Saturday 06 November 2021 12:28 PM IST : By സ്വന്തം ലേഖകൻ

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ... വീടിനു ലഭിക്കും ട്രെൻഡി ഡിസൈൻ

style1

∙ആവശ്യമുള്ളതു മാത്രം നിർമിക്കുക. എല്ലായ്പ്പോഴും ഡിസൈനിന്റെ പുതുമ നിലനിർത്താനുള്ള മന്ത്രമതാണ്. അനാവശ്യ അലങ്കാരങ്ങൾ, ആർഭാടങ്ങൾ എന്നിവ ഒഴിവാക്കുക. എല്ലാം കൂടി കുത്തിനിറയ്ക്കാതെ, വേണ്ടത് വൃത്തിയായും വെടിപ്പായും തന്നെ ചെയ്യുക. ആവശ്യത്തിനു സ്ഥലം ഒഴിച്ചിട്ടുള്ള സ്പേസ് ഡിസൈനിന് എന്നും മൂല്യമുണ്ടായിരിക്കും.

 ∙ പ്രത്യേകിച്ച് അലങ്കാരങ്ങൾ കുത്തിനിറയ്ക്കാതെ ആർക്കിടെക്ചറൽ എലമെന്റ്സ് തന്നെ വീടിന് അലങ്കാരമാക്കുന്നതാണ് പുതിയ ട്രെൻഡ്. അതായത് സ്റ്റെയർകെയ്സ്, ജനലുകൾ തുടങ്ങി വീടിന്റെ അവശ്യഘടകങ്ങൾ തന്നെ അലങ്കാരങ്ങളായി മാറുന്നു. പാനലിങ് പോലെയുള്ള അനാവശ്യ ഏച്ചുകെട്ടലുകളൊന്നും ഇപ്പോൾ നൽകാറില്ല.

∙ പ്രകൃതിക്ക് ഒരിക്കലും പ്രായമാകുന്നില്ല. എത്രകണ്ടാലും മടുക്കില്ല എന്നുമാത്രമല്ല എപ്പോഴും പുതുമ തോന്നുകയും ചെയ്യും! പ്രകൃതിയുമായി ചേർന്നുനിൽക്കുമ്പോൾ വീടിനും ആ സവിശേഷതകൾ കൈവരും. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ എപ്പോഴും വീടിനകത്തു തന്നെ കഴിയുക സാധ്യമല്ല. മഴ, വെയിൽ, മഞ്ഞ് എന്നിവയെല്ലാം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാകണം വീടിന്റെ ഡിസൈൻ.

style2

∙ വീട്ടിൽ ആവശ്യത്തിനു സൂര്യപ്രകാശവും കാറ്റും കടക്കാനുള്ള സൗകര്യങ്ങൾ വേണം. അപ്പോൾ സ്വാഭാവികമായും വീട്ടിലെ അന്തരീക്ഷം ഉന്മേഷവും പ്രസരിപ്പും പകരുന്നതാകും. പോസിറ്റീവ് എനർജിയാണ് എല്ലാ ട്രെൻഡിന്റെയും അടിസ്ഥാനം.

∙ കോർട്‌‍യാർഡ് എപ്പോഴും വീടിനെ ചെറുപ്പമാക്കും. വീടിനുള്ളിൽ നൽകാൻ കഴിഞ്ഞില്ലെങ്കിൽ പുറത്ത് എക്സ്റ്റേണൽ കോർട്‌യാർഡ് നൽകി അവിടവുമായി വീടിനെ ബന്ധിപ്പിക്കാം.

Tags:
  • Vanitha Veedu
  • Architecture