ബ്രോ ഡാഡി സിനിമ ഓർമയില്ലേ. പരസ്യക്കാരനെ കൊണ്ടു മ കളെ വിവാഹം കഴിപ്പിക്കാ ൻ കച്ചകെട്ടി ഇറങ്ങിയ അപ്പൻ. പരസ്യക്കാർക്കു രഹസ്യം സൂക്ഷിക്കാനറിയില്ല എന്ന മുട്ടുന്യായം പറഞ്ഞ്,വരുന്ന ആലോചനകൾ നൈസായി തട്ടിമാറ്റുന്ന മ കൾ. സീനുകൾ മാറിമറിയവേ മകളുടെ മനസ്സിലിരിപ്പു തെളിയുന്നു. ഇന്ത്യയിലെ ഒന്നാം നമ്പർ പരസ്യകമ്പനിയിലെ സുന്ദരനും പറഞ്ഞു വരുമ്പോൾ കുടുംബസുഹൃത്തുമായ പയ്യനുമായി മകൾ ബെംഗളൂരുവിൽ നാലു വർഷമായി ലിവിങ് ടുഗെദറാണ്.
സിനിമ അവിടെ നിൽക്കട്ടെ, കാര്യത്തിലേക്കു കടക്കാം. കല്യാണക്കാര്യത്തിൽ മനസ്സിലിരിപ്പു തുറന്നു പറയാൻ പുതിയ തലമുറയ്ക്ക് അൽപം മടിയൊക്കെയുണ്ട്. പക്ഷേ, അത് അറിയാതെ പറ്റില്ലല്ലോ. കേട്ടറിവുകളെല്ലാം സത്യമാണെങ്കിൽ ഒന്ന് ഉറപ്പിച്ചു പറയാം, പങ്കാളിയെ തേടുമ്പോൾ പുതിയ തലമുറ സമയമെടുത്തേ തീരുമാനമെടുക്കൂ. ഓരോരുത്തരിലും ഉള്ള നന്മയും തിന്മയും പരമാവധി അറിയാൻ ശ്രമിച്ച് ടിക് മാർക്കും നെഗറ്റീവ് മാർക്കും നൽകും.
ആവറേജും പാസ് മാർക്കുമൊന്നും പരിഗണിക്കില്ല. പങ്കാളിത്തത്തിലും പരസ്പര സ്നേഹത്തിലും എ പ്ലസ് നേടുന്നവർക്കാണു മുൻഗണന. എങ്കിലേ ഭാവി ജീവിതത്തിൽ അവർ നല്ല സഹയാത്രികരാകൂ. പുതുതലമുറയുടെ ഉള്ളിലെ വിവാഹസ്വപ്നങ്ങൾ കേട്ടാലോ?
വരില്ലേ നീ വരില്ലേ...
ടിവി പരസ്യത്തിലെ പോലെ ‘കണ്ടീഷൻസ് വച്ചുകൊണ്ടിരുന്നാൽ നല്ല ചെക്കനെ കിട്ടാതാകുമേ...’ എന്ന ഉപദേശങ്ങളൊന്നും പുതിയ കുട്ടികൾക്കു പ്രശ്നമല്ലെന്നു കോട്ടയം, പാലാ അൽഫോൻസ കോളജിലെ മൂന്നാം വർഷ ബിഎ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിനി ഏഞ്ചലും ഫിസിക്സ് വിദ്യാർഥിനി ആൻ ട്രീസാ ജിജോയും പറയുന്നു. ‘‘ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളെ കണ്ടെത്തി സ്നേഹവും സന്തോഷവും സാഹസികതയും നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കുക എന്നതാണു വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്. വീട്ടുകാരുടെയും നാട്ടുകാരുടെയും താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് വിവാഹത്തിനു സമ്മതം മൂളുന്നതിനേക്കാൾ എന്നെ ഞാനായി മനസ്സിലാക്കുന്ന ഒരാളെ കാത്തിരുന്നു തെരഞ്ഞെടുക്കുന്നതിലാണു കാര്യം.’’
ജീവിതാനുഭവങ്ങൾ കൂടുതലുള്ളവരുടെ ഇടപെടൽ ഭാവിജീവിതത്തിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണു മൂന്നാം വർഷ ഗണിതശാസ്ത്ര വിദ്യാർഥി പാർവതി ആശിഷ്. ‘‘പങ്കാളിക്ക് ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയും വേണം. നല്ല സ്വഭാവ ഗുണവും ഏകദേശം സമപ്രായവുമുള്ള ആളായാൽ കൊള്ളാം.’’ പങ്കാളികളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന ഒരു ദീർഘകാല സൗഹൃദബന്ധം ആകണം വിവാഹജീവിതം എന്നാണു രണ്ടാംവർഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥി ലീനു കെ. ജോസ് പറയുന്നത്. നന്നായി മനസ്സിലാക്കുന്ന പങ്കാളിയും കുടുംബവും കൂടെയുണ്ടെങ്കിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ സന്തോഷവും സമാധാനപരവുമായ ഭാവിജീവിതം നയിക്കാൻ കഴിയുമെന്നാണ് ഒന്നാം വർഷ സുവോളജി പിജി വിദ്യാർഥി മുല്ലു ദുജാനയുടെ പ്രതീക്ഷ.

കരുതൽ പ്രധാനം
പഴയതു പോലെയല്ല കാര്യങ്ങൾ. എല്ലാവരും ജോലിക്കു പോകുന്നു, ചെലവുകളും പങ്കിടുന്നു. കരിയർ ചാട്ടത്തിൽ ആൺപെൺ ഭേദമില്ല. ജോലിയിലും ഇഷ്ടങ്ങളിലും മുന്നിലോ പിന്നിലോ അല്ല, ഒപ്പം നടക്കാനാണ് പുതിയ തലമുറയ്ക്ക് ഇഷ്ടം.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെ ദിവസം മുഴുവനും അടുക്കളയിൽ ചെലവഴിക്കാനൊന്നും ഇന്നത്തെ പെൺകുട്ടികളെ കിട്ടില്ല. അതിന് അവരെ അനുവദിക്കില്ല എന്നു തുറന്നു പറയാന്‍ ആൺകുട്ടികൾക്കും മടിയില്ല. വീടും ജോലിയും ഒന്നിച്ചു മാനേജ് ചെയ്യാൻ ‘ഡിവൈഡ് ആൻഡ് റൂൾ’ ആണു നല്ലതെന്ന് അൽഫോൻസ കോളജിലെ മൂന്നാം വർഷ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് ബിരുദ വിദ്യാർഥി ഗൗരി പറയുന്നു ‘‘ഒരാൾ കുക്ക് ചെയ്യുമ്പോൾ മറ്റൊരാൾ ക്ലീനിങ് ചെയ്യുക. എല്ലാ ജോലിയും ഷെയർ ചെയ്യുകയാണെങ്കിൽ രണ്ടുപേർക്കും വർക്ക് ലോഡ് വരില്ലെന്നു മാത്രമല്ല പരസ്പരം മിണ്ടിപറഞ്ഞിരിക്കാൻ ക്വാളിറ്റി ടൈം കണ്ടെത്താനുമാകും.
ഇക്കാര്യത്തിൽ ആൺകുട്ടികൾക്കും പരിശീലനം നൽകണമെന്നാണു ഗൗരിയുടെ കൂട്ടുകാരി ലീനു പറയുന്നത്. ‘‘പങ്കാളി റെഡ് ഫ്ലാഗ് ആകാതെ ഇരിക്കുന്നതു പ്രധാനമാണ്. ക്ഷമയും അഡ്ജസ്റ്റ്മെന്റും രണ്ടു ഭാഗത്തും വേണം. പലപ്പോഴും സ്ത്രീകൾ മാത്രം കരിയറും സ്വപ്നങ്ങളും ത്യജിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. അതു മാറിവരുന്നതു നല്ലതാണ്.’’ പങ്കാളി നിങ്ങളുടെ മൂല്യങ്ങൾ അറിയുകയും അതു പങ്കിടാൻ തയാറാകുകയും ചെയ്യുമ്പോഴും എല്ലാ കാര്യത്തിലും 100% യോജിച്ചാൽ ആ ബന്ധം വളരെ വിരസമാകുമെന്നാണ് ആൻ ട്രീസാ ജിജോയുടെ കണ്ടെത്തൽ.