പ്രശസ്ത ചലച്ചിത്ര നിരൂപകനും കഥാകൃത്തും അധ്യാപകനുമായ രാജേഷ് എം.ആർ. എഴുതിയ പുതിയ പുസ്തകമാണ് ‘സിനിമകളിലെ ദലിത് ദൃശ്യതകൾ : പ്രതിനിധാനം, സംസ്കാരം, രാഷ്ട്രീയം’. ഈ പുസ്തകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ഗ്രന്ഥകാരൻ എഴുതിയതു വായിക്കാം –
നായകന്റെ പിന്നിൽ കോറസ്സായും സുഹൃത്തായും പിന്നെ വില്ലനായും മുഖ്യ വില്ലന്റെ പിന്നിൽ സഹായിയായുമൊക്കെയാണ് ദലിത് കഥാപാത്രങ്ങളെ ആദ്യകാലത്ത് സിനിമകളിൽ കണ്ടിരുന്നത്. പിന്നെ ചില നടന്മാരിലൂടെ ദലിത് നായക കഥാപാത്രങ്ങളുണ്ടായി തുടങ്ങി. ദുരന്തകഥാപാത്രങ്ങളാകുന്ന ദലിത് കഥാപാത്രങ്ങളും സിനിമകളിൽ ഒരുപാട് ചിത്രീകരിക്കപ്പെട്ടു. ഇത്തരം സിനിമകൾ കണ്ടുകൊണ്ടിരുന്നപ്പോഴാണ് മലയാള സിനിമയിലെ ദലിത് ദൃശ്യതകളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്.
2008 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുവ എഴുത്തുകാർക്കുള്ള എൻ വി കൃഷ്ണവാരിയർ അവാർഡ് എന്റെ ഒരു ലേഖനത്തിന് ലഭിക്കുകയുണ്ടായി. ‘പച്ച മലയാള കൃതികളിലെ ദലിത്, സ്ത്രീസ്വത്വ ആവിഷ്ക്കാരങ്ങൾ’ എന്നതായിരുന്നു ആ ലേഖനത്തിന്റെ ശീർഷകം. പി എച്ച് ഡി അവാർഡ് ചെയ്തതിനു ശേഷം ഇനിയെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് ദലിത് വിഷയവും സിനിമയും സംബന്ധിച്ച ലേഖനങ്ങൾ എഴുതി തുടങ്ങുന്നത്. ജനപ്രിയ സംസ്കാരവും ഫോക്, ക്ലാസിക് കലകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ലേഖനം അങ്ങനെ എഴുതുകയുണ്ടായി. ഈ ലേഖനങ്ങൾക്കു ശേഷമാണ് ദലിതർ മലയാള സിനിമയിൽ ആവിഷ്ക്കരിക്കപ്പെട്ടതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന ഒരു പുസ്തകത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് പോയത്. അക്കാലത്ത് മലയാളത്തിൽ സിനിമയിലെ ദലിത് പ്രതിനിധാനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ പലരും എഴുതാറുണ്ടായിരുന്നു. എന്നാൽ പുസ്തകങ്ങൾ കണ്ടിരുന്നില്ല. പല പുസ്തകങ്ങളിലും ഇത്തരം വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങൾ ഉണ്ടായിരുന്നു. ദലിത് വൈജ്‌ഞാനികതയിലൂന്നിയ നിരവധി പുസ്തകങ്ങൾ വരുന്ന കാലം. അത്തരം പുസ്തക വായനകളാണ് ഈ വിഷയത്തിലൂന്നിയ നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളുമെഴുതാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. കെ. കെ. കൊച്ച്, കെ. കെ. ബാബുരാജ്, ടി. ടി. ശ്രീകുമാർ, സണ്ണി കപിക്കാട്, കെ.എം. സലിം കുമാർ, അജയ് ശേഖർ, ഒ.കെ. സന്തോഷ്, എം. ബി. മനോജ് എന്നിവരുടെ എഴുത്തുകളുടെ ഊർജ്ജം ഈ പുസ്തകത്തിന്റെ രചനാവേളകളിൽ കടന്നുവന്നിട്ടുണ്ട്. പി. എസ്. രാധാകൃഷ്ണൻ,വി. കെ. ജോസഫ്, ജി. പി. രാമചന്ദ്രൻ, സി. എസ്. വെങ്കിടേശ്വരൻ, എൻ. പി. സജീഷ്, കെ. പി. ജയകുമാർ എന്നിവരുടെ ചലച്ചിത്രലേഖനങ്ങളും റഫറൻസുകളായി.
കെ. പി. ജയകുമാറിന്റെ ‘ജാതി വ്യവസ്ഥയും മലയാള സിനിമയും’ (2014) എന്ന പുസ്തകമുണ്ടാക്കിയ അവബോധം വളരെ വലുതാണ്. വ്യത്യസ്ത വിഷയങ്ങളിലൂന്നിയ പ്രബന്ധങ്ങളിലേക്ക് എന്റെ അന്വേഷണത്തെ മുന്നോട്ടു നയിക്കാനും ഈ പുസ്തകം കാരണമായിട്ടുണ്ട്. ഏതു പുസ്തകവും മുൻ പഠനങ്ങളുടെ, പൂർവ്വ പഠനങ്ങളുടെ തുടർച്ചകളും ഇടർച്ചകളും വിമർശനങ്ങളുമാണല്ലോ. കേരളീയ സമൂഹത്തിൽ ദലിത് ജീവിതങ്ങളുടെ തകർച്ചയും ദുരന്തങ്ങളുമെല്ലാം കരളലിയിപ്പിക്കുന്ന വാർത്തകളായി അച്ചടി, ദൃശ്യമാധ്യമങ്ങൾ പലപ്പോഴും അവതരിപ്പിക്കാറുണ്ടല്ലോ. ആൾക്കൂട്ട കൊലപാതകത്തിനിരയായ ആദിവാസി യുവാവായിരുന്ന മധു, ഹൈന്ദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമ്മുല എന്നിവരുടെ വാർത്തകൾ ഇത്തരത്തിലുള്ളതായിരുന്നു. എന്നാൽ ദലിത് വ്യക്‌തികളുടെ വിജയങ്ങളോ, അതിജീവനങ്ങളോ അതേ പോലെ ദലിത് പ്രസ്ഥാനങ്ങളുടെ സമരങ്ങളോ പ്രതിഷേധങ്ങളോ വാർത്തകളിലിടം പിടിക്കാറില്ല. ഇനി വാർത്ത വന്നാൽ തന്നെ അതിന് പ്രതിലോമ സ്വഭാവം ഉണ്ടായിരിക്കാം. കലാഭവൻ മണിയുടെ ഭിന്നശേഷി, ദുരന്തകഥാപാത്രങ്ങളാണ് കൂടുതലും മലയാളത്തിൽ ആഘോഷിക്കപ്പെട്ടത്. സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന ഈ പുസ്തകം അതിനാൽ തന്നെ ദലിത് പ്രതിനിധാനങ്ങളുടെ വൈവിധ്യങ്ങളെയാണ് അന്വേഷിക്കാൻ ശ്രമിച്ചത്. മലയാള സിനിമയിൽ ദലിതരെ എങ്ങനെയൊക്കെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത് ? ദലിത് ജനതകളുടേയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധാനങ്ങൾ പലപ്പോഴും ദൃശ്യമാധ്യമങ്ങളിലും കലകളിലും പ്രതിലോമപരമായിട്ടാണ് അവതരിപ്പിക്കാറുളളത്. ദളിത്ചരിത്രത്തെയും വർത്തമാനത്തെയുമെല്ലാം ഗുപ്തമാക്കിവയ്ക്കുക എന്നത് ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെയുളള സമകാലിക കേരളീയ മണ്ഡലത്തിലും കണ്ടുവരുന്നുണ്ട്.

ദലിത് പ്രതിനിധാനങ്ങളിലെ ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം എന്നിവ മലയാളസിനിമയിൽ എപ്രകാരമാണ് ആവിഷ്‌കരിക്കപ്പെടുന്നതെന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ വർത്തമാനകാലത്തെ ദലിത് രാഷ്ടീയവും ദലിത്ചരിത്രവും സംസ്‌കാരവുമെല്ലാം തിരിച്ചറിയാം. കൂടാതെ പാരിസ്ഥിതികവും ലിംഗപരവുമായ പ്രശ്‌നങ്ങൾ ദലിതരുടെ ഇത്തരം പ്രതിനിധാനങ്ങളെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്നും മനസ്സിലാക്കാം. മലയാള സിനിമാഗാനങ്ങളും ഫോക് സംഗീതവും, ജാതി, പാർപ്പിടം, തൊഴിൽ, ഭൂമിയുടെ അധികാരം എന്നിവ സിനിമകളിൽ, ബ്രാഹ്മണിക പ്രത്യയശാസ്ത്രങ്ങൾക്കെതിരെയുളള ദലിത് വിമർശനങ്ങൾ, ദലിത് ശരീരവും ഭാഷയും, ദുരഭിമാനക്കൊലയും ജാതിയും, ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ, സെൻസർ ചെയ്യുന്ന ദലിത് രാഷ്ട്രീയം, ആദിവാസി രാഷ്ട്രീയം സമകാലിക മലയാള സിനിമകളിൽ, തമിഴ് പടത്തിലെ ദലിത് ജീവിതങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങളൊക്കെ ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ സിനിമകളിലെ ദലിത് പ്രതിനിധാനങ്ങളിലെ സംസ്കാരവും രാഷ്ടീയവും വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് ‘സിനിമകളിലെ ദലിത് ദൃശ്യതകൾ.’ ഈ ബുക്കിന്റെ പ്രസാധകർ കൊച്ചി, പ്രണത ബുക്സ്. വർത്തമാനകാലത്ത് നിരവധി ദലിത് സംവിധായകർ പുതിയ ദൃശ്യഭാഷ്യങ്ങളൊരുക്കി മലയാള സിനിമയിലേക്കു കടന്നുവന്നു കൊണ്ടിരിക്കുകയാണ്. ആർ. എൽ. വി. രാമകൃഷ്ണൻ ജാതീയമായ അധിക്ഷേപത്തിനിരയാകുന്നതും ആദിവാസിയായ മധു ആൾക്കൂട്ടക്കൊലപാതകത്തിനിരയാകുന്നതുമായ സമകാലിക കേരളീയ സമൂഹത്തിൽ ഈ പുസ്തകത്തിനു പ്രാധാന്യമുണ്ടെന്നു ഞാൻ കരുതുന്നു.