ADVERTISEMENT

കോഴിക്കോടൻ ഓണം ഓർമകളെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ മുഹമ്മദ്‌റാഫി എൻ. വി. എഴുതുന്നു –

കുറെയൊക്കെ നഗരസ്വഭാവം കൈവരിക്കാൻ ശ്രമം പണ്ടുമുതലേയുണ്ടായിരുന്ന ഗ്രാമമായിരുന്നു എന്റെ ദേശം. കോഴിക്കോട് ജില്ലയിലെ പഴയ കുറുംബ്രനാട്ട് താലൂക്കിലെ നടുവണ്ണൂർ. അന്നവിടെ ഹൈസ്‌കൂൾ, ബാങ്ക്, സിനിമാൾ, ചെറിയ കച്ചവടപീടികകൾ തുടങ്ങിയ കേരളത്തിലെ അത്യാവശ്യം വികസിച്ച ഗ്രാമങ്ങളിൽ കാണുന്ന സൗകര്യങ്ങളെ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ മാളും മൂന്നാല് പെട്രോൾ പമ്പുകളും ബാങ്കുകളും ബസ്റ്റാന്റും കല്യാണ മണ്ഡപവുമൊക്കെയായി വികസിച്ചു. എന്നാലും ഗ്രാമസ്വഭാവം കൈവിട്ടിട്ടുമില്ല. എല്ലാ വിഭാഗം മനുഷ്യരും ഏതാണ്ട് തുല്യമായി വസിക്കുന്ന സ്ഥലമാണത്. എല്ലാ രാഷ്ട്രീയപാർട്ടികളിലും പ്രവർത്തിക്കുന്നവരും അംഗങ്ങളും അനുഭാവികളും ഏതാണ്ട് തുല്യം. അങ്ങനെ നോക്കിയാൽ ഒരു മിശ്ര ജീവിത സംസ്കാരം വളരെ പ്രത്യക്ഷത്തിൽ തന്നെ അവിടെ എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഏകാധിപത്യപരമായ സംസ്കാരത്തെ പ്രതിരോധിക്കുന്ന ഒരു സവിശേഷത ഞങ്ങളുടെ ഗ്രാമത്തിന് എക്കാലത്തുമുണ്ട്. ഓണവും ബക്രീദും കൃസ്തുമസ്സും വിഷുവുമെല്ലാം എല്ലാവരും പങ്കെടുത്ത് ആഘോഷിക്കും. ഓണവും വിഷുവും ഹിന്ദു ഗൃഹങ്ങളിലാണ് കൂടുതലും ആഘോഷിക്കുക. അവിടെ സദ്യയും വിശേഷപ്പെട്ട രണ്ടോ മൂന്നോ തരം പായസങ്ങളും മറ്റുമുണ്ടാവും. ചെറിയ പെരുന്നാളും വലിയ പെരുന്നാളും മുസ്ലിം വീടുകളിൽ ആഘോഷിക്കും. ബിരിയാണി, കറിപ്പായസം, നെയ്‌ച്ചോറ് തുടങ്ങിയവ കാണും. മിശ്രജീവിത സംസ്കാരമാണ് നിലനിൽക്കുന്നത് എന്നതിനാൽ ഈ ആഘോഷ ദിവസം അയല്‍പക്കക്കാർ അങ്ങോട്ടുമിങ്ങോട്ടും പോവുകയും ഭക്ഷണവും പായസവുമൊക്കെ കൈമാറുകയും ചെയ്യും.

എന്റെ ഓണാഘോഷങ്ങൾ മിക്കപ്പോഴും സുഹൃത്തുക്കളോടൊപ്പമായിരുന്നു. വി. എം. മനോജിന്റെയോ ഷാജിയുടെയോ മറ്റാരുടെയെങ്കിലുമോ വീടുകളിലായിരിക്കും പലപ്പോഴും ഒത്തു ചേരുക, ഒന്നാം ഓണം തുടങ്ങി മൂന്നാം ഓണം വരെ. ചിലപ്പോൾ അതും കഴിഞ്ഞുള്ള ദിനങ്ങളും ഉൾപ്പെടും. ഈ വീടുകളിൽ മാത്രമല്ല കോഴിക്കോട് നഗരത്തിലേക്കും ആഘോഷം നീളും. അവിടെ എഴുത്തുകാരായ കുഞ്ഞിക്കയും അക്ബർ കക്കട്ടിലും ടി. പി. രാജീവേട്ടനും വി. ആർ. സുധീഷും പി. ടി. മുഹമ്മദ് സാദിക്കും പ്രദീപ്കുമാർ കാവുന്തറയും സി. ജെ. ജോർജ് തുടങ്ങിയവരുമൊക്കെയുണ്ടാവും. ഒന്നോ രണ്ടോ ദിവസം അടുത്ത് തന്നെയായ മുചുകുന്നിലെ ബി എ ക്ലാസ്മേറ്റ് ബാബുവിന്റെ വീട്ടിലേക്ക് യാത്ര പോവും.

muhammad-rafi-nv-onam-2025

സുധീഷ്‌ മാഷ് നടത്തുന്ന ബാബുരാജിന്റെയും ഭാസ്കരൻ മാഷുടെയും മറ്റും പാട്ടുകളുടെ സ്റ്റേജ് പെർഫോമൻസായിരുന്നു ഇന്നും മറക്കാൻ സാധിക്കാത്ത ഓണോർമ. മാഷ് അളകാപുരി റോസ്കോട്ടേജിലെ അലമാരവാതിലിൽ താളം പിടിച്ച് പാടാൻ തുടങ്ങിയാൽ പ്രേംനസീറായും സത്യനായും മറ്റും പരകായപ്രവേശം ചെയ്ത് പെർഫോം ചെയ്ത് തകർക്കും. മൊബൈലിൽ വിഡിയോ ഷൂട്ട് തുടങ്ങിയ കാലത്ത് മാഷ് നടത്തിയ അത്തരം ചില ആട്ടക്കലാശങ്ങൾ ഇന്നും എന്റെ ഗാലറിയിൽ ഉണ്ട് എന്നാണോർമ.

അങ്ങനെ ഒന്നോ രണ്ടോ ഓണോർമ്മകളിൽ എഴുതിയാൽ തീരാത്തത്ര അളകാപുരിയിലെ പകലുകളും പകലുകളായി മാറിയ രാവുകളും ആനന്ദത്തോണിയിലേറി പോയ സൗഭാഗ്യം ഭൂതകാലത്ത് ലഭിച്ചിരുന്നു. ജീവിച്ച കാലം എന്ന് നിശ്ചയിച്ച് പറയാവുന്ന വിധം മനോഹരമായ ദിനങ്ങളായിരുന്നു അവ.

ഓണത്തെക്കുറിച്ചുള്ള ഭൂതകാല സ്മൃതി പലപ്പോഴും പൂക്കളുടെ ഗന്ധവും പേറിയുള്ള ഒരു ഗൃഹാതുരത്തോണി എന്നിലേക്ക് ഒഴുക്കിക്കൊണ്ട് വരാറുണ്ട്. ഗുരുവായൂരപ്പൻ കോളജിൽ നിന്നാണ് ഓണപ്പൂക്കളുടെ ഗന്ധം അല്ലെങ്കിൽ ഓണത്തെ ഓർക്കുമ്പോൾ പൂക്കളുടെ ഗാഢമായ ഗന്ധമായി അത് പടരുന്ന ഗതകാലസ്മൃതി രൂപാന്തരം പ്രാപിച്ചത് എന്നു തോന്നുന്നു. ഓണാഘോഷത്തിന് കോളജ് അടയ്ക്കുന്ന രണ്ടു ദിവസം മുന്നേ തന്നെ കോളജിന് മുല്ലപ്പൂവിന്റെയും തുമ്പ, കാക്കപ്പൂവ്, തുളസി, വെരുകിൻപൂവ്, മുക്കുറ്റി, കൃഷ്ണമുടി, കൊങ്ങിണി, അതിരാണി തുടങ്ങിയ ഓണപ്പൂക്കളുടെ ഇടകലർന്ന ഗന്ധമാണ്. മുല്ലപ്പൂഗന്ധം പെൺകുട്ടികളുടെ മുടിയിൽ നിന്നാണു വരിക. അധ്യാപകനായി ജോലി നോക്കിയ വർഷങ്ങളിലെല്ലാം ഇതേ ഗന്ധം ഓണക്കാലത്ത് വിദ്യാലയങ്ങളിൽ നിന്നു പടരും. വെക്കേഷൻ തുടങ്ങുന്ന രണ്ട് ദിവസം മുന്നേ വിദ്യാലയങ്ങൾ ഓണപ്പൂക്കളുടെ ഗന്ധം പേറുന്ന ഒരു പൂക്കളുടെ തീവണ്ടിയായി രൂപം മാറും. അക്കാലങ്ങളിൽ അതും മൂക്കിൽ വലിച്ചു കയറ്റി നടക്കാൻ ഒരു പ്രത്യേക സുഖമാണ്.

അങ്ങനെ പൂക്കളുടെ ഗന്ധത്തിന്റെയും ഓണത്തോണിയുടെയും സൗഹൃദത്തിന്റെയും വസന്തം തീർത്ത കാലമാണ് എനിക്കെന്റെ ഗൃഹാതുരത്വം മണക്കുന്ന ഓണങ്ങൾ...

ADVERTISEMENT