കൊല്ലപ്പെട്ടവരുടെ വീട്ടിൽ സിസിടിവിയും റിമോട്ട് കൺട്രോൾ ഗേറ്റും ഉണ്ടായിരുന്നു. പക്ഷേ, മതിൽ ചാടിക്കടന്ന അക്രമി മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ട് വിടവുണ്ടാക്കി ജനൽ തുറന്നു. തുടർന്ന് വാതിലിന്റെ കൊളുത്തും തുറന്ന് വീടിനുള്ളിൽ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ വധിച്ചു. വീട്ടിലെ സിസിടിവിയുടെ ഡിവിആർ കൈക്കലാക്കി കടന്നു.
കോട്ടയം തിരുവാതുക്കലിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ.വിജയകുമാറും ഭാര്യ ഡോ. മീരയുമാണ് കൊല്ലപ്പെട്ടത്.
‘സിസിടിവി ഉണ്ടെങ്കിൽ പേടിക്കേണ്ട’ എന്ന ധാരണയെ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകം. ‘സിസിടിവിയും റിമോട്ട് കൺട്രോൾ ഗേറ്റും ഉണ്ടായിട്ട് ഒരു കാര്യവുമില്ല; സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാണെങ്കിലേ ഇവകൊണ്ടു പ്രയോജനമുള്ളു.’ ഇതിന് അടിവരയിടുകയാണ് തിരുവാതുക്കൽ സംഭവം.
ക്യാമറ വെറുതേ വെച്ചാൽ പോരാ
ഒരു സ്ഥലമോ കെട്ടിടമോ ഒരു കൂട്ടം വീഡിയോ ക്യാമറകളുടെ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തുന്ന സംവിധാനമാണ് ‘ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ’ അഥവാ ‘സിസിടിവി’. വീഡിയോ സർവലയൻസ് സിസ്റ്റം എന്നാണ് ഇതിന്റെ പുതിയ പേര്. ക്യാമറയിൽ നിന്നുള്ള സിഗ്നലുകൾ ഡിജിറ്റൽ രൂപത്തിലാക്കി റെക്കോർഡറിലേക്ക് അയക്കുകയും റെക്കോർഡർ സിഗ്നലുകളെ വീഡിയോ രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതിനൊപ്പമുള്ള സ്റ്റോറേജ് യൂണിറ്റിലെ ഹാർഡ്ഡിസ്കിലോ എൻവിആറിലോ വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ടാകും.
മോണിട്ടർ, മൊബൈൽ ഫോൺ, ടാബ് എന്നിവ വഴി ഈ ദൃശ്യങ്ങൾ കാണാൻ കഴിയും. ‘സ്മാർട് ഹോം’ സാങ്കേതികവിദ്യ വികസിച്ചതോടെ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ലോകത്തെവിടെയിരുന്നും ഈ ദൃശ്യങ്ങൾ കാണാം.
എന്നാൽ, പഠിച്ച കള്ളനെ പൂട്ടാൻ ക്യാമറ കൊണ്ട് മാത്രം കഴിയില്ല എന്നതാണ് വാസ്തവം. ക്യാമറ മറയ്ക്കുകയും നശിപ്പിക്കുകയുമായിരിക്കും കളളൻ ആദ്യം ചെയ്യുക. കള്ളന്മാർക്ക് കണ്ടുപിടിക്കാനാവാത്ത രീതിയിൽ ക്യാമറ പിടിപ്പിക്കുക എന്നതാണ് ഇതിനുള്ള ഒന്നാമത്തെ പോംവഴി. നെറ്റ്‌വർക് വീഡിയോ റെക്കോർഡർ കൂടാതെ മറ്റൊരു സെക്കൻഡറി എൻവിആറിലോ ക്ലൗഡ് സ്റ്റോറേജ് സ്പേസിലോ കൂടി വീഡിയോ സൂക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ദൃശ്യങ്ങൾ നഷ്ടമാകില്ല. നിശ്ചിത തുക നൽകിയാൽ ക്ലൗഡ് സ്റ്റോറേജിൽ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.

ആളെക്കണ്ടാൽ മൊബൈലിൽ വിളിവരും
മനുഷ്യ ശരീരം തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ് (എഐ) ക്യാമറകൾ രംഗത്തുണ്ട്. ഈ സംവിധാനം ഒാൺ ആക്കിയ ശേഷം ക്യാമറയ്ക്കു മുന്നിൽ ആരെങ്കിലും എത്തിയാൽ ഉടൻ വീട്ടുകാർക്ക് വിവരം ലഭിക്കും. നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്ക് അപകടസന്ദേശം അയക്കുക, അലാം മുഴക്കുക, വീട്ടിലെ ലൈറ്റുകൾ ഫ്ലാഷ് മോഡിൽ തെളിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ക്യാമറയും അതിനൊപ്പമുള്ള ഹോം ഓട്ടമേഷൻ സംവിധാനവും ചെയ്യും.
നാട്ടിലുള്ളവരുടെ അല്ലാതെ അയൽക്കാരുടെയോ അടുത്ത ബന്ധുക്കളുടെയോ മൊബൈൽ നമ്പരിലേക്ക് കൂടി അപകടസന്ദേശം എത്തുന്ന രീതിയിൽ ക്രമീകരണം ചെയ്യുകയാണ് ഏറ്റവും ഉചിതം.
മതിൽ ചാടിക്കടന്നാൽ അലാം മുഴങ്ങും
കള്ളൻ ഗേറ്റ് തുറന്ന് വരാൻ സാധ്യത കുറവാണ്. മിക്കവാറും മതിൽ ചാടിക്കടന്നായിരിക്കും വരിക. രാത്രിയിൽ അനുവാദമില്ലാതെ ആരെങ്കിലും മുറ്റത്ത് എത്തിയാൽ അലാം മുഴക്കാനുള്ള സംവിധാനമാണ് കോംപൗണ്ട് ബീം സെൻസർ. മതിലിലോ ചുമരിലോ പിടിപ്പിക്കാം. ഇതിൽ നിന്ന് ഇൻഫ്രാറെഡ് രശ്മികൾ പ്രസരിച്ചു കൊണ്ടിരിക്കും. ചലിക്കുന്ന ഏതെങ്കിലും വസ്തു സെൻസർ ഏരിയയിൽ എത്തിയാൽ ഉടൻ അലാം മുഴങ്ങും. ഒപ്പം മൊബൈലിൽ അപകടസന്ദേശവുമെത്തും.
ഗ്ലാസ് പൊട്ടിച്ചാൽ വിവരമറിയിക്കും
ഭിത്തിക്കു പകരം ലാമിനേറ്റഡ് ഗ്ലാസ് പാളികൾ നൽകുന്നതും വലിയ ഗ്ലാസ് വാതിലുകൾ പിടിപ്പിക്കുന്നതും പുതുമയുള്ള കാര്യമല്ല. ഏതെങ്കിലും രീതിയിൽ ഗ്ലാസ് പൊട്ടിക്കാനോ മുറിച്ചു മാറ്റാനോ ശ്രമിച്ചാൽ ഉടൻ ‘ഗ്ലാസ് ബ്രേക്ക് സെൻസർ’ മുന്നറിയിപ്പ് നൽകും. വാതിലിലും ജനലിലും ഇതു പിടിപ്പിക്കാം.
തുരക്കുന്നവനെ തുരത്തും സെൻസർ
കുത്തി തുരക്കുന്നതും വാതിൽ വെട്ടിപ്പൊളിക്കുന്നതും കള്ളൻമാരുടെ സ്ഥിരം ഏർപ്പാടാണ്. ഇത്തരക്കാർക്കുള്ള പണിയാണ് ‘വൈബ്രേഷൻ സെൻസർ’. ഭിത്തിയിലും വാതിലിലും തറയിലും ഇതു പിടിപ്പിക്കാം. ഏതെങ്കിലും വിധത്തിലുള്ള കുലുക്കമോ വൈബ്രേഷനോ അനുഭവപ്പെട്ടാൽ ഉടൻ സെൻസർ അലാം മുഴക്കുകയും അപകടസന്ദേശം അയക്കുകയും ചെയ്യും..
ക്യാമറയ്ക്കൊപ്പം ഇത്തരം സുരക്ഷാമുൻകരുതൽ കൂടി ഉണ്ടെങ്കിൽ അഥവാ വീടിനുള്ളിൽ ആരെങ്കിലും അതിക്രമിച്ചു കടന്നാൽ ഉടൻ തന്നെ വിവരം അറിയാൻ കഴിയും