറിയാമെന്ന് ഒരു പരിശോധന നടത്തിയാലറിയാം കേരളീയ ദാമ്പത്യ ജീവിതം എത്രമാത്രം അരസികമാണെന്ന്. രണ്ടു മുറിയിൽ അന്തിയുറങ്ങുന്ന ദമ്പതികൾ ഏറെയുള്ള മധ്യവർഗ്ഗക്കാരുടെ നാടാണ് നമ്മുടേത്. ഒരു മുറിയിൽ ഉറങ്ങുന്നവരാണെങ്കിലും പലരും ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ കിടന്നുറങ്ങിയിട്ട് രാവിലെ ഉണർന്നു രണ്ട് വഴിയിലേക്ക് പോകും. ചോരവട്ടം എന്ന കഥയിൽ മെനോപോസ് വന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. ഭാര്യയുടെ പീരിഡ്സ് തീയതിയോ അവൾക്ക് ആർത്തവവിരാമം വന്നതോ വരാൻ പോകുന്നതിന്റെ മൂഡ് ചെയ്ഞ്ചോ, വിയർത്തൊഴികലോ , അങ്കലാപ്പോ അറിയാത്ത ഭർത്താക്കൻമാരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും ഉള്ളത്. യഥാർത്ഥ സ്ത്രീ സൗഹൃദ സമൂഹമുണ്ടാകാൻ നമ്മൾ ഇനിയും ഏറെ സഞ്ചരിക്കണം.
എന്റെ കഥകളിലും നോവലുകളിലും സ്ത്രീകൾ ആത്മാഭിമാനമുള്ളവരും ഒരുമ്പെട്ടവരും തന്റേടികളുമായി തലയെടുപ്പോടെ നിൽക്കണമെന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്. എനിക്ക് ആഗ്രഹിക്കാനേ കഴിയൂ, കഥയെഴുതിപ്പിക്കുന്നതും കഥാഗതി നിശ്ചയിക്കുന്നതും കഥാപാത്രങ്ങളായതുകൊണ്ട് അവർ വിചാരിച്ചാലേ കഥ സംഭവിക്കൂ.
കാലം നമ്മെ നിരന്തരം പുതുക്കി പണിയും. നേരം പുലർന്നെഴുന്നേൽക്കുന്ന നമ്മളേയല്ല രാത്രി ഉറങ്ങാൻ കിടക്കേണ്ട നമ്മൾ. നമ്മളിൽ പലരും തലേ ദിവസത്തെ നമ്മളെ തന്നെ ഇന്നത്തെ നമ്മളായി നിലനിർത്താൻ പരിശ്രമിക്കുന്നവരാണ്. ഓരോ ദിവസവും പുതിയ മനുഷ്യനായാണ് നമ്മൾ ജനിക്കേണ്ടത്. ആ ബോധ്യമുണ്ടെങ്കിലേ സാഹിത്യ പ്രവർത്തനവും കലാവിഷ്കാരങ്ങളും രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളും തുടങ്ങി എല്ലാം അർത്ഥവത്തായി നിർവഹിക്കാനാകൂ.
‘കാലം അമ്മയെ മക്കളിൽ നിന്ന് അകറ്റിക്കളയുന്ന നദിയാണ്
കാലം എന്ന നദിയിൽ മക്കളോടൊപ്പം താനും
നീന്തിയിരുന്നുവെന്ന് അമ്മ കരുതുന്നു.
അത് വെറും വ്യാമോഹമാണ്
വളർന്ന മക്കൾ അക്കരെ നിൽക്കുന്നതും നോക്കി
അമ്മ ഇക്കരെ നിൽക്കുന്നു’.
(കാലം എന്ന നദി. മാധവിക്കുട്ടി)