1 െഎലറ്റ് കർട്ടനായിരുന്നു ഒരിടയ്ക്ക് കർട്ടൻ വിപണി വാണിരുന്നത്. ഇപ്പോൾ െഎലറ്റ് ഔട്ടായി. ത്രീ പ്ലീറ്റ് കർട്ടനുകൾ ജനപ്രിയമാണ്. റിപ്പിൾ കർട്ടനുകളാണ് ഇപ്പോൾ ട്രെൻഡ്. പ്ലീറ്റ് കർട്ടനുകൾ തന്നെയാണ് ഇവ. അറ്റത്ത് ‘യു’ ആകൃതിയിൽ വളഞ്ഞ് നിറയെ പ്ലീറ്റുകളായുള്ള ഇവ കാണാന് നല്ല ഭംഗിയാണ്. െഎലറ്റ് പോലെ റിങ്ങുകൾ ഇല്ലാത്തതിനാൽ കഴുകാനും എളുപ്പമാണ്. പ്ലീറ്റഡിനെ അപേക്ഷിച്ച് റിപ്പിളിന് ചെലവു കൂടുതലാണ്. സിംപിൾ, മിനിമലിസ്റ്റിക് ലുക് ആഗ്രഹിക്കുന്നവർക്ക് റിപ്പിളിനെ കൂട്ടുപിടിക്കാം.
2 ബ്ലൈൻഡ്സിൽ റോമൻ ബ്ലൈൻഡ് തന്നെയാണ് ഇപ്പോഴും താരം. വലിക്കുമ്പോൾ പല മടക്കുകളായി പൊങ്ങി വരുന്നതാണ് റോമൻ ബ്ലൈൻഡ്. കനം കുറഞ്ഞ ഷിയർ കർട്ടനോ സാധാരണ കനമുള്ള കർട്ടനോ റോമൻ ബ്ലൈൻഡിൽ നൽകാം.
3 പിവിസിയാണ് എക്സ്റ്റീരിയറിലേക്ക് കൂടുതലായി ഉപയോഗിക്കുന്ന ബ്ലൈൻഡ്. ബാംബൂ, വിനൈൽ എന്നിവ കൊണ്ടുള്ള ബ്ലൈൻഡുകളും എക്സ്റ്റീരിയറിലേക്ക് യോജിക്കും. വെയിലടിക്കാതിരിക്കാനാണ് സിറ്റ്ഔട്ട് പോലെയുള്ള ഇടങ്ങളിൽ അവ നൽകുന്നത്. നാച്വറൽ ബാംബൂവും ഉപയോഗിക്കാറുണ്ട്. പക്ഷേ, അതിന് ചെലവു കൂടുതലാണ്. മാത്രമല്ല, വെയിലടിക്കുമ്പോൾ നിറം മങ്ങാൻ സാധ്യതയുമുണ്ട്.
4 അടുക്കള, ബാത്റൂം എന്നിവിടങ്ങളിലേക്ക് വെനീഷ്യൻ ബ്ലൈൻഡ് തിരഞ്ഞെടുക്കാം. വെള്ളം വീണാലും കുഴപ്പമില്ല, വൃത്തിയാക്കാൻ എളുപ്പം, ലൂവറുകൾ പോലെ ഉപയോഗിക്കാൻ സാധിക്കുന്നതു കൊണ്ട് സ്വകാര്യതയ്ക്കൊപ്പം കാറ്റും വെളിച്ചവും ലഭിക്കും എന്നിവയാണ് ഗുണങ്ങൾ.
5 ചെറിയ മുറികൾ, അപാർട്മെന്റ് എന്നിവിടങ്ങളിൽ കർട്ടനെ അപേക്ഷിച്ച് ബ്ലൈൻഡാണ് അനുയോജ്യം. കർട്ടൻ ഇട്ടാൽ മുറിയുടെ വലുപ്പം കുറഞ്ഞതു പോലെ തോന്നിക്കും. എന്നാൽ ബ്ലൈൻഡ് ആണെങ്കിൽ വിൻഡോ ബോക്സിൽ ഒതുങ്ങി നിൽക്കുന്നതു കൊണ്ട് മുറിക്ക് വിശാലത തോന്നിക്കും.

6 കർട്ടൻ തുണി എടുക്കുമ്പോഴും തയ്പ്പിക്കുമ്പോഴും വിലയും അളവുകളും കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. മീറ്റർ, സെന്റിമീറ്റർ, അടി, ഇഞ്ച് തുടങ്ങി അളവുകൾ തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
7 സാധാരണ രീതിയിൽ നാല് പാളി ജനലിന് 180 സെമീ വീതിയാണ് വരുന്നത്. ജനലിന്റെ മുകളിൽ 20 സെന്റിമീറ്ററും താഴേക്ക് ഒരിഞ്ച് വിട്ടോ തറയിൽ മുട്ടി നിൽക്കുന്ന വിധത്തിലോ നൽകാം. ഇങ്ങനെ വരുമ്പോൾ ഒരു പാളിക്ക് 2.5 മീറ്റർ തുണിയാണ് വേണ്ടത്. അപ്പോൾ നാല് പാളി ജനലിന് 10 മീറ്റർ തുണി വേണ്ടി വരും. രണ്ട് പാളിയാണെങ്കിൽ ഇത്തരത്തിലുള്ള മൂന്ന് പീസ് വേണ്ടിവരും. ജനലിന്റെ അളവ് കഴിഞ്ഞ് 30 സെമീ അധികം തുണി എടുക്കണം. മുകളിലും താഴെയും മടക്കി അടിക്കുമ്പോഴുള്ളതു കൂട്ടിയാണ് ഇത്. ഇങ്ങനെയൊരു ഏകദേശ ധാരണ ഉണ്ടാക്കിയാല് തുണിയുടെ അളവിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാം.
8 ബെയ്ജ്, ആഷ്, ക്രീം നിറങ്ങളോട് അടുത്ത കാലത്തായി പ്രതിപത്തി കൂടുതലാണ്. 15–20 സെമീ വീതിയിൽ പ്രിന്റഡ് തുണി കൊണ്ട് ബോർഡർ കൊടുത്ത് പ്ലെയിൻ കർട്ടനെ മനോഹരമാക്കാം. ഈ ബോർഡർ ത്രോ കുഷൻ, ക്വിൽറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ അതേ തുണി കൊണ്ടാണെങ്കിൽ മുറിയിലെ ഫർണിഷിങ് തമ്മിൽ ബന്ധമുണ്ടായിരിക്കും; ഇന്റീരിയറിന് കൂടുതൽ ഭംഗി ലഭിക്കും.
9 മോട്ടറൈസ്ഡ് കർട്ടനുകളും ബ്ലൈൻഡുകളും പ്രചാരത്തിലായി കഴിഞ്ഞു. റിമോട്ട് കൺട്രോൾ കൊണ്ട് പ്രവർത്തിക്കുന്ന കർട്ടനും ബ്ലൈൻഡും പ്രീമിയം ഇന്റീരിയറിന്റെ ഭാഗമായി മാറിയിട്ടുണ്ട്.
10 നമ്മൾ ഓരോ അവസരത്തിനനുസരിച്ച് ഡ്രസ് ചെയ്യുന്നതു പോലെ തന്നെയാണ് കർട്ടന്റെ കാര്യവും. ഇന്റീരിയറിന് വ്യക്തിത്വം നൽകുന്നതിൽ കർട്ടന് വലിയ പങ്കുണ്ട്. ഉപയോഗത്തോടൊപ്പം ഇന്റീരിയറിന്റെ ഫീൽ, നമ്മൾ ഇഷ്ടപ്പെടുന്ന നിറം, മെറ്റീരിയൽ എന്നിവയ്ക്കും പ്രാധാന്യം കൊടുക്കണം. n
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: വി. എ. അബ്ദുൽ റഹിം, ഇന്റർ ക്ലാസിക് കർട്ടൻ ആൻഡ് സോഫ വർക്, കൊച്ചി
ജാനിസ് നഹ സാജിദ്, ആർട് ലെജൻഡ്സ്,കോഴിക്കോട്
സുനിത വർഗീസ്, ലക്സ് റെയ്സ്, കൊച്ചി