ബെഡ്റൂം ചെറുതാണെന്നോർത്ത് വിഷമിക്കേണ്ട; സ്മാർട്ട് ആകാൻ അനേകം വഴികളുണ്ട് Bedroom remodeling tips
 
Mail This Article
ചെറിയ ബെഡ്റൂം ആണെങ്കിലും വിഷമിക്കേണ്ട. മൾട്ടിപർപ്പസ് ഫർണിച്ചർ, മൾട്ടിഫങ്ഷണൽ സ്റ്റോറേജ് തുടങ്ങിയവയൊക്കെ വിപണിയിലുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്താം.
പരമാവധി സ്റ്റോറേജ് സ്പേസ് ഉള്ള ബെഡ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ബെഡ്ഷീറ്റും മറ്റും അവിടെ സൂക്ഷിച്ചുവയ്ക്കാം.
വാഡ്രോബിന്റെ പുറമേയുള്ള ഭംഗി മാത്രം നോക്കിയാൽ പോരാ, ഉപയോഗം കൂടി കണക്കിലെടുക്കണം. ഉപയോഗിക്കുന്ന എല്ലാതരം വസ്ത്രങ്ങളും വേണ്ടവിധത്തിൽ വയ്ക്കാൻ കഴിയുമോ എന്ന് ആലോചിക്കണം. സാരികൾ തൂക്കിയിടാനുള്ള സ്ഥലം, ഇസ്തിരിയിട്ട വസ്ത്രങ്ങൾ അടുക്കിവയ്ക്കാനുള്ള ഇടം, പ്രത്യേകം ഡ്രസ്സിങ് ഏരിയ ഇല്ലെങ്കിൽ ഗ്രൂമിങ്ങിനുള്ള സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം, കഴുകാനുള്ള വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം, ഇതെല്ലാം നേരത്തേ തീരുമാനിച്ച് ലേഔട്ട് തയാറാക്കണം.
വലിയ ബെഡ്റൂം ആണെങ്കിൽ വോക്ക് ഇൻ വാഡ്രോബ് പ്രത്യേകമായി തിരിക്കുന്നതാണ് നല്ലത്. ജനലിന്റെ സ്ഥാനം പോലെ യുള്ളവ കണക്കിലെടുത്തേ ഇതു സാധിക്കുകയുള്ളൂ എന്നത് പരിമിതിയാണ്. ഇഷ്ടമുള്ള ഫ്ലോറിങ് ചെയ്യാം, ബെഡ്റൂമിന് പേഴ്സണൽ ടച്ച് നൽകാം. ചിലർ തടി കൊണ്ടോ എൻജിനീയേർഡ് വുഡ് കൊണ്ടോ ഫ്ലോറിങ് ചെയ്യും. ചിലരാകട്ടെ, മൊറോക്കൻ ടൈൽസ് പോലെയുള്ള ഇഷ്ടങ്ങളാണ് പിൻതുടരുത്. ചെറിയൊരു ബോർഡർ ഇട്ട് പോലും പുതുമ വരുത്താം. പഴയ ഫ്ലോർ ഇളക്കാതെത്തന്നെ മുകളിൽ ടൈലോ എൻജിനീയേർഡ് വുഡോ ഒട്ടിക്കാനും ഇപ്പോൾ സൗകര്യമുണ്ട്.
മാറും ടെക്നോളജിയെ പരിഗണിക്കാം
 
ടെക്നോളജിയിൽ പുതിയ കാര്യങ്ങൾ വളരെ പെട്ടെന്ന് വരികയും പോവുകയും ചെയ്യുന്നതിനാൽ ഒന്നിനു വേണ്ടിയും സ്ഥിരമായി സൗകര്യം ചെയ്യാൻ പറ്റില്ല. എങ്കിലും ചില അടിസ്ഥാനകാര്യങ്ങൾ ശ്രദ്ധിക്കാം.
1. ചാർജിങ് പോയിന്റുകൾ ഓരോ വ്യക്തിക്കും ഒന്നിലധികം ഉപകരണങ്ങൾ ഉള്ളതിനാൽ ഒന്നിൽ കൂടുതൽ ചാർജിങ് യൂണിറ്റുകൾ വേണം.
2. ഓട്ടമേറ്റഡ്/സെൻസർ ലൈറ്റ് വെളിച്ചം നിയന്ത്രിക്കാവുന്ന ലൈറ്റ് നല്ലതാണ്. വാഡ്രോബിലും മറ്റും സെൻസർ ലൈറ്റ് ഉണ്ടെങ്കിൽ നല്ലതാണ്. നടക്കുമ്പോൾ തെളിയുന്ന ഫൂട് ലാംപ് ആണ് മറ്റൊരു അത്യാവശ്യം.
3. മൊബൈലും റിമോട്ടും ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കർട്ടൻ. ഇതിനും ഇലക്ട്രിക്കൽ പോയിന്റ്സ് ഇടണം.
4. റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ഫാൻ ട്രെൻഡ് ആണ്. ഇതിനുള്ള സൗകര്യവുമൊരുക്കാം.
ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം മറ്റൊരു സാധ്യതയാണ്.
സൗന്ദര്യവത്ക്കരണം
 
1. പ്ലെയിൻ ഭിത്തികൾ മാത്രം നൽകാതിരിക്കാൻ ശ്രമിക്കാം. വോൾ പാനലിങ്, ഹെഡ്ബോർഡ്, സോഫ്റ്റ് ഫർണിഷിങ്, ഫ്ലോറിങ് ഇവിടെയൊക്കെ ടെക്സ്ചർ നൽകി വിരസത ഒഴിവാക്കാം. ലാമിനേറ്റ്സ്, ത്രീഡി പാനൽസ്, ബ്രിക്ക് ക്ലാഡിങ് ഒക്കെ ട്രെൻഡ് ആണ്. ഇതൊന്നുമല്ലെങ്കിൽ ചെടികൾ വയ്ക്കാം. മെറ്റൽ ആക്സസറീസ്, ഹാങ്ങിങ് ലാംപ് ഒക്കെ മുറിയുടെ ആകർഷണം കൂട്ടും.
2. ചില സ്ഥലത്ത് ഭിത്തിയുടെ നിറത്തിന്റെ ഒന്നോ രണ്ടോ ഇരട്ടി ഡാർക്കർ ആയ ഷേഡ് സീലിങ്ങിനു കൊടുക്കാറുണ്ട്. അല്ലെങ്കിൽ സീലിങ്ങിൽ വോൾപേപ്പർ ഒട്ടിക്കാം. ഹാൻഡിലുകൾ, ബെഡിന്റെ നാല് പോസ്ചറുകൾ ഇവയെല്ലാം റസ്റ്റിക്, ആന്റിക് ഘടകങ്ങൾ ഉപയോഗിച്ച് ഭംഗി കൂട്ടാം.
സുഖപ്രദമായ ഇരിപ്പിന് റിക്ലൈനർ സീറ്റ്, റിക്ലൈനർ ആയിക്കൂടി ഉപയോഗിക്കാവുന്ന കോട്ട്, ഫൂട് മസാജർ, തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഹീറ്റഡ് ബ്ലാങ്കറ്റ് തുടങ്ങി സുഖസൗകര്യങ്ങൾ വർധിപ്പിക്കേണ്ടവർക്ക് അതുമാകാം.
വിവരങ്ങൾക്കു കടപ്പാട്്: സുമി റാണി, ഇന്റീരിയർ ഡിസൈനർ,
Gold Haus Design Studio, കൊച്ചി
 
 
 
 
 
 
 
 
 
 
