ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന നീരജ് ഗോപൻ– സഞ്ജു ദമ്പതികൾ കാക്കനാട് പുതിയ ഫ്ലാറ്റ് വാങ്ങിയപ്പോഴുള്ള കഥ കേൾക്കാം. ‘‘ഇന്റീരിയർ പണികളെല്ലാം കഴിഞ്ഞ് വീട് വൃത്തികേടായി കിടക്കുകയാണ്. ഗൃഹപ്രവേശത്തിനു മുന്നേ വീട് വൃത്തിയാക്കണമല്ലോ. നേരെ ക്ലീനിങ് ഏജൻസിയെ വിളിച്ചു. അവർ വന്ന് വീടെല്ലാം കണ്ണാടി പോലെ തിളക്കമുള്ളതാക്കി മാറ്റി. അപ്പോഴാണ് കൊറിയൻ ടോപ് കൊണ്ടുള്ള വാഷ്ബേസിന്റെ പണിക്കാർ എത്തുന്നത്. അത് പിടിപ്പിച്ചതോടെ വീടിനകം വീണ്ടും പൊടിയായി. വീണ്ടും വൃത്തിയാക്കാൻ എങ്ങനെ പറയുമെന്ന് വിഷമിച്ച് മനസ്സില്ലാമനസ്സോടെ പറഞ്ഞ ഞങ്ങളോട് അതൊന്നും സാരമില്ല. അതൊക്കെ ഞങ്ങളുടെ ജോലിയല്ലേ എന്നു പറഞ്ഞ് അവർ വീട് വൃത്തിയാക്കിതന്നു. പിറ്റേന്ന് ഗൃഹപ്രവേശത്തിന് അതിഥികൾ എത്തിയപ്പോൾ ഫ്ലാറ്റ് ക്ലീൻ.’’

ഇങ്ങനെ പല ആവശ്യങ്ങൾക്കുമായി ക്ലീനിങ് ഏജൻസികളെ സമീപിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കാരണം, വൃത്തിക്ക് മലയാളികൾ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതു തന്നെ. വീട് അടച്ചിട്ടു പോയ പ്രവാസികൾക്ക് കൃത്യമായ ഇടവേളകളിൽ ക്ലീനിങ് ഏജൻസിയെ കൊണ്ട് വൃത്തിയാക്കിക്കാം. വീട് പരിചരിക്കാൻ പ്രയാസമുള്ളവർ, ആരോഗ്യപ്രശ്നമുള്ളവർ, പ്രായമായവർ തുടങ്ങിയവർക്കൊക്കെ ക്ലീനിങ് ഏജൻസിയുടെ സഹായം തേടാം. ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ രോഗി എത്തുന്നതിനു മുന്നേ വീട് വൃത്തിയാക്കാനും അണുനശീകരണം നടത്താനുമെല്ലാം ഇവരുടെ സേവനം തേടാം. പുതിയ വാടകക്കാർ താമസമാക്കുമ്പോഴും പഴയവർ ഒഴിയുമ്പോഴും ക്ലീനിങ് ഏജൻസിയെ ആശ്രയിക്കാം. വീട്ടിൽ എന്തെങ്കിലും ചടങ്ങുകൾ നടക്കുമ്പോൾ അതിനു മുന്നോടിയായി വൃത്തിയാക്കാം. പുതുക്കിപ്പണിത വീടുകൾ വൃത്തിയാക്കാൻ സമീപിക്കുന്നവരുടെ എണ്ണം കൂടുതലാണ്.
പലതരം വൃത്തിയാക്കലുകൾ
‘ഡീപ് ക്ലീനിങ്’ ആണ് പൊതുവേ വീടുകളിൽ ചെയ്യുന്നത്. കൂടാതെ, അടിസ്ഥാനപരമായ (basic) ക്ലീനിങ്ങും ചെയ്യാറുണ്ട്. ഫാൻ, ലൈറ്റ്, വാഡ്രോബ്, കിച്ചൻ കബോർഡ്, വിൻഡോ മെഷ്, എന്നു വേണ്ട വീട്ടിലെ സർവസംഗതികളും വൃത്തിയാക്കി നൽകുന്നതാണ് ഡീപ് ക്ലീനിങ്. സീലിങ് മുതൽ തറ വരെ വൃത്തിയാക്കി നൽകും. ഡീപ് ക്ലീനിങ് ചെയ്യുന്നതാണ് നല്ലത്. കാരണം അടിസ്ഥാനപരമായ വൃത്തിയാക്കലിനും ഏകദേശം അതേ ചെലവു തന്നെയാകും. മെഷീൻ ഉപയോഗിച്ചാണ് ഇവർ വൃത്തിയാക്കുന്നത്. ഓരോ തരം വൃത്തിയാക്കലുകൾക്കും അതിന്റേതായ മെഷീനുകളുണ്ട്.
ഷാംപൂ ക്ലീനിങ് സൗകര്യവും നൽകുന്നുണ്ട്. കാർപെറ്റ്, സോഫ മുതലായവ കറകളെല്ലാമകറ്റി വൃത്തിയാക്കി നൽകുന്നതാണ് ഇത്. എത്ര പഴയ ടാപ്പും പുതിയതു പോലെയാക്കി നൽകുന്ന ‘ടാപ് പോളിഷിങ്’ സേവനവും ഏജൻസികൾ മുന്നോട്ടു വയ്ക്കുന്നു. ടാപ്പിനു മുകളിലെ കോട്ടിങ് പോയിട്ടില്ലെങ്കിൽ ഇതു സാധ്യമാണ്.
തട്ടിപ്പുകൾ സൂക്ഷിക്കുക

ക്ലീനിങ് ഏജൻസികളെ ഏൽപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ കബളിക്കപ്പെട്ടേക്കാം. ഗുണനിലവാരമുള്ള കെമിക്കലുകൾ ഉപയോഗിച്ചില്ലെങ്കിൽ വീട് വൃത്തിയാകുമെങ്കിലും സാധനങ്ങളുടെ ഈട് കുറയും. പലപ്പോഴും പണം ലാഭിക്കാൻ നോക്കുമ്പോൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതിനാൽ ഏൽപ്പിക്കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത പ്രധാനമാണ്.
ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ച് സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്. തീരെ കുറഞ്ഞ ചെലവിൽ ചെയ്തു തരുന്നവർക്ക് അതെങ്ങനെ മുതലാകുമെന്ന് ആലോചിച്ചാൽ തന്നെ വാസ്തവം പിടികിട്ടും. ഗുണനിലവാരമില്ലാതെ വൃത്തിയാക്കിയാൽ സോഫയുടെ തയ്യൽ വിടാനും തുള വീഴാനും സാധ്യതയുണ്ട്. വൃത്തിയാക്കാൻ അലക്കുകാരം ഉപയോഗിക്കുന്ന ഏജൻസികളുണ്ട്. അതിനു ചെലവ് കുറവാണ്; പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ ദോഷം ചെയ്യും.
ആസിഡ് വാഷ് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. രണ്ടു തവണ ആസിഡ് വാഷ് ചെയ്താൽ ടൈലും ടോയ്‌ലറ്റുമൊക്കെ മഞ്ഞച്ചു പോകാൻ സാധ്യതയുണ്ട്. പിന്നീട് അവ മാറ്റേണ്ടി വരും. പച്ച നിറത്തിലെ കോട്ടാ സ്റ്റോൺ ആസിഡ് വാഷ് ചെയ്തപ്പോൾ വെള്ളയായി മാറിയ അനുഭവവുമുണ്ട്.
വീടിനു പുറവും വൃത്തിയാക്കാം
ചതുരശ്രയടിക്ക് രണ്ട്–എട്ട് രൂപ വരെയാണ് ക്ലീനിങ് ഏജൻസികൾ ഈടാക്കുന്ന നിരക്ക്. വീടിന്റെ സ്ട്രക്ചർ, വലുപ്പം, വീട്ടുകാരുടെ ആവശ്യം എന്നിവയെല്ലാം അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. വീടിനു പുറത്തെ മാറാലയും ആവശ്യാനുസരണം നീക്കി നൽകാറുണ്ട്. മുറ്റവും പറമ്പുമെല്ലാം വൃത്തിയാക്കണമെങ്കിൽ അത് അധിക സേവനമാണ്. ഇന്റീരിയർ വൃത്തിയാക്കുന്ന വീടുകൾക്ക് മാത്രമായി ഈ സേവനം ചുരുക്കുന്ന ഏജൻസികളുമുണ്ട്. പുറത്തെ പേവിങ് പ്രഷർ വാഷ് ചെയ്ത് വൃത്തിയാക്കും. പ്രകൃതിദത്ത സ്റ്റോണും വൃത്തിയാക്കി നൽകും. കോർട്‌യാർഡിലെ പെബിൾസ് വരെ ഉരച്ചു കഴുകി വൃത്തിയാക്കും.
കടപ്പാട്:
പി. എം. മോനിഷ്, സ്പാർക്കിൾ ക്ലീൻ,
കടവന്ത്ര, കൊച്ചി
സ്മാർട് ക്ലീനിങ്, കാക്കനാട്, കൊച്ചി