ചതുരാകൃതിയിലുള്ള അഞ്ച് സെന്റിലെ താറവാട് പൊളിച്ച്, സ്ഥലം രണ്ട് സഹോദരൻമാർക്ക് പങ്കുവച്ചപ്പോൾ ദീർഘചതുരാകൃതിയിലുള്ള രണ്ടര സെന്റാണ് രണ്ടുപേർക്കും കിട്ടിയത്. തൃശൂർ പുല്ലഴിയിലെ ടി. പി. ഡേവിസിന്റെ വീട് 600 ചതുരശ്രയടിയേയുള്ളൂ, രണ്ടര സെന്റിലുമാണ്. ചെറുതാണെങ്കിലും സുന്ദരവും വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പര്യാപ്തവുമാണ് ഈ വീട്. ചെറിയ സ്ഥലത്ത് ചെറിയ വീട് നിർമിച്ചതിന്റെ അനുഭവങ്ങൾ തൃശൂർ രാമവർമപുരത്തെ അർമാരിയോസിലെ ഡിസൈനർമാരായ അരുൺ ജോസഫും സേതുറാമും പങ്കുവയ്ക്കുന്നു. രണ്ട് പ്ലോട്ടുകളെയും വേർതിരിക്കുന്ന ഭാഗത്തെ ഭിത്തി പൊതുവാക്കി രണ്ട് വീടുകൾ നിർമിക്കാം എന്ന തീരുമാനത്തിലായിരുന്നു സഹോദരങ്ങൾ. സഹോദരൻ വീടുപണിയാൻ തുടങ്ങിയശേഷമാണ് ഡേവിസ് അർമാരിയോസിലെത്തുന്നത്.

വെറും നാല് മീറ്റർ മാത്രമായിരുന്നു പ്ലോട്ടിന്റെ വീതി. എന്നാൽ, മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടിൽ പണിയുന്ന വീടിനു കിട്ടുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിച്ചു. ഭിത്തികൾ പങ്കുവച്ചതിനാൽ ഒരു വശത്ത് സ്ഥലം ഒഴിച്ചിടേണ്ടിവന്നില്ല. ഇങ്ങനെ സ്ഥലപരിമിതി പരിഹരിക്കാനുള്ള എല്ലാ വഴികളും ഉപയോഗപ്പെടുത്തി. പക്ഷേ, വീടിനുള്ളിൽ വെളിച്ചവും വായുസഞ്ചാരവും നൽകുന്നത് വെല്ലുവിളി തന്നെയായിരുന്നു. രണ്ടു വീടുകളും പങ്കുവയ്ക്കുന്ന പൊതുവായ ഭിത്തിയിൽ ജനാലകൾ വയ്ക്കാൻ പറ്റില്ല എന്നത് ഡിസൈനർമാരെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. മുറികളിൽ ക്രോസ് വെന്റിലേഷൻ നൽകാനുള്ള പ്രധാന സാധ്യതയാണ് അടഞ്ഞത്.
ഒരു വശം തുറക്കാത്ത ഭിത്തിയുള്ള ഇടങ്ങളിൽ ഇടനാഴി കൊടുക്കുന്നതു പതിവാണ്. ഈ ഇടനാഴി കൊണ്ട് മുറികളെ തമ്മിൽ ബന്ധിപ്പിക്കാം. സാധാരണ ഇടനാഴി വരുമ്പോഴുള്ള വിരസതയകറ്റണം എന്നത് മറ്റൊരു പ്രതിസന്ധിയായിരുന്നു. ഇടനാഴിയുടെ ഭാഗമായി ഒരു കോർട്യാർഡ് ഉണ്ടെങ്കിൽ ഈ രണ്ട് പ്രശ്നവും ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. കോർട്യാർഡ് മുറികളിലേക്ക് മുഴുവൻ ആവശ്യത്തിനു വെളിച്ചമെത്തിക്കുകയും ചെയ്യും. ഇവിടത്തെ കോർട്യാർഡിന് വേറെയും റോളുകൾ ഉണ്ട്. ഭാവിയിൽ മുകളിലേക്ക് ഒരു നില പണിയണമെന്നുണ്ടെങ്കിൽ ഈ കോർട്യാർഡിലൂടെ ഗോവണി നിർമിക്കാം.

ബജറ്റിൽ ഒതുങ്ങുന്ന ചെറിയ വീട് ആകുമ്പോൾ ഓപൻ പ്ലാൻ ആണ് സൗകര്യം. ഓപൻ പ്ലാനിന്റെ ഗുണങ്ങൾ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവരും അത് അംഗീകരിച്ചു. ഒറ്റ കിടപ്പുമുറിയാണ് തൽക്കാലം നിർമിച്ചത്. വീതി കുറഞ്ഞ പ്ലോട്ട് ആയതിനാൽ കിടപ്പുമുറിയുടെ സ്ഥാനം അൽപം പ്രശ്നമായിരുന്നു. ഡൈനിങ്ങിലേക്ക് തുറന്നിരിക്കുന്ന അടുക്കളയും കഴിഞ്ഞ് ഇടനാഴിയുടെ ഏറ്റവും അറ്റത്താണ് കിടപ്പുമുറിയുടെ സ്ഥാനം. കിടപ്പുമുറിയോടു ചേർന്ന്, എന്നാൽ ഡൈനിങ്ങിൽ നിന്നും പ്രവേശിക്കാവുന്ന രീതിയിലാണ് ബാത്റൂം. കിടപ്പുമുറിയും ബാത്റൂമും ഒഴികെ എല്ലാ മുറികളിലേക്കും കോർട്യാർഡ് വെളിച്ചമെത്തിക്കുന്നു. വാഷ്ഏരിയ കോർട്യാർഡിൽ ക്രമീകരിച്ചു.
ചെറിയ പ്ലോട്ട് ആയതിനാൽ നിർമാണസാമഗ്രികൾ എവിടെ ഇറക്കുമെന്നതും സൂക്ഷിക്കുമെന്നതും വലിയൊരു പ്രശ്നമായിരുന്നു. റോഡിന് എതിർവശത്തെ ഒഴിഞ്ഞു കിടക്കുന്ന പ്ലോട്ടിലാണ് ഭിത്തി നിർമാണത്തിനാവശ്യമായ സിമന്റ് ഇഷ്ടികയും മണലുമെല്ലാം ഇറക്കിയത്. ഡിസൈനർമാരുടെ സ്വന്തം പണിശാലയുള്ളതിനാൽ തടിപ്പണിയെല്ലാം അവിടെ ചെയ്തു. പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ തടിയാണ് ഫർണിച്ചർ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത്. മുൻവാതിലിനായി മാത്രം കുറച്ചു തടി വാങ്ങി. അലുമിനിയം ജനാലകളാണ് മറ്റു മുറികളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം ചെലവ് കൈപ്പിടിയിൽ ഒതുങ്ങാൻ സഹായിച്ചു. 600 ചതുരശ്രയടിയുള്ള വീടിന്റെ ഫിനിഷിങ്ങിൽ വിട്ടുവീഴ്ചകൾ ഒന്നും തന്നെ ചെയ്തില്ല. അതുകൊണ്ടുതന്നെ എട്ട് ലക്ഷം രൂപ കൊണ്ടാണ് പണി പൂർത്തിയായത്. പ്രധാനമന്ത്രി ആവാസ് യോജന പ്രയോജനപ്പെടുത്തിയിട്ടുണ്ട് ഇവർ. ഏകദേശം നാല് മാസംകൊണ്ട് പണി പൂർത്തിയായി.
കടപ്പാട്:
അരുൺ ജോസഫ്, സേതുറാം, ഡിസൈനേഴ്സ്, അർമാരിയോസ് ഇന്റീരിയേഴ്സ്, തൃശൂർ, ഫോൺ: 9747704323, 9746949053