വിക്കറ്റ് എന്നു പേരിട്ട്, ക്രിക്കറ്റ് സ്നേഹം തുളുമ്പി നിൽക്കുന്ന ഒരു ഫ്ലാറ്റ് ഇന്റീരിയറാണ് ഇവിടെ. ഇസാഫിൽ ലീഗൽ അഡ്വസൈറായ അഡ്വ. ദിനേഷ് കല്ലറക്കലാണ് തന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം ഫ്ലാറ്റിലേക്ക് പകർത്തിയത്. അതിന് സഹായിച്ചത് ഡിസൈനറായ സുജിത്തും. കൗതുകം ജനിപ്പിക്കുന്ന അലങ്കാരവസ്തുക്കളാണ് രണ്ട് ബെഡ്റൂം ഉള്ള ഫ്ലാറ്റിന്റെ ഹൈലൈറ്റ്. റസ്റ്റിക് ഫിനിഷും മറ്റെവിടെയും കാണാത്ത ലുക്കും നെരിപ്പോടും വേണമെന്ന ദിനേഷിന്റെ ആവശ്യങ്ങളെയാണ് സുജിത് അവിസ്മരണീയമാക്കിയത്. സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ പറ്റിയ ‘വൈബ്’ ഉള്ള സ്ഥലം.
Rustic Living

റെഡിമെയ്ഡ് നെരിപ്പോടാണ് ലിവിങ് ഹാളിന്റെ ഹൈലൈറ്റ്. ബ്രിക് ക്ലാഡിങ്ങിനു പുറമേ, എട്ട് എംഎം കനമുള്ള സിമന്റ് ബോർഡും ക്ലാഡിങ്ങിന് കൊടുത്തു. സ്റ്റോൺ ടോപ് ആണ് ടീപോയ്ക്ക്. പഴയ കാസറ്റിന്റെ മാതൃകയും വലിയ മെറ്റൽ ക്ലോക്കും വിസ്മയക്കാഴ്ചയൊരുക്കുന്നു. ഭിത്തിക്ക് പീകോക്ക് ബ്ലൂ നിറം കൊടുത്തു. ആർട്ടിഫിഷ്യൽ ലെതറിലാണ് സോഫ.
Dining
ചെറിയ സ്പേസിന് ഇണങ്ങുന്ന രീതിയിൽ ചെറിയൊരു ഡൈനിങ് ടേബിൾ ചെയ്തു. രണ്ട് കസേരയും ഒരു ബെഞ്ചുമാണ് ഇരിപ്പിടങ്ങൾ. പീകോക്ക് ബ്ലൂ നിറമുള്ള ഭിത്തികൾ. സ്ലൈഡിങ് ഗ്ലാസ്സ് വാതിൽ തുറന്നാൽ ബാൽക്കണിയിലേക്ക് കടക്കാം. ബാർ കൗണ്ടറും സ്റ്റൂളുകളും ഇവിടെ ഒരുക്കി. ആകർഷകമായ ചെസ് ബോർഡ് കരുക്കൾ ആണ് ഇവിടെയുള്ള പ്രധാന അലങ്കാര വസ്തു.

TV wall
സോഫയ്ക്ക് അഭിമുഖമായാണ് ടിവി യൂണിറ്റ് ഒരുക്കിയത്. ഇതിനു തൊട്ടടുത്താണ് അടുക്കളയിലേക്കുള്ള ഹാഫ് ഡോർ. ഇരുവശത്തും വിജാഗിരി പിടിപ്പിച്ച അര വാതിൽ കാഴ്ചയുടെ അപൂർവരസം സൃഷ്ടിക്കുന്നു. ലിവിങ് ഹാളിൽ റസ്റ്റിക് വുഡൻ ഫിനിഷിലാണ് ടൈലുകൾ.
Balcony

1200 രൂപയ്ക്ക് ആക്രിക്കടയിൽ നിന്നു വാങ്ങിയ തയ്യൽ മെഷീനിന് ഇത്ര ഭംഗിയുണ്ടാവുമോ! ആർട്ടിഫിഷൽ ഗ്രാസ്സിന്റെ പച്ചപ്പിൽ വെളുത്ത പെയിന്റടിട്ട തയ്യൽമെഷീന് ഒരു കോഫി ടേബിളിന്റെ പരിവേഷമുണ്ട്. മെറ്റൽ നിറച്ച മെഷ് ഭിത്തിയും ബ്രിക് ക്ലാഡിങ്ങും ഇതിനു മാച്ച് ആയി നിൽക്കുന്നു.
Wash Area
ക്രിക്കറ്റ് പിച്ച് എന്ന ആശയത്തിലാണ് വാഷ്ഏരിയ. പഴയ ഹെൽമെറ്റിനെ ലാംപ് ആക്കി. ആർട്ടിഫിഷൽ ഗ്രാസ്സും സിമന്റ് ബോർഡും ഉപയോഗിച്ച് പിച്ച് തയാറാക്കി. സീലിങ്ങിൽ സ്റ്റംപും വാഷ്ബേസിനടുത്ത് ക്രിക്കറ്റ് ബോളും കാണാം. ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ദിനേഷിന്റെ കാരിക്കേച്ചർ ഉൾപ്പെടെ പ്രമുഖ കളിക്കാരുടെ ഫോട്ടോകൾ ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിട്ടിട്ടുണ്ട്.

Kitchen
അടുക്കളയും ഗെറ്റപ്പിൽ തീരെ പിന്നിലല്ല. നാനോവൈറ്റ് സ്ലാബിന് കോൺട്രാസ്റ്റ് ആയി പച്ച ഒാട്ടോമോട്ടീവ് പെയിന്റ് അടിച്ച കാബിനുകൾ. സ്ലാബിനു മുകളിലുള്ള ഭിത്തിയിൽ നിറയെ കളർഫുൾ ടൈലുകൾ പതിച്ചു. ഗ്രേ പെയിന്റാണ് ഭിത്തികൾക്ക്. വാഷിങ് മെഷീനിനുള്ള സ്ഥലവും കിച്ചനിൽ സജ്ജീകരിച്ചു.
Bedrooms
ഗെസ്റ്റ് ബെഡ്റൂം പൂർണമായി ബ്ലാക് & വൈറ്റ് തീമിലാണ്. ന്യൂസ്പേപ്പർ ഡിസൈനിലുള്ള വോൾപേപ്പർ ഇൗ ഡിസൈനിനു ചേരുന്ന രീതിയിൽത്തന്നെ. ചുമരിൽ വച്ചിരിക്കുന്ന കണ്ണട പോലുള്ള കണ്ണാടി ഇൗ മുറിയുടെ ശ്രദ്ധാകേന്ദ്രമാണ്. രണ്ട് സിംഗിൾ കട്ടിലുകളാണ് ഇവിടെ.
താഴെ കാണുന്നതാണ് മാസ്റ്റർ ബെഡ്റൂം. ചൂരൽ ഷീറ്റ് വച്ച് തയാറാക്കിയ ഹെഡ്ബോർഡ് ആണ് മാസ്റ്റർ ബെഡ്റൂമിലെ ആകർഷണം. രണ്ടു ഭാഗത്തുനിന്നുമുള്ള ജനലിലൂടെ ഒഴുകിവരുന്ന സുഖകരമായ കാറ്റാണ് ഇൗ ബെഡ്റൂമിന്റെ പ്ലസ് പോയിന്റ്. n
PROJECT FACTS
Area: 1200 sqft Owner: ദിനേഷ് കല്ലറക്കൽ Location: അയ്യന്തോൾ, തൃശൂർ, Design: Dstyle studio Email: dstyleinteriors2005@gmail.com