‘മെയിലിൽ വന്ന അവളുടെ മറുപടി മൂന്നുവട്ടം വായിച്ചു കഴിഞ്ഞാണ് മനസ്സിലായത്, ഞാൻ ഒരുപാട് വൈകിയെന്ന്’: മലയാളത്തിലെ ആദ്യ സോമ്പി നോവലിന്റെ കഥ
Mail This Article
രക്‌തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷന്റെ എല്ലാ സാധ്യതകളും വളരെ രസകരമായി ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.
‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ എന്ന നോവലിലേക്ക് എത്തിപ്പെട്ടതിന്റെ കഥ ‘വേതാളങ്ങളുടെ മാജിക്ക്’ എന്ന പേരിൽ നോവലിസ്റ്റ് സന്ദീപ് എസ്. ‘വനിത ഓൺലൈനിൽ’ എഴുതിയത് വായിക്കാം –
മായാജാലത്തിൽ വിശ്വാസമില്ലാത്തവരുടെ ജീവിതത്തിൽ അദ്‌ഭുതങ്ങൾ സംഭവിക്കില്ല- പ്രശസ്‌തനായ എഴുത്തുകാരൻ നീൽ ഗെയ്മാന്റെ വാക്കുകളാണിത്. വർഷങ്ങളോളം മായാജാലങ്ങളിൽ വിശ്വാസമർപ്പിക്കാതിരുന്ന ഒരുവൻ ഒടുവിൽ ജീവിതത്തിലെ മായാജാലം കണ്ടെത്തിയ കഥ ഞാനിവിടെ കുറിക്കട്ടെ.
കോളേജിൽ പഠിക്കുന്ന കാലത്ത് ഏറെനാൾ മനസ്സിൽ താലോലിച്ചു കൊണ്ടുനടന്ന ഒരു പ്രണയമുണ്ടായിരുന്നു- ഒരു കൗമാരക്കാരന് മാത്രം സാധിക്കുന്ന നിസ്വാർത്ഥവും നിഷ്കളങ്കവുമായ പ്രണയം. ഓരോ ദിവസവും അവളെ കാണുമ്പോഴും, കണ്ണുകൾ തമ്മിലിടയുമ്പോളും, ഒരു വാക്ക് മിണ്ടുമ്പോഴും ഉള്ളിൽ നുരഞ്ഞുപൊങ്ങുന്ന ആനന്ദത്തിനെ പുറത്തേക്ക് തുളുമ്പാതെ ഞാൻ അടക്കി നിറുത്തി. ഒരു മധ്യവർത്തി അണുകുടുംബത്തിലെ മൂത്ത സന്തതിയായിരുന്നു ഞാൻ. അവളാകട്ടെ ഒരു വലിയ കൂട്ടു കുടുംബത്തിൽ വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവൾ. അവളുടെ സുഹൃദ്‌വലയത്തിലുള്ളവർ മിക്കവാറും സമൂഹത്തിന്റെ മേലേത്തട്ടിലെ ആളുകളായിരുന്നതിനാൽ തന്നെ അതിനിടയിൽ കടക്കുവാനോ അവരുടെ കൂടെയുള്ളപ്പോൾ അവളോട് മിണ്ടാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. അന്ന് ഞാനനുഭവിച്ച അപകർഷതാബോധത്തിന് ഇന്നത്തെക്കാലത്ത് കുറച്ചു കൂടി യോജിച്ചൊരു പേരുണ്ട്- imposter syndrome. സൗഹൃദത്തിനപ്പുറം മറ്റൊന്നും അവളോട് പ്രകടിപ്പിക്കാതെ ഞാൻ കലാലയ ജീവിതം അവസാനിപ്പിച്ചു.
ആറുമാസത്തിനിപ്പുറം സ്വന്തമായി നല്ലൊരു ജോലി സമ്പാദിച്ച് ഞാൻ മറ്റു പലരെയും പോലെ ബാംഗ്ലൂരിൽ ചെന്നടിഞ്ഞു. ജോലിയിൽ സ്ഥിരപ്പെട്ട ദിവസം വൈകീട്ട് ഒരു ഇന്റർനെറ്റ് കഫെയിൽ, ചുട്ടുപൊള്ളുന്ന പനിച്ചൂടിനെ അവഗണിച്ചിരുന്ന് ഞാൻ അവൾക്ക് ഹൃദയം തുറന്നൊരു ഇമെയിൽ അയച്ചു. ഉടനെ മറുപടി കിട്ടാനുള്ള സാധ്യതയില്ലെന്നറിഞ്ഞിട്ടും കൊടുത്ത കാശ് തീരും വരെ ഹോട്മെയിൽ ഇൻബോക്സ് വീണ്ടും വീണ്ടും റിഫ്രഷ് ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ പനി മൂർച്ഛിച്ച്, മേലാസകലം വിറ കയറിയപ്പോൾ തിരികെ റൂമിൽ വന്നു കിടന്നതോർമ്മയുണ്ട്. പിന്നെ മൂന്നു ദിവസം കഴിഞ്ഞാണ് പുറത്തിറങ്ങാനുള്ള ആരോഗ്യമുണ്ടായത്. പുലർച്ചെ തന്നെ കഫെയിൽ പോയി - മെയിലിൽ വന്നു കിടന്ന അവളുടെ മറുപടി മൂന്നുവട്ടം വായിച്ചു കഴിഞ്ഞാണ് മനസ്സിലായത്, ഞാൻ ഒരുപാട് വൈകിച്ചുവെന്ന്!
രാത്രി തിരികെ മുറിയിൽ വന്നു കിടന്നിട്ട് ഉറക്കം വന്നില്ല. തൊണ്ടക്കുഴിയിൽ മുള്ളു തറച്ചപോലൊരു വേദന. അരികിൽ പുതിയൊരു നോട്ടുബുക്കുണ്ടായിരുന്നു. മനസ്സിൽ തോന്നിയ നോവ് മുഴുവനും അതിലേക്കൊരു ചെറുകഥയായി ഒഴുകിയിറങ്ങുകയായിരുന്നു - പിന്നീട് ജീവിതത്തിലുണ്ടായ എല്ലാത്തരം അനുഭവങ്ങളും, കേട്ട കഥകളും ചെറുകഥകളായി അതിൽ കുറിക്കുവാൻ തുടങ്ങി. പുസ്തകം ആരെയും കാണിച്ചിരുന്നില്ല- അതിനുള്ള മേന്മയൊന്നും ആ എഴുത്തിനുണ്ടെന്ന് തോന്നിയിരുന്നില്ല. പക്ഷെ ഒരു ദിവസം അത് വെറുതെ മറിച്ചു നോക്കിയ ഒരു സുഹൃത്ത് അതവന്റെ വീട്ടിൽ കൊണ്ടുപോയി; അവനും അമ്മയും ഒറ്റയിരിപ്പിനു വായിച്ചു തീർത്തുവെന്നും എഴുത്തിനെ കാര്യമായി എടുക്കണമെന്നും പ്രോത്സാഹിപ്പിച്ചു. അന്ന് ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള ശ്രമം നടത്തുവാൻ പോലും ധൈര്യമുണ്ടായില്ല- അന്ന് അച്ചടിച്ച് കണ്ടിരുന്നത് എംടിയുടെയും ഒ വി വിജയന്റെയും പോലുള്ള അതികായന്മാരുടെ പുസ്തകങ്ങൾ മാത്രമായിരുന്നു.
പതിയെ ഞാനൊരു ബ്ലോഗ് തുടങ്ങി; അതിൽ തുടരെത്തുടരെ കഥകളും അനുഭവക്കുറിപ്പുകളുമെഴുതി. ഇംഗ്ളീഷിലും മലയാളത്തിലും എഴുതിയതെല്ലാം dark/ macabre ഗണത്തിൽ പെട്ടതായിരുന്നു. അതുമല്ലെങ്കിൽ യാത്രാവിവരണങ്ങളും ചെറു ജീവിതക്കുറിപ്പുകളും. വായനക്കാരൊരുപാടുണ്ടായില്ലെങ്കിലും എഴുതിയ കഥകൾ (ചിലതൊഴികെ) സ്വീകരിക്കപ്പെടുന്നു എന്നത് കമന്റുകളിൽ നിന്നും ഇൻബോക്സിൽ വരുന്ന സന്ദേശങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു. അത് വീണ്ടും എഴുതാൻ ഊർജ്ജമായി. അതേ നാളുകളിൽ തന്നെ പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ഇടതടവില്ലാതെ പുറത്ത് വരുന്നത് കണ്ടപ്പോൾ പോലും, പ്രസാധനമെന്ന സ്വപ്നം ഒരു തുടക്കക്കാരന് കൂടുതൽ പ്രാപ്യമായെന്നു തിരിച്ചറിഞ്ഞപ്പോഴും, അന്നത്തെ അതേ imposter syndrome എന്നെ പിന്നോട്ട് വലിക്കുകയായിരുന്നു. അന്നത്തെ പ്രണയം ഉള്ളിൽ മറച്ചു വെച്ച്, അവളുടെ സൗഹൃദവും സാമീപ്യവും മാത്രം ആസ്വദിച്ചത് പോലെ, പ്രസാധകരുടെ നിരാകരണം ഭയന്ന് കമന്റുകളിലും മെസ്സേജുകളിലും ഞാൻ ചാരിതാർഥ്യം കണ്ടെത്തുകയായിരുന്നു.
ഒരു കുടുംബസ്ഥനായി പ്രാരാബ്ധങ്ങളിലേക്ക് ഊളിയിട്ടതോടെ എഴുത്തും വായനയും അപ്രസക്തമെന്ന് തോന്നിത്തുടങ്ങിയെങ്കിലും ഇൻഫോസിസിലെ വായനക്കൂട്ടായ്മയിലെ സുഹൃത്തുക്കളുമായുള്ള ചർച്ചകൾ വിരളമായെങ്കിലും തിരികെ എഴുത്തിലേക്ക് കൊണ്ടെത്തിച്ചു. അങ്ങനെയിരിക്കെ രണ്ടായിരത്തി പതിന്നാലിൽ എന്തോ ധൈര്യത്തിന്റെ പുറത്ത് ടെക്നോപാർക് ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ ചെറുകഥാ മത്സരത്തിന് ഒരു ഇംഗ്ലീഷ് കഥ ഞാൻ അയച്ചു കൊടുത്തു. ചന്ദ്രമതി ടീച്ചറും, ശ്രീ പി വി ഷാജി കുമാറും, ശ്രീ ഗോപി കോട്ടൂരുമായിരുന്നു വിധികർത്താക്കൾ. അതിൽ ഒന്നാം സമ്മാനം ലഭിച്ചപ്പോഴാണ് മനസ്സിൽ എന്റെ എഴുത്തിന് ഞാൻ ഒരല്‍പമെങ്കിലും മതിപ്പ് കൊടുത്തു തുടങ്ങിയത്. തൊട്ടു പുറകെ പ്രവാസ ജീവിതമാരംഭിച്ചതോടെ പുതിയൊരിടത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിൽ എഴുതുന്നത് വല്ലപ്പോഴും മാത്രമായി. ഇടയ്ക്കിടെ മനസ്സിൽ വന്ന ത്രെഡുകൾ ബ്ലോഗിലിട്ടുവെങ്കിലും എല്ലാം ചെറുകഥകളായി മാത്രം ചുരുങ്ങി. അങ്ങനെ വർഷങ്ങൾ ഫോട്ടോകോപ്പികൾ പോലെ കടന്നുപോകവേ ഒരു രാത്രി, ട്രെഡ്മില്ലിൽ ഓടിക്കൊണ്ടിരുന്നപ്പോൾ മനസ്സിൽ പെട്ടെന്ന് പൊട്ടിമുളച്ചതാണ് ‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ എന്ന നോവലിന്റെ കാതൽ.
തിരുവനന്തപുരത്ത് ശ്രീവരാഹത്ത് വളർന്നു വന്ന എന്റെ കുട്ടിക്കാലത്തിന്റെ ഒരു വലിയ ഭാഗമാണ് കോട്ടയ്ക്കകവും പത്മനാഭസ്വാമി ക്ഷേത്രവും. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡ വർമ്മയും ധർമ്മരാജയും പലകുറി വായിച്ച എനിക്ക് എന്നും വളരെ പ്രിയപ്പെട്ട ഒരു വിഷയമായിരുന്നു തിരുവിതാംകൂർ ദേശത്തിന്റെ ചരിത്രം. അതേ സമയം മാർത്താണ്ഡവർമ്മയെ വില്ലനായി ചിത്രീകരിക്കുന്ന കഥകളും വില്ലടിച്ചാൻ പാട്ടുകളും ഏറെയുണ്ട്. തിരുവിതാംകൂർ ചരിത്രത്തിലെ രക്തം കൊണ്ടെഴുതപ്പെട്ട ഏടായ മാർത്താണ്ഡവർമ്മയുടെയും എട്ടുവീടരുടെയും കഥ ഒരു ബദൽ ചരിത്ര (alternate history) നോവലിലൂടെ അവതരിപ്പിച്ചാലെന്തെന്ന തോന്നലിൽ നിന്നാണ് ആ പുസ്തകം പിറന്നത്. പല ചരിത്ര പുസ്തകങ്ങളും ഓൺലൈൻ രേഖകളും വായിച്ചപ്പോൾ കഥയുടെ ഒരേകദേശ രൂപരേഖ മനസ്സിൽ അങ്കുരിച്ചു. അതിന് ആരും നല്‍കിയിട്ടില്ലാത്ത നിറങ്ങൾ നൽകാനായി പിന്നീട് എന്റെ ശ്രമം.
‘വഞ്ചിനാട്ടിലെ വേതാളങ്ങൾ’ എഴുതുമ്പോൾ ഞാൻ അനുഭവിച്ച ഏറ്റവും വലിയ വെല്ലുവിളി പെട്ടെന്ന് കഥ അവസാനിപ്പിക്കാനുള്ള വ്യഗ്രതയെ എങ്ങനെ മറികടക്കുമെന്നുള്ളതായിരുന്നു. അന്നോളം എഴുതിയതെല്ലാം ചെറുകഥകൾ ആയിരുന്നല്ലോ. ഒടുവിൽ എഴുത്തുകാരായ ചില സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടൽ മൂലം അവസാനിപ്പിക്കാൻ ധൃതി പിടിക്കാതെ കഥയെ അതിന്റെ വഴിക്കു വിട്ടു. എഴുതിക്കഴിഞ്ഞ് പലയിടത്തേയും പ്രസാധകർക്ക് അയച്ചു കൊടുത്ത കയ്യെഴുത്തുപ്രതി പ്രതീക്ഷിച്ചതു പോലെ ആരും വായിച്ചു പോലും നോക്കിയില്ല. നിരാകരണങ്ങളുടെ ഒരു പരമ്പര തന്നെ ജീവിതത്തിൽ വീണ്ടുമരങ്ങേറി. പക്ഷെ അപ്പോഴാണ് നിനച്ചിരിക്കാതെ ഒരു മായാജാലം സംഭവിച്ചത്! ഫേസ്ബുക്കിൽ തുടരൻ ആയി ഞാൻ പോസ്റ്റ് ചെയ്ത വേതാളങ്ങളുടെ കഥ സുഹൃത്തുക്കൾ ഏറ്റെടുത്തു; അവരുടെ പിന്തുണ അതിനെ ലോഗോസ് ബുക്ക്സിന്റെ എഡിറ്റർ ഡെസ്കിലെത്തിച്ചു. ഒടുവിൽ, എന്നെ ഏറെ ഉലച്ച ആ നിരാകരണത്തിന് ഇരുപത്തിരണ്ടു വർഷത്തിനിപ്പുറം, എന്റെ പേര് അച്ചടിച്ച ആദ്യ നോവൽ കയ്യിലെത്തി...
ഇപ്പോഴും imposter syndrome ഇടയ്ക്കിടെ തലയുയർത്താറുണ്ട്. പലരുടെയും കൃതികൾ വായിക്കുമ്പോൾ ഞാനൊരെഴുത്തുകാരനായി എന്ന് പറയുന്നത് അധികപ്രസംഗമാണെന്ന് തോന്നാറുണ്ട്. ഞാൻ എഴുതുന്ന പോപ്പുലർ ഫിക്ഷൻ സാഹിത്യഭംഗിയില്ലാത്തതും അപക്വവുമാണെന്ന് സ്വയം ഇകഴ്ത്താറുണ്ട്. പക്ഷെ അതിനൊപ്പം തന്നെ ഞാൻ നീൽ ഗെയ്മാന്റെ വാക്കുകൾ മനസ്സിലോർക്കും- മാജിക്കും അത്ഭുതങ്ങളും ജീവിതത്തിൽ ഉണ്ടാകണമെങ്കിൽ ആദ്യം അവയിൽ വിശ്വാസമർപ്പിക്കുകയാണ് വേണ്ടത്.