വീട്ടുകാരി സുന്ദരി. വെറും സുന്ദരിയല്ല; സൗന്ദര്യ റാണിപ്പട്ടം സ്വന്തമാക്കിയയാൾ. മിസിസ് ക്വീൻ കേരള നിമ മനോഹരന്റെ വീടും അതി മനോഹരം! കൊല്ലം ഉളിയക്കോവിലിലാണ് നിമ- വിശാഖ് ദമ്പതികളുടെ ഋതു എന്ന വീട്. വനിത വീട് മാസികയിൽ പ്രസിദ്ധീകരിച്ച, ആർക്കിടെക്ട് ബിജു ബാലന്റെ വീട് കണ്ടപ്പോൾ തോന്നിയ ഇഷ്ടമാണ് സ്വന്തം വീട് ബിജുവിനെ ഏൽപ്പിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.

എട്ട് സെന്റിൽ പോർച്ച് ഉൾപ്പെടെ 2080 ചതുരശ്രയടിയിലുള്ള വീട് ഭംഗിയിൽ മാത്രമല്ല പ്രകൃതിയോടുള്ള പ്രതിബദ്ധതയിലും ചെലവു നിയന്ത്രണത്തിലും മുന്നിലാണ്. നടുമുറ്റമുള്ള, പ്രകൃതിയോടിണങ്ങിയ വീട് വേണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. മറ്റിടങ്ങളേക്കാൾ ചെലവ് കൂടുതലാണ് കൊല്ലത്തെ ഗൃഹ നിർമാണമെന്ന് ആർക്കിടെക്ട് ബിജു ബാലൻ പറയുന്നു. നിർമാണ സാമഗ്രികൾ മറ്റിടങ്ങളിൽ നിന്ന് വരണമെന്നതാണ് അതിനു കാരണം. അതിനാൽ പ്രാദേശികമായി ലഭിക്കുന്ന കോൺക്രീറ്റ് ബ്രിക് കൊണ്ടാണ് വീടു നിർമിച്ചത്. കോൺക്രീറ്റ് കട്ട ചൂടു കൂട്ടുമെന്ന ധാരണ തെറ്റാണെന്നും ബിജു ബാലൻ പറയുന്നു.

വീടിന്റെ എക്സ്റ്റീരിയർ 90 ശതമാനവും തേച്ചിട്ടില്ല; പെയിന്റും ചെയ്തിട്ടില്ല. വാട്ടർപ്രൂഫ് കോട്ട് മാത്രമേ അടിച്ചുള്ളൂ. വീടിനു മുന്നിൽ ടെറാക്കോട്ട എക്സ്പോസ്ഡ് ബ്രിക് നൽകി. ഭൂരിഭാഗം സീലിങ്ങും പ്ലാസ്റ്റർ ചെയ്തിട്ടില്ല. ഇത് ചൂടു കുറയ്ക്കാൻ സഹായിച്ചു. ബെഡ് റൂമുകളിലൊഴിച്ച് മറ്റു മുറികളിൽ ക്ലിയർ കോട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും എക്സ്പോസ്ഡ് സിമന്റ് വോൾ നൽകിയതും വീടിനകം തണുപ്പിക്കുന്നു. ഫ്ലോറിങ്ങിന് കോട്ടാ സ്റ്റോണും ജയ്സാൽമർ സ്റ്റോണും ഉപയോഗിച്ചു. ഇതും വീടിനുള്ളിലെ ചൂട് കുറയാൻ സഹായിക്കുന്നു.

ബാത്റൂമുകളിൽ തറയിൽ നാച്വറൽ സ്റ്റോൺ നൽകിയത് ചെലവു കുറച്ചു. വടക്കുഭാഗത്ത് കൊതുകുവല പിടിപ്പിച്ച വലിയ ഗ്രിൽ നൽകിയിട്ടുണ്ട്. അതിനാൽ ജനാലകളൊന്നും തന്നെ തുറക്കേണ്ട ആവശ്യമേ വരുന്നില്ല. ഇവിടെ മുള നട്ടു പിടിപ്പിച്ചത് കാഴ്ചയ്ക്ക് ഭംഗിക്കൊപ്പം വീടിനുള്ളിൽ തണുപ്പും നൽകുന്നു. ഗ്രില്ലിനോടു ചേർന്ന് മെറ്റൽ ഫ്രെയിമിൽ ഗ്രാവലും കല്ലും നിറച്ചു നൽകിയിട്ടുള്ള പാർട്ടീഷനും പണം ഭിക്കാനുള്ള പരീക്ഷണമാണ്; ഒപ്പം വെറൈറ്റി ലുക്കും കിട്ടി.

കോർട് യാർഡിൽ മണ്ണ് നിറച്ച് വെള്ള ഗ്രാവൽ വിരിച്ചു. ഇത് കുളിർമയേകുന്നതിനൊപ്പം ചെലവും കുറച്ചു. നടുമുറ്റത്തു തന്നെ പൂജായി ടവും ഒരുക്കി. കസ്റ്റമൈസ്ഡ് കോൺക്രീറ്റ് കൊണ്ടാണ് മുറ്റത്തെ പേവിങ്. മഴവെള്ളം താഴ്ന്നിറങ്ങാൻ ചുറ്റിലും ഗ്രാവൽ വിരിച്ചു. എട്ട് സെന്റിൽ നിറയെ ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഫർണിച്ചർ, ഹാങ്ങിങ് ലൈറ്റ് എന്നിവയെല്ലാം കസ്റ്റമൈസ്ഡ് ആണ്. ലിവിങ് റൂമിലെ സോഫ ബിൽറ്റ് ഇൻ ആണ്. ഫർണിച്ചറെല്ലാം മെറ്റലിൽ നിർമിച്ചതും ലാഭം നൽകി. സ്റ്റെയർകെയ്സും മെറ്റൽ കൊണ്ടാണ്.

കടപ്പാട്: ആർക്കിടെക്ട് ബിജു ബാലൻ
ലോറൽസ്, കോഴിക്കോട്
98472 32232