കോട്ടയം പുതുപ്പള്ളി റോഡിൽ മക്രോണി കവലയ്ക്കു സമീപമുള്ള ‘ഹൗസ് ഓഫ് ക്വാഡ്’ എന്ന വീടിന്റെ മുന്നിലെത്തുന്നവർ ആദ്യമൊന്ന് അമ്പരക്കും. വീടിനു നടുവിൽ യാതൊരു താങ്ങുമില്ലാതെ തള്ളിനിൽക്കുന്ന രീതിയിലൊരു മുറി! ഒന്നാംനിലയുടെ പൊക്കത്തിൽ നിന്നും 23 അടി മുന്നിലേക്ക് തള്ളിനിൽക്കുന്ന മുറി കണ്ടാൽ വീട് തലയിലണിഞ്ഞ കിരീടം പോലെ തോന്നും.

കേരളീയ വാസ്തുകലയുടെ നന്മകളും ആധുനിക കാഴ്ചപ്പാടും ഒന്നിച്ചുചേരുന്നൊരു വീടു വേണം. ഇതായിരുന്നു വിജി ജോണിന്റെയും പങ്കാളി മീനയുടെയും ആഗ്രഹം. മകനും ആർക്കിടെക്ടുമായ റൂബെൻ ജോൺ ജോസഫും സുഹൃത്ത് തോമസ് പറന്പിലും കൂടി വീട് ഡിസൈൻ ചെയ്യുന്ന ചുമതല ഏറ്റെടുത്തു. അങ്ങനെയാണ് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിൽ പതിയുന്ന ‘ഹൗസ് ഓഫ് ക്വാഡ്’ എന്ന അങ്കണങ്ങളുടെ വീടിന്റെ പിറവി.

നാല് ചുമരുകൾക്കുള്ളിലല്ല വീട്
മുൻവശത്തെ റോഡിന് നേരെ അഭിമുഖമായല്ല വീട്. ദിക്ക് അനുസരിച്ച് സ്ഥാനം കണ്ടതിനാലാണിത്. ആവശ്യത്തിനു സ്ഥലം ഉണ്ടായിരുന്നതിനാൽ ഇതിനൊട്ടും പ്രയാസമുണ്ടായില്ല. കാറ്റും വെളിച്ചവും കൃത്യമായി ഉള്ളിലെത്തുംവിധം രൂപകൽപന ചെയ്യാൻ ഇതു സഹായിച്ചു.

ഒന്ന് മറ്റൊന്നിലേക്ക് ലയിക്കുന്ന രീതിയിലാണ് വീട്ടിലെ പൊതുഇടങ്ങളെല്ലാം. എവിടെയിരുന്നാലും പ്രകൃതിയെ തൊട്ടറിയാം. നാല് ചുമരുകൾക്കുള്ളിലാണ് വീട് എന്ന സങ്കൽപത്തിന്റെ പൊളിച്ചെഴുത്താണ് ഹൗസ് ഓഫ് ക്വാഡിന്റെ ഇന്റീരിയർ. ഒത്ത നടുവിലായി വരുന്ന, മുകൾ ഭാഗം തുറന്ന രീതിയിലുള്ള നടുമുറ്റമാണ് വീടിന്റെ ഹൃദയവും ശ്വാസകോശവും. ചുറ്റുമുള്ള മുറികളുടെ പല വലുപ്പത്തിലുള്ള ചരിഞ്ഞ മേൽക്കൂരകളെ പരന്ന മേൽക്കുരയുള്ള ഇടനാഴികൾ വഴി നടുമുറ്റവുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ.
കാറ്റ് എത്തുന്ന ഭാഗങ്ങളിലെല്ലാം ഭിത്തിക്കു പകരം ടെറാക്കോട്ട ജാളിയാണ്. അതുവഴി ഉള്ളിലെ അലങ്കാരക്കുളത്തിനു മുകളിലേക്കെത്തുന്ന കാറ്റ് മുറികളെയെല്ലാം തണുപ്പിക്കും. ചൂടുവായു നടുമുറ്റത്തിനു മുകളിലൂടെ പുറത്തുപോകും. വീട് അടച്ചിട്ടാലും ഈ പ്രക്രിയ തടസ്സമില്ലാതെ നടക്കും. അതുവഴി വീട് ശ്വസിക്കുന്നതിനോടൊപ്പം അതിലെ താമസക്കാർക്ക് ശുദ്ധവായു ലഭിക്കുകയും ചെയ്യും.

തിലകക്കുറിയായി കാന്റിലിവർ റൂം
ഒന്നാംനിലയുടെ ചുമരിന് മുകളിൽ നിന്നും തള്ളിനിൽക്കുന്ന സ്റ്റീൽ ബീമുകളിലാണ് കാന്റിലിവർ റൂം തയാറാക്കിയത്. മേൽക്കൂരയുടെ ഭാരം ബീമുകളെ ഉറപ്പിച്ചു നിർത്തുന്ന രീതിയിലാണ് നിർമാണം. സാധാരണപോലെ ഷട്ടർ അടിച്ച് തറ കോൺക്രീറ്റ് ചെയ്തു. ഗ്ലാസ്സ് ഭിത്തിയും യുപിവിസി കൊണ്ടുള്ള വാതിൽ – ജനൽ എന്നിവയും നൽകി. മെറ്റൽ ഫ്രെയിമിൽ ഓടുമേഞ്ഞ് മേൽക്കൂര തയാറാക്കി. അടിയിൽ ഫൈബർ സിമന്റ് ബോർഡ് കൊണ്ട് ഫോൾസ് സീലിങ്ങും നൽകി.
ആർക്കിടെക്ട് റൂബെന്റ് ഓഫിസ് സ്പേസ് ആണ് ഇവിടം. വീടിനു പുറത്തു കൂടിയുള്ള സ്റ്റീൽ സ്‌റ്റെയർകേസ് വഴി നേരിട്ട് ഇവിടേക്കെത്താം.
ചേർച്ചയുടെ സൗന്ദര്യം
നടുമുറ്റം, ഓടുമേഞ്ഞ ചരിഞ്ഞ മേൽക്കൂര, തടിയുടെ നിറസാന്നിധ്യം... കേരളീയവാസ്തുകലയുടെ പരമപ്രധാന ചേരുവകളെല്ലാം ഇവിടെയുണ്ട്. ഓപ്പൺ പ്ലാൻ, ഫ്ലൂയിഡ് ഡിസൈൻ, ഉയരക്കൂടുതലുള്ള മുറികൾ തുടങ്ങി ആധുനിക ശൈലീ ഘടകങ്ങളും ഇവയ്ക്കൊപ്പം ഇഴചേരുന്നു എന്ന താണ് ഹൗസ് ഓഫ് ക്വാഡിന്റെ സൗന്ദര്യം.

നടുമുറ്റത്തിന് സമീപത്തായാണ് ആകെയുള്ള നാല് കിടപ്പുമുറികളിൽ മൂന്നിന്റെയും സ്ഥാനം. സുരക്ഷയ്ക്കായി സ്റ്റീൽ ഗ്രിൽ പിടിപ്പിച്ച നടുമുറ്റത്ത് മഴ പെയ്യുന്നത് കിടപ്പുമുറികളിലിരുന്ന് ആസ്വദിക്കാം.
നടുമുറ്റത്തിനോട് ചേർന്നുള്ള ഇടനാഴികൾക്കും അടുക്കളയ്ക്കും മാത്രമേ കോൺക്രീറ്റ് മേൽക്കൂരയുള്ളൂ. ട്രസ്സ് റൂഫിൽ ഓട് മേഞ്ഞാണ് ബാക്കി മുറികളുടെ മേൽക്കൂര. ഇതിനടിയിലായി പഴയ വീടുകളുടെ മച്ചിന്റെ മാതൃകയിൽ തടി കൊണ്ടുള്ള ഫോൾസ് സീലിങ് നൽകി.
ഇതല്ലാതെ നടുമുറ്റത്തിന്റേയും ഇടനാഴിയുടേയും തൂണുകളിലും തടി നിറഞ്ഞുനിൽപ്പുണ്ട്. സ്റ്റീൽ പൈപ്പുകളിൽ തടി പൊതിഞ്ഞാണ് ഇവ നിർമിച്ചത്.
പഴയ തറവാടുകളിലെ തടി ഫർണിച്ചറിന്റെ പ്രൗഢിയും ആഭിജാത്യവും പ്രതിഫലിക്കുന്ന ഡിസൈനിൽ തയാറാക്കിയതാണ് വീട്ടിലെ ഫർണിച്ചർ എല്ലാം.

കാഴ്ചകളിലും കാഴ്ചപ്പാടിലും വാസ്തുകലയിലെ കാലാനുസൃത മാറ്റത്തിന് സാക്ഷ്യപത്രമാണ് ‘ഹൗസ് ഓഫ് ക്വാഡ്’.
ചിത്രങ്ങൾ: ജസ്റ്റിൻ സെബാസ്റ്റ്യൻ
സ്ഥലം: കോട്ടയം, വിസ്തീർണം: 7500 ചതുരശ്രയടി, ഡിസൈൻ: റൂബെൻ ജോൺ ജോസഫ് തോമസ് പറന്പിൽ, ഉടമ: വിജി ജോൺ