കാലത്തിന്റെ പ്രവാഹത്തിൽ അവഗണനയുടെ ആഴത്തിലേക്കു വലിച്ചെറിയപ്പെടുന്ന ചിലതുണ്ട്. പക്ഷേ, അഴുക്കുകളൊഴുകി മാറി, അർഹതയുടെ വെളിച്ചം തെളിയുമ്പോൾ അവ തിരിച്ചെടുക്കപ്പെടും. സാഹിത്യത്തിലും അതു തന്നെയാണു സംഭവിക്കുക. മറക്കാം, പക്ഷേ, മറന്നുവെന്നു ഭാവിക്കാനാകില്ല. ആ നാട്യങ്ങൾക്ക് ആയുസ്സു കുറവാണ്. യോഗ്യതയാണു പ്രധാനം എന്ന അന്തിമവിധിയാൽ നല്ല കൃതി അതിന്റെ പുതിയ പാത കണ്ടെത്തും, കൂടുതൽ കരുത്തോടെ പ്രയാണം തുടരും. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ഉദാഹരണമാണ് പി. വി. തമ്പിയുടെ പുസ്തകങ്ങൾ. ഒരു കാലത്തു മലയാളി വായനക്കാരെ ഏറെ ആകർഷിച്ച അദ്ദേഹത്തിന്റെ മികച്ച നോവലുകളെല്ലാം പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴും പുതുമ നശിക്കാത്ത ആശയങ്ങളാലും അവതരണത്താലും നവവായനക്കാരിലേക്കും അവയോരോന്നും കടന്നു ചെല്ലുന്നു, ഏറ്റെടുക്കപ്പെടുന്നു.
പി. വി. തമ്പിയുടെ എണ്ണം പറഞ്ഞ നോവലുകളായ സൂര്യകാലടി, കൃഷ്ണപ്പരുന്ത്, അവതാരം, പള്ളിവേട്ട എന്നിവ മനോരമ ബുക്സാണ് വീണ്ടും വിപണിയിലെത്തിച്ചിരിക്കുന്നത്. ആശയങ്ങളുടെ വൈവിധ്യത്താലും അവതരണത്തിന്റെ മൂർച്ചയാലും ജനപ്രിയവായനയെ തൃപ്തിപ്പെടുത്തുന്നവയാണ് ഇവയോരോന്നുമെന്നത് എടുത്തുപറയണം.
മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്നു ‘കൃഷ്‌ണപ്പരുന്ത്’. യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ. പുത്തൂരിലെ പരിശീലന നടപടികൾ അയാൾ ലംഘിക്കുന്നതോടെ ആഖ്യാനം അതിന്റെ പുതിയ തലങ്ങളിലേക്കു കടക്കുന്നു. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച മറ്റൊരു നോവൽ മലയാളത്തിലുണ്ടായിട്ടില്ലെന്നതു വെറും വിശേഷണമല്ല. പിന്നീടു സിനിമയായപ്പോഴും ‘കൃഷ്‌ണപ്പരുന്ത്’ മലയാളത്തില്‍ എക്കാലവും ഓർമിക്കപ്പെടുന്ന സൃഷ്ടികളിലൊന്നായി. ഹിന്ദി, തമിഴ് ഭാഷകളിൽ പരിഭാഷകളുമെത്തി.
കോടതിരംഗങ്ങളും വക്കീൽ ജീവിതവും പ്രമേയമാകുന്ന ‘അവതാരം’ ഒരു സാമൂഹികനോവലാണ്. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച നായകന്റെ ജീവിതത്തിലേക്കു അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുന്നതാണ് ആഖ്യാനം.

കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കുവാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകളാണ് ‘പള്ളിവേട്ട’യിലുള്ളത്. കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്ന ഈ രചന പി. വി. തമ്പിയുടെ ജനപ്രിയ മാന്ത്രികനോവലുകളിലൊന്നാണ്.
കൂട്ടത്തിൽ ബെസ്റ്റ് സെല്ലറാണ് ‘സൂര്യകാലടി’. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക – രാഷ്ട്രീയ ജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ അദ്ദേഹം. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. ആദ്യം രണ്ടു ഭാഗങ്ങളായി വായനക്കാരെ തേടിയെത്തിയ ഈ നോവൽ പിന്നീടു ഒന്നിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു.
മലയാളത്തിലെ നോവൽ സാഹിത്യത്തിൽ ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട പേരാണ് പി.വി.തമ്പി എന്ന പി.വാസുദേവൻ തമ്പിയുടേത്. 1934 ഏപ്രിൽ 28 - നു ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട്, കളരിക്കൽ പി. കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും അഞ്ചുമക്കളിൽ മൂത്തവനായാണ് പി. വി. തമ്പിയുടെ ജനനം. എം എ, എൽ എൽ ബി, AFII ബിരുദങ്ങൾ നേടി. പത്തൊൻപതാം വയസിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി നേടിയ അദ്ദേഹം ഓഫിസ് ജോലിയുടെ മടുപ്പ് മാറ്റാനാണ് എഴുത്തിൽ സജീവമായത്. നാൽപതു വയസിനു ശേഷമാണ് ആദ്യ നോവൽ ‘ഹോമം’ പ്രസിദ്ധീകരിച്ചത്. ആ കൃതി സ്വീകരിക്കപ്പെട്ടു.1979 ലെ കുങ്കുമം അവാർഡും ലഭിച്ചു. അതോടെ എഴുത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. നിരന്തരം എഴുതി. കൃഷ്ണപ്പരുന്ത്, അവതാരം, കർമ്മബന്ധനം, ആത്മവൃത്തം, ഭ്രാന്തി, അഗ്നിരതി, അക്ഷരപൂജ, ആനന്ദഭൈരവി, കസ്തൂരി എന്നിങ്ങനെ പതിനഞ്ചോളം നോവലുകളിൽ മിക്കതും ജനപ്രിയമായി. ചേരസാമ്രാജ്യത്തിന്റെ വളർച്ചയും കേരളത്തിന്റെ ഉത്ഭവവും സംബന്ധിച്ച ചരിത്രവും ഐതിഹ്യങ്ങളും ഭാവനയും കൂടിച്ചേർന്ന, മലയാളത്തിലെ ഏറ്റവും വലിയ നോവലിനു വേണ്ടിയുള്ള എഴുത്തുനിടെ, 2006 ജനുവരി 30 നായിരുന്നു പി. വി. തമ്പിയുടെ മരണം. അതിനോടകം ആദ്യ അധ്യായങ്ങൾ എഴുതിയിരുന്നു. തുടർന്നുള്ളവയുടെ ചില കുറിപ്പുകളും തയാറാക്കി. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ആയിടെ ഹരിപ്പാട്ടെ തമ്പിയുടെ വീട്ടിൽ കള്ളന്മാർ കയറി. തമ്പിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി മകൾ സ്വപ്നയോടൊപ്പം ഹൈദരബാദിലേക്കു മാറിയിരുന്നു. വിലപിടിപ്പുള്ളവതെന്തെങ്കിലുമുണ്ടോ എന്നു തിരയുന്നതിനിടെ, തമ്പിയുടെ മുറിയിലുണ്ടായിരുന്ന കടലാസുകൾ കള്ളൻമാർ വലിച്ചു കീറി. അക്കൂട്ടത്തിൽ ആ വലിയ നോവലിന്റെ കയ്യെഴുത്തു പ്രതികളുമുണ്ടായിരുന്നു. മോഷണത്തെത്തുടർന്ന് വീട് അലങ്കോലമായെന്നറിഞ്ഞ വിജയലക്ഷ്മി, നാട്ടിലെത്തുന്നതിനു മുൻപു തന്നെ വീടു വൃത്തിയാക്കാൻ നിർദേശിച്ചിരുന്നു. വീടു വൃത്തിയാക്കാനെത്തിയവരാകട്ടേ, കീറിയിട്ടിരുന്ന കടലാസ്സുകളെല്ലാം വാരിയിട്ടു കത്തിച്ചും കളഞ്ഞു. അങ്ങനെ ആർക്കും വായിക്കാനാകാതെ പി. വി. തമ്പിയുടെ അവസാനരചന ഇല്ലാതെയായി.
ഇപ്പോഴിതാ, അദ്ദേഹത്തിന്റെ കൃതികളെ കാലം വീണ്ടെടുത്തിരിക്കുന്നു, പുതിയ തലമുറയിലേക്കും ഭാവനയുടെ ആ വലിയ ഇടങ്ങൾ വന്നെത്തുന്നു...