ADVERTISEMENT

 

റൺവേയിൽ ലാൻഡ് ചെയ്തിരിക്കുന്ന എയർ ഇന്ത്യ വിമാനം. സിഗ്‌നൽ ലൈറ്റുകൾ മിന്നിത്തെളിയുന്നു. എയർ‌സ്റ്റെയറിലൂടെ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്യുന്നു...

plainhouse3
ADVERTISEMENT

കട്ടപ്പനയ്ക്കടുത്ത് ലബ്ബക്കടയിലെ ഹൈറേഞ്ച് വില്ലയിലാണ് ഈ കാഴ്ച. പൂൾ ഏരിയയ്ക്ക് എതിർഭാഗത്തായി വിമാനം നിർത്തിയിട്ടിരിക്കുകയാണ്.‌ പടികൾ കയറി ഉള്ളിലെത്തുമ്പോഴാണ് കൗതുകക്കാഴ്ചകൾ തെളിയുക. വിമാനത്തിനുള്ളിലൊരു സ്വിമിങ് പൂൾ. അതിനു പിന്നിൽ ഗ്ലാസ് വാതിലിനപ്പുറം ഉഗ്രനൊരു ബെഡ്റൂം. കോക്പിറ്റിനു പിന്നിൽ പൂളിനോടു ചേർന്ന് ഡൈനിങ് സ്പേസ്. പ്രൈവറ്റ് ജെറ്റിലുള്ളതു പോലെ സൗകര്യങ്ങൾ...

ഹണിമൂൺ ഇവിടെ

ADVERTISEMENT

ഇത് വിമാനമല്ല, ‘ഹണിമൂൺ കോട്ടേജ്’ ആണ് എന്ന് മനസ്സിലാക്കാൻ അൽപസമയമെടുക്കും.

‘‘അതിഥികളെ ആകർഷിക്കാൻ മറ്റെങ്ങുമില്ലാത്ത രീതിയിലുളള കെട്ടിടം വേണം എന്നു തോന്നി. ആ അന്വേഷണത്തിനൊടുവിലാണ് ഹൈറേഞ്ച് വില്ലയിൽ വിമാനമിറങ്ങിയത്,’’ മാനേജിങ് ഡയറക്ടർ രാജേഷ് നാരായണൻ പറയുന്നു.

ADVERTISEMENT

കെട്ടിടനിർമാണരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ആളാണ് രാജേഷ്. വിമാനത്തിന്റെ ഡിസൈനും നിർമാണ മേൽനോട്ടവുമെല്ലാം നിർവഹിച്ചതും രാജേഷ് തന്നെ.

plainhouse4

തറനിരപ്പിൽ നിന്ന് അഞ്ച് അടി പൊക്കത്തിൽ മൂന്ന് ചക്രങ്ങളിലായി നിൽക്കുന്ന രീതിയിലാണ് വിമാനക്കെട്ടിടം. 12 അടിയാണ് പൊക്കം. നീളം 60 മീറ്ററും.

ചക്രം മുതൽ കാബിനും എലിവേറ്ററും വരെ വിമാനത്തിന്റെ ഭാഗങ്ങളെല്ലാം അതേ ആകൃതിയിലും വലുപ്പത്തിലും വരുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമാണം. മൂന്ന് ചക്രങ്ങൾക്കുള്ളിൽ വരുന്ന കോൺക്രീറ്റ് പില്ലറിന്റെയും അവയെ പരസ്പരം ബന്ധിപ്പിച്ച് നൽകിയിരിക്കുന്ന ബീമിന്റെയും മുകളിലാണ് കെട്ടിടം പണിതിരിക്കുന്നത്. ചിറകുകൾക്ക് അടിയിലായി രണ്ട് സപ്പോർട്ടിങ് പില്ലറുകൾ ഉണ്ടെങ്കിലും അവ പെട്ടെന്ന് കണ്ണിൽപ്പെടില്ല. ലഗേജ് ബോക്സുകൾക്ക് ഉള്ളിലാണ് ഇവ.

ചിറകുമുളയ്ക്കാൻ ഒരു വർഷം

പതിനഞ്ചോളം ജോലിക്കാരുടെ ഒരു വർഷത്തെ അധ്വാനം വേണ്ടിവന്നു വിമാനക്കെട്ടിടം എന്ന സ്വപ്നത്തിനു ചിറക് മുളയ്ക്കാൻ.

plainhouse2

ബീമിനു മുകളിൽ വള്ളത്തിന്റെ ആകൃതിയിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോം പണിയുകയായിരുന്നു ആദ്യപടി. ഈ പ്ലാറ്റ്ഫോമിനു മുകളിലാണ് കെട്ടിടത്തിന്റെ തറ വരുന്നത്. അതിനു മുകളിൽ ഫെറോസ്ലാബ് തയാറാക്കുന്ന രീതിയിൽ വയർമെഷും കോൺക്രീറ്റും ഉപയോഗിച്ച് വിമാനത്തിന്റെ ആകൃതിയിൽ തന്നെ ഭിത്തിയും മേൽക്കൂരയും നിർമിച്ചു. മൂന്ന് ഇഞ്ചാണ് ഇതിന്റെ കനം. നല്ല വളവുള്ള രീതിയിൽ നിർമിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് വയർമെഷും കോൺക്രീറ്റും തിരഞ്ഞെടുത്തത്. ഉറപ്പിനും ബലത്തിനുമായി ഇടയ്ക്കു മാത്രം കമ്പി നൽകി.

കൈകൊണ്ട് അൽപാൽപമായി മാത്രമേ നിർമിക്കാനാകൂ, ഒരിടം ഉറച്ച ശേഷം മാത്രമേ ബാക്കി പണിയാൻ കഴിയൂ എന്നീ രണ്ടു കാര്യങ്ങളാണ് പണിസമയം നീളാൻ കാരണം.

ആദ്യം പണിത കോൺക്രീറ്റ് പ്ലാറ്റ്ഫോമിനും അതിനു മുകളിലുള്ള തറ ഭാഗത്തിനും ഇടയിൽ ഒഴിഞ്ഞ അറയാണുള്ളത്. കോൺക്രീറ്റിൽ സിമന്റ് ബോർഡ് ഉറപ്പിച്ച് അതിനു മുകളിൽ കാർപെറ്റ് വിരിച്ച് തറ തയാറാക്കി. ചുമരിനോടും സീലിങ്ങിനോടും ചേർന്ന് സ്റ്റീൽ ഫ്രെയിം ഉറപ്പിച്ച് അതിൽ ഫ്ലെക്സിബിൾ പ്ലൈവുഡ് പിടിപ്പിച്ചാണ് ഇന്റീരിയർ ഗംഭീരമാക്കിയത്. നല്ലതുപോലെ വളയും എന്നതാണ് ഫ്ലെക്സിബിൾ പ്ലൈവുഡിന്റെ പ്രത്യേകത. കാബിനുകളോടു ചേർന്നുള്ള ഗ്ലാസ് ജനലുകളും ലഗേജ് റാക്കും വിമാനത്തിലേതു പോലെ തയാറാക്കി. സ്റ്റീൽ ഫ്രെയിമിന് ഉള്ളിലൂടെയാണ് ഇലക്ട്രിക്കൽ - പ്ലമിങ് വയറുകളും പൈപ്പുകളും. വിമാനത്തിന്റെ അതേ മാതൃകയിലാണ് കെട്ടിടത്തിനുള്ളിലെ ലൈറ്റുകളും.

വിശാലമായ കിടപ്പുമുറി, ഡൈനിങ് സ്പേസ്, ചെറിയ കിച്ചൺ സ്പേസ്, സ്വിമിങ് പൂൾ, ഷവർ ക്യുബിക്കിളോടു കൂടിയ ബാത്റൂം. ആഘോഷിക്കാൻ വേണ്ട സൗകര്യങ്ങളെല്ലാം മധുവിധു വിമാനത്തിലുണ്ട്. വാതിലടച്ച് കഴിഞ്ഞാൽ ടേക്ക് ഓഫ് ചെയ്യാം; മുന്നിലുള്ളത് സ്വന്തം ആകാശം.

കടപ്പാട്: രാജേഷ് നാരായണൻ, എംഡി, ഹൈറേഞ്ച് വില്ല, highrangevillas@gmail.com