ഏറ്റവുമധികം സമയം നിന്ന് ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കളയുടെ ചെറിയ പ്രശ്നങ്ങൾപോലും അവിടെ ജോലിചെയ്യുന്നവരുടെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.
അടുക്കള കഴിവതും ചെറുതാകുന്നതാണ് നല്ലത്. സ്ഥലം കൂടുംതോറും നടപ്പുകൂടും. സിങ്ക്, ഹോബ്, ഫ്രിജ് ത്രയത്തെയാണ് കിച്ചൺ ട്രയാംഗിൾ എന്നു വിളിക്കുന്നത്. ഇവ മൂന്നും തമ്മിലുള്ള ദൂരം ഏറ്റവും കുറഞ്ഞ അടുക്കള ജോലിഭാരം ലഘൂകരിക്കാൻ സഹായിക്കും എന്നതാണ് ഡിസൈൻ തത്വം. വർക്കിങ് ട്രയാംഗിൾ ഏറ്റവും ചെറുതായിരിക്കാൻ ശ്രമിക്കണം. ഏതെല്ലാം പാത്രങ്ങളും സൗകര്യങ്ങളും ഏറ്റവുമടുത്ത് വേണം എന്നത് ആർക്കിടെക്ടിനെ അല്ലെങ്കിൽ ഇന്റീരിയർ ഡിസൈനറെ ധരിപ്പിക്കണം. കിച്ചൺ ടവൽ ഉൾപ്പെടെ ഓരോന്നിനുമുള്ള സ്ഥാനം അടുക്കള ഉപയോഗിക്കുന്നവരുടെ താൽപര്യമനുസരിച്ചാകണം. ഇത് പാചകം കൂടുതൽ എളുപ്പവും രസകരവുമാക്കും.
പതിവായി വെള്ളം ഉപയോഗിക്കുന്നതിനാൽ അപകടങ്ങൾക്ക് വളരെയേറെ സാധ്യതയുള്ള സ്ഥലമാണ് അടുക്കള. ടൈൽ ആണ് മിക്കവരും അടുക്കളയുടെ നിലമൊരുക്കാൻ തിരഞ്ഞെടുക്കുന്നത്. ഫ്ലോറിങ് മെറ്റീരിയൽ ഏതുതന്നെ ആയാലും മാറ്റ് ഫിനിഷ് തിരഞ്ഞെടുക്കുന്നതാണു നല്ലത്. അടുക്കളയുടെ നിറങ്ങളോടു ചേർന്നു പോകുന്ന ഏതുമാകാമെങ്കിലും നിലത്തിന് ഇരുണ്ട നിറമാണെങ്കിൽ അഴുക്ക് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.
കൂടുതൽ സമയം നിൽക്കുന്നിടത്ത് കാർപെറ്റോ ചവിട്ടിയോ ഇടുന്നത് കാലുകളുടെ ആരോഗ്യം കാക്കാൻ സഹായിക്കും. തണുത്ത നിലത്ത് ചവിട്ടി നിൽക്കുന്നത് വാതം പോലുള്ള രോഗങ്ങൾ ഉള്ളവരുടെ കാലുകൾക്ക് നന്നല്ല. പ്രത്യേകിച്ച് തണുപ്പ് കാലത്ത്.
പഴയ അടുക്കളകളിലെ പ്രധാന പ്രശ്നമാണ് കൗണ്ടർടോപ് അല്ലെങ്കിൽ പാതകത്തിന്റെ ഉയരക്കുറവ്. 90 സെമീയാണ് കൗണ്ടർടോപ്പിന്റെ സ്റ്റാൻഡേർഡ് അളവ്. ഇന്ത്യക്കാർക്ക് യൂറോപ്യരെ അപേക്ഷിച്ച് ഉയരം കുറവായതിനാൽ കൗണ്ടർടോപ്പിന് 82-83 സെന്റിമീറ്റർ നൽകിയാൽ വല്ലാതെ കുനിയാതെയും കൈമുട്ടിന് ആയാസമില്ലാതെയും ജോലികൾ ചെയ്യാൻ കഴിയും. സ്കേർട്ടിങ്ങിന് 10 സെമീ, കബോർഡിന് 70 സെമീ, ഗ്രാനൈറ്റിന് 2–3 സെമീ എന്നിങ്ങനെയാണ് കണക്ക്. എന്നാൽ ഡിഷ് വാഷറിന്റെ സ്റ്റാൻഡേർഡ് ഉയരം 90 സെമീ ആയതിനാൽ ഡിഷ്‌വാഷർ ഉണ്ടെങ്കിൽ മാത്രം ആ ഭാഗത്തെ കാബിനറ്റുകൾക്കെങ്കിലും 90 സെമീ ഉയരം നൽകേണ്ടിവരും.
അടുക്കളയിൽ നിൽക്കുന്നയാളുടെ സുഖസൗകര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. അടുക്കളയിൽ ഫാൻ അല്ലെങ്കിൽ എസി അത്യാവശ്യമാണ്. മുറിയുടെ നടുവിലാണ് ഫാനിന് മികച്ച സ്ഥാനം. ബ്രേക് ഫാസ്റ്റ് കൗണ്ടറിനു മുകളിലും ചെറിയ ഫാൻ അല്ലെങ്കിൽ വോൾ മൗണ്ടഡ് ഫാൻ ആകാം. പുകയും ഗന്ധവും പുറത്തപോകാൻ ചിമ്മിനിയോ ജനലുകളോ നിർബന്ധമായും കൊടുക്കണം. അടുക്കളയിൽ നല്ല രീതിയിൽ സൂര്യപ്രകാശം ഉറപ്പുവരുത്തുന്നതും പ്രധാനമാണ്.