എത്ര തിരക്കിൽ നിന്നെത്തിയാലും നിമിഷങ്ങൾക്കുള്ളിൽ മനസ്സ് ശാന്തമാകും. ഉളളിൽ സന്തോഷം നിറയും. ഇതാണ് തൃശൂർ പൂങ്കുന്നം കല്യാൺ ഹെറിറ്റേജിലെ സജിത് ഗിരിജന്റെയും സംഗീതയുടെയും ഫ്ലാറ്റിന്റെ അകത്തളത്തിന് അങ്ങനെയൊരു മാന്ത്രികതയുണ്ട്. അത് വെറുതെയങ്ങ് കൈവന്നതല്ല; വീട്ടുകാർ ആശിച്ചു സ്വന്തമാക്കിയതാണ്.
‘വീടിനുള്ളിലെത്തിയാൽ മനസ്സിൽ സന്തോഷം തോന്നണം.’ ആർക്കിടെക്ട് അർച്ചന മേനോനോട് വീട്ടുകാർ ആവശ്യപ്പെട്ട പ്രധാന കാര്യം ഇതായിരുന്നു. ആ ആഗ്രഹം സഫലമാകുന്ന രീതിയിൽ തന്നെ അർച്ചന ഫ്ളാറ്റിന്റെ ഇന്റീരിയർ ഒരുക്കി. ബുദ്ധനായിരുന്നു കൂട്ട്. ലിവിങ് സ്പേസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ബുദ്ധനെ കാണാം. അപ്പോൾ തന്നെ മനസ്സിലെ ടെൻഷനൊക്കെ അലിഞ്ഞു തുടങ്ങും.

6 x 3 അടി വലുപ്പത്തിലുള്ള ത്രീഡി രൂപമാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ലിവിങ് സ്പേസിലെ സോഫയ്ക്ക് അഭിമുഖമായുള്ള ചുമരിലാണ് ഇതിന്റെ സ്ഥാനം. പ്രത്യേകം ഡിസൈൻ തയാറാക്കി ഫൈബർ ഗ്ലാസിൽ നിർമിച്ചെടുത്തതാണ് ഇത്.

അന്തരീക്ഷത്തിന് ഊഷ്മളത പകരുന്ന രീതിയിലാണ് ഇന്റീരിയറിലെ മറ്റ് അലങ്കാരങ്ങളും ക്രമീകരണങ്ങളുമെല്ലാം. പ്രസരിപ്പ് തോന്നിക്കുന്ന നിറക്കൂട്ടുകളും വെളിച്ചവിതാനങ്ങളുമെല്ലാം വീട്ടകം മനോഹരമാക്കുന്നു. ‘ദേശി’ തനിമ നിറയുന്നവയാണ് അലങ്കാരവസ്തുക്കളെല്ലാം.

1517 ചതുരശ്രയടി വലുപ്പമുള്ള ഫ്ളാറ്റിൽ മൂന്ന് കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. അടുക്കള ഓപൻ രീതിയിലേക്ക് മാറ്റണം എന്നതും ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ചെറിയൊരു പാർട്ടീഷൻ വേണം എന്നതും വീട്ടുകാരുടെ ആവശ്യങ്ങളായിരുന്നു.

ചുമര് നീക്കം ചെയ്ത് അടുക്കളയെ ഓപൻ ആക്കി. കാറ്റ്, വെളിച്ചം എന്നിവയ്ക്ക് തടസ്സമാകാതെ സൂക്ഷ്മതയോടെയാണ് ലിവിങ്ങിലെ പാർട്ടീഷൻ നൽകിയത്. അതുകാരണം എത്രനേരം ചെലവഴിച്ചാലും മുഷിപ്പ് അനുഭവപ്പെടുകയേ ഇല്ല.
സ്ഥലം: പൂങ്കുന്നം, തൃശൂർ, ഉടമ: സജിത് ഗിരിജൻ & സംഗീത, വിസ്തീർണം: 1517 ചതുരശ്രയടി, ഡിസൈൻ: അർച്ചന മേനോൻ, ആർക്കിടെക്ട്, എഫ് എക്സ് ത്രീ ഡിസൈൻസ്, വൃന്ദാവൻ പാലസ്, പാലസ് റോഡ്, തൃശൂർ E mail - hello@fx3designs.com