ADVERTISEMENT

വീടു വയ്ക്കാനിരുന്ന പറമ്പിന്റെ പിൻഭാഗം കുഴിയായിരുന്നു. ഇവിടം മണ്ണിട്ട് നിരപ്പാക്കാനാണ് എല്ലാവരും ഉപദേശിച്ചത്. എന്നാൽ, വീട്ടുകാർക്ക് അതിനോട് താൽപര്യം ഉണ്ടായിരുന്നില്ല. നഗരത്തിരക്കിൽ നിന്നു മാറി ഒരു വീടു കൂടി വേണം എന്ന ആഗ്രഹത്തിലാണ് ഐടി ഉദ്യോഗസ്ഥനായ ധർമജനും പോസ്റ്റൽ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥ ഗീതയും അരുവിക്കരയിൽ കുന്നിൻമുകളിലുള്ള 70 സെന്റ് വാങ്ങിയത്. രണ്ടാംവീട് പരിസ്ഥിതിസൗഹാർദമായ ലാറി ബേക്കർ ശൈലിയിൽ മതി എന്ന് നേരത്തേ തീരുമാനിച്ചിരുന്നു.

എന്തു ചെയ്യും എന്ന് കുറേ ആലോചിച്ചപ്പോഴാണ് കുഴിയെ സ്വിമിങ് പൂൾ ആയി പരിവർത്തനപ്പെടുത്താം എന്ന ചിന്ത വരുന്നത്. അന്വേഷിച്ചപ്പോൾ മണ്ണിടാൻ വേണ്ടിവരുന്നതിനേക്കാൾ അധികമായി ഒരു ലക്ഷം രൂപയേ ഇതിന് ചെലവ് വരൂ. 20 x 8 അടി വലുപ്പത്തിലുള്ള പൂളാണ് ഇപ്പോൾ വീടിനു പിന്നിലുള്ളത്. പൂൾ സൈഡിലെ കോഫിടേബിളിനു മുന്നിലിരുന്നാൽ മലഞ്ചെരിവിലെ കാഴ്ചകളൊക്കെ റിസോർട്ട് വൈബിൽ ആസ്വദിക്കാം.

tvmpool3
ADVERTISEMENT

പിന്നിലേക്ക് കുത്തനെ ചരിവുള്ള രീതിയിലായിരുന്നു പ്ലോട്ട്. സ്ഥലത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 70 അടിയിലേറെ നിരപ്പ് വ്യത്യാസം ഉണ്ടായിരുന്നു. ഇതു നിരപ്പാക്കാതെ ചെരിവ് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ.

ഒട്ടും മണ്ണ് നീക്കം ചെയ്യാതെ തന്നെ രണ്ട് കിടപ്പുമുറികളുള്ള ‘ബേസ്മെന്റ് ഫ്ലോർ’ ഉൾപ്പെടുത്തി. കാർപാർക്കിങ് സൗകര്യവും ഇവിടെയാണ്. ഇവിടെയും ഗ്രൗണ്ട് ഫ്ലോറിലും ഭിന്നശേഷിക്കാർക്ക് ഉപകാരപ്പെടുന്ന ‘റാംപ്’ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. രണ്ടുനിലകളുടെയും വാതിൽക്കൽ കാറിലെത്താം.

ADVERTISEMENT

വരാന്ത, സ്വീകരണമുറി, നടുമുറ്റം, പൂജാമുറി, ഊണുമുറി, അടുക്കള, വർക്ഏരിയ, ബാൽക്കണി എന്നിവയും ഒരു കിടപ്പുമുറിയുമാണ് വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ളത്. ഒരു കിടപ്പുമുറി, ലൈബ്രറി, ബാൽക്കണി എന്നിവ ഫസ്റ്റ് ഫ്ലോറിൽ വരുന്നു.

വിശാലമായ ലൈബ്രറിയുടെ ഒരു ഭാഗത്ത് മൂന്നു പടി ഉയർത്തി ‘മെസനൈൻ ഫ്ലോർ’ രീതിയിൽ ഓഫിസ് സ്പേസ് ക്രമീകരിച്ചിട്ടുണ്ട്. ‘വർക് ഫ്രം ഹോം’ രീതിയിലുള്ള ജോലിക്ക് ഇവിടം പ്രയോജനപ്പെടുത്താം. മുകളിലെ ബാൽക്കണിയിൽ നിന്നാൽ അരുവിക്കര ഡാം വരെയുള്ള കാഴ്ചകൾ ആസ്വദിക്കാം.

ADVERTISEMENT

ഡിസൈൻ: കോസ്റ്റ്ഫോർഡ്, തിരുവനന്തപുരം, costfordtvm@gmail.com