ADVERTISEMENT

ടൈംടേബിളുകൾക്കുള്ളിൽ നിൽക്കാനാവില്ലെന്ന തിരിച്ചറിവാണു സ്വയം പഠനത്തിലേക്കു വഴി തെളിച്ചതെന്നു സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്കും മലയാളികളിലെ ആദ്യ റാങ്കും സ്വന്തമാക്കിയ ഗഹന നവ്യ ജയിംസ് പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണു വിജയവഴികളെക്കുറിച്ചും സിവിൽ സർവീസ് ഒരുക്കങ്ങളെക്കുറിച്ചും ഗഹന മനസ്സു തുറന്നത്. കോട്ടയം ജില്ലയിലെ വിവിധ കോളജുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു ഗഹനയുമായി സംവദിച്ചത്. ഗഹനയുടെ വാക്കുകളിലൂടെ...

∙ കയ്യെത്തും ദൂരത്ത്

ADVERTISEMENT

പരീക്ഷ എഴുതുന്നവരുടെ എണ്ണം അടക്കമുള്ള ഘടകങ്ങൾ നോക്കുമ്പോൾ സിവിൽ സർവീസ് പരീക്ഷ കഠിനമാണ്. പക്ഷേ, അതൊരു ബാലികേറാമലയല്ല. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ ആർക്കും എത്തിപ്പിടിക്കാവുന്ന ലക്ഷ്യമാണു സിവിൽ സർവീസ്. ഉറപ്പും ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഈ കടമ്പ കീഴടക്കാം.

∙ പത്രവായന പ്രധാനം

ADVERTISEMENT

പത്രം വായിക്കുന്നതു ശീലമായിരുന്നു. ഇതായിരുന്നു പ്രധാന ഒരുക്കം. സിവിൽ സർവീസ് സിലബസ് കൃത്യമായി മനസ്സിലാക്കി പഠനം ക്രമീകരിക്കുക. ആവശ്യമുള്ളത് എന്തൊക്കെയാണെന്നു കൃത്യമായി സിലബസ് മനസ്സിലാക്കിയാൽ അറിയാം. ഇത്രയും ആയാൽ പകുതി ജോലി കഴിഞ്ഞു. ആദ്യ പ്രാവശ്യം പ്രിലിമിനറി ഘട്ടം കടക്കാനായില്ല. അതൊരു തിരിച്ചറിവായിരുന്നു. ഭയത്തോടെ പരീക്ഷയെ സമീപിക്കുന്നതിനു പകരം ആത്മവിശ്വാസത്തോടെ സമീപിച്ചു. ആ മനസ്സുമാറ്റം ഗുണം ചെയ്തു.

∙ ഇഷ്ടങ്ങൾ മാറ്റിവയ്ക്കേണ്ട

ADVERTISEMENT

സ്വയം പഠിക്കാൻ തീരുമാനിച്ചത്, പഠനത്തിനായി ഒന്നും മാറ്റിവയ്ക്കാൻ തയാറല്ലാത്തതു കൊണ്ടാണ്. സിനിമകൾ കണ്ടു, പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അതെല്ലാം നിർബന്ധമായിരുന്നു. സമൂഹമാധ്യമങ്ങൾ ഒരു തടസ്സമായി തോന്നുന്നവർക്ക് ചെറിയ ബ്രേക്ക് വേണമെങ്കിൽ പരീക്ഷാസമയത്തെടുക്കാം. വാട്സാപ് മാത്രമാണു കയ്യിലുണ്ടായിരുന്ന സമൂഹമാധ്യമം.

∙ കുട്ടിക്കാലത്തെ സ്വപ്നം

സിവിൽ സർവീസ് എന്നതു കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. ഗവേഷണം ചെയ്യുന്നതിനാൽ പരമാവധി സമയങ്ങളിൽ ആക്ടീവ് ആയിരുന്നു. ഇതുവരെയുള്ള യാത്ര എനിക്ക് ആവേശം നൽകി. അറിഞ്ഞോ അറിയാതെയോ സഹായിച്ചവർ അനേകരാണ്. വിദേശകാര്യ സർവീസ് ലക്ഷ്യമിട്ടിരുന്നു. അതിലേക്കു പോകാനാകുമെന്നാണു പ്രതീക്ഷ.

∙ ഇന്റർവ്യൂ അനുഭവം

മേയ് 16ന് ആയിരുന്നു അഭിമുഖം. 25 മിനിറ്റോളം നീണ്ടു. ഇന്റർനാഷനൽ ഇക്കണോമിക്സ്, നിർമിതബുദ്ധി, വിദേശനയം എന്നിവയെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ അധികവും. പേടിയല്ല, ആവേശമായിരുന്നു അഭിമുഖം. സന്തോഷവും അഭിമാനവും തോന്നി.

∙ എങ്ങനെ പഠിക്കണം

സയൻസ് വിഷയങ്ങൾ എടുക്കുന്നവർക്ക് മേൽക്കൈയോ ഹ്യുമാനിറ്റീസ് പോലുള്ള വിഷയങ്ങൾ പഠിക്കുന്നവർക്കു പ്രയാസകരമോ ആവുന്നില്ല സിവിൽ സർവീസ്. എന്തു പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണു പ്രധാനം. വിഷയങ്ങളുടെ കാര്യത്തിലുള്ള അന്തരം ഇക്കാലത്തു നേർത്ത് ഇല്ലാതായിരിക്കുന്നു. ഗവേഷണവും സിവിൽ സർവീസ് ഒരുക്കവും ഒരുമിച്ചു കൊണ്ടുപോകാൻ ആദ്യഘട്ടത്തിൽ പ്രയാസം നേരിട്ടു. എന്നാൽ ഇതു രണ്ടും തമ്മിൽ ബന്ധപ്പെടുത്തി പഠനരീതി മാറ്റിയതോടെ ആസ്വാദ്യകരമായി.

∙ പാലായിലെ പഠനം

കെജി ക്ലാസ് മുതൽ പിജി ക്ലാസ് വരെ പാലായിലാണു പഠിച്ചത്. പഠിക്കണമെന്നു തോന്നിയ കോഴ്സുകൾ പാലായിൽ ഉള്ളതു കൊണ്ടു മറ്റൊരിടത്തേക്കും പോയില്ല. ഇന്നത്തെ കാലത്തു കൂടുതൽ ആളുകൾ പുറത്തേക്കു പോകുന്നു. അതു കാഴ്ചപ്പാടിന്റെ വ്യത്യാസമാണെന്നു തോന്നുന്നു. അച്ഛനും അമ്മയും ഹിന്ദി അധ്യാപകരായതിനാൽ ഹിന്ദി ഏറെയിഷ്ടമായിരുന്നു. എന്നാൽ എന്തു പഠിക്കണമെന്നത് എന്റെ തിരഞ്ഞെടുപ്പായിരുന്നു. സിവിൽ സർവീസ് ഒരുക്കത്തിൽ ഭാഷയെ പേടിക്കേണ്ട. നമുക്കു പറ്റുന്ന ഭാഷയിൽ ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയിൽ മുന്നോട്ടു പോകാം.

∙ അതു ഹിന്ദിയാണ്

മാതാപിതാക്കൾ ഹിന്ദി അധ്യാപകരായതിനാൽ ഹിന്ദി ടച്ചുള്ള പേരാണ് ഇട്ടത്. ‘ഗഹന’ എന്നാൽ ഹിന്ദിയിൽ ആഭരണം എന്നാണ് അർഥം. നവ്യ എന്നാൽ പുതിയത് എന്നും.

ഗഹന നവ്യ ജയിംസ്: "ഒരു ചുവടു പിന്നോട്ടുപോയാൽ പതറാതെ രണ്ടു ചുവടു മുന്നോട്ടുകുതിക്കാനുള്ള മനസ്സാണു വേണ്ടത്. സ്വന്തം കഴിവുകളും ന്യൂനതകളും തിരിച്ചറിഞ്ഞ് പഠനരീതി രൂപപ്പെടുത്തുക. നിശ്ചയദാർഢ്യവും വെല്ലുവിളികൾ മനസ്സിലാക്കി പൊരുതാനുള്ള ആവേശവും നിലനിർത്തണം. "

സംവാദത്തിൽ പങ്കെടുത്തവർ: പ്രെയ്സ് എസ്. ജോർജ്, അനില ടി.ഷാജു, സെലീന പ്രിൻസ്, ജസ്റ്റിൻ മാത്യൂസ്, ജിതിൻ ജോസഫ്, എ.ആർ.രശ്മിരാജ്, പി.വി.സ്നേഹ (ബിസിഎം കോളജ് കോട്ടയം), പാർവതി കൃഷ്ണ, റിച്ചു അന്ന സാജൻ, ജിൻസു ബാബു, ഗൗതം രാജു (സിഎംഎസ് കോളജ് കോട്ടയം), ഹന്ന ആൻ ജോസഫ്, റോഷ്ന ചെറിയാൻ, റോസ് മേരി സോണി (ബസേലിയസ് കോളജ് കോട്ടയം).

ADVERTISEMENT