ADVERTISEMENT

‘അത്‌ലറ്റ് ആണെങ്കിലും പൊലീസ് ട്രെയിനിംഗ് പൂർത്തിയാക്കണം, ജോലി ചെയ്യണം. അല്ലാത്തപക്ഷം ശ‌മ്പളം നൽകാൻ വ്യവസ്ഥയില്ല. ക്യാബിനറ്റിൽ വച്ച് പ്രത്യേക ഇളവ് നൽകിയാൽ മാത്രമേ സജൻ പ്രകാശിന് ജോലി നൽകാൻ കഴിയൂ.’– മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി. ജയരാജന്റെ വാക്കുകളിൽ ആശാവഹമായി ഒന്നുമില്ല. ‌കായികതാരത്തിന് കേരളം ജോലി നൽകിയാൽ അയാൾ കരിയർ അവസാനിപ്പിച്ച് സർക്കാർ ജോലി ചെയ്യണം എന്നു സാരം. ഇതൊരു മുന്നറിയിപ്പാണ്. റെയിൽവേയിലെ ജോലി രാജിവച്ച് കേരളത്തിലേക്ക് വന്ന സജൻ പ്രകാശ് മറ്റു മലയാളികൾക്ക് ഒരു പാഠമാണ്. അബദ്ധത്തിൽ പോലും ഇവിടേക്ക് വന്നു ഭാവി തുലയ്ക്കല്ലേ എന്ന പാഠം. ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ സ്വപ്നം കാണുമ്പോഴാണ് കേരളത്തിൽ ഒരു ഒളിമ്പ്യന് ഈ ഗതികേട്.

പരിശീലനത്തിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സജൻ പ്രകാശ് എന്ന അത്‍ലറ്റിന്റേയും കുടുംബത്തിന്റേയും ദുരവസ്ഥയുടെ കഥ വനിതാ ഓൺലൈനാണ് കായിക കേരളത്തോട് പങ്കുവച്ചത്. കേരള ആംഡ് പൊലീസിൽ ഇൻസ്പെക്ടർ പദവിയിൽ പ്രവേശിച്ച് 21 മാസം പിന്നിട്ടിട്ടും ശമ്പളയിനത്തിൽ നയാ പൈസ പോലും കൈപ്പറ്റാനുള്ള ഭാഗ്യം സജന് ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഒളിമ്പ്യനെ ശൂന്യവേതനക്കാരനാക്കിയതിന് കാരണം അന്വേഷിച്ചാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത്. അപ്പോഴാണ് അമ്പരപ്പിക്കുന്ന മറുപടി ലഭിച്ചത്. കേട്ടു കേൾവിയില്ലാത്ത സാങ്കേതികത്വവും നിയമത്തിന്റെ നൂലാമാലകളേയും കൂട്ടുപിടിച്ചാണ് രാജ്യത്തിന്റെ യശസ്സുയർത്തിയ അത്‍ലറ്റിന്റെ ശമ്പള ഉത്തരവിനെ അധികാരികളുടെ ഷെൽഫില്‍ വിശ്രമിക്കാൻ വിട്ടിരിക്കുന്നത്.

ADVERTISEMENT

സജനും അതുവഴി ഒളിമ്പിക് മെഡലെന്ന നാടിന്റെ സ്വപ്നത്തിനും നീതി ലഭിക്കണമെങ്കിൽ ഇനി മുഖ്യമന്ത്രി പിണറായി വിജയൻ കനിയണം. സുദീർഘമായ അവധിയിൽ പ്രവേശിക്കുന്നവർക്ക് ശമ്പളം നൽകാൻ നിയമത്തിൽ വകുപ്പില്ലെന്നാണ് ന്യായം. മുൻകാലങ്ങളിൽ പോലും ഒരു അത്‍ലറ്റും ഒന്നരവർഷത്തോളം നീണ്ട അവധിയിൽ പ്രവേശിച്ചിട്ടില്ലത്രേ. ഈ സാഹചര്യം നിലനിൽക്കേ സജന് ശമ്പളം നൽകുന്നത് വലിയ ആശങ്കകൾക്ക് ഇടവരുത്തുമെന്നും എംവി ജയരാജൻ വ്യക്തമാക്കുന്നു. ഇപ്പോഴും രാജ്യത്തിനു വേണ്ടി മെഡലുകൾ വാരിക്കൂട്ടുന്ന ഒരു കായികതാരത്തോടാണ് ഈ സാങ്കേതികത്വം പറയുന്നത് എന്നതാണ് കൗതുകം.

saj-1

സുദീർഘമായ അവധിയുടെ കാര്യം ഡിജിപി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളെ സജൻ നേരത്തെ അറിയിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനും നിയമത്തിന്റെ ഒഴിവുകഴിവുകളായിരുന്നു മറുപടി. 2020 ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സജനാണെന്നത് ഓർമ്മിപ്പിക്കുമ്പോഴും കാര്യങ്ങൾ തഥൈവ. അതേസമയം അമേരിക്കയിൽ നിന്നും മുഖ്യമന്ത്രി നാട്ടിൽ തിരിച്ചെത്തുന്നതോടെ അനുകൂലമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജയരാജൻ കൂട്ടിച്ചേർത്തു.

ADVERTISEMENT

കാക്കിയിടണം, പൊലീസായി പണിയെടുക്കണം, രാജ്യത്തിനായി മത്സരിച്ചാൽ ശമ്പളമില്ല; സജന് ജോലി നൽകിയത് കായിക ജീവിതം അവസാനിപ്പിക്കാനോ?

saj-2

ദീർഘമായ അവധിയുടെ പേര് പറഞ്ഞ് ശമ്പളത്തിൽ കത്തിവയ്ക്കുന്നവർ പഴയതെല്ലാം മറന്നു പോയോ എന്നാണ് സജന്റെ അമ്മ ഷാന്റി ചോദിക്കുന്നത്. ‘ആകെയുള്ള ജോലി ഇട്ടെറിഞ്ഞ് സർക്കാരിന്റെ വാഗ്ദാനവും വിശ്വസിച്ച് വന്നവരാണ് ഞാനും എന്റെ കുഞ്ഞും. ജോലിക്ക് കയറുമ്പോൾ തന്നെ പരിശീലനത്തിന് പോകേണ്ടിവരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയതാണ്. അവർ പറഞ്ഞതു പ്രകാരം സ്വിമ്മിംഗ് ഫെഡറേഷന്റെ സമ്മതപത്രം സമർപ്പിച്ചു. അനുബന്ധ രേഖകൾ വേറെയും. അന്നൊന്നും പറയാത്ത തൊടുന്യായം ഇപ്പോൾ എവിടുന്നു വന്നു. സുദീർഘമായ അവധിയെടുക്കുന്ന അത്‍ലറ്റുകൾക്ക് ശമ്പളം നൽകാനാകില്ല എന്ന നിയമം ഇപ്പോൾ എവിടുന്നു വന്നു. എല്ലാം സഹിക്കാം, ഇനി അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ തന്നെ ഞങ്ങളോട് അന്നെങ്കിലും ഒരു വാക്ക് പറയാമായിരുന്നില്ലേ. അവർ എന്തിന് അവനോട് ജോയിൻ ചെയ്യാൻ പറഞ്ഞു’–ഷാന്റി ചോദിക്കുന്നു.

ADVERTISEMENT

ഇവർ ഈ പറയുന്ന നിയമം അനുശാസിക്കേണ്ടി വന്നാൽ രാജ്യത്ത് ഒരു അത്‍ലറ്റ് പോലും ഉണ്ടായി എന്നു വരില്ല. ആരും രാജ്യത്തിനായി ബൂട്ടു കെട്ടില്ല. പല അത്‍ലറ്റുകളും ക്യാമ്പുകളിൽ ദിവസങ്ങളല്ല, മാസങ്ങളോളമാണ് ചെലവഴിക്കുന്നത്. സജൻ, സർവ്വീസിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നു പറയുന്നത് ശരിയല്ല. കൃത്യമായ ഇടവേളകളിൽ അവൻ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നോർക്കണം, എന്റെ മകൻ അവധിയെടുത്ത് കറങ്ങി നടന്നവനല്ല, രാജ്യത്തിനു വേണ്ടി മാറ്റുരയ്ക്കാനുള്ള പരിശീലനത്തിലായിരുന്നു. ഇതൊക്കെ ആരോട് പറയാനാണ്. ഇതെല്ലാം ദുർവ്വിധിയാണ്....ഞങ്ങളുടെ മാത്രം ദുർവ്വിധി.’

sajanz

മകന്റെ ശമ്പളക്കാര്യത്തില്‍ പ്രതീക്ഷയുടെ അവസാന കണികവരെ കാത്തുസൂക്ഷിക്കുകയാണ് ഷാന്റി. ഒരു നാൾ തന്റെ നിയമപോരാട്ടം സാർത്ഥകമാകുമെന്ന് തന്നെയാണ് ആ അമ്മയുടെ പ്രതീക്ഷ. എന്റെ കുഞ്ഞ് രാജ്യത്തിനായി മെഡൽ നേടിയതൊന്നും വെറുതെയാകില്ല, ദൈവം ഞങ്ങളെ കൈവിടില്ല–ഷാന്റി പറഞ്ഞു നിർത്തി.

ADVERTISEMENT