ADVERTISEMENT

ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ അതികായൻമാരെ പരിചയപ്പെടുത്തുന്ന ഈടുറ്റ കൃതിയാണ് പി.രാംകുമാർ എഴുതിയ ‘ന്യൂസ്‌റൂമിലെ ഏകാകികൾ’. ഈ കൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് പത്രപ്രവർത്തകനും എഴുത്തുകാരനുമായ വി.ജയദേവ് എഴുതിയതു വായിക്കാം –

ജനാധിപത്യപരമായ ഏതു പോരാട്ടത്തിലുമുണ്ട് അതിനെ ഒരു ജന്മനിയോഗമായി കൊണ്ടുനടക്കുന്ന കുറെ പോരാളികൾ. അതുപോലെ പത്രപ്രവർത്തനരംഗത്തും.
മാധ്യമപ്രവർത്തനത്തിന്റെ മുഖലാക്ഷണികരംഗത്ത് അറിയപ്പെടാതെ പോകുന്ന കുറേ ആളുകൾ. അവർ അൺസങ് ഹീറോസ് എന്നാണ് അറിയപ്പെടുന്നത്. വാഴ്ത്തുപാട്ടുകളോ സ്തുതിഗീതങ്ങളോ ഇല്ലാതെ ഓരോ മാധ്യമത്തിന്റെയും നിലപാടുകളും തൽസ്ഥിതിയുടെ തിരുത്തുകളുമായി അതിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്ന പത്രാധിപന്മാരും പത്രാധിപസമിതിയിലെ അംഗങ്ങളും. അവരെ ഓർമ്മിച്ചെടുക്കുകയാണ് പി. രാംകുമാർ തന്റെ പുതിയ പുസ്തകത്തിലൂടെ.
‘ന്യൂസ് റൂമിലെ ഏകാകികൾ’ എന്ന വിശേഷണം വളരെ പ്രസക്തവും പ്രാധാന്യവുമേറിയതു തന്നെ.
മാധ്യമങ്ങളുടെ മുഖലാക്ഷണികതയും രാഷ്ട്രീയവും വായനക്കാർക്കും പ്രേക്ഷകർക്കും മുമ്പിൽ എത്തിക്കാൻ അവരൊക്കെ അവരുടെ ജീവിതം കൊണ്ടു തന്നെ നടത്തിയ പോരാട്ടങ്ങളുടെ കഥ കൂടിയാവുന്നു ഇത്.
ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ കുലപതികളായ പോത്തൻ ജോസഫ്, എം.ചലപതി റാവു, ഫ്രാങ്ക് മൊറെയ്സ്, ആർ.കെ.കരഞ്ചിയ, കൃഷ്ണരാജ്, ഖുഷ്വന്ത് സിങ്, എസ്.മുൾഗോങ്കർ, വിനോദ് മേത്ത, സി.പി.രാമചന്ദ്രൻ, നിഖിൽ ചക്രവർത്തി, എം.ശിവറാം, കേണൽ ഉണ്ണി നായർ, കാർട്ടൂണിസ്റ്റ് അബു എബ്രഹാം, ബാൽ താക്കറെ, ടി.എസ്.സത്യൻ, എസ്.ജയചന്ദ്രൻ നായർ എന്നിവരെയാണ് രാംകുമാർ പരിചയപ്പെടുത്തുന്നത്.
എന്നാൽ ഇത്തരം വ്യക്തികളുടെ സ്വകാര്യ ജീവിതഗതിയല്ല ഇതിൽ തെളിയുന്നത്. ഇന്ത്യൻ മാധ്യമപ്രവർത്തനത്തിന്റെ കഥ എന്നാൽ അതതു കാലഘട്ടത്തിലെ രാഷ്ട്രീയത്തിന്റെ നേരനുഭവങ്ങളും ഇടപെടലുകളും കൂടി ആവുന്നുണ്ട്. തികച്ചും ജനപക്ഷത്തു നിന്നുകൊണ്ട് തന്റെയും പത്രത്തിന്റെയും രാഷ്ട്രീയം തന്നെയാണ് അവർ അവരുടെ വാക്കുകളിലൂടെ, ലേഖനങ്ങളിലൂടെ, വാർത്തകളിലൂടെ, മുഖപ്രസംഗങ്ങളിലൂടെ വെളിവാക്കുന്നതും. അതുകൊണ്ടുതന്നെ രാംകുമാറിന്റെ പുസ്തകത്തിലെ വിവരണങ്ങൾ സ്വതന്ത്ര ഇന്ത്യയിലെ ഓരോ കാലഘട്ടത്തിലെയും രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും സത്യസന്ധമായ നേർവിവരണം കൂടിയാകുന്നു.
സാധാരണ രീതിയിൽ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജീവചരിത്രക്കുറിപ്പുകളുടെ യോണറിൽ നിന്ന് രാംകുമാറിന്റെ പുസ്തകത്തിന്റെ ഡിഎൻഎ വേറിട്ടു നിൽക്കുന്നതും രേഖപ്പെടുത്തപ്പെടുന്നതും അങ്ങനെയാണ്. അനേക വർഷങ്ങളുടെ ഗവേഷണം കൊണ്ടു മാത്രം രചിക്കാൻ സാധിക്കുന്ന മാധ്യമപ്രവർത്തനത്തിന്റെ രാഷ്ട്രീയ ചരിത്രം. രണ്ടോ അതിലധികമോ പതിറ്റാണ്ടുകളുടെ നിരന്തരമായ ഗവേഷണം കണ്ടെത്തിയ ഈ അറിവ് ശേഖരം സാധാരണ ജീവചരിത്രങ്ങളുടെ പതിവ് വാർപ്പുനിർമ്മിതികളിൽ നിന്നു വേറിട്ടുനിൽക്കുന്നത് അതുകൊണ്ടാണ്. ഓരോ കാലത്തും ഓരോ മാധ്യമവും എങ്ങനെയാണ് രാഷ്ട്രീയമായി ചിന്തിച്ചതെന്ന, വായനയുടെയും പത്രമാധ്യമത്തിലൂടെയുമുള്ള അറിവുകളുടെ തീക്ഷ്ണതയുടെ തിളനില ഈ പുസ്തകത്തിലെ ഓരോ വരികൾക്കിടയിലും ഉണ്ട്.
പുതിയ തലമുറയിൽ പെട്ടവർക്ക് അന്യമായ വായനയിലൂടെ ആർജിക്കപ്പെടുന്ന ഉൾക്കാഴ്ചകൾ കൂടിയാവുന്നു ഇതൊക്കെ. മറ്റു സാധാരണ വിവര ഉറവിടങ്ങളിൽ നിന്നു കിട്ടാത്ത അറിവുകൾ ഒട്ടേറെ ഈ പുസ്തകത്തിലുണ്ട്.
ഇതിനു മുമ്പു പി. രാംകുമാർ രചിച്ച പുസ്തകം എടത്തട്ട നാരായണന്റെ ധൈഷണിക പ്രപഞ്ചങ്ങളെയാണു വെളിച്ചത്തു കൊണ്ടുവന്നത്. ഈ പുസ്തകത്തിൽ ആ തലമുറയിലും പിന്നാലെ വന്ന തലമുറകളിലും പെട്ട ഒട്ടേറെ പേരുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഇ.സി.ജി രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരുപക്ഷേ നാളെ ഇവരൊക്കെ ഓർമിക്കപ്പെടുന്നതുതന്നെ ഈ പുസ്തകം നിമിത്തമായിരിക്കും.
ഒറ്റ വായനയിൽ തീരുന്ന ഇന്നത്തെ വിവരശേഖരണത്തിന്റെ പതിവു ശൈലിയിൽ നിന്ന് വേറിട്ട ഈ പുസ്തകം വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും ഉത്തമം. ഒരു കാലഘട്ടത്തിന്റെ ധൈഷണിക വിചാരങ്ങളുടെ, രാഷ്ട്രീയ ഇടപെടലുകളുടെ ഹൃദയസ്പന്ദനങ്ങൾ കൂടിയാണ് ഈ പുസ്തകം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT