Saturday 31 December 2022 01:13 PM IST

ഡൈനിങ് ടേബിളിനു കാലപ്പഴക്കമായോ? അടിമുടി മാറ്റാം, ഇതുപോലെ...

Sreedevi

Sr. Subeditor, Vanitha veedu

Smart idea

ഡൈനിങ് ടേബിളിന്റെ കാലപ്പഴക്കം ഇന്റീരിയറിന്റെ മാറ്റു കുറയ്ക്കുന്നു എന്ന തോന്നിയപ്പോഴാണ് നീതു ആൻ ജോൺ പ്രതിവിധികൾ ആലോചിച്ചു തുടങ്ങിയത്. ഡൈനിങ് ടേബിളിന്റെ കാലുകളിലെ കറുത്ത പെയിന്റും ഗ്ലാസ്സിന്റെ കറുത്ത കോട്ടിങ്ങുമെല്ലാം ഇളകിത്തുടങ്ങിയിരുന്നു. ടേബിൾ സെറ്റ് മാറ്റി പുതിയതു വാങ്ങുന്നതിനു പകരം പഴയ ടേബിൾ സെറ്റിനെ ഒന്നു പരിഷ്ക്കരിക്കാം എന്നാണ് ക്രാഫ്റ്റിലും ഡെക്കറേഷനിലുമൊക്കെ തൽപരയായ നീതു തീരുമാനിച്ചത്.

ഗ്ലാസ്സ് ടോപ്പിനു മുകളിൽ വെള്ള പെയിന്റടിക്കുകയാണ് ആദ്യം ചെയ്തത്. അതിനു മുകളിൽ ഗ്രാനൈറ്റ് ഗ്രേ നിറമുള്ള റെസിൻ കൊണ്ട് പാറ്റേൺ സൃഷ്ടിച്ചു. ഗോൾഡൻ ക്രേപ്പ് പേപ്പർ ഉപയോഗിച്ച് മിഴിവു കൂട്ടുകയും ചെയ്തു. ടേബിളിന്റെ കാലുകൾക്ക് ഗോൾഡൻ നിറമുള്ള സ്പ്രേ പെയിന്റും അടിച്ചതോടെ ഡൈനിങ് സെറ്റിന് പുതിയ ഉണർവായി.

സ്വീകരണമുറിയിലെ ടീപോയ‌്യും ഇതേ രീതിയിൽ പെയിന്റ് ചെയ്ത് ഡൈനിങ് ടേബിളിനോട് ‘മാച്ച്’ ആക്കി. കൂടാതെ, ടേബിൾ ടോപ്പിന്റെ പാറ്റേൺ പിൻതുടരുന്ന റെസിൻ പെയിന്റിങ് ചെയ്തു ഭിത്തിയിലും വച്ചു കലാകാരി കൂടിയായ നീതു. സ്വന്തം കലാസൃഷ്ടികൊണ്ട് ഇന്റീരിയറിൽ വലിയ മാറ്റം കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ് നീതു.