Tuesday 21 December 2021 03:52 PM IST

മുറ്റത്ത് പച്ചക്കറി, ടെറസിലും മേൽക്കൂരയിലും പച്ചക്കറി; ജോൺ– സൂസൻ ദമ്പതിമാർക്ക് പ്രകൃതി തന്നെ ജീവിതം

Sreedevi

Sr. Subeditor, Vanitha veedu

1

കുമ്പളങ്ങകൾ കൊണ്ട് കിരീടം ചൂടിയ വീട്, അതാണ് കോട്ടയം പനയക്കഴിപ്പിലെ ‘ദി ആർക്ക്’. കോട്ടയം സിഎംഎസ് കോളജിൽ നിന്നു വിരമിച്ച അദ്ധ്യാപക ദമ്പതികളായ പ്രഫ. പി.സി ജോണിന്റെയും പ്രഫ. സൂസൻ വർഗീസിന്റെയും വീടും ജീവിതരീതികളും തികച്ചും പ്രകൃതിയോടു ചേർന്നതാണ്. സ്വന്തം ആവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും പറമ്പിൽ പ്രത്യേകിച്ച് വളമോ കീടനാശിനിയോ കൂടാതെ ഉൽപാദിപ്പിക്കുക എന്നതാണ് ഇവരുടെ തത്വം. പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിലും പ്രകൃതി ജീവനത്തിലും തൽപരരായ ഇവരുടെ ജീവിതത്തിൽ ഗാന്ധിയൻ ചിന്തകളുടെ സ്വാധീനവുമുണ്ട്. സുവേളജിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് പ്രഫ. പി.സി ജോൺ. തേക്കാതെ ചുടുകട്ടകൾ കൊണ്ടു നിർമിച്ച വീടുതന്നെ ഇവരുടെ ചിന്തകൾ പ്രതിഫലിപ്പിക്കും.

2


ദി ആർക്കിന്റെ മേൽക്കൂരയിൽ തൂങ്ങിനിൽക്കുന്ന കുമ്പളങ്ങകൾ ഈ ദമ്പതികളുടെ ജീവിതശൈലിയുടെ പ്രതീകം കൂടിയാണ്. പ്രകൃതിജീവന ശൈലി പിൻതുടരുന്ന ഇവരുടെ ഓരോ ദിവസവും തുടങ്ങുന്നത് ഓരോ ഗ്ലാസ് കുമ്പളങ്ങ ജൂസ് കുടിച്ചുകൊണ്ടാണ്. എന്നാൽ ഇപ്പോൾ വീടിനു മുകളിൽ പടർന്ന കുമ്പളം പ്രത്യേകമായി നട്ടുവളർത്തിയതല്ല എന്നതാണ് രസകരമായ വസ്തുത. ഉപയോഗിച്ചശേഷം വലിച്ചറിഞ്ഞ വിത്തു മുളച്ചാണ് ഈ വള്ളി പടർന്നത്. ‘‘കുമ്പളത്തിന്റെ വള്ളി അടുത്തുള്ള ജാതിയിൽ കയറി അവിടെ നിന്ന് ടെറസിലേക്കു പടർന്നു. ടെറസിൽ ധാരാളം കുമ്പളങ്ങകൾ ഉണ്ടായി. ഞങ്ങൾ പതിവായി ഉപയോഗിക്കാറുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൊടുക്കാറുമുണ്ട്,’’ പി.സി.ജോൺ പറയുന്നു.
സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷിയിൽ ആകൃഷ്ടനാണ് ജോണും സൂസനും. അതുകൊണ്ടുതന്നെ പ്രത്യേക വളമോ പരിചരണമോ നൽകാതെയാണ് ഇത്തരത്തിൽ കായ്ഫലം ലഭിക്കുന്നത്. കുമ്പളം കൂടാതെ കോവൽ, കാന്താരിമുളക്, വെണ്ട, വഴുതിന, പയർ, ചീര, ഇഞ്ചി, ആഫ്രിക്കൻ മല്ലി, ചേന, ചേമ്പ് എന്നിങ്ങനെ നാടൻ പച്ചക്കറികളെല്ലാം ഇവിടെയുണ്ട്. കൂടാതെ സീസണൽ പഴങ്ങൾ നൽകുന്ന പ്ലാവ്, മാവ്, മാംഗോസ്റ്റിൻ തുടങ്ങിയ മരങ്ങളും.

3


ആറ്റുവക്കത്താണ് വീട് എന്നതിനാൽ വേനലിൽ ആറ്റിറമ്പിൽ കൃഷി ചെയ്യാം. ഹ്രസ്വകാലവിളകളാണ് ആറ്റിറമ്പിൽ കൃഷിചെയ്യുന്നത്. ചീരയാണ് അതിൽ മുഖ്യം. എന്നാൽ ആറ്റിറമ്പിലെ കൃഷി പലപ്പോഴും വെള്ളം കയറി നഷ്ടത്തിലാണ് ചെന്നെത്തുന്നത് എന്ന് ജോൺ പറയുന്നു. എങ്കിലും കൃഷി നൽകുന്ന സന്തോഷം ഒന്നുവേറെത്തന്നെ.
പ്ലാസ്റ്റിക് ചട്ടികളിലും ഗ്രോ ബാഗിലും കൃഷി ചെയ്യുന്നതിനോടും ജോൺ എതിരാണ്. അനാവശ്യമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിക്കുന്നു. നിലത്തോ മൺചട്ടിയിലോ പച്ചക്കറിക്കൃഷി ചെയ്യാം. മൺചട്ടികൾ പ്രകൃതിക്കു ദോഷം ചെയ്യുന്നില്ല, ദീർഘകാലം നിലനിൽക്കുകയും ചെയ്യും.
ഏറ്റവും ലളിതമായ ജീവിതരീതികളിൽ ഏറ്റവും സന്തോഷത്തോടെയിരിക്കുന്ന ഈ ദമ്പതിമാരെ മാതൃകയാക്കാൻ ആരും ഇഷ്ടപ്പെടും.