‘എന്റെ കഥ അച്ചടിച്ചു വന്നു, എഡിറ്ററുടെ സുഹൃത്തിന്റെ പേരിൽ’: കഥയിലേക്കു വന്ന വഴികൾ പറഞ്ഞ് ഡി.പി.അഭിജിത്ത്

Mail This Article
മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് ഡി.പി.അഭിജിത്ത്. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂർണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകൾ മാറിത്തീരുമെന്നാണ് പ്രശസ്ത നിരൂപകന്‍ സുനിൽ പി. ഇളയിടത്തിന്റെ വിലയിരുത്തൽ.
അഭിജിത്തിന്റെ ആദ്യകഥാസമാഹാരമാണ് ‘ബ്ലഡ് റവലൂഷൻ’. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്നപ്പൊഴേ ശ്രദ്ധിക്കപ്പെട്ടവയാണ് ഈ പുസ്തകത്തിലെ 9 ചെറുകഥകളും.
‘ബ്ലഡ് റവലൂഷൻ’ ന്റെ പശ്ചാത്തലത്തിൽ തന്റെ എഴുത്തുവഴികളെക്കുറിച്ച് ഡി.പി.അഭിജിത്ത് ‘വനിത ഓൺലൈനിൽ’ എഴുതിയത് വായിക്കാം –
ഞാനൊരു ദുർവൃത്തനായിരുന്നെങ്കിൽ എന്റെ ആദ്യത്തെയും അവസാനത്തെയും ഒളിയിടം പുസ്തങ്ങളായിരിക്കും. ഇന്നോളമുള്ള അലച്ചിലിനിടയിൽ ജീവിക്കാനോ ഒളിച്ചുകഴിയാനോ അതിലും നല്ലൊരിടം എനിക്ക് കണ്ടെുകിട്ടിയിട്ടില്ല. ഏതു വഴി നടന്നാലും ഒടുവിൽ ചെന്നെത്തുക വാക്കുകൾ ചേർത്തു കെട്ടിയ ഒരു മുറിയിലായിരിക്കും. ആയുസ്സിന്റെ നല്ലകാലമെല്ലാം പുസ്തങ്ങൾക്കൊപ്പം ഹോമിച്ചുതീർത്ത ഒരു മനുഷ്യനെ എനിക്കറിയാം. തന്റെ മരണം ഒരു പുസ്തകശാലയിൽ വച്ചായിരിക്കണമെന്ന ഒരേയൊരു ആഗ്രഹമേ അയാളിൽബാക്കിയുണ്ടായിരുന്നുള്ളൂ. തിമിരം ബാധിച്ച കണ്ണുകളുമായി ഇപ്പോഴും വായനശാലയിൽ വന്നിരിക്കാറുള്ള അയാളെക്കാണുമ്പോഴെല്ലാം ഞാനയാളുടെ മരണം ഭാവനചെയ്യും. എന്നിട്ട് എന്റേതും മറ്റൊന്നായിരിക്കല്ലേയെന്ന് പ്രാർത്ഥിക്കും. എന്തൊരു സുന്ദരമായ മരണം. ജീവിതത്തിൽ എന്തെങ്കിലുമൊരു അക്ഷരമെഴുതാനായതിൽ ഞാനെപ്പോഴും കടപ്പാട് വയ്ക്കുക നാട്ടിലെ വായനശാലകളോടാണ്. കൂട്ടിവായിക്കാൻ പഠിച്ചതുമുതൽ അവിടങ്ങളിൽ കയറിയിറങ്ങിയതും എന്തിനാണെന്നറിയാതെ ദിവസക്കണക്കിൽ മത്സരിച്ച് വായിച്ച് ഉറക്കമൊഴിഞ്ഞതുമെല്ലാം ഓർക്കുമ്പോൾ സന്തോഷംവരും. പണ്ട് റബ്ബർഷീറ്റ് കടകൾ കഴിഞ്ഞാൽ നാട്ടിലേറ്റവുമധികം ഉണ്ടായിരുന്നത് വായനശാലകളാണ്.
വൈകുന്നേരങ്ങളിൽ വെടിപറയാൻ ആളുകൾ ഒത്തുകൂടുന്നതും ചന്തച്ചരക്കുകൾക്ക് കൂലികൊടുക്കുന്നതും അവിടെവച്ചാകും. പലരുടേയുമെന്നപോലെ എന്റെയും ആദ്യത്തെ രാഷ്ട്രീയ വിദ്യാഭ്യാസശാല അതായിരുന്നിരിക്കണം. വായനശാലാമുറ്റത്തെ ശബ്ദായനങ്ങളിൽ നിന്ന് അകത്തേയ്ക്ക് കയറുന്നത് നിശബ്ദമഹാസമുദ്രത്തിലേയ്ക്കാണ്. ശബ്ദങ്ങൾക്കുപുറകെ ശരംപോലെ പാഞ്ഞിരുന്ന ഞങ്ങളുടെ ബാല്യത്തെ, മണിക്കൂറുകളോളം അതിനുള്ളിൽ ശാന്തമായി ഇരുത്തിയിരുന്നത് എന്തായിരുന്നു എന്നറിയില്ല. എന്തുതന്നെയായാലും അപരിചിതമായ ഭൂഖണ്ഡങ്ങളിലേയ്ക്ക് ഭാവനയാൽ ഇറങ്ങിച്ചെല്ലാനുള്ള രഹസ്യ വഴികൾ തുറന്നുകിട്ടുന്നത് അവിടെനിന്നാണ്. നിലത്ത് ചമ്മറം പടിഞ്ഞിരുന്ന് ചിത്രകഥകൾ മറിച്ചുതുടങ്ങിയത് മുതൽ ഭാവനയോളം എന്നെ അതിശയിപ്പിച്ച മറ്റൊരു വസ്തുവും ഭൂഗോളത്തിൽ വേറെയില്ല. കൈനീളം വയ്ക്കുന്ന കണക്കിൽ മാറിമാറിവന്ന വായനയുടെ തലങ്ങളിലോരോന്നിലും അതുമാത്രം മാറാതെനിന്നു.
ഭാവനയിൽ ഭ്രമം കിട്ടാതെ നിരാശപ്പെട്ട ഏതോ കാലത്തായിരിക്കണം പുസ്തകങ്ങളിൽ നിന്നും ‘പാഠ’ങ്ങളിൽ മാത്രമായി വായനനിന്നുപോയത്. അന്നേരത്തേക്കും കുട്ടിക്കൈൾക്ക് അപ്രാപ്ര്യമായിരുന്ന തട്ടുകളിലേയ്ക്ക് വായനയെത്തിത്തുടങ്ങിയിരുന്നു. വായനശാല വാർഷികസന്ദർശനത്തിനു മാത്രമുള്ള ഇടമായി. തെന്നിയും തെറിച്ചും വിശേഷങ്ങളൊന്നുമില്ലാതെ കടന്നുപോയ അനേകം വർഷങ്ങൾക്കപ്പുറം എഴുത്തിന്റേയും വായനയുടേയും തട്ടകത്തിലേക്ക് വന്നുപെടുന്നത് തീർത്തും യാദൃച്ഛികമായായിരുന്നു.
നിലമേൽ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം, കേരള സർവ്വകലാശാല യൂണിയൻ സംഘടിപ്പിച്ച ഒരു സാഹിത്യക്യാമ്പിൽ കോളേജ് യൂണിറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കണം. കഥയോ കവിതയോ അയച്ചുകൊടുത്താലേ എൻട്രിയുള്ളു. അത്തരം സാഹസങ്ങൾക്കൊന്നും അതിനുമുൻപ് മുതിർന്നിട്ടില്ലായിരുന്നതുകൊണ്ട് സാഹിത്യമെഴുത്ത് അത്ര വശമില്ല. പക്ഷെ വേറെ നിവർത്തിയില്ലാത്ത സാഹചര്യമായതുകൊണ് ആവള്ളിയും ഏറ്റുപിടിച്ചു. അതിനോടകം ഒരുപാട് കഥകൾ പ്രചരിച്ചിട്ടുണ്ടായിരുന്ന നാട്ടിലെ അറിയാവുന്നൊരു ടാപ്പിങ്ങ് തൊഴിലാളിയെ വച്ചൊന്ന് പയറ്റി. ക്യാമ്പിൽ കയറിപറ്റണം. അത്രയുള്ളു ഉദ്ദേശം. അതുനടന്നു. ക്യാമ്പ് ഡയറക്ടറായിരുന്ന പി.വി. ഷാജികുമാറിന്റെ ‘രസമുണ്ടടാ നീ എഴുതണം’ എന്ന പ്രോത്സാഹനം, എഴുത്തുകാർ സാധാരണ എല്ലാവരോടും തട്ടാറുള്ളതാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി അന്നെനിക്കുണ്ടായില്ല. തിരിച്ചുവന്നപാടെ ചെറിയ തിരുത്തലുകൾനടത്തി കോളേജ് മാഗസിനിലേക്ക് ആ കഥ കൊണ്ടുക്കൊടുത്തു. ചിത്രങ്ങൾ ചേർത്ത് മനോഹരമായി അത് അച്ചടിച്ചും വന്നു; എഡിറ്ററുടെ സുഹൃത്തിന്റെ പേരിൽ. അറിയുന്നവരോടൊക്കെ ഞാനന്ന് സങ്കടംപറഞ്ഞുനടന്നു. എന്തുകാര്യം. വേറൊരു കാര്യംകൂടി അപ്പോഴേയ്ക്കും സംഭവിച്ചിരുന്നു. വളരെനാളായി പിറകെനടന്നിരുന്ന ഒരു പെൺകുട്ടിയെ ഇംപ്രസ്സ് ചെയ്യിക്കാൻ സീനിയർ ചേട്ടന് കഥയുടെ ക്രഡിറ്റ് കൊണ്ട് പറ്റി. അനന്തരഫലമായി, മേലിൽ കഥയുടെ കാര്യവും പറഞ്ഞുനടന്നാൽ കമ്മിറ്റി കായികമായി നേരിട്ടേക്കും. അങ്ങനെ ഞാൻ ചിത്രത്തിൽ നിന്ന് ഔട്ടായി. പക്ഷ, ജീവിതത്തിലാദ്യമായി എഴുതിയ കഥ വേറൊരാളുടെ പേരിലായിപ്പോയതിന്റെ സങ്കടമങ്ങനെ കിടന്നു. ആ വാശിയിലാണ് രണ്ടാമതൊരു കഥ എഴുതിനോക്കുന്നത്. കേട്ടുകേൾവിയുള്ള വാരികകൾക്കെല്ലാം അയച്ചു. കുറച്ചുകാലം കഴിഞ്ഞൊരു രാവിലെ അന്നത്തെ ദേശാഭിമാനിയുടെ എഡിറ്റർ ടി.കെ. രമേശ് ബാബു ഉറക്കത്തിൽനിന്നും വിളിച്ചുണർത്തി, കഥ പ്രസിദ്ദീകരിക്കാനെടുത്ത വിവരംപറഞ്ഞു. അവിടെനിന്നുമാണ് കഥകളുടെ അത്ഭുതകരമായ സാധ്യതകൾ വെളിപ്പെട്ടുകിട്ടുന്നത്. ദേശാഭിമാനിയിൽ അച്ചടിച്ചുവന്ന ചാവിളിയൻ മുതൽ കഴിഞ്ഞ ഏഴു വർഷങ്ങളിലായി എഴുതിയ ഒൻപത് കഥകളാണ് ‘ബ്ലഡ് റവലൂഷൻ’ എന്ന ഈ സമാഹാരത്തിലുള്ളത്.
അന്നത്തെ കോളേജ് മാഗസിനിൽ സംഭവത്തിലെ സീനിയർ പിന്നീട് അതേ പെൺകുട്ടിയെത്തന്നെ കല്യാണം കഴിച്ചു. അവർക്കിപ്പോൾ ഒരു കുട്ടിയുമുണ്ട്. ഒരു കഥകൊണ്ട് ഇത്രയുമൊക്കെ നടക്കുമെങ്കിൽ പിന്നെ വേറെങ്ങോട്ടാണ് വേണ്ടേ. കഥയാൽ പണിത പാലങ്ങളെക്കാൾ ബലമുള്ള നിർമ്മിതികൾ ഭൂമിയിൽ വേറെയില്ലെന്നറിയുന്നതുകൊണ്ട്, ഇതിലും വലിയ സന്തോഷം മറ്റൊന്നിനും തരാനില്ല എന്ന ബോധ്യമുള്ളതുകൊണ്ട് കഥയിൽ തുടരുന്നു.