ഇതുവരെ നിർമിച്ച ഫർണിച്ചറിന്റെ എണ്ണമെടുത്താൽ പതിനായിരം കവിയും. മേശ, കസേര, ദീവാൻ, കോഫിടേബിൾ... ഇക്കാലത്തിനിടയിൽ നിർമിക്കാത്തതായി ഒന്നുമില്ല. തടി കൊണ്ടാണ് ഇവയെല്ലാം നിർമിച്ചത്. തടികൊണ്ടല്ലാതെ ഒരു കസേരക്കാലു പോലും നിർമിച്ചിട്ടുമില്ല. പ ക്ഷേ, അതല്ല വലിയ കാര്യം. ഫർണിച്ചർ നിർമിക്കുന്നതിനായി ഇന്നേവരെ ഒരു മരം പോലും മുറിക്കേണ്ടി വന്നിട്ടില്ല! ഇനിയൊട്ട് മുറിക്കേണ്ടി വരികയും ഇല്ല! മരങ്ങളോടുള്ള കരുതൽ തെളിയുന്ന പേരു തന്നെയാണ് ഈ കമ്പനിക്കും; ‘മരം ഫർണിച്ചർ’.
ഷീല ബാരുവാണ് 1994 ൽ ബെംഗളൂരു സഞ്ജയ് നഗറിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ഉപരിപഠനം കഴിഞ്ഞെത്തി നാട്ടിൽ രണ്ടു വർഷം ജോലി ചെയ്ത ഷീല, മരങ്ങളോടുള്ള പ്രണയം കാരണം വേറിട്ടൊരു വഴി തിരഞ്ഞെടുക്കു കയായിരുന്നു. അഞ്ച് തൊഴിലാളികളായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് ഭർത്താവ് കൃഷ്ണയും ഒപ്പം കൂടി. ഇപ്പോൾ ബെംഗളൂരുവിൽ നാലിടത്ത് ഫർണിച്ചർ നിർമാണ യൂണിറ്റുകളായി. ഡിസൈനർമാരും മരപ്പണിക്കാരുമൊക്കെയായി തൊഴിലാളികളുടെ എണ്ണവും കൂടി. സംരംഭം 30 വർഷം പിന്നിടുന്ന വേളയിൽ കമ്പനിയുടെ സിഇഒ ഷീല ബാരു വനിത വീടിനോട് സംസാരിക്കുന്നു.
‘മരം ഫർണിച്ചർ’ എന്നാണല്ലോ കമ്പനിയുടെ പേര്. അതെങ്ങനെ വന്നു?
ഈ പേരു കണ്ട് മലയാളിയാണോ എന്ന് പലരും ചോദിക്കാറുണ്ട്. രണ്ട് കാരണങ്ങളാലാണ് ‘മരം’ എന്ന പേര് തിരഞ്ഞെടുത്തത്. ഈ വാക്കിന്റെ മനോഹാരിതയും അതിനോട് തോന്നിയ ഇഷ്ടവുമാണ് ഒന്നാമത്തെ കാരണം. കേരളത്തിലെ തച്ചുശാസ്ത്രത്തോടുള്ള ആദരവാണ് രണ്ടാമത്തേത്. ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലെയൊക്കെ തടിപ്പണിയെയും കൊത്തുപണിയെയും പറ്റി ഞാൻ പഠിച്ചിട്ടുണ്ട്. അവയെപ്പോലെ തന്നെ സമ്പന്നമാണ് കേരളത്തിന്റെ തച്ചുശാസ്ത്ര പാരമ്പര്യം.
‘മരം മുറിക്കാതെ തടി ഫർണിച്ചർ’. പെട്ടെന്ന് പിടിതരാത്ത ആശയമാണല്ലോ? എങ്ങിനെ ഇതിലേക്കെത്തി?
ശരിയാണ്; അൽപം കിറുക്കുള്ളൊരു ആശയമാണ്. ഏറ്റവും സത്യസന്ധമായി പറഞ്ഞാൽ പ്രകൃതിയോടുള്ള ഇഷ്ടമാണ് ഇവിടേക്കെത്തിച്ചത്. നമുക്ക് ല ഭിച്ച വരദാനമാണ് മരങ്ങൾ എന്ന് നിസംശയം പറയാം. വീടിന്റെയും ഇന്റീരിയറിന്റെയും കാര്യം വരുമ്പോൾ മരം പോലെ യോജിച്ച മറ്റൊരു മെറ്റീരിയൽ വേറെയില്ല. തടിയോടുളള ഇഷ്ടവും പ്രകൃതിയോടുള്ള കരുതലുമാണ് ഞങ്ങളുടെ ആശയത്തിന്റെ കാതൽ. നമ്മുടെ പരമ്പരാഗത ഡിസൈനിലുള്ള ഫർണിച്ചറിനെ പുതിയ വീടുകൾക്കും ജീവിതശൈലികൾക്കും ഇണങ്ങും വിധം മാറ്റിയെടുക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. അപ്സൈക്ക്ളിങ്, റെസ്റ്റൊറേഷൻ, റീഅപ്ഹോൾസ്റ്ററി... എന്തു പേര് വേണമെങ്കിലും അതിനു നൽകാം. ‘ക്യുറേറ്റർ ഓഫ് ഫർണിച്ചർ’ അഥവാ ‘ഫർണിച്ചറിന്റെ പരിപാലകൻ’ എന്ന വിശേഷണമാണ് വ്യക്തിപരമായി എനിക്കിഷ്ടം. വിശേഷണം എന്തായാലും പഴയ തടി ഫർണിച്ചറിനെ പുതിയതാക്കി മാറ്റുന്നു എന്നതാണ് ഞങ്ങൾ ചെയ്യുന്നത്.
അപ്പോൾ പുതിയ ഫർണിച്ചർ നിർമിക്കുന്നതേയില്ല?
ഇല്ല. അതിന്റെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടത്ര തടി ഫർണിച്ചർ ഇവിടെത്തന്നെയുണ്ട്. നൂറ്റാണ്ടുകളായി നമ്മുടെ പൂർവികർ നിർമിച്ചവ. ചില അറ്റകുറ്റപ്പണികൾ, ഡിസൈനിൽ കുറച്ചു മാറ്റങ്ങൾ, കാലത്തിനൊത്ത പരിഷ്കാരങ്ങൾ... ഇത്രയുമായാൽ ഇനിയുമേറെക്കാലം അവ ഉപയോഗിക്കാനാകും. അപ്പോൾ പുതിയ ഫ ർണിച്ചറിനായി മരങ്ങൾ മുറിക്കേണ്ട. സ്റ്റീലും അലൂമിനിയവും നിർമിക്കാൻ ഊർജം കത്തിച്ചു തീർക്കേണ്ട. പ്ലാസ്റ്റിക്കും ഫൈബറും പോലെ പ്രകൃതിക്ക് ഭാരമാകുന്നവ നിർമിച്ചു കൂട്ടേണ്ട. പഴയതിനെ പുനരുപയോഗിക്കാനുള്ള സന്മനസ്സ്, അതുമാത്രമേ വേണ്ടതുള്ളൂ.
എങ്ങിനെയാണ് പഴയ ഫർണിച്ചർ ശേഖരിക്കുന്നത്?
ആദ്യം കേരളത്തിൽ നിന്നായിരുന്നു ഫർണിച്ചർ ശേഖരിച്ചിരുന്നത്. നിങ്ങളുടെ നാട്ടിലെ കട്ടിലും അമ്മച്ചിമാരുടെ കാല്‍പ്പെട്ടിയുമൊക്കെ ഒരുപാട് വാങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ തടിപ്പണിക്കാർ കേരളത്തിലുള്ളവരാണെന്ന് ഞാൻ പറയും. ഫർണിച്ചർ നിർമിക്കാൻ നല്ല മരം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോൾ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെല്ലാം ഫർണിച്ചർ ശേഖരിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ. മധുരൈ കാരൈക്കുടി മേഖലയിൽ നിന്ന് ധാരാളം എത്തുന്നുണ്ട്.
ഒരു പഴയ ഫർണിച്ചർ കിട്ടിയാൽ അതിനെ എങ്ങനെയാണ് പുതുക്കുന്നത്? അപ്പാടെ മാറ്റുമോ അ തോ ചെറിയ മാറ്റങ്ങളിലൂടെ അ തിനെ നന്നാക്കിയെടുക്കയേ ചെയ്യാറുള്ളോ?
സത്യം പറഞ്ഞാൽ അത് കൃത്യമായി വിശദീകരിക്കാനാകില്ല. ഒരു ഫർണിച്ചർ കാണുമ്പോൾ മനസ്സിൽ രൂപപ്പെടുന്നൊരു തോന്നലുണ്ട്. അതനുസരിച്ചാണ് മാറ്റം സംഭവിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാംÐ എന്റേതായ ഒരു ഡിസൈനിലേക്കാണ് ഫർണിച്ചറിനെ മാറ്റുന്നത്. അതൊരിക്കലും വേറൊന്നിന്റെ പകർപ്പായിരിക്കില്ല. പ്രത്യേകമായി ആവശ്യപ്പെട്ടാൽ അല്ലാതെ ഒരേപോലെയുള്ള ഒന്നിൽക്കൂടുതൽ ഫർണിച്ചർ നിർമിക്കാറുമില്ല. ഡിസൈനിന് അതിന്റേതായി തനിമയുണ്ടാകും. മുപ്പത് വർഷമായി ഞങ്ങളുടെ ഫർണിച്ചർ തേടി ആളുകളെത്താൻ കാരണമതാണ്.
എങ്ങനെയാണ് വിൽപന?
ആളുകൾ നേരിട്ടെത്തുകയാണ് ചെയ്യുന്നത്. ഞങ്ങളും അതിഷ്ടപ്പെടുന്നു; കാരണം, ഫർണിച്ചർ കണ്ട് ഇഷ്ടപ്പെട്ട് കുഴപ്പമൊന്നുമില്ല എന്നുറപ്പു വരുത്തി വേണം വാങ്ങാൻ. www.maramindia.in വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമുണ്ട്. ഒരുപാടുപേർ അങ്ങനെയും തേടിയെത്തും.
എല്ലാത്തരം ഫർണിച്ചറും ലഭ്യമാണോ?
അതേ... ഇനി പ്രത്യേകമായി നിർമിച്ചു നൽകണം എങ്കിൽ അതും ചെയ്യും. വീട്ടിലേക്കുള്ള ഫർണിച്ചർ മുഴുവനായി വാങ്ങാൻ വരുന്നവരുണ്ട്, ഒന്നോ രണ്ടോ മാത്രമായി വാങ്ങാൻ വരുന്നവരുണ്ട്, ഫർണിച്ചർ പുതുക്കി നൽകണം എന്നാവശ്യപ്പെട്ട് വരുന്നവരുണ്ട്. എല്ലാവർക്കും ഞങ്ങൾ സ്വാഗതം പറയും.
ചെറുപ്പക്കാരാണ് കൂടുതലും എത്തുന്നത്; ഈ ആശയത്തോട് യോജിപ്പുള്ളവർ. നമ്മൾ കരുതും മെട്രോ നഗരത്തിലെ ചെറുപ്പക്കാർക്ക് ഐകിയ പോലുള്ള ബ്രാൻഡഡ് ഫർണിച്ചറാണ് കൂടുതൽ ഇഷ്ടമെന്ന്. അങ്ങനെയല്ല, നമ്മുടെ പാരമ്പര്യം, സംസ്കാരം ഇതൊക്കെ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്.