ADVERTISEMENT

ജോലിഭാരവും ആസ്വാദ്യകരമല്ലാത്ത തൊഴിൽ സാഹചര്യവും ആളുകളെ വലയ്ക്കുമ്പോൾ വില്ലനാകുന്ന മറ്റൊരാൾ കൂടിയുണ്ട്, ബോസ്. ‘സമ്മർദതന്ത്രങ്ങ’ളും അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും അഭിപ്രായഭിന്നതയുമൊക്കെ പ്രതികൂലഘടകങ്ങളാകാതിരിക്കാൻ ഈ വഴികൾ നോക്കൂ.

∙ അനുവാദം ചോദിക്കാതെ ഓഫിസിൽ ഒരു ഇലയനങ്ങാൻ സമ്മതിക്കാത്ത ബോസിന് ഓരോ ‘ഇലയനക്കത്തിലും’ അനുവാദം ചോദിച്ചു മെയിൽ അയയ്ക്കുക. ഇൻബോക്സ് നിറഞ്ഞു കവിയുമ്പോൾ ബോസ് തന്നെ പറയും, ‘അവസാന തീരുമാനം അറിയിച്ചാൽ മതി ഗയ്സ്...’

∙ എല്ലാ കാര്യവും രണ്ടുവട്ടം ചെക്ക് ചെയ്യാനും ഫയലുകൾ സൂക്ഷ്മമായി പരിശോധിച്ചു തെറ്റില്ലെന്ന് ഉറപ്പാക്കാനും സമ്മർദം ചെലുത്തുന്ന ബോസ് ഉണ്ടോ. 

തെറ്റുകൾ പരമാവധി ഇല്ലെന്ന് ഉറപ്പാക്കുന്നതു നല്ലതു തന്നെ. പക്ഷേ, അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ബോസിനു കൂടിയുണ്ടെന്ന് ഓർമിപ്പിക്കുക. 

∙ ജോലിക്കിടെ എന്തായി, കഴിയാറായോ എന്നു ചോദിക്കുന്ന മേലധികാരിയെ ഡെഡ്‌ലൈൻ കൊണ്ടാണു പ്രതിരോധിക്കേണ്ടത്. ഓരോ വർക്കിനും ഡെഡ്‌ലൈൻ സെറ്റ് ചെയ്യുക. ഇടയ്ക്ക് അപ്ഡേറ്റ് ചോദിച്ചാൽ ഇത്ര സമയം കൂടി ബാക്കിയുണ്ട് എന്നു മടിക്കാതെ പറയുക.

∙ കിലുക്കം സിനിമയിലെ ഡയലോഗ് ഓർമയില്ലേ... ‘ചോറ് വയ്ക്കാൻ പോയപ്പോഴല്ലേ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറഞ്ഞത്... ഒരു പത്തു മിനിറ്റ് വേറേ ജോലിയൊന്നും പറയാതിരുന്നാൽ എന്തും ചെയ്യാ’മെന്ന ക്ലാസിക് മറുപടി പഠിച്ചു വച്ചോളൂ. ഓരോ ജോലിയും ചെയ്തുതീർക്കും മുൻപേ അടുത്ത പണി തരുമ്പോൾ, ‘ഇതിനുവേണ്ടി ആദ്യത്തേതു വൈകുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ’ എന്ന ഒരൊറ്റ മറുചോദ്യം മതി.

∙ എല്ലാ കാര്യത്തിനും മീറ്റിങ് വിളിക്കുന്ന ബോസിനോട് മീറ്റിങ്ങിന്റെയും അജണ്ടയും മീറ്റിങ്ങിനു വേണ്ട സമയവും കൃത്യമായി ചോദിക്കുക. വിഷയത്തിൽ നിന്നു മാറി സംസാരം നീളുമ്പോൾ അജണ്ടയെ കുറിച്ച് ഓർമിപ്പിക്കുക.

∙ ടീം വർക്കിന്റെ വിജയത്തെ ‘ഞാൻ നയിക്കുന്ന’ ടീമിന്റെ വിജയമാക്കി ബോസ് സംസാരിക്കുന്നുണ്ടോ? ബോസിന്റെ സാന്നിധ്യത്തിൽ തന്നെ ടീമിനെ അഭിനന്ദനം കൊണ്ടു മൂടുക. ഐഡിയയിലെ സ്വന്തം ‘കോൺട്രിബ്യൂഷൻ’ ടീമിനെ അറിയിക്കുന്നതും പ്രധാനമാണ്. അവ അയയ്ക്കുമ്പോൾ ടീം അംഗങ്ങൾക്കു കൂടി കോപ്പി വയ്ക്കാൻ മറക്കരുത്.  

ADVERTISEMENT