മഴക്കാലമാണ്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായേക്കാം. കാറിനുള്ളിൽ വെള്ളം കയറാനുള്ള സാധ്യതകളും ഏറെയാണ്. ഭയം കൊണ്ടു ചെയ്തു പോകുന്ന അബദ്ധങ്ങൾ പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കും. അതുകൊണ്ടു തന്നെ മുൻകരുതലോടെ വേണം അത്തരം സാഹചര്യങ്ങൾ നേരിടാൻ.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ടയറിന്റെ പകുതിക്കു താഴെയാണു വെള്ളമെങ്കിൽ ഓടിച്ചു പോകുന്നതു മിക്ക വാഹനങ്ങൾക്കും സുരക്ഷിതമായിരിക്കും. എന്നാൽ ഗ്രൗണ്ട് ക്ലിയറൻസ് കുറ ഞ്ഞ വാഹനമാണെങ്കിൽ അതിനു മുതിരരുത്.
മുൻപിൽ മറ്റു വാഹനങ്ങൾ ഉണ്ടെങ്കിൽ അവ വെള്ളക്കെട്ടിൽ നിന്നു സുരക്ഷിതമായി ഓടിക്കയറുന്നുവെന്ന് ഉറപ്പ് വരുത്തുക. ആ വാഹനം പോയതിന്റെ ഓളം അടങ്ങിയതിനു ശേഷം മാത്രം ഓടിച്ചു പോവുക. ഇല്ലെങ്കിൽ വാഹനം നിന്നു പോകാനുള്ള സാധ്യത കൂടുതലാണ്.
ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ഗീയറിനപ്പുറം പോകാതിരിക്കുന്നതാണു നല്ലത്. ടയറിന്റെ പകുതിക്കു മുകളിൽ വെള്ളമുണ്ടെങ്കിൽ നമ്മുടെ വാഹനം ഓടുമ്പോഴുണ്ടാകുന്ന ഓളം കൊണ്ടു തന്നെ എൻജിനിൽ വെള്ളം കയറാം. ദൈർഘ്യം കൂടിയ വെള്ളക്കെട്ടുകളിൽ ചെറുവാഹനങ്ങൾ ഇറക്കാതിരിക്കുന്നതാണു നല്ലത്.
ഉടൻ ചെയ്യേണ്ട 5 കാര്യങ്ങൾ
1. വാഹനം വെള്ളക്കെട്ടിൽ നിന്നു പോയാൽ ഒരിക്കലും സ്റ്റാർട്ട് ചെയ്യാൻ നോക്കരുത്. വെള്ളം കയറി എൻജിൻ ഓഫ് ആയി പോകുന്നതുകൊണ്ട് എൻജിനു തകരാർ സംഭവിക്കില്ല. ഓഫ് ആയ വാഹനം വീണ്ടും സ്റ്റാർട്ട് ആക്കാൻ നോക്കിയാൽ മാത്രമേ എൻജിൻ തകരാറിലാകൂ. അതുകൊണ്ടു നിന്നുപോയ വാഹനം ഒരുകാരണവശാലും സ്റ്റാർട്ട് ചെയ്യരുത്.
2. വാഹനം ഉരുണ്ടു പോകാതിരിക്കാൻ ഗീയർ/ഹാൻഡ് ബ്രേക് ഇടുക.
3. യാത്രക്കാർ സുരക്ഷിത സ്ഥാനത്തേക്കു മാറിയ ശേഷം വാഹനം റിക്കവറി സർവീസ് വിളിച്ചു നല്ലൊരു വർക്‌ഷോപ്പിൽ പരിശോധിപ്പിച്ചു കേടുപാടുകൾ ഇല്ല എന്ന് ഉറപ്പു വ രുത്തുക.
4. എയർ ഫിൽറ്റർ, എൻജിൻ ഓയിൽ, ഓയിൽ ഫിൽറ്റർ എന്നിവ മാറ്റുന്നതു നന്നായിരിക്കും.
5. ഇൻഷുറൻസ് കമ്പനിയെ അറിയിച്ച ശേഷം റിപ്പയർ നടത്തുന്നതാണു നല്ലത്. വാഹനം വെള്ളക്കെട്ടിൽ പെട്ടു കിടക്കുന്നതിന്റെ ഫോട്ടോ എടുത്തു സൂക്ഷിക്കാൻ മറക്കരുത്.
എൻജിൻ മൂടുന്ന രീതിയിൽ വെള്ളം കയറിയാൽ വാഹനം ടോട്ടൽ ലോസ് ആകാനാണു സാധ്യത. അത്രയും മുങ്ങിയ വാഹനം നന്നാക്കി ഇറക്കിയാലും ഭാവിയിൽ പല പ്രശ്നങ്ങളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
‘എൻജിൻ പ്രൊട്ടക്റ്റ്’ എന്ന അധിക കവറേജ് വാഹനത്തിന്റെ ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.
എങ്ങനെയൊക്കെ വെള്ളം കയറാം ?
1. എയർ ഇൻടേക്ക് വഴി: വെള്ളക്കെട്ടിലൂടെ വാഹനം ഓടേണ്ട അവസ്ഥ വന്നാൽ വാഹനത്തിന്റെ എയർ ഇൻ ടേക്ക് വഴി വെള്ളം എൻജിനുള്ളിൽ എത്താനുള്ള സാധ്യതയുണ്ട്. ബോണറ്റിന് അകത്ത് എൻജിനൊപ്പമോ എൻജിനേക്കാൾ മുന്നിലോ ആണ് എയർ ഇൻ ടേക്കിന്റെ സ്ഥാനം. വെള്ളം ആദ്യം അടിച്ചു കയറാൻ സാധ്യതയുള്ളത് ഇതുവഴിയാണ്. ഓരോ വാഹനത്തിനും എയർ ഇൻ ടേക് പൈപ്പ് തുടങ്ങുന്ന പൊക്കത്തെ ആശ്രയിച്ചാണു വെള്ളം കയറുക.
2. പുകക്കുഴൽ വഴി: നിർത്തിയിട്ടിരിക്കുന്ന വാഹനത്തിനുചുറ്റും വെള്ളം പൊങ്ങിയാൽ പുകക്കുഴൽ വഴി വെള്ളം എൻജിൻ വരെയെത്താം. എൻജിനെ മുഴുവനായി മൂടുന്ന വിധം വെള്ളം പൊങ്ങിയാൽ ഇങ്ങനെ സംഭവിക്കാം
3. ഇന്ധന ക്യാപ് തുറന്നിരുന്നാൽ: മഴയത്തു കിടക്കുന്ന വാഹനത്തിന്റെ ഇന്ധന ക്യാപ് ഏതെങ്കിലും സാഹചര്യത്തിൽ തുറന്നിരുന്നാൽ അതുവഴി വെള്ളം ഇന്ധന ടാങ്കിലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എൻജിനുള്ളിലും എത്താം. ∙
വിവരങ്ങൾക്ക് കടപ്പാട്:
ജോൺസൺ ഇ. സഖറിയ
എസിഡി മോട്ടോഴ്സ്, അടിച്ചിറ, കോട്ടയം