കാർ പോർച്ച് ഇല്ല, വീടിനു മുന്നിൽ പശുത്തൊഴുത്ത്; പഴയ വീടുകൾ വിസ്മൃതിയിലലിയാനുള്ളതല്ല Tropical modern house with a traditional touch
 
Mail This Article
പശുവിനെ കണികണ്ട് ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വീട്ടുകാരൻ. മുറ്റത്ത് ചാണകം മെഴുകി ഒരുക്കിയെടുക്കുന്ന, കൃഷി ചെയ്യുന്ന, ആചാരാനുഷ്ഠാനങ്ങൾ പിൻതുടരുന്ന വീട്ടുകാർ. കാഴ്ചക്കാർക്കു വേണ്ടിയല്ല, തങ്ങളുെട ജീവിതത്തിനനുസരിച്ചാകണം വീട് എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കുന്നവരാണിവർ. അതുകൊണ്ടുതന്നെ കോഴിക്കോട് ഫറൂഖിലുള്ള രോഷിത് കാളൂരിന്റെ വീട് പതിവു കാഴ്ചകളിലൊന്നല്ല.
 
പരമ്പരാഗതശൈലിയിൽ പണിത പടിപ്പുര മാത്രമാണ് ഈ വീട്ടിലേക്കുള്ള പ്രവേശനകവാടം എന്നു കേട്ടാൽ വിശ്വസിക്കുമോ? അപ്പോൾ കാർ എവിടെ പാർക്ക് ചെയ്യും എന്നായിരിക്കും സംശയം. വീടിന്റെയും നിത്യജീവിതത്തിന്റെയും തനിമയ്ക്ക് കോട്ടം വരാതിരിക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും വീട്ടുകാർ തയാറായിരുന്നു. പ്ലോട്ടിന് എതിർവശത്തുള്ള അഞ്ച് സെന്റ് വാങ്ങി കാർപോർച്ച് അവിടെയാണ് പണിതത്. കിഴക്കോട്ട് ദർശനമായ പടിപ്പുര കയറിച്ചെന്നാൽ മുറ്റത്തുതന്നെയാണ് പശുതൊഴുത്ത്.
പ്രകൃതി നൽകിയ ലാൻഡ്‌സ്കേപ്
 
നാട്ടിൽ വരുമ്പോൾ പ്രകൃതിയും പാരമ്പര്യവുമൊക്കെ ഇഴ ചേരുന്ന അന്തരീക്ഷത്തിൽ ജീവിക്കണം എന്നാണ് മറൈൻ എൻജിനീയറായ വീട്ടുകാരൻ രോഷിത്തിന് ആഗ്രഹം. അതുകൊണ്ടുതന്നെ പ്ലോട്ടിലെ മരങ്ങൾ ഒന്നും നശിപ്പിക്കാതെ എങ്ങനെ വീടുപണിയാം എന്നു ചിന്തിച്ചു. മരങ്ങൾ ഉള്ളിടത്തെല്ലാം കോർട്‌യാർഡുകൾ ക്രമീകരിക്കുക എന്ന ആർക്കിടെക്ടിന്റെ ആശയം വീട്ടുകാർക്കും സമ്മതമായിരുന്നു. രണ്ട് വലുതും ഒരു ചെറുതുമായി മൂന്ന് കോർട്‌യാർഡുകളിലൂടെ പ്രകൃതിസൗന്ദര്യം മുഴുവൻ വീടിന് അകത്തേക്ക് ആവാഹിക്കാൻ കഴിയുന്ന വിധത്തിലാണ് പ്ലാൻ. പരമ്പരാഗത നിർമാണ ശൈലിയിലെ പല ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും നിർമാണവസ്തുക്കളിൽ ചിലതും സൗകര്യങ്ങളുമെല്ലാം പുതിയ ജീവിതരീതിക്ക് ഉതകും വിധത്തിലാണ്.
കോർട്‌യാർഡിനു ചുറ്റും മുറികൾ
 
കോർട്‌യാർഡുകൾക്കു ചുറ്റുമാണ് മുറികൾ ക്രമീകരിച്ചത്. വീട്ടുകാർക്ക് പരസ്പരം ഇടപഴകാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന വിധത്തിൽ കോമൺ ഏരിയ ക്രമീകരിച്ചു. കോമൺ ഏരിയയിൽ പഴയ ഫർണിച്ചർ കൂടാതെ, ഇൻബിൽറ്റ് ഇരിപ്പിടങ്ങൾക്കും ഇടകൊടുത്തു.
കോർട്‌യാർഡിനു ചുറ്റുമുള്ള ഇടനാഴിയിൽ നിന്നുള്ള വാതിൽ ഫാമിലി ലിവിങ്-ഡൈനിങ് ഏരിയയിലേക്ക് തുറക്കുന്നു. ഫാമിലി ലിവിങ്ങും ഡൈനിങ്ങും ചേരുന്ന ഹാൾ, അടുക്കളയും വർക്ഏരിയയും, രണ്ട് കിടപ്പുമുറികൾ എന്നിവ മറ്റൊരു കോർട്‌യാർഡിന്റെ ചുറ്റുമാണ് ക്രമീകരിച്ചിരിക്കുന്നത്.
മൂല്യം കൂടുന്ന പഴമ
രോഷിത്തും കുടുംബവും മുൻപ് താമസിച്ചിരുന്ന 100 വർഷത്തോളം പഴക്കമുള്ള വീടിനോട് വളരെയധികം മാനസിക അടുപ്പം ഉണ്ടായിരുന്നു. ആ വീടിന്റെ ജനലും വാതിലുമെല്ലാം കേടു തീർത്ത് അതേപടി ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വാതിലുകൾ മിക്കവയും ഉയരം കുറഞ്ഞവയാണ്. തല കുനിച്ച് മുറികളിലേക്കു കയറാൻ വീട്ടുകാർക്ക് യാതൊരു മടിയുമില്ല.
വീടിനോടു ചേർന്ന് ഒരു കുളം കൂടി വേണമായിരുന്നു എന്ന് വീട്ടുകാർ ആഗ്രഹിച്ചിരുന്നു. എന്നാൽ ചില പരിമിതികൾ ഉണ്ടായിരുന്നതിനാൽ കുളത്തിന്റെ ഗുണങ്ങൾ കിട്ടുന്ന സ്വിമ്മിങ് പൂൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ചിത്രങ്ങൾ: ഹംദാൻ മുഹമ്മദ്
 
 
 
 
 
 
 
 
 
 
