ADVERTISEMENT

രണ്ടുദിവസത്തിനുള്ളിൽ കാർപോർച്ച് നിർമിക്കണോ? തട്ടിക്കൂട്ട് പോർച്ചല്ല, നല്ല ഭംഗിയുള്ളതും ഈടുനിൽക്കുന്നതുമായ പോർച്ച്? അതിനുള്ള വഴിയാണ് ‘ട്രസ്സ‌്ലെസ് ഗാൽവല്യൂം റൂഫ് പോർച്ച്’.

ഷീറ്റ് പിടിപ്പിക്കാൻ ‘മെറ്റൽ ട്രസ്സ്’ വേണ്ട എന്നതാണ് ഇതിന്റെ ഒന്നാമത്തെ സവിശേഷത. രണ്ട് ഇരുമ്പ് തൂണുകളിലും അതിനു മുകളിൽ പിടിപ്പിക്കുന്ന രണ്ട് ഐ സെക്‌ഷൻ പൈപ്പുകളിലുമായി ഷീറ്റ് പിടിപ്പിക്കാം. ‘സെൽഫ് സപ്പോർട്ടഡ് ആർച്ച് റൂഫ്’ (self supported arch roof) എന്ന നിർമാണവിദ്യയാണ് ഇവിടെ നടപ്പിലാക്കുന്നത്. അതായത്, ഉറപ്പുള്ള രണ്ട് പ്രതലങ്ങൾക്കിടയിൽ കമാനാകൃതിയിൽ വളച്ച് ഷീറ്റ് ഉറപ്പിക്കുമ്പോൾ അതിന് ലഭിക്കുന്ന സ്ഥിരതയും ഉറപ്പും പ്രയോജനപ്പെടുത്തിയാണ് ഇത്തരം പോർച്ചിന്റെ നിർമാണം.

ADVERTISEMENT

ഒരു മീറ്ററോളം ആഴത്തിൽ കുഴിയെടുത്ത് തൂണും സപ്പോർട്ടിങ് പൈപ്പും വരുന്ന ഭാഗം അതിലേക്ക് ഇറക്കിയ ശേഷം ചുറ്റും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. ഇത് സെറ്റ് ആയാൽ ഉടൻ തന്നെ മുകളിൽ ഷീറ്റ് പിടിപ്പിക്കാം. ഒന്ന് Ð രണ്ട് അടി വീതിയുള്ള ഷീറ്റിന്റെ പാളികൾ പരസ്പരം ഇന്റർലോക്ക് ചെയ്താണ് പിടിപ്പിക്കുന്നത്. രണ്ടു വശങ്ങളിൽ മാത്രം സപ്പോർട്ടിങ് പൈപ്പിൽ സ്ക്രൂ ചെയ്ത് ഉറപ്പിക്കും.

ഷീറ്റ് കൊണ്ടുവരുന്നു, നേരെ പിടിപ്പിക്കുന്നു

porch2
ADVERTISEMENT

പ്രീ പെയിന്റഡ് ഗാൽവല്യും ഷീറ്റ് ആണ് ഇതിനായി ഉപയോഗിക്കുക. ഗാൽവല്യും ഷീറ്റിനെ പ്രത്യേക യന്ത്രങ്ങളുടെ സഹായത്താൽ ‘ട്രസ്സ്‌ലെസ് പ്രൊഫൈലി’ (trussless profile) ലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. 0.6 എംഎം മുതൽ1.4 എംഎം വരെ കനമുള്ള ഷീറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. കാർപോർച്ചിന്റെ വലുപ്പം അനുസരിച്ച് ആവശ്യാനുസൃതമായ അളവിൽ മുറിച്ചെടുത്ത ഷീറ്റാണ് കമ്പനികൾ എത്തിക്കുക. അതുകാരണം മറ്റ് ജോലികളൊന്നും കൂടാതെ പെട്ടെന്നു തന്നെ ഷീറ്റ് പിടിപ്പിക്കാം.

കാന്റിലിവർ രീതിയിൽ 20 Ð30 അടി വരെ തള്ളിനിൽക്കുന്ന രീതിയിൽ ട്രസ്സ്‌ലെസ് പോർച്ച് നിർമിക്കാം. ഇത്തരം പോർച്ചുകളിൽ ഒന്നിലധികം കാറുകൾ പാർക്ക് ചെയ്യാം.

ADVERTISEMENT

വെള്ളം ഒലിച്ചുവരുന്ന രണ്ടു ഭാഗങ്ങളിലും മഴവെള്ളപ്പാത്തിയും വെള്ളം താഴേക്കിറക്കാനുള്ള പൈപ്പുകളും ഇത്തരം പോർച്ചിനുണ്ടാകും. മഴവെള്ളം തെറിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് കേടുണ്ടാകുന്നതു പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതു സഹായിക്കും.

ഉൾഭാഗം ഓഫ്‌വൈറ്റ് നിറത്തിലും പുറംഭാഗം വെള്ള, നീല നിറങ്ങളിലുമുള്ള ഷീറ്റാണ് ലഭിക്കുന്നത്. പായൽ പിടിച്ചാലും പ്രഷർ പമ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

പല ഡിസൈനിൽ ട്രസ്സ‌്ലെസ് ഗാൽവല്യൂം റൂഫ് പോർച്ച് നിർമിക്കാനാകും. ചതുരശ്രയടിക്ക് 300 മുതൽ 450 രൂപ വരെയാണ് നിർമാണച്ചെലവ്. കമ്പനികൾ 15 വർഷം വരെ ഗാരന്റി നൽകുന്നുണ്ട്.

സോളർ പാനൽ പിടിപ്പിക്കാം

porch3

ആവശ്യത്തിനു വെയിൽ ലഭിക്കുന്ന സ്ഥലമാണെങ്കിൽ ട്രസ്സ്‌ലെസ് ഗാൽവല്യും പോർച്ചിനു മുകളിലും സോളർ പാനൽ പിടിപ്പിക്കാം. പ്രത്യേക ക്ലാംപ് ഉപയോഗിച്ചാണ് പാനൽ പിടിപ്പിക്കുന്നത്. പോർച്ച് നിർമിക്കുന്ന കമ്പനികൾ തന്നെ സോളർ പാനൽ പിടിപ്പിച്ചു നൽകും.

വിവരങ്ങൾക്കു കടപ്പാട്:

ഐറൂഫിങ് എന്റർപ്രൈസസ്, കൂനമ്മാവ്, എറണാകുളം