‘മരണശേഷം എന്തു സംഭവിക്കുമെന്ന ചോദ്യം കുട്ടിക്കാലം മുതൽ അലട്ടിയിട്ടുണ്ട്’: കൃഷ്ണകുമാർ മുരളീധരൻ എഴുതുന്നു
Mail This Article
യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കൃഷ്ണകുമാർ മുരളീധരൻ തന്റെ ആദ്യ നോവൽ ‘പ്രേതചന്ദ്രൻ’ ന്റെ രചനാവഴികളെക്കുറിച്ച് എഴുതിയത് വായിക്കാം –
ആദ്യത്തെ പുസ്തകം ലോഗോസ് വഴിയായിരുന്നു വന്നത്. അതൊരു ചെറുകഥാസമാഹാരമായിരുന്നു. ഓതേഴ്സ് കോപ്പി കൈപ്പറ്റിയതിന്റെ അന്ന് വൈകിട്ട് ലോഗോസിന്റെ സാരഥിയായ അജിത് ഗംഗാധരൻ വിളിച്ചിരുന്നു. ആ പുസ്തകത്തെക്കുറിച്ചുള്ള ആദ്യത്തെ നിരൂപണം ആയിരുന്നു ആ ഫോൺകോൾ. പുസ്തകത്തിലെ പല കഥകളെയും ഇനിയും വികസിപ്പിച്ച് വലിയ ക്യാൻവാസിലേക്കു പറിച്ചുനടാനുള്ള സാധ്യതയുണ്ടെന്നും എഴുത്തുശൈലി നോവലിനു പറ്റിയതാണെന്നും പറഞ്ഞു. ഒന്നു ശ്രമിച്ചുനോക്കാൻ ആത്മവിശ്വാസം തന്നു. വെറുതെ ഒന്നെഴുതിനോക്കിയേക്കാം എന്നയിടത്തു നിന്നും 150ഓളം പേജുകളുള്ള ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ഉണ്ടായി. ആശയങ്ങളെ ചെറുകഥയുടെ ചട്ടക്കൂടിൽ ഒതുക്കിയുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. ഓരോ അധ്യായത്തേയും ഓരോ ചെറുകഥയായി കണ്ടായിരുന്നു എഴുതിത്തുടങ്ങിയത്. അടുത്ത അധ്യായത്തിലേക്കൊരു ‘ഹുക്ക്’ ഇട്ടായിരുന്നു എഴുത്ത്. കഥ പറഞ്ഞു പോകുന്നതിലായിരുന്നു ശ്രദ്ധ എന്നതുകൊണ്ട് ആവശ്യമില്ലെന്നു തോന്നിയ വിവരണങ്ങൾ പലതും താനേ ഒഴിവായി. പ്രധാന കഥാപാത്രത്തിന്റെ പേരും അതുവഴി നോവലിന്റെ ശീർഷകവും എല്ലാം ആ യാത്രയിൽ ഇങ്ങനെ ഉരുവായതാണ്. ആത്മാവുമായി സംസാരിക്കുന്ന കഥാപാത്രങ്ങൾ കണ്ടും കേട്ടും പതം വന്ന ക്ലീഷേകൾ ആണെന്ന ഉത്തമബോധത്തോടെയായിരുന്നു എഴുത്ത്.
മരണം എന്ന വാതിൽ
പൊതുവേ ഒരന്തർമുഖനാണ്. അതുകൊണ്ട് നാലാളു കൂടുന്നിടത്ത് പോകുന്നത് കഴിവതും ഒഴിവാക്കാറുണ്ട്. പക്ഷേ, അങ്ങനെ ഒഴിവാക്കാൻ കഴിയാത്തതും വന്നുപോകുമല്ലോ. മരണവീടുകൾ എന്നും ശ്വാസം മുട്ടിച്ചിട്ടേയുള്ളൂ. പ്രേതചന്ദ്രന്റെ ആരംഭവും ഒരു മരണവീട്ടിൽ നിന്നാണ്.
മരണശേഷം എന്തു സംഭവിക്കുമെന്ന ചോദ്യം കുട്ടിക്കാലം മുതൽ അലട്ടിയിട്ടുണ്ട്. മനസ്സിന്റെ ഒരു പാതി എഞ്ചിനീയറുടേതാണ്. സാമാന്യബുദ്ധിക്കു നിരക്കാത്ത ഒരു കാര്യവും അയാൾ അംഗീകരിക്കില്ല. ഏതൊരു യന്ത്രവും പോലെ മരണശേഷം ശരീരം പ്രവർത്തനരഹിതമാകുന്നു എന്നതാണ് അയാളുടെ നിലപാട്. ആത്മാവ് എന്ന സോഫ്റ്റ് വെയർ ശരീരമെന്ന ഹാർഡ് വെയർ നിലയ്ക്കുന്നതോടെ ഇല്ലാതാവുന്നു. പക്ഷേ മറ്റേ പാതിയിലെ കാൽപ്പനികന് ‘സ്വിച്ചിട്ടാൽ ഇല്ലാതാവുന്ന’ ആത്മാവ് പോരാ. അതു നിലനില്‍ക്കണം - പോകുന്നതിനു മുൻപ് അവസാനമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത്രയെങ്കിലും നേരമെങ്കിലും. ആ ചിന്തയാണ് പ്രേതചന്ദ്രന് പ്രചോദനമായത്.
സ്വീകാര്യത
പ്രേതചന്ദ്രന് ലഭിച്ച ഏതൊരാസ്വാദനവും ഇരട്ടിമധുരമായിരുന്നു. കാരണം ‘നോവൽ എഴുതാൻ കഴിയുമോ’ എന്ന പരീക്ഷണത്തിനപ്പുറം പുസ്തകമാകും എന്നൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എഴുതുന്ന മുറയ്ക്ക് അധ്യായങ്ങൾ വായിച്ച് വിമർശനങ്ങൾ അറിയിക്കാനും അകമഴിഞ്ഞ് പ്രോത്സാഹനം നൽകാനും ഒരു കൂട്ടം ആളുകൾ കൂടെയുണ്ടായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ഊർജം. അവരില്ലെങ്കിൽ ഈ പുസ്തകമില്ല.