ADVERTISEMENT

അകത്തേക്കല്ല, പുറത്തേക്കായിരിക്കും വീട്ടുകാരും വിരുന്നുകാരുമെല്ലാം നോക്കുക. അതുകൊണ്ടുതന്നെ പുറംകാഴ്ചകൾക്കു പ്രാധാന്യം കൊടുത്തു വേണം വീട് ഡിസൈൻ ചെയ്യാൻ. വീടിന്റെ കാര്യത്തിൽ രാഹുലിനും റിയയ്ക്കും ഈയൊരു ഡിമാൻഡേ ഉണ്ടായിരുന്നുള്ളൂ.

riverside4
Facade of the house

അതിനു കാരണമുണ്ട്. തെളിനീരുമായി പായുന്ന അച്ചൻകോവിലാറിനെ തൊട്ടാണ് രാഹുലിന്റെയും റിയയുടെയും സ്വപ്നഭൂമി കിടക്കുന്നത്. 33 സെന്റ് ഉണ്ടായിരുന്നതിനാൽ എല്ലാ ഡിസൈൻ സാധ്യതകളും പ്രയോജനപ്പെടുത്തി വീട്ടുകാർ സ്വപ്നം കണ്ടതിലും മികച്ച വീട് തന്നെ നിർമിച്ചു കൊടുത്തു ആർക്കിടെക്ട് ടീം ആയ ഗീവർഗീസ് കിളുത്താട്ടിലും ജിനു പുന്നൂരാനും.

riverside7
Living area with a large glass wall
ADVERTISEMENT

കണികാണാം കുളിർമ

riverside6
Family living area

ആറ്റുവക്കത്തായതുകൊണ്ടുതന്നെ, സ്ഥലം അല്പം ഉയർത്തി പൈലിങ് ചെയ്താണ് ഫൗണ്ടേഷൻ നിർമിച്ചത്. നാല് ബെഡ്റൂമുകൾ വേണമെന്നായിരുന്നു വീട്ടുകാരുടെ ഒരു ആവശ്യം. താഴെയും മുകളിലും രണ്ട് കിടപ്പുമുറികൾ വീതം നൽകി. താഴത്തെ കിടപ്പുമുറികളിൽ നിന്നും ഡൈനിങ് ഏരിയയിൽ നിന്നുമാണ് ആറ്റിലേക്ക് നേരിട്ടു കാഴ്ചയുള്ളത്. ഈ മുന്ന് മുറികൾക്കുമായി പൊതുവായ ഒരു പാറ്റിയോ (patio) നിർമിച്ചു. പാറ്റിയോയിലേക്ക് പ്രവേശിക്കാൻ മടക്കിവയ്ക്കാവുന്ന ഗ്ലാസ് വാതിൽ നൽകി, രാത്രിയും ഈ മുറികളിൽ നിന്നു ആറ്റിലേക്ക് കാഴ്ച ഉറപ്പുവരുത്തി. മുകളിലെ നിലയിൽ ആറിനെ അഭിമുഖീകരിക്കുന്നത് വലിയൊരു ഓപ്പൺ ടെറസ് ആണ്. വീട്ടുകാർക്ക് സമയം ചെലവഴിക്കാൻ മാത്രമല്ല, ചെറിയ പാർട്ടികളും പരിപാടികളും നടത്താനും ഈ സ്ഥലം പ്രയോജനപ്പെടും.

riverside3
Dining area and inner courtyard
ADVERTISEMENT

യൂട്ടിലിറ്റി ഏരിയയ്ക്ക് പല യൂട്ടിലിറ്റി

riverside2
River view balcony common to bed rooms and dining area

ഓരോ ആവശ്യങ്ങൾക്കുമുള്ള ഇടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ട് യൂട്ടിലിറ്റി ഏരിയകൾ കൊടുത്തത് അതിന് ഉദാഹരണമാണ്. അടുക്കളയോടു ചേർന്ന യൂട്ടിലിറ്റി ഏരിയ ഭാവിയിൽ മെയ്ഡ്സ് റൂം എന്ന രീതിയിൽ മൾട്ടിപർപ്പസ് ആക്കാനാകും. കാർഷെഡിനോടു ചേർന്ന യൂട്ടിലിറ്റിക്കു പിറകിലുമുണ്ട് അത്തരമൊരു ലക്ഷ്യം. ഭാവിയിൽ ഡ്രൈവർക്ക് മുറി ഉപയോഗിക്കേണ്ടിവന്നാൽ ആ വിധത്തിൽ പ്രയോജനപ്പെടുത്താം.

riverside1
Folded door from bedroom to river view
ADVERTISEMENT

അകവും പുറവും ക്ലാസിക്

പുറത്തേക്കാണ് ശ്രദ്ധ എന്നതുകൊണ്ടുതന്നെ എക്സ്റ്റീരിയറും ഇന്റീരിയറും വലിയ ബഹളങ്ങൾ ഒന്നുംതന്നെയില്ലാതെ ലളിതമാക്കാനാണ് ശ്രമിച്ചത്. ക്ലാസിക് ശൈലിയിലാണ് ഇന്റീരിയറും എക്സ്റ്റീരിയറുമെല്ലാം ക്രമീകരിച്ചത്. തടി–ഐവറി നിറങ്ങൾക്കാണ് ഇന്റീരിയറിൽ പ്രാധാന്യം. തേക്കാണ് ജനൽ, വാതിൽ തുടങ്ങിയവയ്ക്കെല്ലാം നൽകിയത്. സോഫയിലെ കുഷനും മറ്റ് സോഫ്റ്റ് ഫർണിഷിങ്ങിനും നീല പോലെ മൃദുവായ നിറങ്ങൾ നൽകി അകത്തളം കൂടുതൽ ഊർജ്ജസ്വലമാക്കി.

വാർത്തതും റൂഫ് ടൈൽസ് വിരിച്ചതുമായ മേൽക്കൂരകൾ ഇവിടെ ചെയ്തിട്ടുണ്ട്. മഞ്ഞും മഴയും കൊണ്ടു കിടന്നാലും പായലും പൂപ്പലും പിടിക്കാത്ത സ്ലേറ്റ് റൂഫ് ടൈൽസ് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്തത്.

ചിത്രങ്ങൾ: നാഥൻ ഫോട്ടോസ്

Area: 5200 sqft

Owner: രാഹുൽ ഡാനി അബ്രഹാം & റിയ രാജൻ ഡാനി

Location: മാവേലിക്കര

Design: Lykke Architecture Studio, Kakkanad, Kochi Email: lykkearchitects@gmail.com