മൊസെയ്ക് നിലത്തിന്റെ കസിനാണ് ടെറാസോ ഫ്ലോറിങ് എന്നു വേണമെങ്കിൽ പറയാം. അതിരുകൾ കാണാത്ത (seamless) നിലം ആഗ്രഹിക്കുന്നവർക്ക് ഓക്സൈഡ് പോലെ മറ്റൊരു സാധ്യതയാണ് ടെറാസോ. ടെറാസോ മോഡേൺ ഇന്റീരിയറിലേക്കും ചേരും എന്നത് ഓക്സൈഡിന് ഇല്ലാത്ത നേട്ടമാണ്.
∙ പ്രത്യേകം പശയും ബേബി മെറ്റിലുമാണ് ടെറാസോ ഫ്ലോറിങ്ങിന്റെ അടിസ്ഥാന നിർമാണസാമഗ്രികൾ. ബേബി മെറ്റിലിനു പകരം തടിയുടെ ചെറിയ കഷണങ്ങൾ, ഗ്ലാസ് പീസുകൾ, ലോഹച്ചുരുൾ, മാർബിൾ കഷണങ്ങൾ അങ്ങനെ എന്തുമാകാം. ആർക്കിടെക്ടിന്റെയും വീട്ടുകാരുടെയും ഭാവനയനുസരിച്ച് ടെറാസോ ഫ്ലോളിങ് ആകർഷകമാക്കാം.
∙ ഏതൊരു പ്രതലത്തിലും, കർവുകൾ ഉൾപ്പെടെ ടെറാസോ ചെയ്യാനാകും. ഭിത്തിക്കും ടെറാസോയുടെ അഴക് നൽകാം. ഭിത്തിയും നിലവും ഒന്നായി ഒഴുകുന്നതുപോലെയുള്ള അനുഭൂതി അകത്തളത്തിൽ ആവശ്യമെങ്കിൽ ടെറാസോ തിരഞ്ഞെടുക്കാം.
∙ നല്ല പണിക്കാരെ കിട്ടുക എന്നതാണ് ടെറാസോ ഫ്ലോറിങ്ങിന്റെ വിജയം. പുതിയ രീതിയായതിനാൽ പരീക്ഷിച്ചുനോക്കി വിജയിക്കും എന്ന് ഉറപ്പിച്ച ശേഷം വേണം പണി ആരംഭിക്കാൻ. എന്നാൽ ഇത് ചെലവ് കൂട്ടും.
∙ നിർമാണം കഴിഞ്ഞ നിലത്ത് രണ്ട് ആഴ്ചയോളം വെള്ളത്തിൽ കുതിർത്ത ചാക്ക് ഇട്ട് ക്യുവർ ചെയ്യാൻ സമയം കൊടുക്കണം. തിളക്കം വരുത്താൻ മാർബിൾ പോളിഷ് ചെയ്യാം. നിർമാണവും ക്യുവറിങ്ങും കൃത്യമാണെങ്കിൽ വിള്ളലുകൾ വരില്ല.
∙ പരമാവധി വലുപ്പം 4X4 അടിയുള്ള ടൈലുകളായേ നിർമിക്കാനാവൂ എന്നത് മൊസെയ്ക്കിന്റെ ന്യൂനതയായിരുന്നു. ടെറാസോ ഫ്ലോറിങ് ഇത്തരത്തിൽ വിഭജിക്കേണ്ടതില്ല. ഒറ്റ നിലമായി കിട്ടും.
∙ പശയിൽ ഇഷ്ടമുള്ള നിറം കൊടുക്കുകയും ഇഷ്ടമുള്ള പാറ്റേണുകൾ സൃഷ്ടിക്കുകയും ചെയ്യാം എന്നത് ടെറാസോ ഫ്ലോറിങ്ങിന്റെ പ്രത്യേകതയാണ്.
∙ ടെറാസോ ചെയ്യാൻ ചെലവ് കൂടുതലാണ്. ചതുരശ്രയടിക്ക് 500 രൂപ നിരക്കിലൊക്കെ വരും. ഇറക്കുമതി ചെയ്യുന്ന പശയും പണിക്കൂലിയുമാണ് ചെലവു കൂട്ടുന്ന ഘടകങ്ങൾ.
∙ ചെറിയ മുറികളേക്കാൾ വലിയ ഏരിയയിൽ ചെയ്യുമ്പോൾ ആണ് ടെറാസോ ഫ്ലോറിങ് ആകർഷകമാകുന്നത്. മാത്രവുമല്ല, ഫർണിച്ചർ കൂടുതൽ വരുന്ന ഏരിയകളിലും ടെറാസോയുടെ ഭംഗി കാണാൻ കഴിയില്ല.
∙ മെയിന്റനൻസ് കുറവ്, ഈട് എന്നിവയെല്ലാം ടെറാസോ ഫ്ലോറിങ്ങിനെ ആകർഷകമാക്കുന്ന കാര്യങ്ങളാണ്.
∙ നിറങ്ങളിലും ഡിസൈനിലും വൈവിധ്യമുള്ളതിനാൽ മോഡേൺ, ട്രെഡീഷണൽ, ട്രോപ്പിക്കൽ, അറേബ്യൻ, മെഡിറ്റേനിയൻ ഡിസൈനുകളിലെല്ലാം ടെറാസോ ഫ്ലോറിങ് യോജിക്കും.
Courtesy:
Naufan Nazeer, Architect, Kozhikode