ഭർത്താവിന്റെ അമ്മയുമച്ഛനും സമ്മാനം നൽകിയ ബെഡ്ഷീറ്റ് ചിന്നുവിന് വളരെ ഇഷ്ടമായിരുന്നു. എംബ്രോയ്ഡറി ചെയ്ത ആ കിടക്കവിരി ചിന്നു പൊന്നു പോലെ സൂക്ഷിച്ചു. കാലപ്പഴക്കം കൊണ്ട് ആ വിരി ഉപയോഗിക്കാൻ സാധിക്കാതെ വന്നപ്പോഴും അതു കളയാൻ മനസ്സു വന്നില്ല.
അങ്ങനെയാണ് കയ്യിലുള്ള ടൈംപീസിൽ അതു പിടിപ്പിച്ചാലോ എന്ന ചിന്ത ഉദിക്കുന്നത്. ടൈംപീസിൽ പിടിപ്പിച്ചു കഴിഞ്ഞപ്പോൾ ക്ലോക്കിലാണെങ്കിൽ കൂടുതൽ നന്നാവുമെന്നു തോന്നി. എംടെക്കുകാരനായ ഭർത്താവ് അനിൽ ആന്റണി പോളിന് സാങ്കേതിക കാര്യങ്ങളിൽ താൽപര്യമാണ്. ഈ െഎഡിയ അനുസരിച്ച് ക്ലോക്ക് നിർമിച്ചു നൽകാമോ എന്നു ചോദിച്ചപ്പോൾ കക്ഷി സമ്മതം മൂളി. അങ്ങനെയാണ് ചിന്നു ആദ്യത്തെ എംബ്രോയ്ഡറി ക്ലോക്ക് നിർമിക്കുന്നത്.

കൊച്ചി വൈപ്പിൻ സ്വദേശിയായ ചിന്നുവും എംടെക് ബിരുദധാരിയാണ്. ഇന്റീരിയർ ഡിസൈനിങ്ങിൽ ഡിപ്ലോമയും ചെയ്തിട്ടുണ്ട്. ആദ്യത്തെ ക്ലോക്ക് നിർമിച്ച് കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ചിന്നു രണ്ടാമത് ഗർഭിണിയാകുന്നത്. ആ സമയത്ത് യൂട്യൂബ് നോക്കി എംബ്രോയ്ഡറി ചെയ്യാൻ സ്വയം പഠിച്ചു. പഠിച്ച വിദ്യ ഉപയോഗിച്ച് വീണ്ടും ക്ലോക്ക് നിർമിക്കാൻ നിർദേശിച്ചത് അനിലാണ്. ആ ആവേശത്തിൽ ക്ലോക്ക് ഉണ്ടാക്കി വീട്ടിൽ വച്ചു. അതു കണ്ടപ്പോൾ ആവശ്യക്കാരായി. എങ്കിൽപ്പിന്നെ ക്ലോക്ക് ഉണ്ടാക്കി വിൽക്കാമെന്ന് ചിന്നുവും തീരുമാനിച്ചു.
ആറും രണ്ടും വയസ്സുള്ള മക്കളുടെ കാര്യങ്ങൾക്കിടയിലാണ് ക്ലോക്ക് നിർമാണം. അതിനാൽ ഒഴിവു സമയങ്ങളിലാണ് കൂടുതലും ചെയ്യുന്നത്. ആവശ്യക്കാരുണ്ടെങ്കിൽ അതനുസരിച്ച് ഉടൻ ചെയ്തു നൽകും. പറയുന്ന നിറങ്ങളനുസരിച്ചും ക്ലോക്ക് ചെയ്തു നൽകാറുണ്ട്.
ആദ്യ ഘട്ടം എംബ്രോയ്ഡറി ചെയ്യലാണ്. അതിനു ശേഷം തുണി ക്ലോക്കിലേക്ക് ഉറപ്പിക്കുന്നു. സൂചികൾ തമ്മിൽ കൃത്യമായ അകലം പാലിച്ചാണ് ഇത് ഉറപ്പിക്കുന്നത്. പ്ലാസ്റ്റിക്, വുഡൻ ഫ്രെയിമുകളിലാണ് ക്ലോക്ക്. ഫ്രെയിം, ക്ലോക്കിന്റെ മെക്കാനിസം എന്നിവയെല്ലാം വെവ്വേറെ വാങ്ങിയതിനു ശേഷം ചേർത്ത് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്ലാസ്റ്റിക് ഫ്രെയിമിലുള്ള ക്ലോക്കിന് 970 രൂപയും വുഡൻ ഫ്രെയിമിലുള്ള ക്ലോക്കിന് 3,000 രൂപയുമാണ് വില. ക്ലോക്ക് ഓർഡർ ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്നതാണ്. ഹാൻഡ് വർക് ചെയ്ത ഹാൻഡ് ടവലുകളും പെൺകുട്ടികൾ തലയിലിടുന്ന ബോയും ചിന്നു ചെയ്തു നൽകാറുണ്ട്. ഓൺലൈനായി ക്ലോക്കുകൾ വാങ്ങാവുന്നതാണ്. chinnu_mary_sebastian എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ക്ലോക്കുകൾ വാങ്ങാം.
തീവ്രമായ ആഗ്രഹവും ആത്മാർഥമായ ശ്രമവുമുണ്ടെങ്കിൽ വിജയം നേടാം എന്നതിന് ഉദാഹരണമാണ് ചിന്നു.